Thursday, September 23, 2010

ഫൊര്‍ഗറ്റ്-മീ നോട്ട്!




ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.

-കനകം ഒരു കുഷ്യനിങ്ങെടുക്ക്.


കുമാരന്‍ വാതിൽക്കലേക്കു നോക്കി വിളിച്ചു പറഞ്ഞു. വാതിലൊക്കെ മാറിപ്പോയത് അപ്പോഴാണു അയാ ൾ ശ്രദ്ധിച്ചത്. പുതിയ തടിയുടെ നിറം. കഴിഞ്ഞ വർഷം വാർണീഷടിച്ച കതകിന് ഈ നിറമായതെങ്ങനെയാണാവോ എന്ന് കുമാരന്‍ ആശ്ചര്യപ്പെടുകയും ചെയ്തു. മഴയടിച്ചു കയറുന്നതാവും, എന്തൊരു കാറ്റാണു ചില സമയത്ത്. മനസ്സിലോർത്തുകൊണ്ട് കുമാരന്‍ അതൃപ്തിയോടെ വാതിലിലേക്കു സൂക്ഷിച്ചു നോക്കി. വാതിൽക്കൽ നിന്നും കനകത്തിനേക്കാളും തടിയുള്ള പെണ്ണിറങ്ങി വന്ന് എന്തിനാണു കുഷ്യന്‍ എന്നു ചോദിച്ചു.


-ഇതിലിരുന്നിട്ടു ചന്തി വേദനിക്കുന്നു.


ഈ പെണ്ണിനൊന്നു ചിരിച്ചാലെന്താണെന്നു കുമാരനു തോന്നി. പെയിന്റു നരച്ചു പോയ കതകിറങ്ങി വന്ന പെണ്ണ് കുമാരനോടു സോഫയിലേക്കു നീങ്ങിയിരിക്കാൻ പറഞ്ഞു.


-കനകത്തിനെ വിളിക്ക്


കുമാരന്‍ അവളോടു പിന്നേയും പറഞ്ഞു. നിഷേധി ഒന്നും ഉത്തരം പറയാതങ്ങു പൊയ്ക്കളഞ്ഞു. ഒന്നിനും അനുസരണമില്ല. കനകത്തിനു ഭർത്താവിനെ പേടിയുണ്ട്. അവൾ കുളിക്കുകയായിരിക്കും. കുമാരനോർത്തു. നാലുമണി കാപ്പി കഴിഞ്ഞിട്ടാണു കനകം കുളിക്കുന്നത്. ഊണു വിളമ്പുമ്പോഴും മുടിക്കു നനവുണ്ടാകും. എന്നാലും ചോറിൽ മുടി വീഴാതെ മുടി കെട്ടിവെച്ചിട്ടാണു കനകം ചോറു വിളമ്പുനത്.


നാലുമണിച്ചായ കുടിച്ചില്ലല്ലൊ എന്ന കാര്യം അപ്പോഴാണു കുമാരനോർത്തത്. കുമാരന്‍ അകത്തേക്കു കയറി.


-ചായ എവിടെ?


-ഇനിയും ചായ് വേണൊ?


-പിന്നെ ചായ കുടിക്കണ്ടെ?


ഇനിയും ചായ വേണോന്ന ചോദ്യം കുമാരനെ ചൊടിപ്പിച്ചു. വിവരമില്ലാത്ത ഒരു കുട്ടിയാണു ചോദിക്കുന്നത്. ഇവളെന്തിനാണിവിടെ ചുറ്റിക്കറങ്ങുന്നത്. രഞ്ചിതയുടെ കൂട്ടുകാരികൾ ആരെങ്കിലും ആയിരിക്കുമെന്ന് അയാൾ നിനച്ചു. അവളുടെ അടുത്തിരിക്കുന്ന ചെറുക്കൻ കുമാരനെ നോക്കി വെളുക്കെ ചിരിച്ചു. കുമാരനും ചിരിച്ചൂ. ചെറുക്കന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ടെല്ലോടാ.


-ചായക്കു കടിയൊന്നും ഇല്ലെ?


കുമാരനു ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ചോദിക്കാതെ ഒരു വഹ കിട്ടില്ല. ഈ കനകം ഇതെവിടെപ്പോയി? അയാ ൾ ഉള്ളിൽ മുറുമുറുത്തു.


-അട ഒന്നു കൂടി തരട്ടെ?


ഇതെന്തിനാണു ഈ പെണ്ണ്‌ എല്ലാം ചോദിക്കുന്നത്‌ എന്നു മനസ്സിലോർത്ത്‌ ടി.വിയുടെ സ്ക്രീനിലേക്കു നോക്കി കുമാരന്‍ അടയും ചായയും കഴിച്ചു.


-ഈ ചായക്കു മധുരം ഇട്ടില്ലേ?


കുമാരന്‍ വീണ്ടും ദേഷ്യപ്പെട്ടു.


-അതു മധുരമുള്ള അട തിന്നിട്ടു ചായകുടിച്ചിട്ടാ.


തർക്കുത്തരക്കാരി ഉടനെ പ്രത്യക്ഷപ്പെട്ടു. സന്ധ്യക്ക്‌ ടി.വി വെക്കാതെ റേഡിയോ വെച്ചു കൂടെ ഈ കുട്ടികൾക്ക്‌ എന്ന്‌ കുട്ടികളെ നോക്കി കുമാരനോർത്തു. കനകം ചലച്ചിത്രഗാനം കേട്ടിരിക്കുകയായിരിക്കും. സന്ധ്യ ആയാൽ പിന്നെ കനകത്തിനെ റേഡിയോയുടെ ചുവട്ടിൽ നിന്നും കിട്ടില്ല എന്ന്‌ കുമാരന്‍ മാഷക്കറിയാം.


-മൂളിക്കൊണ്ടല്ലെ എപ്പോഴും നടപ്പ്‌.


ചിരിച്ചു കൊണ്ട്‌ കുമാരന്‍ പഞ്ഞെങ്കിലും ടി.വി.ക്കാർക്ക്‌ അതത്ര ഇഷ്ടപ്പെട്ടില്ല. അവർ കുമാരനെ തു‍ീച്ചു നോക്കി.


-സമയം എത്രയായി?


-സിക്സ്‌ തേർട്ടി


ഭാസ്ക്കരന്‍ പമ്പു കിളക്കാൻ വന്നതും അവനും കൂലി കൊടുക്കേണ്ടതും പെട്ടെന്നോർത്തുകൊണ്ട്‌ കുമാരൻ പഞ്ഞു.


-ഭാസ്ക്കരനു കൂലി കൊടുത്തോന്ന്‌ കനകത്തിനോടു ചോദിക്ക്‌.


ടി.വി.യിൽ നിന്നും കണ്ണു പ‍ീച്ചു കുട്ടികൾ നോക്കി.


- നോക്ക്‌, അന്തിയാവുന്നതിനു മുന്‍പ്‌, ഭാസ്ക്കരനു കൂലി കൊടുക്കാന്‍ ചെന്നു പയുന്നുണ്ടൊ.


ശബ്ദം ഉയർന്നപ്പോൾ അവർ അകത്തേക്കു പോയി. ഒരു തവണ പഞ്ഞാൽ ഒരാളും അനുസരിക്കില്ലല്ലോന്ന്‌ കുമാരനും തോന്നി.


കുമാരന്‍ ടി.വി.യിൽ തൊട്ടു നോക്കിയപ്പോഴാണു പിന്നേയും ചോദ്യം.


-ചാനലു മാറ്റണൊ?


അതെന്തിനാണു ചാനലു മാറ്റുന്നത്‌. അയാൾ ജീൻസിട്ട കൊച്ചിനെ നോക്കി. നല്ല ചിരിയാണു ഈ കൊച്ചിന്റേത്‌. വെ‍ൂതെ ദേഷ്യപ്പെടേണ്ട. ദേഷ്യക്കാരനാണു കുട്ടികളെ വെ‍ൂതെ പേടിപ്പിക്കും എന്ന്‌ കനകം പയും. പേടിപ്പിക്കാതിരുന്നാൽ എങ്ങനെയാണു. ഒരെണ്ണം കണക്കു പഠിക്കില്ല. എത്രായിരം കുട്ടികളെ കണക്കു പഠിപ്പിച്ച മാഷാണു കുമാരന്‍.


പട്ടിക ചൊല്ലിയില്ലെങ്കിൽ ദേഷ്യം മാത്രമല്ല കുമാരന്‍ മാഷിന്റെ കൈയിൽ നിന്ന്‌ അടിയും കിട്ടും.
കുമാരൻ ചിരിച്ചപ്പോൾ കുട്ടിയും ചിരിച്ചു. കനകത്തിന്റെ ചിരി തന്നെ. കനകത്തിന്റെ അനിയത്തിയുടെ മകൾ ശ്രീകലയല്ലെ. കുമാരന്‍ ശ്രീകലയെ കൈകാട്ടി വിളിച്ചു. വിളി കാത്തിരുന്നതുപോലെ അവൾ ഓടി വന്നു.


-ശ്രീകല എത്രാം ക്ലാസിലാണു പഠിക്കുന്നത്‌.


-ശ്രീകല പണ്ടേ പഠിത്തം നിർത്തിയില്ലേ?


അവൾ കുസൃതിയോടെ ചോദിച്ചിട്ട്‌ മടിയിലിരുന്നു. അവളുടെ കുഞ്ഞി കൈകൾ താടിയിലൂടെ ഓടിക്കുമ്പോൾ നല്ല സുഖമാണു. കുട്ടികളുടെ കൈകൾക്ക്‌ എന്തൊരു പതുപതുപ്പും സ്നേഹവുമാണ്‌. ശ്ശോ വെ‍ൂതെ തല്ലേണ്ടിയിരുന്നില്ല.

-നിനക്കു പട്ടിക അ‍ീയാമോ?

-പട്ടികയോ?

-അതേന്ന്‌, ഓരഞ്ച്‌ അഞ്ച്‌, ഈരഞ്ച്‌ പത്ത്‌ മൂവഞ്ച്‌ പതിനഞ്ച്‌

കുമാരന്‍ അവൾക്കു വിശദമാക്കി കൊടുത്തു.

-ഓ ടൈംസ്‌ ടേബിൾ. എനിക്ക്‌ സെവൻ വരെ അ‍ീയാം.

അപ്പോഴേക്കും അകത്തു നിന്ന്‌ ആരോ വിളിച്ചു.

-അതേയ്‌, ഞാന്‍ പോയി ഹോംവർക്കു ചെയ്യട്ടേട്ടോ.

ശ്രീകല ഓടിപ്പോയി. ശ്രീകലക്കു പാദസരം വാങ്ങിക്കൊടുക്കണം. കുമാരനോർത്തു. പെൺകുട്ടികളോടിപ്പോവുമ്പോൾ പാദസരം കിലുങ്ങേണ്ടെ!

ഓണത്തിന്റെ അവധി കഴിഞ്ഞു പോകുമ്പോൾ അവൾക്ക്‌ പാദസരം വാങ്ങികൊടുക്കണം. കുമാരന്‍ അകത്തേക്കു നടന്നു. കുരുമുളകിന്റെ പൈസ കിട്ടിയത്‌ അവിടെത്തന്നെ ഉണ്ടോന്നു നോക്കണം. അബൂവിന്റെ കൈയിൽ നിന്നും പൈസവാങ്ങി മേശക്കകത്തു മിനിഞ്ഞാന്നാണു വെച്ചത്‌.

-അച്ഛനെന്താ തിരയുന്നത്‌.

ദേ, അപ്പോഴത്തേക്കും അന്വേഷണക്കാരു വന്നു. കുമാരനു ചെ‍ൂതായി ദേഷ്യം വരാൻ തുടങ്ങി.

-കുരുമുളകിന്റെ പൈസ അബൂബക്ക‍ൂ കൊണ്ടു വന്നു തന്നത്‌ ഞാൻ ഡ്രോയിക്കകത്തു വെച്ചിട്ടുണ്ട്‌. അതവിടെത്തന്നെ അല്ലേന്നു നോക്കാന്‍ വന്നതാണു.

തിരഞ്ഞിട്ടു കാണഞ്ഞപ്പോൾ കുമാരന്‍ ചോദിച്ചു.

-ഈ മേശേടെ ചാവി ആരെങ്കിലും എടുത്തൊ?

-ആ മേശക്കു ചാവിയൊന്നും ഇല്ല. അച്ഛന്‍ ഇവിടെ വന്നിരുന്നോളൂ.

-എന്താ ഇപ്പോഴത്തെ പ്രശ്നം.

ഇയാളെന്തിനാണു നമ്മുടെ വീട്ടുകാര്യത്തിൽ ഇടപെടുന്നതെന്നു ചോദിക്കാന്‍ കുമാരനു നാവു പൊന്തിയതാണു. പക്ഷെ അപ്പോഴത്തേക്കും അവൾ മ‍ൂപടി പഞ്ഞു കളഞ്ഞു, കഴുത!

-ഡ്രോയിക്കകത്തു വെച്ചിരുന്ന കുരുമുളകിന്റെ പൈസ അന്വേഷിക്കുകാ. ഹരിച്ചേട്ടന്‍ കണ്ടോന്ന്‌?

-പിന്നില്ലെ, ഞാനിങ്ങോട്ടു വരുമ്പോ ഒരു ഹാറ്റും വെച്ച്‌ തെക്കോട്ടു പോണ കണ്ടു.

ഡ്രോയുടെ ചാവി മേശവിരിക്കടിയിലാണു വെക്കാ‍ൂ. മേശവിരി അലക്കാനെടുത്തുകൊണ്ടു പോയതാവുമെന്നും അപ്പോൾ ചാവിക്കെന്തുപറ്റിക്കണുമെന്നും ഓർത്ത്‌ കുമാരനു പരിഭ്രമം തോന്നി.

-ഹരിച്ചേട്ടന്‍ വന്നല്ലോ, ഊണു കഴിക്കാം അച്ഛാ.

-അതിനു വിശക്കുന്നില്ലല്ലൊ.

കുമാരന്‍ പഞ്ഞു നോക്കി.

-അതെങ്ങനെയാ അട മൂന്നെണ്ണം കഴിച്ചില്ലെ. വിശപ്പൊക്കെ പോയിക്കാണും അത്താഴപ്പട്ടിണി കിടക്കേണ്ട, കുച്ചു ചോ‍ൂണ്ണണം.

കുമാരൻ ചോ‍ൂണ്ണാനിരുന്നു. കൈകഴുകാൻ ആരും വെള്ളം വെച്ചിട്ടില്ല.

-കൈകഴുകണ്ടേ?

കുമാരൻ അതു ചോദിച്ചപ്പോഴാണു സിങ്കിനടുത്തേക്ക്‌ രഞ്ജിനി അയാളെ കൊണ്ടു പോയത്‌. ഓട്ടുമൊന്തക്കകത്ത്‌ കുച്ചു വെള്ളം അരഭിത്തിയിൽ വെച്ചിരിക്കണെമെന്ന്‌ കുമാരനു നിർബ്ബന്ധമുണ്ട്‌.

-അതെങ്ങനെയാ പാട്ടുകാരി ചലച്ചിത്ര?ാനം കേൾക്കുകയായിരിക്കും!

ദേഷ്യം വന്നാൽ കനകത്തിനെ സുബ്ബലക്ഷ്മീന്നും വിളിക്കും കുമാരന്‍. പാട്ടു തലേൽ കേ‍ീട്ട്‌ സാധാരണ കാര്യങ്ങളൊക്കെ മന്നു കളയും കനകം. എന്നോടത്രക്കു കണക്കു പയേണ്ടാന്നു അവള്‌ ചിലപ്പോൾ കണക്കു മാഷോട്‌ തർക്കിക്കും.

-നിഷേധി!

-ആരെയാ നീഷേധീന്നിപ്പോ വിളിക്കുന്നത്‌? പയ‍ൂ കൂട്ടാനെ ആണോ?

പത്രം വായിക്കാമെന്നു കരുതിയാണു കുമാരന്‍ മാഷ്‌ വീണ്ടും തിണ്ണയിലേക്കു പോയത്‌. പത്രം ആരായിരിക്കും എടുത്തു മാറ്റിയത്‌? വായിച്ചുകഴിഞ്ഞാൽ ആരും തിരിച്ചു കൊണ്ടു വെക്കില്ല.

-അതെപ്പോഴും ടീപ്പോയിലു വെക്കേണ്ടതല്ലെ!

കുമാരന്‍ ഉച്ചത്തിൽ ദേഷ്യപ്പെട്ടു. ശബ്ദം ഉയർത്തിയാൽ പിന്നെ ആരും ഉമ്മത്തേക്കു വരില്ലെന്ന്‌ കുമാരന‍ീയാം.



-ബാ നടക്കാൻ പോവാം.

കനകത്തിന്റെ പ്രായക്കാരി, ഉച്ച തടിയുള്ള സ്ര്തീയാണു കുമാരനോടതു പഞ്ഞത്‌. കനകത്തിന്റെ കൂട്ടുകാർ ആരെങ്കിലും ആയിരിക്കും. കുമാരന്‍ വീണു പോകാതെ പിടിച്ചുകൊണ്ടു പടിയിങ്ങി.


കുച്ചു കഴിഞ്ഞപ്പോൾ കുമാരനു മടുപ്പു തോന്നി. ഈ തടിച്ചി പെണ്ണെന്തിനാണു ഇങ്ങനെ നിർത്താതെ വർത്തമാനം പയുന്നത്‌?
അവർ പഞ്ഞതൊക്കെ അയാൾക്കു തീരെ താൽപര്യമില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്നലെ മഴ പെയ്തു. കുറെ ചെടികൾ അവരും ഹരിയും കൂടി നട്ടു. ഹരി അതു പഞ്ഞു, ഇതു ചെയ്തു. ഈ ഹരിക്കു വേ‍ീ പണിയൊന്നും ഇല്ലെ? പെണ്ണിനു മടുപ്പു തോന്നേണ്ടെന്നു കരുതി കുമാരൻ ചോദിച്ചു.

-ഹരിക്കു ജോലി ഒന്നും ആയിലെ?്ല

-പിന്നില്ലെ, ഹരിച്ചേട്ടന്‍ മുൻസിപ്പാലിറ്റിയിലെല്ലെ ജോലി ചെയ്യുന്നത്‌.

അവർ പിന്നെയും ചിരിച്ചു കൊണ്ടു ചിലക്കാൻ തുടങ്ങി. കുമാരൻ വഴിയരികിലെ സിമന്റു പടിയിലിരുന്നു.

-അയ്യോ ക്ഷീണിച്ചു പോയോ?, മടങ്ങിപ്പോവാം.

-കനകം ഇന്ന്‌ ആരതി തൊഴാൻ പോയില്ലെ?

ചിലപ്പോൾ ആരതി കഴിഞ്ഞ്‌ ഇവരൊന്നിച്ചു വന്നതായിരിക്കും. കുമാരന്‍ സമാധാനപ്പെട്ടു. എന്തായാലും കനകം വരുമ്പോഴേക്കും വീട്ടിലെത്തണം. കുമാരൻ പോകാനെഴുന്നേറ്റു.

-എവിടേക്കാ ഓടുന്നത്‌?

-ഓടിയതോ, ആരാ ഓടിയത്‌?

-അല്ല ഇവിടെയിരുന്ന ആളു ചാടിപ്പിടച്ചെഴുന്നേറ്റ്‌ എങ്ങോട്ടാണെന്ന്‌.

ഈ പെണ്ണിനോട്‌ എന്തിനൊക്കെ സമാധാനം പയണം.

-ഇരുട്ടുന്നേനു മുന്നേ വീട്ടിൽ ചെല്ലണ്ടെ?

-ഇപ്പോ സമ്മല്ലെ, ഒന്‍പതു മണി ആയാലേ ഇരുട്ടാവൂ.

വീടിനകത്തു കയ‍ാൻ സമ്മതിക്കാതെ അവൾ ചെടികൾക്കിടയിൽ കങ്ങി.

-ദേ കണ്ടൊ, കഴിഞ്ഞ മാസം നമ്മളു കുഴിച്ചു വെച്ച ചെടി.

-ശവനാ‍ീപ്പൂ വാണൊ?

കുമാരന്‍ ചോദിച്ചു. വെള്ളയും റോസും നിത്തിലുള്ള പൂക്കൾ ശവനാ‍ീപ്പൂക്കളല്ലെ, ശവക്കോട്ടയിൽ വളരുന്നത്‌.

-അയ്യോ അല്ലല്ല, ഇതിന്റെ പേര്‌ ഇംപേഷ്യൻസ്‌

പൂക്കൾക്കൊക്കെ ആരാണിത്തരം മണ്ടൻ പേരുകളിടുന്നതെന്ന്‌ കുമാരന്‍ അത്ഭുതപ്പെട്ടു. മുല്ല ഋ‍ാസ ചെമ്പരത്തി എന്നൊക്കെയല്ലെ ചെടികളുടെ പേര്‌.

-മുല്ല എവിടെയാ? ഇവിടെ നിന്നിരുന്ന മുല്ല നീ എവിടെയാ മാറ്റി വെച്ചത്‌?

-ഇവിടെ മുല്ല വളരില്ലല്ലൊ, തണുപ്പല്ലെ?

കുമാരന്‍ സൂക്ഷിച്ചു നോക്കി. ഈ പെണ്ണിനു നല്ല സുഖമില്ലെ? ഇത്രയും ചൂടുള്ളപ്പഴാണൊ തണുപ്പല്ലേന്നു പയുന്നത്‌.
മുല്ല പൂക്കുന്നത്‌ മാർച്ചില്ലാണു. നല്ല ചൂടത്ത്‌. സന്ധ്യക്കു മുല്ലമൊട്ടുകൾ പതുക്കെ വിരിയാന്‍ തുടങ്ങുമ്പോൾ നല്ല മണമായിരിക്കും. മുല്ലക്കു ചുവട്ടിൽ പാമ്പു വരുമെന്നു കരുതിയാണു കനകത്തിനെ മുല്ലപ്പൂ പ‍ീക്കാന്‍ സന്ധ്യകഴിഞ്ഞാൽ സമ്മതിക്കാത്തത്‌. രാവിലെ പ‍ീക്കുമ്പോഴേക്കും വിടർന്നു പോകും, പാതി വിടർന്ന മൊട്ടിനാണു ഭം?ി എന്നൊക്കെ പഞ്ഞ്‌ അമ്മയും മകളും ബഹളം കൂട്ടും.

-മുല്ലമൊട്ടു പ‍ീച്ച്‌ ഫ്രിഡ്ജിലുവെച്ചാൽ വിടർന്നു പോവില്ലല്ലോ

-ന്ദാഹാ അപ്പോ കാസനോവക്ക്‌ അതൊക്കെ അ‍ീയാം അല്ലെ?

-പാമ്പു വരാതെ സൂക്ഷിക്കണം.

കുമാരന്‍ ഓർമ്മിപ്പിച്ചു.

-ഇവിടെ പാമ്പൊന്നും ഇല്ല.

ആ പ്രസ്താവന നടത്തിയിട്ട്‌ പെണ്ണ്‌ അടുത്ത ചോദ്യം ഇക്കി.

-ഈ പൂവിന്റെ പേര‍ീയാമോ?

ഈ പെണ്ണെന്തിനാണു പൂവിന്റെ പേരു ചോദിക്കുന്നത്‌. നീല നിത്തിൽ ചെ‍ീയ പൂവുകൾ ചിരിച്ചു.

കനകത്തിന്റെ സാരിയിലെ പൂക്കൾ പോലെ. കനകം ഋ‍ീട്ടയർമെന്റ്‌ പാർട്ടിക്കു വന്നപ്പോൾ ഉടുത്തിരുന്ന സാരി. ചെ‍ീയ നീലപ്പൂക്കളുള്ള കോട്ടൺ സാരി. അവളുടെ പിന്നാളിനു വാങ്ങിക്കൊടുത്തത്‌. ഹൊ, ഒരു ഋ‍ൂമാൻസുകാരി. അൻപത്തി അഞ്ചാം വയസ്സിൽ ഭർത്താവു സമ്മാനം കൊടുത്തൊരു സാരിയും ചുറ്റി വിലസുന്നു. നീലക്കല്ലുള്ള പൂവിന്റെ ആക്ര്^തിയിൽ കമ്മൽ. സുന്ദരിക്കോത!

-പൂവിന്റെ പേരു ചോദിച്ചപ്പോ ചിരിക്കുന്നതെന്തിനാ?

പെണ്ണു വിടാൻ ഭാവിച്ചിട്ടില്ല. കനകം ചിരിക്കുന്നത്‌ ഇവളും കണ്ടു കാണും. കുമാരൻ തലതിരിച്ച്‌ അവളെ നോക്കി.
അവൾ കെട്ടിപ്പിടിച്ച്‌ കവിളിൽ കവിളുരസി ചെവിയിൽ പഞ്ഞു.

-ഫൊർ‍ഗെറ്റ് -മീ നോട്ട്‌ അച്ഛാ... ഫൊർ‍ഗെറ്റ്-മീ നോട്ട്‌. പ്ലീസ്‌ ഡോൺ ഡ്‌ ഫൊർ‍ഗെറ്റ്‌ മീ..

കവിളത്തു പറ്റിയ നനവിൽ തൊട്ട്‌ കുമാരൻ ചോദിച്ചു.

-രഞ്ജിതക്കുട്ടി കരയുന്നതെന്തിനാ?

-ഓ അച്ഛൻ എന്റെ പേരോർത്തു, അച്ഛന് ‌ എന്നെ ഓർമ്മയുണ്ട്‌.

കൈകൊട്ടിച്ചിരിക്കുന്ന പെണ്ണിനെ മുൻപെവെടിവെച്ചാണു കണ്ടിട്ടുള്ളതെന്ന്‌ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട്‌ കുമാരന്‍ പിന്നേയും ചിരിച്ചു.



-നിർമ്മല

Monday, April 05, 2010

ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ

കഥ.... കഥ ... നീണ്ട കഥ
മുന്നാമിടത്തിൽ



അരിയുന്ന പലകമേൽ പാവക്കയും പടവലങ്ങയും വട്ടത്തിൽ ചിരിച്ചു.
പപ്പ..പ്പ
കോവക്കയും മുരിങ്ങക്കയും നീളത്തിൽ ചിരിച്ചു.
ക..ക്ക..ക്ക
ഉരുണ്ടു പെരുത്ത ക്യാബേജ്‌. കണ്ടം തുണ്ടമാക്കണം. പിശു പിശെന്നരിഞ്ഞു തകർക്കണം. മൂർച്ചയില്ലാത്ത കത്തിക്കു വഴങ്ങാതെ ഉരുണ്ടു കളിക്കുന്ന ക്യാബേജു കണ്ട്‌ അശ്വിനി അഞ്ചിരട്ടി അരിശപ്പെട്ടു.
കണ്ടം തുണ്ടം ആനപ്പിണ്ഡം!
പിണ്ടം...തുണ്ടം...ണ്ടം!
ആനപ്പിണ്ഡം പോലെ ഉരുണ്ടുരുണ്ട ക്യാബേജുകളെ അശ്വിനി വെറുത്തു.
ഉരുണ്ടു വെറുത്തു.
വെറുതെ വെറു..വെറൂത്തു.




ഓസ്‌ലൻ സ്വീഡിഷ്‌ സ്വരഭാരത്തിൽ സംസാരിച്ചു. സ്വർണമുടി നീലക്കണ്ണ്‌
-ഓസ്‌ലൻ... ഓ..
പെണ്ണുങ്ങൾക്കു കടഞ്ഞു.

ഇംഗ്ലീഷിനിടക്ക്‌ ഇ.. എന്നു കൂട്ടിച്ചേർത്താണു ഓസ്‌ലൻ സംസാരിക്കുന്നത്‌.
-യൂ ക്യേൻ ഏ ബ്രിംഗ് ദ്‌ ഡ്രാഫ്റ്റ്‌ ഏ ഏ ഇൻ ദ ഇ....
ഹൊ..ഹൊ.. പെണ്ണുങ്ങൾക്കതങ്ങു രസിച്ചു. അവർ കാമത്തോടെ കൊഞ്ചി
-ഹൂ..ഹു... ഓ..ഓസ്‌ലൻ...
ജിരി..ജിരി... കിരി...കിരി... ഇളി..ഇളി...
പെണ്ണുങ്ങൾക്കു കുളിർത്തു.

അയാൾ കൺഫർമേഷനെ കൊൺഫർമേഷൻ എന്നു വിളിച്ചു.
പെണ്ണുങ്ങൾ കൊഞ്ചിപ്പറഞ്ഞു; കൊൺഫർമേഷൻ...
ഹീ..ഹി.... ജിരി..ജിരി... കിരി...കിരി...

ഓസ്‌ലൻ അശ്വിനിയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.
ചിരിക്കാത്ത പെണ്ണ്‌, കുഴയാത്ത പെണ്ണ്‌.
സ്വർണമുടി-നീലക്കണ്ണ്‌-അഴകുഴ-ഇംഗ്ലീഷിൽ വഴു വഴു വഴുകാത്തൊരു പെണ്ണ്‌.
ഇവളുടെ ബുദ്ധി ഒളിച്ചിരിക്കുന്നത്‌ കണ്ണിലൂടെ കാണാൻ പറ്റുമോ? ഡയറക്ടർക്കു തെറ്റിയതാണൊ? വിശ്വസിക്കാൻ വിഷമമുണ്ട്‌.
-മിണ്ടാപ്പൂച്ച കുട്ടകം ഉടക്കുമൊ, മുങ്ങിച്ചാവുമോ?




രജപുത്രനായ റാണക്കവൾ ധീരമായ വിശദീകരണം കൊടുത്തു.
-കെട്ടിയവന്മാർ അഞ്ചുള്ളവൾ പോലും സാരിക്കു നീളംകൂട്ടാൻ വിളിക്കുന്നത്‌ കൃഷ്ണനെ. പതിനാറായിരത്തി ഏഴുപേർ കഴിഞ്ഞിട്ടൊരു സ്ഥാനം! ആർക്കുവേണമത്‌?

-സോ, യൂ സീ കൃഷ്‌, അയാം നോട്ട്‌ ഗോയിംഗ് റ്റു കോൾ യൂ. ഡോണ്ട് ​ഗെറ്റ് ഒഫെൻഡഡ്‌.

ഒരു സാധാരണക്കാരിയെപ്പോലെ രോഗം വരുമ്പോൾ കൃഷ്ണ...കൃഷ്ണ... മുകുന്ദാ എന്നൊക്കെ വിളിച്ച്‌ ആഘോഷിക്കുന്നതു മാനക്കേടല്ലെ മാൻപേടേ?


ഈ കഥ വായിക്കുവാൻ ഇവിടെ ഞെക്കുക. ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ

Monday, February 22, 2010

ജോൺ എ. മക്ഡോണൾഡ്‌


ഞ്ഞു കൂടിക്കിടന്ന ഒരു ജനുവരിയിലാണ്‌ മിൻചിങ്‌ എന്ന ചൈനക്കാരി പെൺകുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത്‌. ചുഴറ്റി വീശുന്ന ധ്രുവക്കാറ്റ്‌ നിലത്തു വീണു കിടന്ന മഞ്ഞിനെ കല്ലൈസ്‌ ആക്കി മാറ്റുന്ന ഒരുച്ചനേരം. ചരൽ മഴപോലെ മുഖത്തെയും ചെവിയേയും വേദനിപ്പിക്കുന്ന തണുപ്പിൽ സ്ക്കൂൾ കെട്ടിടം വിറങ്ങലിച്ചു നിന്നു.

ഇളം തണുപ്പാണെങ്കിൽ ഉച്ചയൊഴിവു കഴിഞ്ഞു വരുമ്പോൾ കുട്ടികൾക്ക്‌ ഉളുമ്പു മണമുണ്ടാവും. അന്ന്‌ തണുപ്പിന്റെ മൂർച്ചകൊണ്ട്‌ മണങ്ങളൊക്കെ മരവിച്ചിരുന്നു.

അതൊന്നും വകവെക്കാത്ത ഹൈസ്ക്കൂൾ കുട്ടികൾ. കൗമാര ഹോർമോണിന്റെ പ്രസരത്തിൽ ചിരിച്ചും തിമിർത്തും ഇടക്കൊക്കെ തെറിവിളിച്ചും സ്ക്കൂൾ വളപ്പിൽ സ്വന്തം ടെറിട്ടറികൾ സ്ഥാപിക്കും. ഈ കൗമാരക്കാരുടെ ആത്മവിശ്വാസം കാണുമ്പൊൾ ചിലപ്പൊൾ കൊതിയാവും. ചിലപ്പോൾ പേടിയും ഇവർക്കൊന്നും പേടിയില്ലല്ലൊ എന്നോർത്തുള്ള പേടി.

അവർക്കിടയിൽ പെടാതെ ആരുടേയും മുഖത്തു നോക്കാതെ നടക്കുന്ന പന്ത്രണ്ടാം ക്ലാസുകാരി മിൻ ചിങിന്റെ പ്രൊജക്ടിൽ ഞാനും മരവിച്ചു നിന്നു. കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രി ജോൺ എ. മക്ഡോണൾഡിനെക്കുറിച്ചുള്ള പ്രബന്ധത്തിന്റെ തുടക്കം ഒരു 'കൂലി'യുടെ ദൃഷ്ടിയിൽ മക്ഡൊണാൾഡ്‌ ഉന്നതനല്ല എന്നായിരുന്നു. ഇന്ത്യയിൽ നിന്നും പുറപ്പെട്ടു പോയ ആ വാക്ക്‌ എന്നെ പൊള്ളിച്ചു. ബ്രിട്ടിഷുകാർ അടിമപ്പണിക്കാരോടൊപ്പം കൊണ്ടുപോയ വാക്ക്‌ കാനഡയിൽ റെയിൽപാളം പണിയാനെത്തിയ ചൈനക്കാർക്കും ചാർത്തിക്കൊടുത്തിരുന്നു എന്നത്‌ എനിക്കു പുതിയ അറിവായിരുന്നു.

രാഷ്ട്രപിതാവെന്നു വിളിക്കാനുള്ള യോഗ്യതയുണ്ടെന്ന്‌ പലരും അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പേരാണു ഞങ്ങളുടെ സ്ക്കൂളിനും. പട്ടണത്തിന്റെ നടുവിൽ വരുമാനം കുറഞ്ഞവരും ഇംഗ്ലീഷറിയാത്ത കുടിയേറ്റക്കാരും നിറഞ്ഞയിടത്ത്‌. കേരളത്തിലെ ഗവണ്മെന്റ്‌ സ്ക്കൂളു പോലെ, പഠിപ്പ്‌ വേണമെങ്കിലെന്ന മട്ടിലൊരു ജോൺ എ. മക്ഡോണൾഡ്‌ സ്ക്കൂൾ. നിത്യവ്രത്തിക്കുള്ള പരക്കം പാച്ചിലിൽ പഠിത്തം പിന്നിലായിപ്പോകുന്നവരുടെ പാഠശാല.

ആയിരത്തി എണ്ണൂറുകളിൽ കാനഡയിലേക്കു കൊണ്ടുവരപ്പെട്ട ചൈനക്കാരിലാണു മിന്നിന്റെ ലേഖനം മുന്നോട്ടു പോകുന്നത്‌.
മലകൾക്കും സമുദ്രത്തിനും ഇടയിലായി ഒറ്റപ്പെട്ടു നിൽക്കുന്ന ബ്രിട്ടീഷ്‌ കൊളംബിയയെ മലകൾ തുരന്ന്‌ റെയിൽ പാളം കെട്ടി മറ്റു സംസ്ഥാനങ്ങളോടു യോജിപ്പിപ്പിക്കുന്നതിന്റെ ചുമതല ജോൺ മക്ഡോണൾഡീനായിരുന്നു. കോഴപ്പണം വാങ്ങി കോണ്ട്രാക്ടു കൊടുത്തിട്ട്‌ എങ്ങനേയും റെയിൽവേ പണി തീർക്കണം എന്ന്‌ ജോൺ ആവശ്യപ്പെട്ടു. അപകടം പിടിച്ച പണിക്ക്‌ ആളെ കിട്ടാനില്ലാത്തതുകൊണ്ട്‌ ചൈനക്കാരെ ഇറക്കുമതി ചെയ്യാൻ ഉത്തരവായി.

കഴിഞ്ഞ അവധിക്ക്‌ ഒന്റേറിയോയിൽ നിന്നും സന്തോഷിന്റെ ജോലിസ്ഥലമായ വാൻകൂവറിലേക്ക്‌ സസ്ക്കച്ചുവാനും മാനിറ്റോബയും കടന്നു പോയതു ഞാനോർത്തു. ഉടവുകളും കുന്നും താഴ്‌വരയുമുപേക്ഷിച്ചു പരന്നു കിടക്കുന്ന പ്രയറി. അറ്റം കാണാത്ത പുൽമേടുകൾ കാറ്റിനു വളഞ്ഞും പുളഞ്ഞും അഹംഭാവം വരക്കാനനുവദിച്ച്‌ വിധേയത്തത്തോടെ തലകുനിക്കുന്നു. പുൽമേടുകൾക്കതിർത്തി ആകാശം മാത്രം. തെളിഞ്ഞ്‌ രാസക്കൂട്ടുകൾ കൺകെട്ടാതെ മേഘങ്ങളുടെ ഫാഷൻ ഷോ എത്ര വേണമെങ്കിലും കണ്ടുകൊള്ളാൻ അനുവദിച്ചുകൊണ്ട്‌. അങ്ങിങ്ങ്‌ എണ്ണക്കിണറുകളിലേക്കു കുനിയുന്ന കപ്പിയുടേയും കയറിന്റേയും പ്രതിഷ്ഠകൾ കാണാം.

പ്രയറിയുടെ അറ്റത്ത്‌ മതിൽക്കെട്ടായി റോക്കിമല. മല മതിലിനു പിന്നിലൊളിച്ച്‌ ബ്രിട്ടീഷ്‌ കൊളംബിയ സംസ്ഥാനം. വീട്ടിലേക്കു വരാൻ മടിച്ച്‌ ശാന്തസമുദ്രത്തിൽ മണൽ വാരിക്കളിക്കുന്ന കുട്ടിയെപ്പോലെ. ഈ ശാഠ്യക്കാരിയെ മറ്റു സംസ്ഥാനങ്ങളോടു കൂട്ടിയോജിപ്പിച്ച്‌ കാനഡ എന്ന രാജ്യം പടുത്തത്‌ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജോൺ മക്ഡോണൾഡാണ്‌.

കനേഡിയൻ പസഫിക്ക്‌ എന്ന തീവണ്ടിപ്പാത പണിയാനായി പതിനായിരത്തിലേറെ ചൈനക്കാരെ 1880-ൽ ബ്രിട്ടീഷ്‌ കൊളമ്പിയയിലെത്തിച്ചു. പണി സഥലത്തിനടുത്തു കൂടാരം കെട്ടി അവർ താമസിച്ചു. കൊടും തണുപ്പിൽ മരവിച്ചും ബ്രിട്ടീഷ്‌ കൊളംബിയയുടെ തോരാമഴയിൽ കുതിർന്നും. മലയിടുക്കുകളിലൂടെയുള്ള അപകടം പിടിച്ച അഞ്ഞൂറു കിലോമീറ്റർ പാളം പണിയുമ്പോൾ ഏറെപ്പേർ മരിച്ചു. മലതുരക്കാൻ വെടിമരുന്നുവെച്ചിട്ടോടുമ്പോൾ ചിതറിപ്പോയവരുടെ ചോരയും പുരണ്ടിട്ടുണ്ട്‌ മിന്നിന്റെ ലേഖനത്തിൽ. ഒരു മൈലിനു നാലു ചൈനക്കാർവീതം മരിച്ചിട്ടുണ്ടെന്നാണു കണക്കെന്ന്‌ അവൾ വിസ്തരിച്ചിട്ടുണ്ട്‌.

ചൈനക്കാർക്ക്‌ ദിവസക്കൂലി ഒരു ഡോളറായിരുന്നപ്പോൾ മറ്റു രാജ്യക്കാർക്ക്‌ മൂന്നു ഡോളറും ജീവിതച്ചിലവും കിട്ടിയിരുന്നു. ടെന്റിനുള്ളിലെ ത്‌അണുപ്പിൽ താമസിക്കേണ്ടിവന്ന പൂർവ്വികരെയോർക്കുന്ന പക മിന്നിന്റെ ലേഖനത്തിലുണ്ട്‌. റെയിൽപണി കഴിഞ്ഞതോടെ രാജ്യത്ത്‌ ചൈനക്കാർ പെരുകാതിരിക്കുവാനായി ചൈനക്കാർക്കു മാത്രമായി തലക്കരം ഏർപ്പെടുത്തി. കുടുംബത്തെ കൊണ്ടു വരണമെങ്കിൽ ഒരു തലക്ക്‌ 500 ഡോളർ എന്ന കണക്കിൽ കൂലികളെ സർക്കാർ മുട്ടു കുത്തിച്ചു. ഇവിടെ ജനിച്ചു വളർന്ന ചൈനക്കാർക്കും വോട്ടവകാശം നൽകിയില്ല. ഇതിനൊക്കെ അടുത്തകാലത്ത്‌ കനേഡിയൻ ഗവണ്മെന്റ്‌ മാപ്പു പറഞ്ഞ കാര്യം വാർത്തകളിൽ ഞാനും കണ്ടിരുന്നു. പക്ഷെ മിൻ ചിങ്‌ ആർക്കും മാപ്പു കൊടുത്തിട്ടില്ല.


സന്തോഷിന്റെ ഇപ്പോഴത്തെ പ്രൊജക്ട്‌ വിന്റർ ഒളിപിംക്സിലാണ്‌. ബ്രിട്ടീഷ്‌ കൊളംബിയയിലെ വാൻ കൂവറിൽ. സന്തോഷിന്റെ ജോലി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കു മാറിക്കൊണ്ടിരിക്കും. മേലധികാരിയെ ഇഷ്ടപ്പെടാഞ്ഞ വാശിയിലാണു സന്തോഷ്‌ പ്രൊജക്ട്‌ മാനേജ്മെന്റ്‌ പ്രൊഫഷണൽ രജിസ്ട്രേഷൻ എടുത്തതും അയൽപക്കത്തെ ജോലി രാജിവെച്ചതും. ഇപ്പോൾ കമ്പനികളുടെ പ്രൊജക്ടുകൾ ഏറ്റെടുക്കും. ഒന്നു തീർന്നാൽ മറ്റൊരു കമ്പനി മറ്റൊരു പ്രൊജക്ട്‌, മറ്റൊരു ന?രം. ഒന്നിലും ഉറക്കാത്ത എ. ഡി. എച്ച്‌. ഡി. എന്ന ചുരുക്കപ്പേരുള്ള അറ്റെൻഷൻ ഡെഫിഷൻസി ഹൈപ്പർ ആക്ടീവ്‌ ഡിസോഡർ ഉള്ളതുകൊണ്ടാണു സന്തോഷിനിത്തരം ജോലി ഇഷ്ടപ്പെടുന്നതെന്നു ഞാൻ പരിഹസിക്കും. വീട്ടിലെ മുഷിപ്പൻ ഉത്തരവാദിത്തങ്ങളിൽ നിന്നു രക്ഷപെടാനുള്ള വഴിയാണെന്നു പറഞ്ഞു ചിലപ്പോഴൊക്കെ കുത്തി നോവിച്ചു രസിക്കും.

ടൊറന്റോയുടെ തിമിർപ്പും മാലിന്യങ്ങളുമില്ലാതെ ഇടക്കിടെ മഴപെയ്യുന്ന ബ്രിട്ടീഷ്‌ കൊളംബിയ സഹ്യനും അറബിക്കടലിനുമിടക്കുള്ള മഴനാടു പോലെയാണെന്ന്‌ ഞാൻ സങ്കൽപിക്കാറുണ്ട്‌. മലകൾക്കും പൂക്കൾക്കുമിടയിൽ പെയ്യുന്ന മഴയിൽ ചോര തെറിപ്പിച്ചു കളഞ്ഞല്ലൊ ഈ ഗർഭിണിക്കുട്ടി.

സെന്റ്‌.മേരിസിൽ നിന്നും ഞങ്ങളുടെ സ്ക്കൂളിലേക്ക്‌ മിൻ വന്നിട്ട്‌ രണ്ടു മാസമേ ആയിട്ടൂള്ളൂ. ഒരു സാധാരണ ഹൈസ്ക്കൂൾ ഗർഭം. പലതരം നിരോധന മാർഗ്ഗങ്ങൾ ഉണ്ടായിട്ടും എല്ലാവർഷവും രണ്ടോ മൂന്നോ ഗർഭിണികളായ കുട്ടികൾ സ്ക്കൂളിലുണ്ടാവാറുണ്ട്‌. സിഗരറ്റിനും മദ്യത്തിനും വിൽപനക്ക്‌ കടൂത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ഗർഭനിരോധന മാർഗ്ഗങ്ങൾക്ക്‌ അതില്ല. കുടുബ ഡോക്ടറും ചോദ്യങ്ങളും ഉപാധികളുമില്ലാതെ പെൺകുട്ടികൾക്ക്‌ നിരോധന മാർഗ്ഗങ്ങൾ അനുവദിക്കും. എന്നിട്ടും വിദ്യാർത്ഥിനികൾ അമ്മമാരാവുന്നു.

കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ക്കൂളിലെ ഗർഭിണി കുട്ടികളും സാധാരണ ഇവിടെയാണ്‌ എത്താറ്‌. ജോൺ എ. മക്ഡോണൾഡ്‌ സ്ക്കൂളിൽ ഇവർക്കു പ്രത്യേക സൗകര്യങ്ങളുണ്ട്‌. പതിവായി പബ്ലിക്‌ ഹെൽത്ത്‌ നേഴ്സു വന്നു പരിശോധിക്കും. വിറ്റാമിനും പാലും സംരക്ഷണവും ഉപദേശങ്ങളും നൽകും. പ്രസവത്തിനു മുൻപ്‌ ബേബി ഷവറും സമ്മാനങ്ങളും കിട്ടും. ഗർഭരക്ഷകളൊന്നും കിട്ടാതെ ഛർദ്ദിലും കൊതിയുമായി ഒറ്റപ്പെട്ടുപോയ കാലമോർക്കുമ്പോൾ ഈ കുട്ടികളോടെനിക്ക്‌ അസൂയയും തോന്നും.

ചിലർ അഭിമാനത്തോടെ പരിചയപ്പെടുത്താറുണ്ട്‌.

-ദേ ഇവനാണ്‌ എന്റെ കുട്ടിയുടെ അച്ഛൻ.

ചിരിക്കാത്ത മുഖവുമായി നടക്കുന്ന മിന്നിന്റെ കൂട്ടുകാരനെ ഞാനിന്നേവരെ പരിചയപ്പെട്ടിട്ടില്ല.

പ്രബന്ധത്തിന്റെ നിലവാരം അളക്കേണ്ടത്‌ കോളം തിരിച്ചു നൽകിയിട്ടുള്ള റുബറിക്ക്‌ അനുസരിച്ചാണ്‌. റുബറിക്കുനു നാലു വിഭാഗങ്ങളുണ്ട്‌: ഭാഷയുടെ മികവ്​‍്‌, ഗവേഷണത്തിന്റെ ആഴം, അവതരണരീതി, വിഷയത്തെക്കുറിച്ചുള്ള അറിവ്‌. മിന്നിന്റെ പേപ്പറിൽ ഇതെല്ലാമുണ്ട്‌. വ്യാകരണത്തെറ്റില്ല, പദവ്യാപ്തി വാചകങ്ങളുടെ സംയോജനം എല്ലാം ഒന്നാം നിരയിൽ തന്നെ. മറ്റെല്ലാ കുട്ടികളും പ്രധാനമന്ത്രിയെ പുകഴ്ത്തി എഴുതിയപ്പോൾ മിൻ അയാളുടെ കുറവുകൾ മാത്രമേ കാണുന്നുള്ളൂ എന്നൊരു പൊരുത്തക്കേട്‌.

റുബറിക്കിലെ നാലാം കോളം ആവശ്യപ്പെടുന്നത്‌ ജോൺ എ. മക്ഡോണ്ഡ്‌ കാനഡക്കു നൽകിയ സംഭാവനകളെപ്പറ്റി പ്രതിപാദിക്കാനാണ്‌. ചതിക്കപ്പെട്ട കുറെയേറെ ചൈനക്കാർ, ഈ മണ്ണിൽ വീണുറഞ്ഞ അവരുടെ ചോര, നെടുവീർപ്പ്‌, കണ്ണിര്‌, അപമാനഭാരം ഇതൊക്കെ പ്രധാനമന്ത്രിയുടെ സംഭാവനയാണെന്ന്‌ മിൻ സമർത്ഥിച്ചിട്ടുണ്ട്‌. എങ്ങനെയാണു ജോൺ ഓർക്കപ്പെടേണ്ടതെന്നതിനു വിശദീകരണമായി എഴുതിയിരിക്കുന്നത്‌ ഇപ്പോൾ പത്തുഡോളർ നോട്ടിന്റെ പുറത്തിരുന്ന്‌ ഇയാളെന്നെ നിരന്തരം അസ്വസ്തതപ്പെടുത്തുന്നു എന്നാണ്‌.

സിസ്റ്റർ സാവ്ലയുടെ മലയാളം ക്ലാസിനെയോർത്തു ഞാൻ. എന്നും വായിക്കണ കെരന്തമോ നോമ്പിനു വായിക്കണതൊ എന്നു ചോദിക്കുന്ന ജോലിക്കാരിയോടു അനന്ത പത്മനാഭനെയോർത്തു വേവലാതിപ്പെട്ടിരിക്കുന്ന പാറുക്കുട്ടി ദേഷ്യപ്പെടുന്നത്‌ ക്രൂരയായ ഒരു ഫ്യൂഡലിസ്റ്റ ആയതുക്‌ഒണ്ടാണെന്ന്‌ എന്നെഴുതിയതിനു പൂജ്യം മാർക്കു കിട്ടിയ മലയാളം ക്ലാസ്‌ ഞാനെങ്ങനെ മറക്കും?

എഴുതുന്നയാളിന്റെ ദൃഷ്ടിയിൽ വ്യക്തിയെ പഠിക്കാനാണു റുബറിക്ക്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പിന്നെ ചരിത്രത്തിലെ സത്യമെന്നു പറയുന്നത്‌ ചരിത്രകാരന്റെ മനസാക്ഷി പടർപ്പിൽ തടഞ്ഞതല്ലെ. അങ്ങനെ ചില സ്വയം തർക്കങ്ങൾ നടത്തിയിട്ട്‌ മിന്നിന്‌ റുബറിക്കിലെ ഏറ്റവും ഉയർന്ന നാലു തന്നെ ഞാൻ കൊടുത്തു.

പ്രൊജക്ടു മടക്കി കൊടുത്ത ദിവസം മിൻ എന്നെ കാണാൻ വന്നു. മുഖത്തു നോക്കാതെ എന്നാൽ തല ഉയർത്തിപ്പിടിച്ചു നടക്കുന്ന മിൻ എന്റെ മുഖത്തു നോക്കി പറഞ്ഞു.

-താങ്ക്യൂ മിസ്സിസ്സ്‌. ടി.

താഴത്തുവീട്ടിൽ എന്ന എടുത്താൽ പൊങ്ങാത്ത ലാസ്റ്റ്‌ നെയിം കുട്ടികൾ ടി. എന്നു ചുരുക്കിയിട്ടുണ്ട്‌. മക്ഡോണാൾഡിനെ പുകഴ്ത്തി എഴുതാതിരുന്നതുകൊണ്ട്‌ ഇത്രയും ഉയർന്ന മാർക്കു അവൾ പ്രതീക്ഷിച്ചില്ലത്രെ.

-റുബറിക്കിൽ ആവശ്യപ്പെട്ടതെല്ലാം നിന്റെ പേപ്പറിലുണ്ട്‌. പിന്നെ ഞാനെന്തിനു മാർക്കു കുറക്കണം? ഭാഷാദ്ധ്യാപിക അഭിപ്രായം സ്വാതന്ത്ര്യത്തെ മാനിക്കേണ്ടെ?.

ഞാൻ ചിരിച്ചു. തിരികെ ചിരിക്കാതെ മിൻ പറഞ്ഞു.

-എല്ലാവരും മിസ്സിസ്സ്‌ ടി.യെപ്പോലെയല്ല. സെന്റ്‌. മേരീസിലായിരുന്നെങ്കിൽ എനിക്കിതിനു നല്ല മാർക്കു കിട്ടുമായിരുന്നില്ല. പുകഴ്ത്തി എഴുതിയാലെ അവിടുത്തെ ടീച്ചർ മാർക്കു തരൂ. സത്യം പറയുന്നത്‌ അവർക്കിഷ്ടമല്ല.

-അതു നീ ഓർമ്മിക്കുന്നതു നല്ലതാണ്‌. നിന്റെ ആശയം ഒരാൾ മാത്രം അറിയുന്നതാണൊ നല്ല മാർക്കു വാങ്ങി ഇഷ്ടമുള്ള വഴിക്കു തിരിയാൻ കഴിയുന്നതാണൊ പ്രധാനമെന്നു നോക്കണം. കലഹത്തിൽ ജയിച്ചിട്ട്‌ യുദ്ധത്തിൽ തോൽക്കണൊ കുട്ടീ?
ഞാനൊരു അദ്ധ്യാപിക പ്രസംഗം അവൾക്കു നൽകി.

-അതെനിക്കറിയാം. പക്ഷെ അയാൾ ചൈനക്കാരെ അടിമകളായിട്ടല്ലെ കണ്ടത്‌! ഉപയോഗിച്ചിട്ടു വലിച്ചെറിയാനുള്ള വസ്തുക്കൾ പോലെ.

-നിന്റെ ആശയങ്ങൾ ശക്തമാണ്‌. അതു ലോകമറിയണം. ലൈബ്രറി നടത്തുന്ന മത്സരത്തിലേക്ക്‌ ഒരു ലേഖനമയക്കൂ. അദ്ധ്യാപകർക്കു കുത്തിവരക്കാനായി പാഴാക്കാതെ.

അവളെഴുതിയ കഥക്ക്‌ ലൈബ്രറിയുടെ പവർ ഓഫ്‌ പെൻ അവാർഡു കിട്ടിയതോടെ അവൾക്ക്‌ എന്റെ വാക്കുകളിൽ വിശ്വാസമായി. മിൻ കാരണങ്ങളില്ലാതെ തന്നെ എന്നെ വന്നു കണ്ടു സംസാരിക്കും. സെന്റ്‌ മേരിസിൽ നിന്നും പുറത്താക്കപ്പെട്ട കഥ ഒരിക്കൽ മുഖത്തു വികാരങ്ങൾ വരുത്താതെ അവൾ പറഞ്ഞു.

-ഗർഭം ധരിച്ച കന്യകയുടെ പേരുള്ള സ്ക്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഗർഭിണിയാണു ഞാൻ.

കണ്ടറിയാവുന്നതു പോലെ വയറു വളർന്നപ്പോൾ മറ്റു കുട്ടികൾക്ക്‌ ദുർമാതൃകയാണെന്ന കാരണത്താൽ സ്ക്കൂൾ മാറുവാൻ രഹസ്യമായി അവളോടാവശ്യപ്പെട്ടു.

-എന്താണതിലെ ക്രിസ്തീയത?

വളവുകളില്ലാത്ത കറുത്ത മുടി കൈകൊണ്ടു പിന്നിലേക്കിട്ട്‌ അവൾ എന്നോടു ചോദിച്ചു.

-വാക്കുകളാണു നിന്റെ ശക്തി.

പ്രതിക്ഷേധവും വേദനയും എഴുതി ലോകത്തെ അറിയിക്കുവാൻ ഞാനവളെ പ്രേരിപ്പിച്ചു. മിന്നിന്റെ കണ്ണിലെ നായികയും മാലാഖയുമൊക്കെയായി മാറുന്നതിൽ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത്‌. കൗമാരക്കാർക്ക്‌ പുച്ഛമേയുള്ളൂ. ലോകത്തോട്‌, പ്രത്യേകിച്ചും അദ്ധ്യാപകരോടും മാതാപിതാക്കളോടും. ധിക്കാരിയായ ഈ പെൺകുട്ടി ബഹുമാനിക്കണമെങ്കിൽ ഞാനൊരു സംഭവം തന്നെ എന്നഹങ്കാരത്തിൽ ഞാനുലഞ്ഞു.

വിയ റെയിൽ വേയുടെ പരസ്യത്തിൽ മനോഹരമായ മലയിടുക്കുകളിലൂടെ പോകുന്ന ട്രെയിനിന്റെ പരസ്യം ധാരാളം കാണാറുണ്ട്‌. വാൻ കൂവറിലേക്കുള്ള അടുത്തയാത്ര ട്രെയിനിലാവണമെന്ന്‌ ഞങ്ങൾ പറയാറുമുണ്ട്‌. പക്ഷെ ആ ചക്രങ്ങൾ ചൈനക്കാരുടെ ചോരക്കു മുകളിലൂടെയാണോടുന്നത്‌ എന്നു ഞാൻ സന്തോഷിനോടു പറഞ്ഞു.

-പട്ടിണി മാറാൻ വേണ്ടി അവർ സ്വമേധയാ വന്നതാണ്‌. അല്ലാതെ നീ​ഗ്രോകളെപ്പോലെ വേട്ടയാടിപ്പിടിച്ചു അടിമകളാക്കി കൊണ്ടു വന്നതല്ല.

സന്തോഷിനു എന്റെ പ്രായോഗീക ബുദ്ധിയില്ലാത്ത ന്യായങ്ങൾ പലപ്പോഴും ഇഷ്ടപ്പെടാറില്ല.

മിൻ ഇന്നലെയും എന്നെകാണാൻ വന്നു.

-മിസ്സിസ്സ്‌ ടി. എനിക്കൊരു ജോലി വേണം.

ഞാനെവിടെ നിന്നാണ്‌ ഈ കുട്ടിക്കൊരു ജോലി തരപ്പെടുത്തികൊടുക്കുക?

-കുഞ്ഞു വരുന്നതിനു മുൻപ്‌ എനിക്കു കുറച്ചു പണം സ്വരൂപിക്കണം. ഞാൻ നിങ്ങളുടെ കുട്ടികളെ നോക്കാം. നിങ്ങൾക്കു പുറത്തുപോകേണ്ട ആവശ്യം വരുമ്പോൾ എന്നെ വിളിച്ചാൽ മതി.

നൂറു വിട്ടാവശ്യങ്ങൾക്കയി തണുപ്പിൽ രണ്ടു കുട്ടികളേയും കൊണ്ട്‌ ഓടുന്നയാൾക്ക്‌ അതൊരു വമ്പൻ ഓഫറാണ്‌. എന്നിട്ടും വീടിനു തൊട്ടടുത്തു തന്നെ എനിക്കൊരു ബേബിസിറ്ററുണ്ടല്ലൊ എന്ന കള്ളപ്പറച്ചിൽ എത്ര വേ?ത്തിലാണെന്നോ പുറത്തേക്കു വന്നത്‌.

ഗർഭിണിയായ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ എന്റെ പെണ്മക്കൾക്കു കൂട്ടിരുത്താനൊ, എന്നിലെ വീരനായിക ഉള്ളിൽ ചിരിച്ചു!!


000000000

Tuesday, July 07, 2009

നീഗ്രോ - എല്ലാവര്‍ക്കും എന്റെ പേരറിയാം.

ലത്തീന്‍ ഭാഷയില്‍ ‘നിഗര്‍’എന്നവാക്കിന്‌ കറുപ്പ്‌ എന്നാണര്‍ത്ഥം. ഇതില്‍ നിന്നും ഉത്ഭവിച്ച നീഗ്രോ എന്നവാക്കിനും സ്പാനിഷിലും, പോര്‍ച്ചുഗീസ് ഭാഷയിലും, പുരാതിന ഇറ്റാലിയന്‍ ഭാഷയിലും കറുപ്പ്‌ എന്നു തന്നെയാണര്‍ത്ഥം. എന്നിട്ടും ലോകത്തിന്‍റെ പലഭാഗത്തും ഇതൊരു ഭര്‍ത്സന വാക്കാണ്‌. എന്തിന്‌ നമ്മുടെ ശബ്ദതാരാവലിയിലും നിഘണ്ടുവിലും കാപ്പിരി എന്നവാക്കിന്‌ അപരിഷ്കൃതന്‍ എന്ന അര്‍ത്ഥം കൊടുത്തിട്ടുണ്ട്‌.

അര്‍ത്ഥം എന്തായാലും അതിന്‍റെ പ്രയോഗത്തിലെ അധിക്ഷേപം ലോകം മുഴുവന്‍ തിരിച്ചറിയുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും വേട്ടയാടിപ്പിടിച്ചുകൊണ്ടുപോയി അടിമകളാക്കപ്പെട്ട കറുത്ത ജനതക്ക്‌ അപമാനമുദ്രയായി വെള്ളക്കാരന്‍ കൊടുത്ത പേരായി നീഗ്രോ മാറി. രണ്ടായിരത്തി ഏഴിലെ കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ സമ്മാനം നേടിയ കാപ്പിരികളുടെ പുസ്തകം (The Book of Negroes) എന്നപുസ്തകത്തിന്‍റെ വഴികള്‍ ഇതൊന്നുകൂടി ഉറപ്പാക്കുന്നു. അതുകൊണ്ടാണ്‌ ദി ബുക്ക്‌ ഓഫ്‌ നീഗ്രോസ് ‌ എന്ന പേരുമാറ്റി 'സംവണ്‍ നോസ്‌ മൈ നേം' (Someone Knows My Name) എന്നപേരില്‍ ഈ പുസ്തകം ഐക്യനാടുകളിലും, യൂറോപ്പിലും, ഓസ്ട്രേലിയയിലും പുറത്തു വന്നിരിക്കുന്നത്‌.
കാനഡയില്‍ ‘ദ ബുക്ക്‌ ഓഫ്‌ നീഗ്രോസ്‘ എന്ന പേരില്‍ 2007-ല്‍ ഇറങ്ങിയ പുസ്തകം അതേപേരില്‍ ഐക്യനാടുകളില്‍ ഇറക്കുവാന്‍ പ്രസാധകര്‍ മടി കാണിച്ചു. നീഗ്രോ എന്ന വാക്ക്‌ വയനക്കാരെ പിന്തിരിപ്പിക്കുമെന്ന വാദം ആദ്യം ഗ്രന്ഥകര്‍ത്താവായ ലോറന്‍സ്‌ ഹില്ലിനെ ചൊടിപ്പിച്ചുവെങ്കിലും പുസ്തക വ്യാപാരികളുടെ ബുദ്ധിയില്‍ അദ്ദേഹം വിശ്വസിച്ചു. അങ്ങനെ 'സംവണ്‍ നോസ്‌ മൈ നേം' എന്ന പേരില്‍ ഇത്‌ ഐക്യനാടുകളിലും, ന്യൂസിലന്‍ഡിലും, ദക്ഷിണാഫ്രിക്കയിലും പുറത്തു വന്നു. അതിനുശേഷം ഈ പുസ്തകം 'കാപ്പിരികളുടെ പുസ്തകം' എന്നപേരില്‍ പുറത്തു വന്നിരുന്നുവേങ്കില്‍ തങ്ങള്‍ വാങ്ങുമായിരുന്നില്ല എന്ന്‌ ഐക്യനാടുകളിള്‍ നിന്നുമുള്ള അദ്ദേഹത്തിന്‍റെ ചില ബന്ധുക്കളുള്‍പ്പടെയുള്ള കറുത്തവര്‍ഗ്ഗക്കാര്‍ അദ്ദേഹത്തോടു നേരിട്ടു പറഞ്ഞു. നീഗ്രോ എന്നത്‌ വേദനിപ്പിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്കായിരിക്കുന്നു.

നാറ്റൂറ്റി എഴുപതു പേജുകളുള്ള ഈ പുസ്തകം ഒരു ചരിത്രനോവലാണ്‌. കാപ്പിരികള്‍ കാനഡയിലെത്തിയ അധികം പറയപ്പെടാത്ത ചരിത്രം. ഐക്യനാടുകളില്‍ അടിമക്കച്ചവടവും അടിമകളോടുള്ള ക്രൂരതയും വളര്‍ന്നു നിന്നിരുന്ന കാലത്ത്‌ ‘അണ്ടര്‍ ഗ്രൌണ്ട്‌ റെയില്‍ റോഡ്‌‘ എന്ന പേരിലൊരു ശ്രംഖല അതീവ രഹസ്യമായി അടിമകളെ കാനഡയിലേക്കു വരുവാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും അവസരമുണ്ടാക്കികൊടുത്തു. അത്‌ കാനഡ അഭിമാനത്തോടെ പറയുകയും പാഠപ്പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ചരിത്രം. എന്നാല്‍ സ്വാതന്ത്ര്യവും കൃഷിചെയ്തു ജീവിക്കുവാന്‍ സ്വന്തമായി സ്ഥലവും നല്‍കാമെന്ന വാഗ്ദാനത്തില്‍ തൂങ്ങി നോവസ്ക്കോഷ്യയിലെ ഫ്രീടൗണില്‍ 1783-ല്‍ കപ്പലിറങ്ങിയ മുവായിരത്തിലേറെ ആഫ്രിക്കന്‍ വംശജരുടെ ചരിത്രം കാനഡയില്‍ പലര്‍ക്കും അറിയില്ല. അതു ലോകത്തോടു പറയേണ്ടത്‌ സ്വന്തം ചുമതലയായി ഏറ്റെടുത്തുകൊണ്ടാണ്‌ ലോറന്‍സ്‌ ഹില്‍ ഈ പുസ്തകം എഴുതിയത്‌.

കാനഡയിലെ ടൊറന്‍റോയില്‍ ജനിച്ചു വളര്‍ന്ന ലാറി എന്നുവിളിക്കപ്പെടുന്ന ലോറന്‍സിന്‍റെ രക്തത്തിലുമുണ്ട്‌ കാപ്പിരി രക്തം. കറുപ്പും വെളുപ്പും കലര്‍ന്നതാണു ഈ എഴുത്തുകാരന്‍റെ പാരമ്പര്യം. ലാറിയുടെ അച്ഛന്‍ ആഫ്രിക്കന്‍ വംശജനായ ഡാനിയേല്‍ ഹില്ലും വെള്ളക്കാരിയായ അമ്മ ഡോണ ബെന്‍ഡറും വിവാഹപ്പിറ്റേന്ന്‌ അമേരിക്കയില്‍ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ്‌. അമേരിക്കന്‍ ജനത അംഗീകരിച്ചിട്ടില്ലാത്ത മിശ്രവിവാഹ ജീവിതത്തില്‍ സമൂഹമേല്‍പ്പിക്കാവുന്ന മുള്ളുകള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ്‌ അവര്‍ കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിച്ചതു. 1953 ലായിരുന്നു അവരുടെ വിവാഹം. അക്കാലത്ത്‌ അമേരിക്കന്‍ ഐക്യനാടുകളിലെ വെര്‍ജീനിയപോലുള്ള സംസ്ഥാനങ്ങളില്‍ മിശ്രവിവാഹിതരെ കുറ്റവാളികളായി കരുതുകയും നിയമഭ്രഷ്ടരാക്കുകയും ചെയ്തിരുന്നു. ഉത്തരയമേരിക്കയിലെ കറുപ്പും വെളുപ്പുമല്ലാത്ത ജീവിതത്തിന്‍റെ ദുരിതത്തെപ്പറ്റി ലോറന്‍സ്‌ ഹില്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്‌. ബ്ലാക്ക്ബെറി സ്വീറ്റ്‌ ജൂസ്‌ എന്നപേരിലുള്ള ഈ പുസ്തകമാണ്‌ ലാറി ആദ്യമായി പുറത്തിറക്കിയത്‌.


കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ പ്രൈസ്‌ ഉള്‍പ്പെടെയുള്ള പല പുരസ്ക്കാരങ്ങളും നേടിക്കഴിഞ്ഞ കാപ്പിരികളുടെ പുസ്തകം എന്ന നോവല്‍ ലോറന്‍സ്‌ ഹില്ലിനെ ആഗോള പ്രശസ്തനാക്കിയിരിക്കുന്നു. ഈ നോവലിലെ പലസംഭവങ്ങളും പോലെ കാപ്പിരികളുടെ പുസ്തകം എന്ന പേരും യഥാർത്ഥത്തിലുള്ളതാണ്‌. അമേരിക്കന്‍ റവലൂഷനറി യുദ്ധത്തില്‍ അംഗസംഖ്യ കുറവായിരുന്ന ബ്രിട്ടീഷുകാരോടൊപ്പം ചേരുവാന്‍ കറുത്തവര്‍ഗ്ഗക്കാരെ അവര്‍ പ്രേരിപ്പിച്ചു. യുദ്ധംകഴിയുമ്പോള്‍ സ്വാതന്ത്ര്യവും കൃഷിചെയ്യുവാന്‍ സ്വന്തമായ ഭൂമിയും നല്‍കാമെന്ന വാഗ്ദാനത്തില്‍ ധാരാളം അടിമകള്‍ ബ്രിട്ടീഷുകാരുടെ സൈന്യത്തില്‍ ചേർന്നു. പക്ഷെ യുദ്ധത്തില്‍ തോറ്റ ബ്രിട്ടീഷുകാര്‍ക്ക്‌ അമേരിക്ക വിടേണ്ടി വന്നതോടെ ഇതൊരു പ്രാരാബ്ദ്ധമായി മാറി. കാനഡയിലെ ബ്രിട്ടിഷ്‌ കോളനിയായിരുന്ന നോവസ്ക്കോഷ്യയിലേക്ക്‌ അവരെ അയക്കാന്‍ ഉത്തരവായി. അങ്ങനെ മൂന്നു കപ്പലുകളിലായി അമേരിക്കയില്‍ നിന്നും കാനഡയിലേക്കും ഇംഗ്ലണ്ടിലേക്കും അയച്ച മൂവായിരം നീഗ്രോകളുടെ പേരുവിവരങ്ങള്‍ എഴുതിചേര്‍ത്ത പുസ്തകമാണു ബുക്ക്‌ ഓഫ്‌ നീഗ്രോസ്.

150 പേജുള്ള ഈ പുസ്തകത്തില്‍ സ്വാതന്ത്ര്യം തേടിപ്പോയ 3000 അടിമകളുടെ പേരും, വയസ്സും, ഉടമയുടെ പേരും, ജീവിത പശ്ചാത്തലവും മാത്രമല്ല, തടിച്ച പെണ്ണ്‌, കുറിയമനുഷ്യന്‍, കുരുടി, മുഖത്തു പാടുള്ളവന്‍, ഒറ്റക്കണ്ണി തുടങ്ങിയ അവഹേളനം നിറഞ്ഞ വ്യക്തി വിവരണങ്ങളുമുണ്ട്‌. കറുത്തവര്‍ഗ്ഗക്കാരുടെ അമേരിക്കയിലെ ആദ്യത്തെ ചരിത്ര പുസ്തകം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ആഫ്രിക്കന്‍ വംശജര്‍ക്ക്‌ ഔദ്യോഗിക രേഖകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയില്ലാതിരുന്ന കാലത്ത്‌ എഴുതപ്പെട്ടിട്ടുള്ള പുസ്തകം എന്നനിലയില്‍ ഈ പുസ്തകം അമൂല്യമാണെന്ന്‌ ലാറി കരുതുന്നു. ഈ പുസ്തകത്തില്‍ പേരുവരിക എന്നത്‌ നിസ്സാര കാര്യമായിരുന്നില്ല. ഇത്‌ വാഗ്ദത്തഭൂമിയിലേക്കുള്ള വാതിലായിരുന്നു. ധാരാളമാളുകള്‍ ദിവസങ്ങളോളം തെളിവു സഹിതം വെള്ളക്കാരന്‍റെ കാര്‍ക്കശ്യത്തിനു മുന്നില്‍ കെട്ടികിടന്നിട്ടാണ്‌ അവരുടെ പേര്‌ ഇതില്‍ ചേർക്കപ്പെടുന്നത്‌.

കാപ്പിരികളുടെ പുസ്തകത്തിന്‍റെ മൂന്നു കൈയെഴുത്തു പ്രതികളാണുള്ളത്‌. ഒന്ന്‌ ഇംഗ്ലണ്ടിലും, ഒന്നു അമേരിക്കയിലെ വാഷിംഗ്ടണിലും മറ്റൊന്ന്‌ കാനഡയില്‍, ഹാലിഫാക്സിലെ മ്യൂസിയത്തിലുമാണ്‌. സംഭാഷണത്തിനിടയില്‍ ലാറി ഈ പുസ്തകത്തെ കൂട്ടപ്പലായനത്തിന്റെ പുസ്തകം എന്നുവിശേഷിപ്പിച്ചു. ഒന്‍റേറിയോയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ ചരിത്രാദ്ധ്യാപകനായ ജെയിംസ്‌ വാക്കര്‍ 1977-ല്‍ രചിച്ച കറുത്തവരെപ്പറ്റിയുള്ള ഒരു പുസ്തകത്തില്‍ നിന്നുമാണ്‌ ലാറി ആദ്യമായി നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി അറിയുന്നത്‌. ലാറിക്ക്‌ ഇതൊരു അഭിനിവേശമായി മാറി. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തി ഇതിനെപ്പറ്റി എഴുതാതെ പറ്റില്ലെന്നൊരു അവസ്ഥയിലേക്കു വന്നു.

ഇതാരേയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച്‌ സാധാരണക്കാരനും ഈ ചരിത്രം അറിയേണ്ടതാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌.ചാപ്പകുത്തിയ നെഞ്ചുമായി അതിനുള്ളിലെ ഒരിക്കലുംകെടാത്ത അഗ്നിയും വേവുമായി ജീവിതത്തെ വന്‍ കരകളില്‍നിന്നും വന്‍ കരകളിലേക്കു മാറ്റിപാര്‍പ്പിക്കുന്ന അമിനാറ്റയുടെ മനസ്സിലൂടെയാണു കഥ വിടരുന്നത്‌. അമിനാറ്റ ഡിയാലോ എന്നു പേരുള്ള നായികയെ പതിനൊന്നാം വയസ്സില്‍ ബായോ ഗ്രാമത്തില്‍ നിന്നും അടിമക്കച്ചവടക്കാര്‍ അപഹരിച്ചു കൊണ്ടു വന്നതാണ്‌. അമ്മയുടെ മടിയിലിരുന്ന്‌ അച്ഛനുണ്ടാക്കിയ തേന്‍ ചേര്‍ത്ത ചായ കുടിക്കുന്ന ബാല്യത്തെ ഉള്ളില്‍ താലോലിച്ച്‌ ഒരിക്കല്‍ അവിടെ മടങ്ങിച്ചെല്ലണമെന്നതാണു അമിനാറ്റയുടെ നിത്യ സ്വപ്നം. വിട്ടു പോന്ന വീടും ഗ്രാമവും അവളെ സദാ വിളിച്ചു കൊണ്ടിരുന്നു. ജന്മനാടിനെ ഒരു സ്വര്‍ഗ്ഗ ഭൂമിയായി ഉള്ളില്‍ കണ്ട അമിനാറ്റ ഒരിക്കലവിടെ മടങ്ങിച്ചെല്ലുക എന്ന സ്വപ്നത്തെ ഊതിക്കാച്ചാന്‍ പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്‌. ബായോഗ്രാമത്തിലെ മുസ്ലീങ്ങളില്‍ അവളുടെ അച്ഛനു മാത്രമാണു സ്വന്തമായി ഖുറാനുള്ളതും വായന അറിയാവുന്നതും. അമിനാറ്റയുടെ കവിളെല്ലിനോടു ചേര്‍ന്ന്‌ ചന്ദ്രക്കല അടയാളമുണ്ട്‌. അവള്‍ അഭിമാനത്തോടെ സൂക്ഷിക്കുന്ന കുലപാരമ്പര്യമാണതു വിളിച്ചു പറയുന്നത്‌. എന്നാല്‍ അവളുടെ മാറില്‍ വെള്ളക്കാരന്‍ ചാപ്പകുത്തി.

ബുദ്ധിമതിയായ അവള്‍ എഴുതാനും വായിക്കാനും പെട്ടെന്നു പഠിച്ചെടുക്കുന്നു. അടിമകളില്‍ ആര്‍ക്കും തന്നെ വശമില്ലാത്ത വിദ്യ. അമേരിക്കയിലെ നീലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന അമിനാറ്റ വെള്ളക്കാരന്‍റെ ചതി ക്ക്‌ പലതവണ ഇരയാകുന്നുണ്ട്‌. അവളുടെ അഭിനിവേശമായ എഴുത്തും വായനയും തന്നെയാണ്‌ അവളെ മുന്നൊട്ടു കൊണ്ടുപോകുന്നത്‌. അവളുടെ മനോഹരമായ കൈപ്പട കണ്ടിട്ടാണ്‌ ബ്രിട്ടീഷ്‌ അധികാരികള്‍ കാപ്പിരികളുടെ പുസ്തകത്തില്‍ പേരുവിവരങ്ങളെഴുതുന്ന ജോലി അവളെ ഏല്‍പ്പിക്കുന്നത്‌. കൃഷിയിടങ്ങളില്‍ അങ്ങേയറ്റം അദ്ധ്വാനിച്ചു ശീലിച്ച കാപ്പിരികള്‍ സ്വന്തമായി ഭൂമി കിട്ടുന്നതു സ്വപ്നം കണ്ടാണു കാനഡായിലേക്കു വന്നത്‌. പലര്‍ക്കും ഭൂമി കിട്ടിയില്ലെന്നു മാത്രമല്ല ഇവിടെ ജീവിതം ദുരിതം പിടിച്ചതുമായിരുന്നു. കാനഡയിലെ നീണ്ട ക്രൂരമായ ശൈത്യകാലം അവർക്കു പരിചിതമായിരുന്ന കൃഷി ചെയ്തു ജീവിക്കുവാനും അനുവദിച്ചില്ല. മറ്റു ജോലികളൊന്നും അവര്‍ക്കു ശീലവുമില്ലായിരുന്നു. തന്നെയല്ല, കാനഡയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സമയത്ത്‌ ഇവരുടെ വരവ്‌ കാനഡയിലുള്ളവരെ ചൊടിപ്പിക്കുകയും ചെയ്തു. ഫ്രീ ടൗണിലെത്തിയ കറുത്തവര്‍ അടിമകളായിരുന്നില്ലെങ്കിലും അവര്‍ക്കു കടുത്ത വിവേചനം നേരിടേണ്ടിവന്നു. നിന്ദ നിറഞ്ഞ പരിഹാസത്തിനു പുറമേ, ക്രൂരമായ ശാരീരിക പീഡനവും അവര്‍ക്കു നേരിടേണ്ടി വന്നു. ഇവിടേയും അമിനാറ്റയെ രക്ഷിച്ചതു എഴുതാനും വായിക്കാനുമുള്ള അവളുടെ കഴിവാണ്‌. ഒരു പ്രസില്‍ അവള്‍ക്കു ജോലികിട്ടുന്നു. തന്‍റെ എന്നത്തേയും സ്വപ്നമായിരുന്ന മടങ്ങിപ്പോക്കിനുള്ള സാദ്ധ്യത കണ്ടെത്തുന്നു.

ചരിത്രത്തോടും സത്യത്തോടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഈ കൃതി ലോറന്‍സ്‌ ഹില്‍ എന്ന എഴുത്തുകാരന്‌ വിശ്വസാഹിത്യലോകത്ത്‌ ഒരു സ്ഥാനം നേടിക്കൊടുത്തതില്‍ അത്ഭുതപ്പെടാനില്ല. സിയേറലിയോണ എന്ന കപ്പലില്‍ ആഫ്രിക്കയിലേക്കു മടങ്ങിപ്പോകുവാന്‍ കറുത്തവർഗ്ഗക്കാര്‍ക്ക്‌ അവസരം കിട്ടി. അങ്ങനെ കുറേപ്പേര്‍‍ മടങ്ങിപ്പോയതുവായിച്ച ലാറിയുടെ സങ്കല്‍പലോകത്തില്‍ ചെറിയ കുട്ടിയായി കപ്പലില്‍ വന്നിറങ്ങിയ ഒരു പെണ്‍കുട്ടി സ്ത്രീയായി മടങ്ങിപ്പോവുന്ന കഥ ഉരുത്തിരിഞ്ഞു. വെള്ളക്കാരില്‍ നിന്നും അടിമകള്‍ക്കു നേരിടേണ്ടി വന്ന ക്രൂരതകളുടെ ചിത്രം ഈ നോവല്‍ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്‌. വായന കഴിഞ്ഞാലും പിന്തുടരുന്നത്ര ശക്തമായി. കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ സമ്മാന ജേതാവിനു ബ്രിട്ടീഷ്‌ രാജ്ഞി നല്‍കിയ സ്വീകരണത്തിനു ശേഷം ലാറി രാജ്ഞിയെ നേരില്‍ കണ്ടു. ബെക്കിംഗ് ഹാം കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ കൂടിക്കാഴ്ചയില്‍ വെച്ച്‌ രാജ്ഞി ഇദ്ദേഹത്തോട്‌ വളരെ ആകാംഷയോടെ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി ചോദിച്ചതു ലാറി അഭിമാനത്തോടെ ഓര്‍ക്കുന്നു. കൊട്ടാരത്തില്‍ നിന്നും ഏതാനും വാര അകലെയുള്ള മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബ്രിട്ടീഷ്‌ ചരിത്രത്തിന്റെ ഭാഗമായ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി രാജ്ഞിയോടു വിവരിക്കാന്‍ കഴിഞ്ഞത്‌ കുസൃതി കലര്‍ന്ന സന്തോഷമായി ലാറി പങ്കുവെച്ചു. കാനഡയിലെ ഗോത്രവര്‍ഗക്കാരെ വെള്ളക്കാരോടൊപ്പം ജീവിക്കുവാന്‍ തയ്യാറെടുപ്പിക്കുന്നതിനുവേണ്ടി 1928-ല്‍ ഗോത്രവര്‍ഗത്തിലെ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം റസിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ പാര്‍പ്പിച്ചു പഠിപ്പിച്ചു. ശാരീരികവും, മാനസീകവുമായ പീഡനങ്ങള്‍ക്കു പുറമെ പലപ്പോഴും ലൈംഗിക പീഡനത്തിലും ഇതെത്തി ചേര്‍ന്നു. ഈ അടുത്ത കാലത്താണു കാനഡ സര്‍ക്കാര്‍ അതിനു മാപ്പു പറഞ്ഞത്. ചൈനക്കാര്‍ കൂട്ടമായി കാനഡയിലേക്കു വരുന്നതു തടയുന്നതിനായി അവർക്കേര്‍പ്പെടുത്തിയിരുന്ന എടുത്താല്‍ പൊങ്ങാത്ത തലക്കരവും തെറ്റായിപ്പോയെന്നു സര്‍ക്കാര്‍ തുറന്നു സമ്മതിക്കുമ്പോഴും നീഗ്രോകളോടു കാണിച്ച ക്രൂരതയും വഞ്ചനയും ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

കാനഡയെന്നല്ല ലോകം തന്നെ അറിയാത്ത ചരിത്രമാണത്‌. ഐക്യനാടുകളിലെ അടിമകള്‍ക്ക്‌ കാനഡ സ്വര്‍ഗ്ഗമായിരുന്നതായിട്ടൂള്ള കഥയേ ചരിത്രം പറയുന്നുള്ളൂ. അതിര്‍ത്തി കടന്നെത്തിയവര്‍ക്ക്‌ ഉടമകളെ ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാന്‍ സാധിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന മോഹത്തില്‍ ഇവിടെയെത്തി ഏറെ അപമാനവും ദുരിതവും അനുഭവിക്കേണ്ടിവന്ന വലിയൊരു പങ്കു കറുത്തവരെപ്പറ്റി കാനഡയുടെ ചരിത്രം പഠിപ്പിക്കുന്നില്ല. ഒരു പിടി ചരിത്രവിദ്യാർത്ഥികള്‍ക്കോ ഗവേഷകര്‍ക്കോ മാത്രമറിയാവുന്ന ചരിത്രമാണിത്. ഇത്‌ ലോകം മുഴുവന്‍ അറിയേണ്ടതാണന്ന്‌ തിരിച്ചറിഞ്ഞ് ആ ചുമതല ലാറി സ്വയമേറ്റെടുത്തു. ജെയിംസ്‌ വാക്കര്‍ രചിച്ച പുസ്തകം ലാറി വീട്ടില്‍ നിന്നും 'കടത്താന്‍' ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഡാനിയേല്‍ ഹില്‍ അതിന്റെയുള്ളില്‍ തന്റെ പേരെഴുതിവെച്ചു. പക്ഷെ ഇന്നേവരെ താന്‍ ആ പുസ്തകം തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്ന്‌ ലാറി ഒരു ചിരിയോടെ പറയുന്നു. ഫ്രെഞ്ചും സ്പാനിഷും സംസാരിക്കുന്ന ലാറി വര്‍ഷങ്ങളോളം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്‌. ഗവേഷണവും എഴുത്തും, തിരുത്തെഴുത്തലുമായി 5 വർഷമെടുത്തു ഈ പുസ്തകം പുറത്തുവരുവാനായി. അമിനാറ്റയെപ്പോലുള്ള അടിമകളുടെ തുടക്കത്തില്‍ നിന്നും ഒബാമയുടെ വിജയത്തിലെത്തി നില്‍ക്കുന്ന അമേരിക്കയുടെ ഭാവിയെപ്പറ്റി ലാറിക്കു ശുഭപ്രതീക്ഷയുണ്ട്‌. അമേരിക്കയിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും ഒബാമക്കെന്നല്ല ആര്‍ക്കും തന്നെ ഒറ്റ രാത്രികൊണ്ടു തീര്‍ക്കാവുന്നവയല്ലെങ്കിലും ഒബാമയുടെ ഭരണം അന്താരാഷ്ട്രബന്ധങ്ങളില്‍ അമേരിക്കയെ തുണക്കുമെന്ന്‌ ഈ എഴുത്തുകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.

Tuesday, February 10, 2009

ബീഡി തുമ്പത്തെ ചാരം

ഇക്ബാലിനോട്‌ ബീഡി കൊണ്ടുവരാനാവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍റെ ചെവിക്കു മുകളില്‍ ചരിഞ്ഞിരിക്കാറുള്ള ബീഡിയെ അനഘ ഓര്‍ത്തില്ലെന്നതാണു സത്യം. ഇക്ബാല്‍ പാകിസ്ഥാനു പോകുമ്പോള്‍ അനഘയോടു കുശലം ചോദിച്ചു.
-ഡു യൂ വാണ്ട്‌ മീ റ്റു ബ്രിങ്‌ എനിത്തിംഗ്‌ ബാക്ക്‌ ഫോര്‍ യൂ?
ബീഡിക്കാര്യം കേട്ടതും അയാള്‍ അകമഴിഞ്ഞു ചിരിച്ചു.
-ഭര്‍ത്താവിനാണല്ലെ, തീര്‍ച്ചയായും കൊണ്ടുവരാമല്ലൊ!
ഇക്ബാലിപ്പോള്‍ ഒരു മൂന്നാംകിട രാജ്യത്തെ പൗരനല്ല. സമ്പത്സമൃദ്ധമായ കാനഡയുടെ പൗരനാണ്‌. അതുകൊണ്ട്‌ പോയി വന്നപ്പോള്‍ പത്തു കൂടു ബീഡിയുടെ ഒരു പൊതി അയാള്‍ അനഘക്കു കൊടുത്തു. പ്രശാന്തു ടെന്നിസു കളിക്കാന്‍ പോയ വെള്ളിയാഴ്ച വൈകുന്നേരമാണ്‌ അനഘ അയല്‍ക്കാരന്‍ കൊണ്ടുവന്ന ബീഡി ആദ്യമായി പരീക്ഷിച്ചത്‌.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ വീടു വൃത്തിയാക്കാന്‍ നെല്ല വന്നു കഴിഞ്ഞിട്ടായിരുന്നു അത്‌. നെല്ല വന്നു കഴിഞ്ഞാല്‍ വീടിനുള്ളില്‍ യന്ത്രങ്ങള്‍ ബഹളം കൂട്ടാന്‍ തുടങ്ങും. അടുക്കളയില്‍ ഡിഷ്‌വാഷര്‍ മുരളും. അലക്കു മുറിയില്‍ കഴുകലും ഉണക്കലും വേറേവേറെ ശബ്ദത്തില്‍ ഒരേസമയം ആര്‍പ്പു വിളിക്കും വാക്വം ക്ലീനര്‍ മുകളിലത്തെ നിലയിലും പിന്നെ കോണിയിറങ്ങി താഴേയും മൂളിപ്പറക്കും. ശബ്ദത്തില്‍ പൊറുതിമുട്ടി പ്രശാന്തു പുറത്തുപോകും. നെല്ലയുടെ ഏപ്രിനും, തടിച്ചു കുറുകിയ കാലുകളും, മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷും അവനിഷ്ടമല്ല.

അവര്‍ പണി തുടങ്ങിക്കഴിഞ്ഞാല്‍ വീടാകെ പൈന്‍സോളിന്റെ മണം പരക്കും. പൈന്മരത്തിന്റെ ഹൃദ്യമായ മണമുള്ള ദ്രവസോപ്പില്‍ കുളുമുറിയിലെ ചെളിയും അണുക്കളും അടിയറവു പറയും. അടുക്കളയുടെ തറ തുടച്ചു വൃത്തിയാക്കി പൊടി തുടക്കലും കഴിഞ്ഞ്‌ നെല്ല പോയിക്കഴിഞ്ഞാണ്‌ അനഘ കുളിമുറിയുടെ അരമതിലില്‍ കയറിയിരുന്ന്‌ ബീഡി വലിച്ചത്‌.

മുന്‍ വശത്തെ അരമതിലില്‍ കാല്‍ കയറ്റിവെച്ചിരുന്ന്‌ ബീഡി വലിക്കുന്ന അച്ഛനെ അവള്‍ ഓര്‍ക്കാപ്പുറത്ത്‌ കണ്ണാടിയില്‍ കണ്ടു. നീളം കുറച്ചു വെട്ടിയ മുടി. കണ്ണിനു താഴെ കറുപ്പ്‌. ഉയര്‍ന്ന കവിളെല്ല്‌, ചതുരത്താടി. അച്ഛന്‍റെ ഛാ‍യയാണു തനിക്കെന്ന്‌ അനഘക്കു പെട്ടെന്നു തോന്നി. സൗന്ദര്യം തീരെയില്ലാത്തൊരു മുഖമാണല്ലോന്ന്‌ സ്വയം പറഞ്ഞവള്‍ പുകയൂതി.

ബീഡിയുടെ മുന്നില്‍ പൊട്ടിവീഴാനാഞ്ഞു നില്‍ക്കുന്ന ചാരം കണ്ടപ്പോഴാണ്‌ അനഘ അമ്മയെ ഓര്‍ത്തത്‌. വെടിപ്പാക്കിയ സിങ്കിലേക്കു അവള്‍ ബീഡിയുടെ ചാരം കൊട്ടി.

അപ്പോഴേക്കും ഡിഷ്‌വാഷര്‍ നിന്നിരുന്നു. ഡ്രയറില്‍ തുണികള്‍ വട്ടം കറങ്ങുന്ന ശബ്ദം മാത്രമേ പൈന്‍ മണത്തിനു കൂട്ടുണ്ടായിരുന്നുള്ളൂ. ക്ലിം..ഡും..ഡക്ക്‌..ക്ലിം ക്ലിം..ഡും..ഡക്ക്‌..ക്ലിം ബട്ടന്‍സുകള്‍ ഡ്രയറില്‍ താളം കൊട്ടിക്കൊണ്ടിരുന്നു. മൂക്കു തുടച്ചപ്പോള്‍ കൈയ്ക്ക്‌ പരിചയമുള്ളൊരു മണം ഉള്ളതായി അനഘക്കു തോന്നി.. ലാവന്‍ഡറിന്റെ പടമുള്ള കുപ്പിയില്‍ നിന്നും ദ്രവസോപ്പെടുത്ത്‌ പുകയിലമണം കളയാനവള്‍ കൈ വിശദമായി കഴുകി. കുപ്പിയുടെ പുറത്തെ നാലിതളു മാത്രമുള്ള പൂവിന്‌ ചന്തമുണ്ടല്ലൊന്ന്‌ അഭിനന്ദിക്കുകയും ചെയ്തു. ലാവന്‍ഡറിന്റെ ഇളം നിറം പ്രശാന്തിനിഷ്ടപ്പെട്ടതാണ്‌. പ്രശാന്തിനിഷ്ടം ഇളം നിറങ്ങളാണ്‌. അതൊക്കെ മഹാ ബോറാണെന്ന്‌ അനഘക്കു തോന്നാറുണ്ട്‌.

-പ്രസരിപ്പില്ലാത്ത നിറങ്ങള്‍!

-Show me your colours show me a rainbow that's why I love you....

അവളുറക്കെ പാടി നോക്കി. കാലുയര്‍ത്തിവെച്ചിരുന്ന്‌ ആരേയും ഗൗനിക്കാതെ ബീഡി വലിച്ച്‌ ഉച്ചത്തിലൊന്നു പാടുന്നതിന്റെ തൃപ്തി അവളാസ്വദിച്ചു. മൂക്കിലൂടെ പുക വിട്ട്‌ അനഘ മന്ദഹസിച്ചു. ഭിത്തി നിറഞ്ഞു നില്‍ക്കുന്ന കുളിമുറിക്കണ്ണാടിയിലെ പെണ്ണ്‌ തിരികെ ചിരിച്ചു. കഴിഞ്ഞ ദിവസം അവര്‍ കണ്ട സിനിമയിലെ നായികയെപ്പോലെ അവള്‍ ചോദിച്ചു.
-Why are we here?

കുഞ്ഞമ്മമാര്‍ പണവും ആഡംബരങ്ങളൂം മാത്രമല്ല ഒരു ഭര്‍ത്താവിനേയും അനഘക്കായി ഭൂമിയുടെ മറുപുറത്തുനിന്നും കൊണ്ടുവന്നു. മലയാളം കഷ്ടി പറയാനറിയാവുന്ന കാനഡാക്കാരന്‍ ഡോക്ടര്‍. പ്രശാന്തിനെ കാണുന്നതിനു മുന്‍പേ അനഘ കല്യാണത്തിനു സമ്മതിച്ചു.

കാനഡക്കു പോയാല്‍ പിന്നെ കപ്ലങ്ങപ്പൂളു പോലെ വളഞ്ഞ അച്ഛനെ കാണേണ്ട. കവിതത്തുണ്ടുകള്‍ കേള്‍ക്കേണ്ട. ചാരം പോലെ അമ്മ മുന്നിലേക്ക്‌ അടര്‍ന്നു വീഴുമെന്നു ഭയപ്പെടേണ്ട. അനഘക്ക്‌ അതില്‍ കൂടുതലൊന്നും വേണ്ടിയിരുന്നില്ല. സൗന്ദര്യ മത്സരത്തിനെന്ന പോലൊരുങ്ങി ഇംഗ്ലീഷ്‌ അനായാസമായി പറഞ്ഞ്‌ പാര്‍ട്ടി മര്യാദകളൊക്കെ അറിയുന്ന അനഘ പ്രശാന്തിന്‌ അഭിമാനമായിരുന്നു.

അനഘയുടെ സ്ക്കൂളില്‍ നിന്നും വന്ന കുട്ടികളോട്‌ അച്ഛന്‍ നാടെവിടെ മക്കളേ എന്നു ചോദിച്ചു നാണം കെടുത്തി.
കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?
ഫാക്ടറിപ്പുകയുറഞ്ഞാസ്ത് മവലിക്കാത്തൊ-
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ? 1

കുട്ടികള്‍ കണ്ണില്‍കണ്ണില്‍ നോക്കി അടക്കിച്ചിരിച്ചു. ഒക്കെ ഓര്‍ത്തോര്‍ത്ത്‌ അവള്‍ ബീഡി രസത്തില്‍ വലിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ പൈന്മണവും ബീഡിപ്പുകയും നിറഞ്ഞ ശാന്തത അനഘക്കു പാട്ടു പാടാനുള്ളതായി. കൂട്ടിന്‌ കണ്ണാടിയിലൊരു പെണ്ണും. മുഖക്കുരുവിന്റെ പാടുകള്‍ തെളിഞ്ഞു കാണാവുന്ന മേക്കപ്പില്ലാത്ത മുഖമുള്ള പെണ്ണിനോടൊളിക്കാന്‍ ഒന്നുമില്ലായിരുന്നു.
-Why are we here?
ആ ചോദ്യം അവരെ ചുറ്റിച്ചു. പ്രശാന്തിനോടൊത്തുള്ള ജീവിതം വിനോദത്തിനായുള്ള സമുദ്ര പര്യടനം പോലെയാണെന്ന്‌ അനഘ കണ്ണാടിയിലെ പെണ്ണിനോടു പരാതി പറഞ്ഞു. പ്രാശന്ത്‌ അവളെ മധുവിധുവിനു കൊണ്ടുപോയത്‌ ക്രൂസിനാണ്‌. ഒരാഴ്ച വെള്ളത്തിലൊഴുകുന്നൊരു ചെറു നഗരത്തില്‍. അതില്‍ നീന്തല്‍ കുളമുണ്ട്‌, മേല്‍ത്തരം ഭക്ഷണം കണക്കു നോക്കാതെ കഴിക്കാം. ഉറങ്ങാം.
-എ വെരി പ്രഡിക്റ്റബിള്‍ പ്ലേസ്‌!
അവള്‍ക്ക്‌ സ്പീഡ്‌ ബോട്ടില്‍ പോകാനായിരുന്നു ഇഷ്ടം. സര്‍ഫിങ്‌? ആഞ്ഞടിക്കുന്ന തിരയില്‍ കരണം മറിഞ്ഞ്‌ ഇല്ലാതാവണം. അല്ലെങ്കില്‍ റോളര്‍കോസ്റ്ററില്‍. എന്നും കാണുന്ന വെള്ളം അതിന്റെ ശാന്തത. അനഘയെ വളരെ വല്ലാതെ മടുപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു അത്‌.

ഹിയര്‍ കംസ്‌ ദ റെയ്ന്‍ എഗേന്
‍ഫോളിംഗ്‌ ഓണ്‍ മൈ ഹെഡ്‌ ലൈക്ക്‌ എ മെമ്മറീ
ഫോളിംഗ്‌ ഓണ്‍ മൈ ഹെഡ്‌ ലൈക്ക്‌ എ ന്യൂ ഇമോഷന്
‍ഐ വാണ്‍ റ്റു വോക്ക്‌ ഇന്‍ ദ ഓപ്പണ്‍ വിന്‍ഡ്‌
ഐ വാണ്‍ റ്റു റ്റോക്ക്‌ ലൈക്ക്‌ ലവേഴ്സ്‌ ഡൂ
ഐ വാണ്‍ റ്റു ഡൈവ്‌ ഇന്‍ റ്റു യുവര്‍ ഓഷന്‍...

അവര്‍ പാടി തിമര്‍ത്തു. ഇതിനു മുന്‍പൊക്കെ സംഭവിച്ചതുപോലെ തന്നെ ഒരു ദിവസം അവളുടെ ബീഡി സ്വകാര്യത്തിലേക്കു പ്രശാന്ത്‌ കയറിവന്നു. ഭയന്നു പോയത്‌ പ്രശാന്താണ്‌.

ഭാര്യ ചെയ്യുന്നത്‌ അനുമതിയോടെ അല്ലെങ്കില്‍ ന്യായമായാലും അന്യായമായാലും കരണത്തടിക്കുക എന്നത്‌ കാനഡയുടെ പൗരനു ചേര്‍ന്നതല്ല. അത്തരം കാടത്തരം ടി.വി.യിലെ നിലയില്ലാത്ത നാടകക്കയങ്ങളില്‍ ഇടവിട്ടു പൊങ്ങാറുണ്ടെങ്കിലും അതിലേക്കു മുങ്ങിയില്ല പ്രശാന്തന്‍. പകരം അവന്‍ മമ്മിയെ വിളിച്ചു. അവള്‍ക്കു പ്രശാന്തിനോടു സഹതാപം തോന്നി. അമ്മായിഅമ്മയും അവളെ അടിച്ചു പുറത്താക്കിയില്ല.
സൈറ എന്ന സ്പാനിഷ്‌ പെണ്ണ്‌ പ്രശാന്തിന്റെ ഹൃദയത്തെ ഞക്കിപ്പൊരിച്ചതാണ്‌. മമ്മി കെട്ടിപ്പിടിച്ചു കരഞ്ഞു
-മലയാളി കുട്ടിയേ കല്യാണം കഴിക്കാവൂ!
മമ്മിക്കു വേണ്ടി, മമ്മിക്കു വേണ്ടി.... സൈറ സിഗററ്റു വലിക്കില്ല. നാടന്‍ ബീഡി രഹസ്യമായി വരുത്തി ആര്‍ത്തി പിടിക്കില്ല, തീര്‍ച്ച. പ്രശാന്തുള്ളില്‍ കരഞ്ഞു.

-നാട്ടിലു വളര്‍ന്ന നല്ല അടക്കോം ഒതുക്കോം ഒള്ള കുട്ടിയാണേയ്‌!
മമ്മിയുടെ മുത്തെ തൃപിതിയുടെ ചിരിയിലേക്കാണ്‌ പ്രശാന്തിന്റെ ഫോണ്‍ വിളി ചെന്നു തറച്ചത്‌. ജയ ആന്‍റിയും ലേഖാന്‍റിയും നടുങ്ങി.

ഇഞ്ചിനീയറിംഗിനു ചേര്‍ന്ന അനഘയുടെ അച്ഛനേയും അമ്മയേയും പറ്റി ജയാന്‍റിയും ലേഖാന്‍റിയും പറയാറുണ്ട്‌. അച്ഛന്‍ ക്ലാസില്‍ കയറിയില്ല. കവിയരങ്ങുകള്‍ക്കു പോയി. കവല നാടകം കളിച്ചു. തടവില്‍ കിടന്നു.

-ഇപ്പോഴത്തെ പോലൊന്നുമല്ല. അന്ന്‌ ഇഞ്ചിനീയറിംഗിനു അഡ്മിഷന്‍ കിട്ടാനുണ്ടല്ലൊ മിടുമിടുക്കരായിരിക്കണം.

-ബുദ്ധി കൂടിപ്പോയതല്ലെ കൊഴപ്പമായത്‌.

അനഘയുടെ കുഞ്ഞമ്മമാര്‍ ഊഴമെടുത്തു പറഞ്ഞു.സീനിയറായി പഠിച്ചിരുന്ന ചിത്രമെഴുത്തുകാരിയെ കല്യാണം കഴിച്ചു. ആ തീരുമാനം തെറ്റോ ശരിയോ എന്നമ്മയോടു ചോദിച്ചാല്‍ പറയുമോ എന്ന്‌ അനഘക്കറിയില്ല. അച്ഛന്‍റെ കവിതകള്‍ക്ക്‌ കടും നിറങ്ങളിലായിരുന്നു അമ്മ ചിത്രാവിഷ്ക്കരണം നടത്തിയിരുന്നതെന്നവള്‍ കേട്ടിട്ടുണ്ട്‌.

അമ്മ കടും നിറത്തില്‍ ചിത്രങ്ങള്‍ മെനയുന്നത്‌ അനഘ കണ്ടിട്ടില്ല. കെട്ടിടങ്ങള്‍ക്കു പ്ലാന്‍ വരച്ചുകൊടുക്കും. തിണ്ണയില്‍ വന്നാവശ്യപ്പെടുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കു വേണ്ടി. മുഷിഞ്ഞ വെളുപ്പില്‍ കരിനിറത്തിലുള്ള നേര്‍വരകളില്‍ അപരിചിതരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അമ്മ വരക്കുന്നതു മാത്രമേ അവള്‍ കണ്ടിട്ടുള്ളൂ. അവളുടെ അച്ഛന്‍ നിര്‍ത്താതെ ബീഡി വലിക്കും. കവിത ചൊല്ലും. ഇരുട്ടായാല്‍ കള്ളുകുടിക്കും. ഉടമ്പടിക്കാര്‍ വരുന്നതു കാണുമ്പോള്‍ കക്കൂസില്‍ പോവും. ചായ നീട്ടുന്ന അമ്മയോട്‌ അനഘയുടെ അച്‌'ന്‍ ചൊല്ലും.

പാലില്ല, പല്‍ക്കിനാവില്ല, പഴന്തുണി-
പോലെയിഴപിരിഞ്ഞുള്ളൊരെന്‍ ജീവനില്
‍പാല്‍ വള്ളിയില്ല പടരുവാന്‍, പാഴ്ക്കിനാ-
വുറിത്തറയില്‍ കറയായ്ക്കറുക്കുന്നു
. 2

ഇഞ്ചിനീയറിംഗു പഠിക്കാന്‍പോയ പെണ്ണു ഒരു ചെക്കന്റെ കൂടെ ഓടിപ്പോയതു പൊതിയാന്‍ മാത്രം സ്ത്രീധനം അനഘയുടെ മുത്തച്ഛനില്ലാതെ പോയി. അതുകൊണ്ട്‌ പെണ്ണിന്‍റെ അനിയത്തിമാര്‍ക്കു വന്ന കല്യാണാലോചകള്‍ ചിതറിപ്പോയി. അവര്‍ നാടുവിട്ടു കാനഡക്കും പോയി.


പത്രത്തിനു വിലകൂടി നിന്ന സമയത്ത്‌ അനഘ വീട്ടില്‍ നിന്നും പത്രം പുസ്തക സഞ്ചിയില്‍ ഒളിപ്പിച്ചു കൊണ്ടുപോയി സ്ക്കൂളിനടുത്തുള്ള വഴിയിലെ പത്രക്കടയില്‍ വിറ്റു. മീന ജോസഫ്‌ പറഞ്ഞു കൊടുത്ത തന്ത്രമായിരുന്നത്‌. മീനയുടെ വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല. എക്ലയേഴ്സ്‌, ബബിള്‍ ഗം, ഫൈവ്സ്റ്റാര്‍, അനഘയുടേയും മീനയുടേയും ആഗ്രഹങ്ങളെയൊക്കെ പത്രവില നികത്തി. എന്തു ചെയ്യാന്‍, പഠിത്തക്കാരികള്‍ ഹെഡ്മിസ്ട്രസിനോടു കുന്നായ്മ കൊളുത്തി.

അപ്പോഴാണ്‌ ആദ്യമായി അനഘയുടെ അമ്മ നാടുവിട്ടു പോയ അനുജത്തിമാര്‍ക്കു കത്തെഴുതിയത്‌.

-എന്റെ മോളെ രക്ഷിക്കണം. ദയ തോന്നണം.

അങ്ങനെയാണ്‌ അച്ഛനു പ്രത്യേകിച്ചൊരു ഉദ്യോഗമില്ലാതിരുന്നിട്ടും അനഘ പരിഷ്ക്കാരി കോളേജില്‍ വിദ്യാഭ്യാസം തുടങ്ങിയത്‌. കുഞ്ഞമ്മമാര്‍ കണക്കില്ലാതെ ചിലവു ചെയ്തു.

-മോള്‍ക്കൊരു കുറവുമുണ്ടാകരുത്‌.

പണക്കാരികളേക്കാള്‍ പണമുള്ളവളായി ഹോസ്റ്റലില്‍ അനഘ. പക്ഷെ അവധിക്ക്‌ അവളാരേയും വീട്ടിലേക്കു ക്ഷണിച്ചില്ല. അച്ഛന്‍ വിറക്കുന്ന കൈകൂപ്പി കവിത ചൊല്ലുമെന്നവള്‍ ഭയന്നു. അനഘക്കും കൂട്ടുകാര്‍ക്കും ഇഷ്ടം മഡോണയെ ആയിരുന്നു.

ട്രൂ ബ്ലൂ ബേബി ഐ ലവ്‌ യൂ!

അവരുച്ചത്തില്‍ പാടി രസിച്ചു. പാട്ടിനു കൂട്ടായി അന്ന്‌ കഞ്ചാവു ബീഡിയുണ്ടായിരുന്നു. പക്ഷെ രസച്ചരടു പൊട്ടിച്ചുകൊണ്ട്‌ സിസ്റ്റര്‍ തെഡോഷ്യ ടെറസ്സിനു മുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തു ചെയ്യും! അലറിച്ചീത്ത പറഞ്ഞപ്പൊ കന്യാസ്ത്രീക്കു കെട്ടാത്തേന്‍റെ സൂക്കേടാണെന്ന്‌ അനഘ പറഞ്ഞു. പാവം തെഡോഷ്യാമ്മ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഓടിപ്പോയി. പെണ്‍സംഘം ഉറക്കെ ചിരിച്ചു.

വീണ്ടും അമ്മ അനിയത്തിമാരെ വിളിച്ചു കരഞ്ഞു. പ്രശ്ന പരിഹാരമായിട്ടാണ്‌ അവര്‍ കാനഡയില്‍ നിന്നൊരു ഡോക്ടറെ കൊണ്ടു വന്നത്‌. അനഘയുടെ അമ്മയുടെ ക്ലാസില്‍ പഠിച്ചിരുന്ന ഇഞ്ചിനീയറാണ്‌ പ്രശാന്തിന്റെ അമ്മ. കുഞ്ഞമ്മമാര്‍ പ്രശാന്തിനു വേണ്ടി സാക്ഷ്യം പറഞ്ഞിരുന്നു.

-പൂവു പൊലുള്ള സൊഭാവമാ ആ കുട്ടിക്ക്‌. കാനഡേലു വളര്‍ന്നതിന്റെ ദുസ്വഭാവമൊന്നുമില്ല.

-ശരിക്കും പൂവു പോലൊരു കുട്ടി!

ലേഖാന്‍റി സിമന്‍റു ചേര്‍ത്തുറപ്പിച്ചു.

പൂക്കുട്ടി...! അവന്റെ ഭാര്യ പൂക്കുറ്റി...ഹി..ഹി.. അനഘക്കു ചിരിപൊട്ടി.

സംസാരിക്കാത്ത അമ്മയും കവിതകള്‍ മാത്രം ചൊല്ലുന്ന അച്ഛനും ഒരിക്കലും വഴക്കു കൂടുന്നത്‌ അവള്‍ കണ്ടിട്ടില്ല. മിണ്ടാട്ടമില്ലാതായ അമ്മ പിള്ളേരുടെ ഭാവികൂടി നശിപ്പിക്കരുതെന്നു വിലക്കിയ ദിവസം അച്ഛന്‍ കരയുന്നതു കണ്ടവള്‍ സത്യത്തില്‍ ഭയന്നു പോയിരുന്നു.

-അവരുടെ ഭാവീം കൂടി അല്ലെ!

അവള്‍ അന്നേ ആശിച്ചതാണ്‌ രാജ്യം വിട്ടു പോകണമെന്ന്‌. അനഘ അമേരിക്കക്കു പോകുമ്പോള്‍ അച്ഛന്‍റെ കൈകള്‍ വിറച്ചു ചുണ്ടുകള്‍ വിറച്ചു.

തരുവതെന്തു ഞാന്‍ നിനക്ക്‌?
ഉള്ളിലെപ്പുകക്കറവീണ കരച്ചിലോ?
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ?
ചിതലെടുത്തൊരി പ്രേതലിപികളോ
? 3

അച്ഛന്‍ അമ്മക്കു കൊടുത്ത സമ്മാനം, കവിതപ്പുസ്തകം ഏതായിരുന്നുവെന്ന്‌ ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു നോക്കി. അതൊന്നും അവള്‍ കൈകൊണ്ടു തൊട്ടിട്ടില്ല. അനുജ കോളേജില്‍ വച്ചേ സൈക്കോ അനാലിസിസ്‌ നടത്തിയതാണ്‌.

-നമ്മടെ മഡോണ എല്ലാ അലമ്പിനും കൂടും, പക്ഷെ ഇവളെന്താ ഒരുത്തനെ പ്രേമിച്ച്‌ നാശമാക്കാത്തത്‌?

-ദാറ്റ്‌ ഈസ്‌ ട്രൂ, ആ നവീന്‍ എന്തോരം വെയിലു കൊണ്ടു! പുവര്‍ ചാപ്‌
മെറ്റില്‍ഡ ശരിവെച്ചു.

-യൂ സില്ലി ഗേള്‍സ്‌, അലമ്പായാലും അനഘക്കൊരു വെലേണ്ട്‌. അതു വിട്ടുള്ള കളിയില്ലാട്ടാ.

അനുജ അപഗ്രഥനം തുടര്‍ന്നു.

-അതൊക്കെ ചുമ്മാ! നിന്റെ അച്ഛനും അമ്മേം കോളേജില്‍ പ്രേമിച്ചവരാണ്‌. അവരു നടന്ന വഴിയെ നടക്കില്ലാന്നുള്ള വാശി, അല്ലേ മോളെ!

-ഒരു ഫ്രോയിഡത്തി. പോടീ പോ!
ഒരു ആണിനെ അറിയാതെ പോയതില്‍ അനഘക്കിപ്പോള്‍ ഉറപ്പായും നഷ്ടബോധമുണ്ട്‌.

-ഞാന്‍ വെറുമൊരു പ്രശാന്താണല്ലൊ!
അവള്‍ സ്വയം പരിതപിക്കുന്നു.

കബോര്‍ഡുകള്‍ തിരഞ്ഞ്‌ സാനിട്ടറി നാപ്കിനുകള്‍ക്കു പിന്നിലായി ഒളിപ്പിച്ചിരുന്ന സ്മിര്‍നോഫിന്‍റെ കുപ്പി പുറത്തെടുത്തത്‌ പ്രശാന്തിന്‍റെ മമ്മിയാണ്‌. പൂക്കുല ചുഴറ്റി തുള്ളിയത്‌ അനഘയുടെ കുഞ്ഞമ്മമാരായിരുന്നു.

-നാശം! കുടുംബം മുടിക്കും.
-അവന്റെ സന്തതിയല്ലെ!

ആഹാ! ഉത്തരം കുളത്തിലമ്പിളി പോലെ തെളിഞ്ഞു. പ്രശാന്ത്‌ കരുണയോടെ മെഡിക്കല്‍ ജേര്‍ണലുകള്‍ തിരഞ്ഞു. ഇന്‍ഫാന്റ്‌ ആല്‍ക്കഹോളിക്‌ സിന്‍ഡ്രോം ആവാം എന്നൊരു പക്ഷം പറഞ്ഞു. അതിന്‌ എന്‍റമ്മ കുടിക്കാറില്ലല്ലൊ എന്നവള്‍ പിറുപിറുത്തു. ബീഡിപ്പുക ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനു വരുത്താവുന്ന തകരാറുകള്‍ നിക്കോട്ടിനോടുണ്ടാകാവുന്ന ആര്‍ത്തിയൊക്കെ തിരഞ്ഞ്‌ പ്രശാന്തു വിഷമിച്ചു. കാനഡയുടെ മുന്‍പ്രധാനമന്ത്രി ഷോണ്‍ ഗ്രെച്ചിയാന്റെ ദത്തു പുത്രനെ അവന്‍ ഉദാഹരണമായിട്ടെടുത്തു.

ഈ കോലാഹലം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോസ്മെറ്റിക്സ്‌ ഡോട്ട്‌ കോമില്‍ നിന്നുമുള്ള ബില്ലുകള്‍ മുതല്‍ വീട്ടുകാര്യം ശ്രദ്ധിക്കാത്തതു വരെയുള്ള കുറ്റങ്ങള്‍ പ്രശാന്ത്‌ ഒറ്റ ശ്വാസത്തില്‍ മമ്മിയോടു പറഞ്ഞു. ചോറും കറിയും വെക്കുന്നില്ല. ഫാസ്റ്റു ഫുഡു വാങ്ങുന്നു കാറോടിക്കുമ്പോള്‍ കിട്ടുന്ന സ്പീഡിംഗ്‌ ടിക്കറ്റുകള്‍. ഒരു ഗ്രാമീണ വധുവിന്‍റെ സങ്കടത്തിലാണു പ്രശാന്തു സംസാരിച്ചത്‌. പ്രശാന്തിന്‍റെ ഉഭയ ജീവിതം അവനു വരുത്തിവെക്കുന്ന വിനകളോര്‍ത്ത്‌ അനഘക്കു വിഷമം തോന്നി. പാവം ചെറുക്കന്‍!

പറയുമ്പോള്‍ എല്ലാം പറയണമല്ലൊ. പ്രശാന്തവളുടെ സ്വയംഭോഗത്തെപ്പറ്റിയും പരാതിപ്പെട്ടു. ഉറക്കത്തില്‍ ഭര്‍ത്താവടുത്തു കിടക്കുമ്പോള്‍, എന്തന്യായമാണത്‌!

-എന്‍റെ ഗുരുവായൂരപ്പാ!
പ്രശാന്തിന്റെ മമ്മി വിളിച്ചുപോയി.

-അരക്കെട്ടില്‍ പറുദീസയുടെ ഒരു തുണ്ടു സ്ഥാപിച്ചത്‌ ദൈവം തന്നെയല്ലെ? ജേര്‍ണലുകളും കോണ്‍ഫറന്‍സുകളും അതൊന്നും കവറു ചെയ്യാറില്ലെ?

സിസ്റ്റര്‍ തെഡോഷ്യയോടു പറഞ്ഞതുപോലിവരോടു പറയാന്‍ പറ്റില്ലല്ലോന്നോര്‍ത്ത്‌ കണ്ണുകള്‍ കോര്‍ക്കുന്നതൊഴിവാക്കാന്‍ അവള്‍ പ്രശാന്തിന്‍റെ മമ്മി കൊണ്ടുവന്ന മാസിക മറിച്ചു കൊണ്ടിരുന്നു.

എവിടെ വാക്കുകള്‍? എന്റെയുള്‍ക്കാട്ടിലെ
മുറിവു പൊള്ളിടും വ്യാഘൃതന്‍ ഗര്‍ജ്ജനം!

വരികളുടെ അര്‍ത്ഥമെന്തെന്നോര്‍ത്ത്‌ അവള്‍ വ്യാകുലപ്പെട്ടില്ല. കണ്ണൊന്നൊളിച്ചാല്‍ പോരെ?

എവിടെ വാക്കുകള്‍? ചങ്ങലക്കൈകളാ-
ലഴികുലുക്കിടും ഭ്രാന്തിന്‍ പൊറാച്ചിരി!
4

അന്നു തന്നെയാണ്‌ അനഘക്കു അച്ഛന്‍റെ ഫോണ്‍ വന്നത്‌. അമ്മ ആശുപത്രിയിലാണ്‌. വാര്‍ത്ത അവിടെ എത്തിയിട്ടുണ്ടാവുമൊ, ചാരം അടര്‍ന്നു വീണിരിക്കുമോ എന്നോര്‍ത്തവള്‍ പിടഞ്ഞു.

-കരേണ്ടാമ്മേ!

അനഘ ഉള്ളില്‍ പറയുമ്പോള്‍ അച്ഛന്‍ ചൊല്ലി.

മകളേ നീയനഘ! അഘമൊക്കെയും അച്ഛനായ്‌ വിളമ്പൂ.

അച്ഛന്‍റെ വരികള്‍ക്കു ചെവി പൊത്താതെ അവള്‍ പകരം മൂളി.

ഓള്‍വെയ്സ്‌ സംതിന്ദ്‌ ദേര്‍ റ്റു റിമൈന്‍ഡ്‌ മീ.

ഡേവിഡും ഹാലും പണ്ടെങ്ങോ എഴുതിയ വരികള്‍ അവള്‍ അച്ഛനു വേണ്ടി ഉറക്കെ പാടി.

ഐ വില്‍ നെവര്‍ ബി ഫ്രീ.
യൂ വില്‍ ഓള്‍വൈസ്‌ ബി എ പാര്‍ട്ട്‌ ഓഫ്‌ മീ.
ക്കോസ്‌ ദേര്‍ ഈസ്‌ ഓള്‍വെയ്സ്‌ സംതിന്ദ്‌ ദേര്‍ റ്റു റിമൈന്‍ഡ്‌ മീ...




കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചത് :
കവിതകള്‍: 1 അയ്യപ്പപണിക്കര്‍, 2 കടമ്മനിട്ട, 3 ബാലചന്ദ്ര ചുള്ളിക്കാട്, 4 സുഗതകുമാരി

Tuesday, December 02, 2008

മഞ്ഞമോരും ചുവന്നമീനും

എയപോര്‍ട്ടിനു പുറത്തു കടന്നതും സ്വപ്ന പരാതി ശബ്ദത്തില്‍ ചോദിച്ചു.
-അയ്യേ, എവിടെ മഞ്ഞ്‌? കാനഡേലു മുഴുവന്‍ മഞ്ഞാണെന്നു പറഞ്ഞിട്ട്‌ ഇതെന്താ മഴ?

ഉരുക്കുന്ന ഏപ്രില്‍ച്ചൂടില്‍ നിന്നും വന്ന മനീഷിന്റേയും സ്വപ്നയുടേയും ശരീരങ്ങളെ വിറപ്പിച്ചുകൊണ്ട്‌ എയര്‍പ്പോര്‍ട്ടിനു ചുറ്റും മഴ നിര്‍ദ്ദയമായി പെയ്തു. കാറോളം നടന്നപ്പോഴേക്കും ബാഗുകള്‍ തൂക്കിപ്പിടിച്ചിരുന്ന അവരുടെ കൈകള്‍ മരവിച്ചു പോയിരുന്നു.

-സ്പ്രിംഗ്‌ ആയില്ലെ, അതാണു മഴ.

വിമാനത്താവളത്തില്‍ അവരെ സ്വീകരിക്കാനെത്തിയ പരിചയക്കാരന്‍ സജു പറഞ്ഞു. വഴിയരികില്‍ അലിഞ്ഞു തീരാതെ ബാക്കി കിടന്നിരുന്ന പഴകിയ മഞ്ഞുകൂനകളില്‍ മഴ ചെളിയും മണ്ണും തെറിപ്പിച്ച്‌ ഭംഗി കെടുത്തുന്നത്‌ സ്വപ്ന കാറിന്റെ ജനലിലൂടെ കണ്ടു. പക്ഷെ കുറച്ചാഴ്ചകള്‍ക്കുള്ളില്‍ ഉണങ്ങിയ മട്ടില്‍ നിന്നിരുന്ന മരം ഇലയില്ലാതെ പൂക്കള്‍ മാത്രമായി പൊട്ടിത്തരിച്ചുകൊണ്ട്‌ സ്വപ്നയെ അത്ഭുതപ്പെടുത്തി.

-നോക്യേ മനീഷേ, I want to do with you what spring does with the cherry trees എന്നു നെരൂദ പറഞ്ഞതു ശരിക്കും ഉള്‍ക്കൊണ്ടതിപ്പഴാ. മരവിപ്പില്‍ നിന്നും അടിമുടി പുളകത്തിലേക്കെത്തിക്കുക.. ഹാവൂ..!

ബോട്ടണിക്കാരിയുടെ മനസ്സ്‌ പൂക്കളിലും പരിചയമില്ലാത്ത മരങ്ങളിലുമായി ചുറ്റിത്തിരിഞ്ഞു. ആ സമയത്തൊക്കെ മനീഷു റെസ്യൂമെ മോടി പിടുപ്പിച്ചു. പഠിക്കാന്‍ ശ്രമിച്ചു. എന്നിട്ടെന്താ, പൂക്കള്‍ മുഴുവന്‍ കൊഴിഞ്ഞ്‌ മരങ്ങള്‍ നിറയെ ഇലവന്ന ജൂണ്‍ മാസമായിട്ടും പഠിപ്പുകാരന്‍ ജോലിക്കാരനായില്ല. നഗരത്തിലെ ആകാശമെത്തുന്ന ഓഫീസു കെട്ടിടങ്ങളില്‍ എത്രായിരം കസേരകളും മേശകളുമുണ്ടാവുമെന്ന്‌ മനീഷു കണക്കുകൂട്ടി. പക്ഷെ മനീഷിനിരിക്കാന്‍ മാത്രമൊരു കസേര ആരും നീക്കിയിട്ടു കൊടുത്തില്ല.

ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയില്‍ ധാരാളം ഒഴിവുകളുണ്ടെന്ന്‌ വായിച്ചറിഞ്ഞ തുടക്കത്തിലേക്കും പിന്നെ പേപ്പറുകള്‍ ശരിയാക്കികൊടുത്ത ഏജന്‍സിയുടെ വര്‍ണ്ണനകളിലേക്കും പലപ്പോഴും അയാളുടെ മനസ്സൊഴുകിപ്പോയി. കാനഡയിലേക്കു അവരു വെട്ടിയ കുറുക്കു വഴിയുടെ ഭാഗമായിരുന്നു കൂടെ കൊണ്ടുപോകാന്‍ മൂന്നു ലക്ഷം രൂപ വേണമെന്നത്‌. വന്നു കഴിഞ്ഞ്‌ വെറുതെ കിടക്കുന്ന ഒഴിവുകളിലൊന്നില്‍ കയറിയിരുന്നു ശമ്പളം വാങ്ങുന്നതുവരെ കഴിയാനുള്ള വക എന്നനിലയില്‍ സര്‍ക്കാരിന്റെ മുന്‍ കരുതല്‍.

ഒഴിവുകളുണ്ടല്ലൊ, അതിലൊന്നും മനീഷു പാകമാകാതിരിക്കുവാനുള്ള ഒഴിവുകഴിവുകളും ധാരാള മായിപ്പോയെന്നു മാത്രം. ചില ജോലിക്ക്‌ സ്വന്തം കാറുവേണം, അല്ലെങ്കില്‍ കാറോടിക്കുവാനുള്ള ലൈസന്‍സുണ്ടാവണം, പിന്നെ ജോലി പരിചയം. കാനഡയിലെ ജോലിപരിചയം കോഴിയോ മുട്ടയോ ആദ്യം വരികയെന്ന ചോദ്യം പോലെ. ഇംഗ്ലീഷ്‌ വ്യാകരണത്തെറ്റില്ലാതെ എഴുതിയാല്‍ പോര. ഉരുളക്കുപ്പേരി അമേരിക്കന്‍ സ്വരഭാരത്തില്‍ മുറപ്രകാരമുള്ള അംഗവിക്ഷേപങ്ങളോടെ വിളമ്പണം.

പാര്‍ഡണ്‍ മീ.. സോറി... ക്യാന്‍ യൂ എക്സ്പ്ലേയ്ന്‍ പ്ലീസ്‌ ഒക്കെ തിരിച്ചും മറിച്ചുമിട്ടിട്ടും പലപ്പോഴും ചോദിച്ചതിനല്ല മറുപടി പറഞ്ഞതെന്ന്‌ മനീഷിനു തോന്നി. രൂപ ഡോളറായി ചുരുങ്ങിയതുപോലെ പഠിപ്പിനും മൂല്യവ്യത്യാസമുണ്ടാവും എന്നു സ്വപ്നയോടു പറയാന്‍ അയാള്‍ ഭയപ്പെട്ടു.

മരങ്ങളിലെ ചെറുകായ്കള്‍ വലിയ പഴങ്ങളായി മാറിയപ്പോള്‍ മനീഷു പറഞ്ഞു.

-ഇഞ്ചിനീയറായി ജോലി കിട്ടണമെന്ന ദുരാഗ്രഹം വേണ്ടെന്നു വെക്കാമല്ലെ. എന്തുകിട്ടിയാലും എടുക്കാം.

-കഷ്ടപ്പെട്ടു പഠിച്ച്‌ നല്ല മാര്‍ക്കു വാങ്ങിയല്ലേ ഇഞ്ചിനീയറിംഗു പാസായത്‌. എന്നു മുതലാണു പഠിപ്പനുസരിച്ചുള്ള ജോലി ദുരാഗ്രഹമായത്‌?

സ്വപ്നയുടെ ഉത്തരം കേട്ടപ്പോള്‍ അവള്‍ ഛര്‍ദ്ദിക്കാനുള്ള പുറപ്പാടിലാണെന്നു മനീഷിനു തോന്നി. അവള്‍ ആദ്യം ഛര്‍ദ്ദിച്ചത്‌ കല്യാണം കഴിഞ്ഞ്‌ മൂന്നു മാസം കഴിഞ്ഞപ്പോഴാണ്‌. അമ്മാവന്റെ വീട്ടില്‍ പോകുമ്പോള്‍ സാരിയുടുക്കാന്‍ മനീഷിന്റെ മമ്മിയവളെ നിര്‍ബന്ധിച്ചു. മമ്മിയും അടുക്കളയിലെ പണിനിര്‍ത്തി ഗംഗയും കൂടി കുറച്ചു നേരം ശ്രമിച്ചിട്ടാണ്‌ സാരി പിടിപ്പിച്ചു വച്ചത്‌. കഴിഞ്ഞതും സ്വപ്ന കുളിമുറിയിലേക്കോടി. ആളൊഴിഞ്ഞപ്പോള്‍ സ്വപ്ന മനീഷിനോടു പരാതിപ്പെട്ടു.

-അഞ്ചു മീറ്ററുള്ള ഈ ലാബറിന്തിനകത്തിട്ടെന്നെ ചുറ്റിക്കല്ലെ മനീഷേ!
ഭംഗി പാരമ്പര്യം എന്നൊക്കെ പറഞ്ഞാല്‍ സ്വപ്ന തര്‍ക്കിക്കും.
-അമ്മൂമ്മ മുണ്ടാണുടുത്തിരുന്നത്‌. മമ്മി സാരിയും. നമ്മുടെ ജനറേഷന്‍ സാരിയില്‍ സ്റ്റക്കാകണമെന്നു പറയുന്നതു ശരിയാണൊ?

സ്വപ്ന ഛര്‍ദ്ദിച്ച വിവരം സന്തോഷത്തോടെ പറഞ്ഞവരുടെ മുന്നില്‍ മമ്മി മുഖം ഒന്നമര്‍ത്തി തുടച്ചു നടക്കേണ്ടി വന്നു. പിന്നേയും രണ്ടു വര്‍ഷം കഴിഞ്ഞാണ്‌ പ്രണവുണ്ടായത്‌.
സ്വപ്നയും മനീഷും പ്രണവിനെ നടുക്കിരുത്തി ടി.വി.യിലെ കാലാവസ്ഥ വിവരണങ്ങള്‍ കണ്ടു. ചൂടിനേയും തണുപ്പിനേയും ഇത്രക്കു വര്‍ണിക്കാനുണ്ടൊ എന്നവര്‍ ഇടക്കൊക്കെ പരസ്പരം ചോദിച്ചു. കോട്ടും സ്വറ്ററും ബൂട്ട്സുമിട്ട പെണ്ണുങ്ങള്‍ നെടുകേയും ചരിഞ്ഞും ഔദ്ധത്യത്തോടെ നില്‍ക്കുന്ന പരസ്യപ്പത്രം വന്ന ദിവസം മനീഷു സജുവിനെ വിളിച്ചു.

-അങ്കിളിന്റെ പരിചയക്കാരാരെങ്കിലും വിചാരിച്ചാല്‍ ഒരു ജോലി കിട്ടാന്‍ ചാന്‍സുണ്ടാവുമോ?

മനീഷിനിപ്പോള്‍ അര്‍ജുനന്റെ ഏകാഗ്രതയാണ്‌. അഭിമാനവും മര്യാദയുമൊക്കെ ഇലയും പക്ഷിക്കൂടും മാത്രം. മൂന്നാംകിട രാജ്യത്തെ ഒന്നാംകിട പൗരനില്‍ നിന്നും ഒന്നാംകിട രാജ്യത്തെ മൂന്നാംകിട പൗരനിലേക്കുള്ള അകലത്തെ അത്യാഗ്രഹം കൊണ്ടാവുമൊ അളക്കേണ്ടതെന്ന്‌ അയാള്‍ സ്വയം ചോദിച്ചു.

സജു അവരെ വീട്ടിലേക്ക്‌ അത്താഴത്തിനു ക്ഷണിച്ചു. ഉപനഗരത്തിലുള്ള വീടോളം ബസെത്താത്തതുകൊണ്ട്‌ സജു കാറില്‍ കൊണ്ടുപോകേണ്ടി വന്നു.

ലിവിംഗ്‌ റൂമിലെ പ്രൗഡിയുള്ള സോഫകള്‍ക്കും ഉപയോഗിക്കാന്‍ മടി തോന്നിപ്പിക്കുന്ന കുഷ്യനുകള്‍ക്കും ഇടയില്‍ ചെറിയൊരു അങ്കലാപ്പോടെ മനീഷ്‌ അന്ന്‌ ഒറ്റപ്പെട്ടു പോയിരുന്നു. കണ്ണുകള്‍ ഭിത്തിയിലെ പ്രസിദ്ധമായ പെയിന്റിംഗിന്റെ കോപ്പിയിലും നിലത്തെ പരവതാനിയിലുമൊക്കെയായി മാറ്റിനട്ട്‌ അയാള്‍ മര്യാദക്കാരനാകാന്‍ ശ്രമപ്പെട്ടു. സോഫകള്‍ക്കു നടുവിലെ ചില്ലുകൊണ്ടുള്ള മേശയുടെ ചെറുപതിപ്പുകളാണ്‌ സോഫകള്‍ കൂടുന്നിടത്തെ മൂലമേശകളെന്നൊരു വലിയ കണ്ടുപിടുത്തം നടത്തിയതില്‍ സ്വയം അഭിനന്ദിച്ച്‌ കുറച്ചു സമയം കഴിച്ചു.

അടുക്കളയോടു ചേര്‍ന്ന ആഡ്യത്തം കുറഞ്ഞ ഫാമിലി റൂമിലാണ്‌ സ്വപ്ന ചെന്നു പെട്ടത്‌. ഭിത്തികളിലെ സൂട്ടും പട്ടാംബരവും കവിയുന്ന കുടുംബചിത്രങ്ങളും, വീതിയുള്ള ഫ്രെയിമുകള്‍ക്കുള്ളിലെ കൊതിപ്പിക്കുന്ന അച്ചടക്കമുള്ള കുട്ടികളും, ഒരിക്കലും കത്തിക്കാത്ത ഫയര്‍പ്ലേസിനു മുകളിലെ മാന്റല്‍ എന്ന പടിയില്‍ നിന്നും കഴിഞ്ഞ തലമുറയിലെ കാരണവന്മാരും അവളെ തുറിച്ചു നോക്കി. ആ മുറിയിലെ ഉപയോഗിച്ചു പഴകിയ സോഫകളും കുഷ്യനും ചെറു മേശകളും മങ്ങിയ ഇന്ത്യന്‍ കൗതുകവസ്തുക്കളും അവളോടു ചങ്ങാത്തം കൂടിയതുമില്ല. നീളന്തണ്ടുള്ള വൈന്‍ ഗ്ലാസു പിടിച്ചിരുന്ന പെണ്ണുങ്ങള്‍ സ്വപ്നക്കു മനസ്സിലാവാത്ത ഭാഷയില്‍ സംസാരിച്ചു.

-സോബീസില്‍ ചിക്കന്‍ സെയിലുണ്ട്‌.
-ആന്നോ, എത്ര പൈസായാ
-പൗണ്ടിന്‌ തൊണ്ണൂറ്റൊമ്പതു സെന്റ്‌
-എന്നാ റ്റെന്‍ സെന്റ്‌ സെയിലു തൊടങ്ങുന്നത്‌? ഉള്ളിക്കും ക്യാരറ്റിനുമൊക്കെ?
-അതു സാധാരണ ഒക്ടോബറിലല്ലെ. ഞാനിതുവരെ കണ്ടില്ല.

ഊണിനു നേരമായപ്പോള്‍ പ്രണവിനു ചോറെടുക്കുക എന്ന സമസ്യക്കു മുന്നിലും സ്വപ്ന ഒറ്റപ്പെട്ടു. മേശപ്പുറത്തു നിരന്ന അനേകം വിഭങ്ങളിലേക്കു നോക്കി പരുങ്ങുന്ന സ്വപ്നയെ ഒരു മഴവില്ലുപോലെ മനീഷു കണ്ടിരുന്നു. നീട്ടിയ പാത്രത്തിലേക്കു ചോറു വിളമ്പിയിട്ട്‌ മനീഷും സംശയിച്ചു.

-മോരെടുക്ക്‌!

മഞ്ഞ നിറമുള്ള കറി ചൂണ്ടിയാണ്‌ ആന്റി പറഞ്ഞത്‌. ചോറിനെ മഞ്ഞളിപ്പിക്കുന്ന മോരുകറി. മറ്റൊരു പാത്രത്തില്‍ ചുവന്ന ചാറില്‍ പാതി പുറത്തായി മീന്‍ കഷണങ്ങള്‍. സ്ക്കെയിലുവച്ചു വരച്ചിട്ടു മുറിച്ചതുപോലെയുള്ള ചതുര കഷണങ്ങള്‍ക്കു നല്ല കട്ടിയുണ്ട്‌. മീന്‍ തന്നെയാണൊ, ഫാക്ടറിയില്‍ ഉണ്ടാക്കിയതാവുമൊ എന്നു സ്വപ്നയോടു ചോദിക്കുന്നതോര്‍ത്ത്‌ മനീഷു ഉള്ളില്‍ ചിരിച്ചു.

ഊണു തുടങ്ങിയതോടെ ലിവിംഗ്‌റൂമിലെ ശബ്ദം ഇല്ലാതായി. ഇടക്ക്‌ എന്തെങ്കിലും പറയണമെല്ലൊ എന്നോര്‍ത്താണ്‌ എന്തു തരം മീനാണെന്ന്‌ മനീഷു ചോദിച്ചത്‌. കിംഗ്‌ ഫിഷ്‌, നെമ്മീന്‍, നെയ്മീന്‍, അല്ല അയക്കൂറ... ലിവിംഗ്‌ റൂമില്‍ വീണ്ടും ബഹളമായി.

-മീനിനെക്കുറിച്ച്‌ അറിയണമെങ്കില്‍ ഞങ്ങളു മലബാറീസിനോടു ചോദിക്കണം. ഞങ്ങളുടെ ബ്രെയ്ക്ക്‌ ഫാസ്റ്റു തന്നെ മീനിലാ.
-അതു നിങ്ങക്കു ബോധമില്ലാഞ്ഞിട്ടാ. നല്ല മീങ്കറി കൂട്ടണമെങ്കി കോട്ടയത്തു വരണം. കൊടമ്പുളിയിട്ട മീങ്കറിക്കെന്നാ ടെയ്സ്റ്റാ!

പിന്നെ മലബാറീസും തിരുവതാംകൂറീസും കുറെയേറേനേരം തര്‍ക്കിച്ചു. അതിനിടയില്‍ തിരുക്കൊച്ചിയിലെ ചാളക്കറി മിണ്ടാതെ തേങ്ങച്ചാറില്‍ മുങ്ങി ഒരു സോസറില്‍ കുറുകെ കിടന്നു.

-ആണിയില്‍ തൂക്കിയിടുമ്പോള്‍ ഭൂപടത്തില്‍ മുകളിലാണെന്നു കരുതി വടക്കുള്ളവര്‍ക്ക്‌ തെക്കുള്ളവരോട്‌ പൊതുവെ ഒരു മേല്‍ക്കോയ്മയുണ്ട്‌. ഉത്തരേന്ത്യക്കാരനു മദ്രാസിയോടു പുച്ഛം. മലബാറുകാര്‍ക്ക്‌ തിരുവതാംകൂറുകാരെ പിടിക്കായ്ക.

കൂടുതല്‍ കഷണ്ടിയും കുറച്ചു മുടിയുമുള്ള മനുഷ്യനാണതു പറഞ്ഞത്‌. അയാള്‍ താഴെയുള്ള മുടി നീട്ടി മുകളിലേക്കു പരത്തി ചീകിവച്ച്‌ കഷണ്ടി മറക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എഴുപതുകളിലോ എണ്‍പതുകളിലോ മുടിനീട്ടി സഞ്ചിയും തോളിലിട്ടു നടന്നിരുന്ന ഒരു യുവാവായിരുന്നു അയാളെന്നു മനീഷിനു തോന്നി.

തര്‍ക്കം എങ്ങുമെത്താതെ തിരിയുന്നതിനിടക്കാണ്‌ സജുവങ്കിള്‍ മനീഷിന്റെ ജോലിക്കാര്യമെടുത്തിട്ടത്‌. ഉത്സാഹത്തോടെ എല്ലാവരും പുതിയ വിഷയത്തിലേക്കു കടന്നു.

-എത്ര പഠിത്തമുണ്ടായിട്ടും കാര്യമില്ല. ഇവമ്മാരു തൊലിനോക്കിയേ ഹയറു ചെയ്യൂ.
-ഡിസ്ക്രിമിനേഷന്‍ അല്ലാതെന്താ?
-ഞ്ഞാന്‍ വന്നകാലത്ത്‌ തറ തുടച്ചിട്ടുണ്ട്‌.
-പിന്നെ ഞാനെത്ര വര്‍ഷം പാതിരാത്രിയില്‍ ഫോര്‍ട്ടീനോസിലെ ഷെല്‍ഫില്‍ സാധനങ്ങളെടുത്തു വെക്കാന്‍ പോയിട്ടുണ്ട്‌.
-എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ജോലികിട്ടുമെന്നാ ഇപ്പോഴത്തെ പിള്ളേരടെ വിചാരം! ഇവിടെ ജോലി എടുത്തു വെച്ചിരിക്കുകയല്ലേ!

ഏജന്റിന്റെ കണക്കുകള്‍ മനീഷിന്റെ മനസ്സില്‍ കിടന്നു പിടഞ്ഞു.
-ഐ.ടി. ഫീല്‍ഡില്‍ 120 ഒഴിവുകള്‍ ടൊറന്റോയില്‍ തന്നെയുണ്ട്‌.
അതെടുത്ത്‌ ഇയാളുടെ വായില്‍ തിരുകിയാലൊ?

പിന്നെ ജോസഫും വര്‍ക്കിയും കൂണു ഫാക്ടറിയില്‍ ജോലിക്കു പോയ പഴയ കഥയിലേക്കു തെക്കരും വടക്കരും ഒരുമയോടെ കൂപ്പുകുത്തി. പഴങ്കഥകള്‍ക്കും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ സായിപ്പിന്റെ വിവേചനത്തിനു മുന്നില്‍ അത്യാഗ്രഹക്കാരനായി മനീഷൊറ്റക്കുനിന്നു. ഭൂപടപരമായി പടിഞ്ഞാറിനു കിഴക്കിനോടുള്ളത്‌ ഒരു വശക്കോയ്മ ആയിരിക്കുമോ എന്ന്‌ മനീഷത്ഭുതപ്പെട്ടു.

തിരിച്ച്‌ അപ്പാര്‍ട്ടുമെന്റിലെത്തിയപ്പോള്‍ അയാള്‍ സ്വപ്നയോടു ചോദിച്ചു.
-മോനെന്താ കഴിച്ചത്‌?
-മഞ്ഞമോരും ചുവന്നമീനും കൂട്ടി അവനു ചോറുകൊടുത്തു. നിങ്ങളിരുന്നിടത്ത്‌ എന്തായിരുന്നു ബഹളം?
-അത്‌ ബാറീസും കൂറീസും വമ്പു കമ്പയറു ചെയ്യുകയായിരുന്നു.
വിശദീകരിക്കുമ്പോള്‍ സ്വപ്നയുടേ മുഖത്ത് ഛര്‍ദ്ദിക്കാനുള്ള ഭാവം വന്നു.

ആണിത്തൂക്കത്തിലെ മേല്‍ക്കോയ്മയെക്കുറിച്ചു പറഞ്ഞപ്പോള്‍ സ്വപ്ന ചോദിച്ചു.
-സച്ചിദാനന്ദമുടിയുടെ കണ്ടുപിടുത്തമാണൊ?
-അയാളുടെ പേര്‌ കെ. ആര്‍. കുരുവിള എന്നാണ്‌. പക്ഷേ കുരൂളേച്ചന്‍ എന്നാണെല്ലാവരും അയാളെ വിളിക്കുന്നത്‌.

സ്വപ്നക്കതൊന്നും പ്രശ്നമല്ലെന്നും അവള്‍ അയാളെ സച്ചിദാനന്ദമുടി എന്നു മാത്രമേ വിശേഷിപ്പിക്കൂ എന്നും മനീഷിനറിയാമായിരുന്നു.

പിന്നെ മനീഷിനും സ്വപനക്കും സജുവിന്റെ വീട്ടില്‍വന്ന പലരുടേയും അതിഥിയാകേണ്ടിവന്നു. അതോടെ, മോരുകറി, വരട്ടിയെടുത്ത ഇറച്ചി, പുളിയുള്ള ചുവന്ന ചാറില്‍ മീനിന്റെ ഫാക്ടറിക്കഷണങ്ങള്‍. അങ്ങനെ പോകുന്ന കോട്ടയം ക്രിസ്ത്യാനികളുടെ പതിവു മെനുവിനെ മനീഷ്‌ കോ.ക്രി. ഊണ്‌ എന്നു വിളിക്കാന്‍ തുടങ്ങി. ഒരു ജോലി തരപ്പെടുമെങ്കില്‍ എത്ര കോക്രിയൂണുണ്ണാനും തയ്യാറാണെന്ന്‌ അവന്‍ സ്വപ്നയോടു വീമ്പു പറഞ്ഞു.

ഇതിനിടക്കാണ്‌ അപ്പാര്‍ട്ടുമെന്റിനു മുന്നില്‍ നിന്നുരുന്ന ഗിന്‍ങ്കൊ മരത്തിലെ ഇലകള്‍ക്ക്‌ കടുംമഞ്ഞ നിറമായത്‌. അതിന്റെ ചെറുവിശറികള്‍ പോലുള്ള ഇലക്ക്‌ മത്തു പിടിപ്പിക്കുന്ന ഭംഗിയെന്നു സ്വപ്ന പറഞ്ഞു. പിന്‍വശത്തെ കിടപ്പു മുറിയിലെ ജനലിലൂടെ കാണാവുന്ന സണ്‍സെറ്റ്‌ മേപ്പിള്‍എന്ന മരത്തിന്റെ ഇലകള്‍ക്ക്‌ കത്തുന്ന ചുവപ്പു നിറമായി. ചെടികളെ തലോടി മരങ്ങളുടെ ഇല പരിശോധിച്ച്‌ സ്വപ്ന അവയുടെ കുടുംബങ്ങള്‍ കണ്ടുപിടിച്ചു. ഇടക്കൊക്കെ ചില മരയറിവുകളും ഇലസത്യങ്ങളും അവള്‍ മനീഷിനു വിളമ്പി.

-തണുപ്പു കാലത്തേക്ക്‌ ആവശ്യമുള്ള മൂലകങ്ങളെയൊക്കെ മാറ്റി വെയ്ക്കുന്നോണ്ടാ എലേടെ നിറം മാറുന്നത്‌. ക്ലോറോഫില്ലു പോകുമ്പം പച്ചനിറം പോവും. അപ്പോ എലേടെ തനിനിറം ചോപ്പും മഞ്ഞേം ഒക്കെയായിട്ട്‌ പുറത്തു വരും. സത്യത്തി ഈ നിറങ്ങളൊക്കെ എലേലേക്കു വരുകല്ല, പച്ചനറം അങ്ങു പോവ്വാ ചെയ്യണെ.

നിരയായി നില്‍ക്കുന്ന മരങ്ങളുടെ വര്‍ണ്ണഭംഗി ശരിക്ക്‌ ആസ്വദിക്കണമെങ്കില്‍ അല്‍ഗോക്വിന്‍ പാര്‍ക്കില്‍ പോകണമെന്ന്‌ അവളോടു അപ്പാര്‍ട്ടുമെന്റിലെ ജാനിറ്റര്‍ പറഞ്ഞു കൊടുത്തു. ടൊറന്റോയില്‍നിന്നും രണ്ടു മണിക്കൂര്‍ വടക്കോട്ടു വണ്ടിയോടിക്കുമ്പോള്‍ ഏക്കറുകള്‍ വിസ്തീര്‍ണ്ണമുള്ള അല്‍ഗോക്വിന്‍ പാര്‍ക്ക്‌.. മരങ്ങളും മൃഗങ്ങളും തടാകങ്ങളും കാടും മലകളും. അവിടെ ക്യാമ്പു ചെയ്യാം ബോട്ടില്‍ പോകാം.

-ശരത്ക്കാലത്ത്‌ നിറം മാറുന്ന ഇലകളുടെ ഭംഗി കാണണമെങ്കില്‍ അല്‍ഗോക്വിനില്‍ തന്നെ പോകണം.
ജാനിറ്റര്‍ ലോയിഡ്‌ ഉറപ്പിച്ചു പറഞ്ഞു. അവിടുത്തെ ചില പടങ്ങള്‍ അയാളുടെ ആല്‍ബത്തില്‍ കണ്ടതോടെ ബോട്ടണിക്കാരിക്കു ഹാലിളകി. മഞ്ഞക്കും ഓറഞ്ചിനും വിവരിക്കാനാവാത്തത്ര തരം തിരിവുകള്‍. മരങ്ങളൂം ചെടികളും കടും നിറങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്നതു കണ്ടാല്‍ വരച്ചു വച്ചിരിക്കുന്നതാണെന്നു തോന്നും.

ശനിയാഴ്ച രാവിലെ അല്‍ഗോക്വിനു കൊണ്ടുപോകാമെന്ന്‌ സജു ഏറ്റതോടെ അപ്പാര്‍ട്ടുമെന്റിലും നിറംവച്ചു. ഉച്ചക്കു കഴിക്കാനുള്ളതു അവിടെയിരുന്നു കഴിക്കാനായി പൊതിഞ്ഞു കൊണ്ടുപോവുക. വൈകുന്നേരം അത്താഴം സജുവിന്റെ വീട്ടില്‍.

സ്വപ്ന മൂളിപ്പാട്ടോടെ തൈരുസാദം പൊതികെട്ടി. കുടിക്കാന്‍ വെള്ളം കുപ്പിയില്‍. പ്രണവിനു പലഹാരങ്ങള്‍ പ്രത്യേകം. അതിനിടയില്‍ ക്യാമറ മറന്നേക്കല്ലേ, ബാറ്ററി ചാര്‍ജുചെയ്തിട്ടുണ്ടൊ എന്നൊക്കെയവള്‍ മനീഷിനെ ശാസിക്കുകയും ചെയ്തു, പത്തുമണിക്കെത്താമെന്നു പറഞ്ഞ സജു പത്തരയായിട്ടും വരാതിരുന്നപ്പോള്‍ മനീഷു വിളിക്കാനുറച്ചു.

-ഇനി മറന്നു കാണുമൊ?
-അതു മനീഷേ, ഇന്നു കുറച്ചുപേരേ ഇങ്ങോട്ടു ഉണ്ണാന്‍ വിളിച്ചിട്ടുണ്ട്‌. നിങ്ങളോടു വരാന്‍ പറഞ്ഞില്ലായിരുന്നൊ? ഏതായാലും കുക്കു ചെയ്യണം, അപ്പം കടമുള്ള കുറച്ചു പേരേ വിളിച്ചേക്കാമെന്നു ഷൈല വിചാരിച്ചു. ഞാനീ എറച്ചി ഒന്നു മുറിച്ചു കൊടുത്തേച്ച്‌ ഒരു മണിക്കൂറിനകം വന്നേക്കാം.

പന്ത്രണ്ടു മണിയായപ്പോള്‍ പ്രയോജനമില്ലെന്നറിഞ്ഞു തന്നെ മനീഷു വീണ്ടും വിളിച്ചു. അപ്പോള്‍ സജു പുറത്തു പുല്ലു വെട്ടുകയാണെന്ന്‌ ആന്റി പറഞ്ഞു.
-എന്തെങ്കിലും ആവശ്യമുണ്ടൊ? തിരിച്ചു വിളിക്കാന്‍ പറയണോ?
സ്നേഹാന്വേഷണത്തിനു മറുപടിയൊന്നും പറയാനില്ലാതിരുന്നിട്ടും അവര്‍ പറഞ്ഞു.
-വൈകിട്ട്‌ ഉണ്ണാന്‍ വരുമല്ലൊ അല്ലേ? സജു ആറുമണിക്കു വന്നു പിക്കു ചെയ്യും കേട്ടോ.

ടൊറന്റോയില്‍ നിന്നും അല്‍ഗോക്വിനു ബസുണ്ടോ എന്നറിയണമെന്നായി സ്വപ്നക്ക്‌. ടി.വി.ക്കു മുന്നില്‍ മുനിപോലെയിരുന്ന മനീഷിനെ തോല്‍പ്പിച്ച്‌ അവള്‍ ടെലിഫോണ്‍ ഡയറക്ടറിനോക്കി ഗോ-ബസ്‌, ഗ്രേ-ഹൗണ്ട്‌ തുടങ്ങിയ ബസു കമ്പനികളെയൊക്കെ വിളിച്ചു. ഗോ ബസ്‌ അങ്ങോട്ടു പോവില്ലത്രേ. ഉച്ചകഴിഞ്ഞ്‌ ഗ്രേഹോണ്ടിന്റെ ഒരു ബസ്‌ പാതിവഴിയോളം പോവും. വൈകുന്നേരം അഞ്ചുമണിക്ക്‌ അവിടെ നിന്നും വേറേതെങ്കിലും ബസുകമ്പനിയുടെ വണ്ടി കിട്ടുമോ എന്നന്വേഷിക്കാന്‍ പറഞ്ഞ്‌ നല്ലൊരു സയാഹ്നവും നേര്‍ന്നു ഗ്രേ-ഹോണ്ടുകാരി.

ബസ്റ്റാന്‍ഡില്‍ പോയി ഒരു കോഴിക്കോടു ബസോ തിരുവനന്തപുരം ഫാസ്റ്റോ പിടിക്കുന്നതുപോലെയല്ല കാനഡയിലെ ബസുകാര്യം എന്നറിഞ്ഞ്‌ സ്വപ്നയുടെ തീയും കെട്ടു. സോഫയിലിരുന്നുറങ്ങിപ്പോയ പ്രണവിനെ കിടക്കയിലേക്കു മാറ്റിയിട്ട്‌ അവള്‍ പുറത്തിറങ്ങി ഗിംഗോ മരത്തിന്റെ ചുവട്ടില്‍ നിന്നും കുറച്ചു മഞ്ഞ നിറമുള്ള വിശറിയിലകള്‍ പെറുക്കികൊണ്ടു വന്നു. കനമുള്ള ഡിക്ഷനറിക്കകത്തുവച്ച്‌ അതിനു മുകളില്‍ ഭാമുള്ള ടെലിഫോണ്‍ ഡയറക്ടറി കയറ്റി വക്കുന്ന സ്വപ്നയെ നോക്കിയിരുന്ന മനീഷു രതിലമ്പടനായി.

-ആര്‍ബറേറ്റം ഉണ്ടാക്കുന്ന കാലമാണെങ്കില്‍ ക്യാമ്പസ്‌ പ്രണയത്തിനു ചാന്‍സുണ്ടല്ലോ!
മനീഷിന്റെ കൊഞ്ചലില്‍ അല്‍ഗോക്വിന്‍ വര്‍ണ്ണങ്ങള്‍ ഇരിപ്പു മുറിയിലേക്കൊഴുകി. ചുവപ്പ്‌, മഞ്ഞ, ഓറഞ്ച്‌, മെറൂണ്‍, ക്രിംസണ്‍, സിയന്ന പേരു പറയാനറിയാത്ത നിറങ്ങളുടെ പ്രപഞ്ചത്തില്‍ അവര്‍ കലര്‍ന്നു. സുരതിക്കൊടുവിലെ അഗാധ ശാന്തതിലേക്ക്‌ സ്വപ്നയാണു കല്ലെറിഞ്ഞത്‌.

-അല്ല, പ്രതീക്ഷിച്ചതു എന്തെങ്കിലും സംഭവിച്ചാല്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലെ?
മനീഷിന്റെ മനസ്സില്‍ കടുംവര്‍ണ്ണങ്ങളുറഞ്ഞ്‌ ശുദ്ധവെളുപ്പായി.
ആറുമണിക്കു തന്നെ വിളിക്കാന്‍ സജുമറന്നില്ല.
-റെഡിയാണോ? ഞാന്‍ പിക്കു ചെയ്യാം. ഗെസ്റ്റൊക്കെ ഏഴയരയകുമ്പം വരും. അതിനുമുന്‍പ്‌ നമുക്കിങ്ങെത്തണം. അല്‍ഗോക്വിനൊക്കെ ഇനിയൊരു ദിവസം പോകാമെന്നേ.

ഒരു മയവുമില്ലാതെ സ്വപ്ന പറഞ്ഞു

-ഇനിയൊരു കോക്രിയൂണിനു ഞാനില്ല. മഞ്ഞമോരും ചുവന്നമീനും കണ്ടാ ഞാന്‍ 'ര്‍ദ്ദിക്കും.
അതുകൊണ്ട്‌ സ്വപ്നക്കു തലവേദനയാണെന്ന അതിപുരാതിനമായ നുണയില്‍ സജുവിന്റെ ഊണിന്‌ മനീഷൊറ്റക്കു പോയി. പലരും ചോദിച്ചു സ്വപ്നയുടെ തലവേദനയെപ്പറ്റി.

-മൈഗ്രേന്‍ എങ്ങാണുമാണൊ?

-മരുന്നെടുത്തൊ?

പലതവണ ചിരിച്ചുകൊടുത്ത തമാശകളില്‍ ചിരിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ തനിക്കും തലവേദന വരേണ്ടതായിരുന്നുവെന്ന്‌ മനീഷു നിരാശപ്പെട്ടു. മടങ്ങുമ്പോള്‍ വരാതിരുന്ന സ്വപ്നക്കും പ്രണവിനുമായി ആന്റി കറികളുടെ ഒരു പൊതി മനീഷിനെ ഏല്‍പ്പിച്ചു.

-മോന്‍ കഴിഞ്ഞ പ്രാവശ്യം മോരുകാച്ചിയതും മീങ്കറീം കൂട്ടിയാ ഉണ്ടത്‌.

കാറിലിരിക്കുമ്പോള്‍ മടിയിലെ ഷോപ്പിംഗ് ബാഗിനുള്ളില്‍ തൈരിന്റേയും മാര്‍ജറിന്റേയും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ള മോരുകറിയും മീനിന്റെ ചതുരക്കഷണങ്ങളും അയാളെ ഭീഷണിപ്പെടുത്തി.

-സ്വപ്നയെ ഞങ്ങള്‍ ഛര്‍ദ്ദിപ്പിക്കും, തീര്‍ച്ച!!

കാറില്‍ നിന്നും ഇറങ്ങി സജുവിനോടു ഉപചാരപൂര്‍വ്വം നന്ദി പറയുമ്പോഴും മീനിന്റെ ഇഷ്ടികക്കഷണങ്ങള്‍ മനീഷിന്റെ നെഞ്ചില്‍ മതില്‍ പണിതു. മഞ്ഞ വിശറിയിലകള്‍ മടക്കികൊണ്ടു വന്ന വര്‍ണ്ണലോകം അയാളെ കൊതിപ്പിച്ചു.

എലിവേറ്ററില്‍ അഞ്ചാം നിലയിലിറങ്ങിയ മനീഷ്‌ വലത്തേക്കു തിരിഞ്ഞ്‌ നൊ-ഫ്രില്‍സ്‌ എന്നെഴുതിയ ബാഗിന്റെ മുകള്‍ ഭാഗം ഭദ്രമായി കെട്ടി ഗാര്‍ബേജു ഷൂട്ടിലേക്കിട്ടു. അതു തട്ടിത്തട്ടി താഴേക്കുപോകുന്ന ശബ്ദം ആശ്വാസത്തോടെ കേട്ടുനിന്നിട്ട്‌ വാതിലടച്ച്‌ അയാള്‍ ഇടതു വശത്തുള്ള ഇടനാഴിയിലൂടെ സ്വപ്നയും പ്രണവുമുറങ്ങന്ന അപ്പാര്‍ട്ടുമെന്റിലേക്കു പോയി.

വൈകുന്നേരം വീശാന്‍ തുടങ്ങിയ കാറ്റിനു ശക്തി കൂടിയിരുന്നു. ജനലിന്റെ ചില്ലടപ്പുകളെ കുലുക്കി ബഹളം വെക്കുന്ന കാറ്റ്‌ രാത്രി മനീഷിനെ ഇടക്കൊക്കെ ഉണര്‍ത്തി. കാലത്തെ നോക്കുമ്പോള്‍ ചുവന്ന ഇലകള്‍ ഒന്നുപോലുമില്ലാതെ എല്ലിന്‍ കൂടുപോലെ മേപ്പിള്‍ മരത്തിന്റെ പ്രേതം ജനലിനു പുറത്തു കണ്ടു.

കാണാന്‍ കൊതിച്ചിരുന്നു മഞ്ഞുകാലത്തെ ഭയപ്പെട്ട്‌ ചെറിമരത്തില്‍ പുളകം പൂത്തുലയാന്‍ ഇനി എത്രകാലം എന്നു നെടുവീര്‍പ്പിട്ട്‌ മനീഷു കിടക്കയിലിരുന്നു.

Tuesday, September 02, 2008

സ്ട്രോബറികള്‍ പൂക്കുമ്പോള്‍

ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ച സ്ട്രോബറികള്‍ പൂക്കുമ്പോള്‍ എന്ന കൃതിയുടെ പ്രകാശനം പി. കെ. ഭരതന്‍ മാസ്റ്റര്‍ക്ക് കോപ്പി നല്‍കിക്കൊണ്ട് പ്രൊഫ. സാറ ജോസഫ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ ബുക്സ് എം.ഡി. കൃഷ്ണദാസ്, ഐ. ഷണ്മുഖദാസ് എന്നവരാണു സമീപം.

രണ്ടിടത്തായി ഒരേ സമയം ജീവിക്കുന്ന ഒരെഴുത്തുകാരിയുടെ ആര്‍ദ്രമായ മനസ്സിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ് കനേഡിയന്‍ മലയാളിയാ‍യ നിര്‍മ്മലയുടെ രചനയില്‍ കാണാന്‍ കഴിയുന്നതെന്നും പ്രവാസിയുടെ വീട്ടില്‍ എങ്ങനെ കേരളം തുടിക്കുന്നു എന്നതിനു ദൃഷ്ടാന്തമാണു അവരുടെ കൃതിയെന്നും പ്രൊഫ. സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഗ്രീന്‍ ബുക്സ് പ്രസിദ്ധം ചെയ്ത ‘സ്ട്രോബറികള്‍ പൂക്കുമ്പോള്‍‘ (നിര്‍മ്മല) എന്ന കൃതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. കുടുംബ ജീവിതത്തിന്‍റെ നേര്‍ത്ത ഇഴകളെ സ്പര്‍ശിച്ചുകൊണ്ട് നര്‍മ്മമധുരമായിട്ട് അവര്‍ നിര്‍വ്വഹിച്ച ആഖ്യാനം ഏറെ വായനക്കാരെ ആകര്‍ഷിക്കുമെന്ന് സാറാ ജോസഫ് പറഞ്ഞു. ജീവിതത്തെ സ്നേഹിക്കുന്ന നന്മയെ സ്നേഹിക്കുന്ന ഈ എഴുത്തുകാരിയുടെ കൃതി തീ പിടിച്ച മനസ്സുകള്‍ക്ക് സമാധാനം നല്‍കുമെന്നും അവര്‍ പ്രത്യാശിച്ചു.

വാക്കുകളെ സ്നേഹിക്കുന്ന, എഴുത്തിനെ സ്നേഹീക്കുന്ന ഒരെഴുത്തുകാരിയുടെ അടയാളങ്ങള്‍ നിര്‍മ്മലയുടെ കൃതികളില്‍ കാണാന്‍ കഴിയുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രൊഫ. ഐ. ഷണ്മുഖദാസ് പ്രസ്താവിച്ചു. പി. കെ. ഭരതന്‍ പുസ്തകത്തിന്‍റെ കോപ്പി സ്വീകരിച്ചു. ഗ്രീന്‍ ബുക്സിന്‍റെ എം.ഡി. കൃഷ്ണദാസ് സ്വാഗതവും എഡിറ്റര്‍ കടാങ്കോട്ട് പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

ഗ്രീന്‍ബുക്സ് പ്രസ്ദ്ധീകരിച്ച മറ്റൊരു കൃതി ബന്യാമിന്‍റെ ‘ആടുജീവിതം’