Tuesday, July 07, 2009

നീഗ്രോ - എല്ലാവര്‍ക്കും എന്റെ പേരറിയാം.

ലത്തീന്‍ ഭാഷയില്‍ ‘നിഗര്‍’എന്നവാക്കിന്‌ കറുപ്പ്‌ എന്നാണര്‍ത്ഥം. ഇതില്‍ നിന്നും ഉത്ഭവിച്ച നീഗ്രോ എന്നവാക്കിനും സ്പാനിഷിലും, പോര്‍ച്ചുഗീസ് ഭാഷയിലും, പുരാതിന ഇറ്റാലിയന്‍ ഭാഷയിലും കറുപ്പ്‌ എന്നു തന്നെയാണര്‍ത്ഥം. എന്നിട്ടും ലോകത്തിന്‍റെ പലഭാഗത്തും ഇതൊരു ഭര്‍ത്സന വാക്കാണ്‌. എന്തിന്‌ നമ്മുടെ ശബ്ദതാരാവലിയിലും നിഘണ്ടുവിലും കാപ്പിരി എന്നവാക്കിന്‌ അപരിഷ്കൃതന്‍ എന്ന അര്‍ത്ഥം കൊടുത്തിട്ടുണ്ട്‌.

അര്‍ത്ഥം എന്തായാലും അതിന്‍റെ പ്രയോഗത്തിലെ അധിക്ഷേപം ലോകം മുഴുവന്‍ തിരിച്ചറിയുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും വേട്ടയാടിപ്പിടിച്ചുകൊണ്ടുപോയി അടിമകളാക്കപ്പെട്ട കറുത്ത ജനതക്ക്‌ അപമാനമുദ്രയായി വെള്ളക്കാരന്‍ കൊടുത്ത പേരായി നീഗ്രോ മാറി. രണ്ടായിരത്തി ഏഴിലെ കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ സമ്മാനം നേടിയ കാപ്പിരികളുടെ പുസ്തകം (The Book of Negroes) എന്നപുസ്തകത്തിന്‍റെ വഴികള്‍ ഇതൊന്നുകൂടി ഉറപ്പാക്കുന്നു. അതുകൊണ്ടാണ്‌ ദി ബുക്ക്‌ ഓഫ്‌ നീഗ്രോസ് ‌ എന്ന പേരുമാറ്റി 'സംവണ്‍ നോസ്‌ മൈ നേം' (Someone Knows My Name) എന്നപേരില്‍ ഈ പുസ്തകം ഐക്യനാടുകളിലും, യൂറോപ്പിലും, ഓസ്ട്രേലിയയിലും പുറത്തു വന്നിരിക്കുന്നത്‌.
കാനഡയില്‍ ‘ദ ബുക്ക്‌ ഓഫ്‌ നീഗ്രോസ്‘ എന്ന പേരില്‍ 2007-ല്‍ ഇറങ്ങിയ പുസ്തകം അതേപേരില്‍ ഐക്യനാടുകളില്‍ ഇറക്കുവാന്‍ പ്രസാധകര്‍ മടി കാണിച്ചു. നീഗ്രോ എന്ന വാക്ക്‌ വയനക്കാരെ പിന്തിരിപ്പിക്കുമെന്ന വാദം ആദ്യം ഗ്രന്ഥകര്‍ത്താവായ ലോറന്‍സ്‌ ഹില്ലിനെ ചൊടിപ്പിച്ചുവെങ്കിലും പുസ്തക വ്യാപാരികളുടെ ബുദ്ധിയില്‍ അദ്ദേഹം വിശ്വസിച്ചു. അങ്ങനെ 'സംവണ്‍ നോസ്‌ മൈ നേം' എന്ന പേരില്‍ ഇത്‌ ഐക്യനാടുകളിലും, ന്യൂസിലന്‍ഡിലും, ദക്ഷിണാഫ്രിക്കയിലും പുറത്തു വന്നു. അതിനുശേഷം ഈ പുസ്തകം 'കാപ്പിരികളുടെ പുസ്തകം' എന്നപേരില്‍ പുറത്തു വന്നിരുന്നുവേങ്കില്‍ തങ്ങള്‍ വാങ്ങുമായിരുന്നില്ല എന്ന്‌ ഐക്യനാടുകളിള്‍ നിന്നുമുള്ള അദ്ദേഹത്തിന്‍റെ ചില ബന്ധുക്കളുള്‍പ്പടെയുള്ള കറുത്തവര്‍ഗ്ഗക്കാര്‍ അദ്ദേഹത്തോടു നേരിട്ടു പറഞ്ഞു. നീഗ്രോ എന്നത്‌ വേദനിപ്പിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്കായിരിക്കുന്നു.

നാറ്റൂറ്റി എഴുപതു പേജുകളുള്ള ഈ പുസ്തകം ഒരു ചരിത്രനോവലാണ്‌. കാപ്പിരികള്‍ കാനഡയിലെത്തിയ അധികം പറയപ്പെടാത്ത ചരിത്രം. ഐക്യനാടുകളില്‍ അടിമക്കച്ചവടവും അടിമകളോടുള്ള ക്രൂരതയും വളര്‍ന്നു നിന്നിരുന്ന കാലത്ത്‌ ‘അണ്ടര്‍ ഗ്രൌണ്ട്‌ റെയില്‍ റോഡ്‌‘ എന്ന പേരിലൊരു ശ്രംഖല അതീവ രഹസ്യമായി അടിമകളെ കാനഡയിലേക്കു വരുവാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും അവസരമുണ്ടാക്കികൊടുത്തു. അത്‌ കാനഡ അഭിമാനത്തോടെ പറയുകയും പാഠപ്പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ചരിത്രം. എന്നാല്‍ സ്വാതന്ത്ര്യവും കൃഷിചെയ്തു ജീവിക്കുവാന്‍ സ്വന്തമായി സ്ഥലവും നല്‍കാമെന്ന വാഗ്ദാനത്തില്‍ തൂങ്ങി നോവസ്ക്കോഷ്യയിലെ ഫ്രീടൗണില്‍ 1783-ല്‍ കപ്പലിറങ്ങിയ മുവായിരത്തിലേറെ ആഫ്രിക്കന്‍ വംശജരുടെ ചരിത്രം കാനഡയില്‍ പലര്‍ക്കും അറിയില്ല. അതു ലോകത്തോടു പറയേണ്ടത്‌ സ്വന്തം ചുമതലയായി ഏറ്റെടുത്തുകൊണ്ടാണ്‌ ലോറന്‍സ്‌ ഹില്‍ ഈ പുസ്തകം എഴുതിയത്‌.

കാനഡയിലെ ടൊറന്‍റോയില്‍ ജനിച്ചു വളര്‍ന്ന ലാറി എന്നുവിളിക്കപ്പെടുന്ന ലോറന്‍സിന്‍റെ രക്തത്തിലുമുണ്ട്‌ കാപ്പിരി രക്തം. കറുപ്പും വെളുപ്പും കലര്‍ന്നതാണു ഈ എഴുത്തുകാരന്‍റെ പാരമ്പര്യം. ലാറിയുടെ അച്ഛന്‍ ആഫ്രിക്കന്‍ വംശജനായ ഡാനിയേല്‍ ഹില്ലും വെള്ളക്കാരിയായ അമ്മ ഡോണ ബെന്‍ഡറും വിവാഹപ്പിറ്റേന്ന്‌ അമേരിക്കയില്‍ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ്‌. അമേരിക്കന്‍ ജനത അംഗീകരിച്ചിട്ടില്ലാത്ത മിശ്രവിവാഹ ജീവിതത്തില്‍ സമൂഹമേല്‍പ്പിക്കാവുന്ന മുള്ളുകള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ്‌ അവര്‍ കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിച്ചതു. 1953 ലായിരുന്നു അവരുടെ വിവാഹം. അക്കാലത്ത്‌ അമേരിക്കന്‍ ഐക്യനാടുകളിലെ വെര്‍ജീനിയപോലുള്ള സംസ്ഥാനങ്ങളില്‍ മിശ്രവിവാഹിതരെ കുറ്റവാളികളായി കരുതുകയും നിയമഭ്രഷ്ടരാക്കുകയും ചെയ്തിരുന്നു. ഉത്തരയമേരിക്കയിലെ കറുപ്പും വെളുപ്പുമല്ലാത്ത ജീവിതത്തിന്‍റെ ദുരിതത്തെപ്പറ്റി ലോറന്‍സ്‌ ഹില്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്‌. ബ്ലാക്ക്ബെറി സ്വീറ്റ്‌ ജൂസ്‌ എന്നപേരിലുള്ള ഈ പുസ്തകമാണ്‌ ലാറി ആദ്യമായി പുറത്തിറക്കിയത്‌.


കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ പ്രൈസ്‌ ഉള്‍പ്പെടെയുള്ള പല പുരസ്ക്കാരങ്ങളും നേടിക്കഴിഞ്ഞ കാപ്പിരികളുടെ പുസ്തകം എന്ന നോവല്‍ ലോറന്‍സ്‌ ഹില്ലിനെ ആഗോള പ്രശസ്തനാക്കിയിരിക്കുന്നു. ഈ നോവലിലെ പലസംഭവങ്ങളും പോലെ കാപ്പിരികളുടെ പുസ്തകം എന്ന പേരും യഥാർത്ഥത്തിലുള്ളതാണ്‌. അമേരിക്കന്‍ റവലൂഷനറി യുദ്ധത്തില്‍ അംഗസംഖ്യ കുറവായിരുന്ന ബ്രിട്ടീഷുകാരോടൊപ്പം ചേരുവാന്‍ കറുത്തവര്‍ഗ്ഗക്കാരെ അവര്‍ പ്രേരിപ്പിച്ചു. യുദ്ധംകഴിയുമ്പോള്‍ സ്വാതന്ത്ര്യവും കൃഷിചെയ്യുവാന്‍ സ്വന്തമായ ഭൂമിയും നല്‍കാമെന്ന വാഗ്ദാനത്തില്‍ ധാരാളം അടിമകള്‍ ബ്രിട്ടീഷുകാരുടെ സൈന്യത്തില്‍ ചേർന്നു. പക്ഷെ യുദ്ധത്തില്‍ തോറ്റ ബ്രിട്ടീഷുകാര്‍ക്ക്‌ അമേരിക്ക വിടേണ്ടി വന്നതോടെ ഇതൊരു പ്രാരാബ്ദ്ധമായി മാറി. കാനഡയിലെ ബ്രിട്ടിഷ്‌ കോളനിയായിരുന്ന നോവസ്ക്കോഷ്യയിലേക്ക്‌ അവരെ അയക്കാന്‍ ഉത്തരവായി. അങ്ങനെ മൂന്നു കപ്പലുകളിലായി അമേരിക്കയില്‍ നിന്നും കാനഡയിലേക്കും ഇംഗ്ലണ്ടിലേക്കും അയച്ച മൂവായിരം നീഗ്രോകളുടെ പേരുവിവരങ്ങള്‍ എഴുതിചേര്‍ത്ത പുസ്തകമാണു ബുക്ക്‌ ഓഫ്‌ നീഗ്രോസ്.

150 പേജുള്ള ഈ പുസ്തകത്തില്‍ സ്വാതന്ത്ര്യം തേടിപ്പോയ 3000 അടിമകളുടെ പേരും, വയസ്സും, ഉടമയുടെ പേരും, ജീവിത പശ്ചാത്തലവും മാത്രമല്ല, തടിച്ച പെണ്ണ്‌, കുറിയമനുഷ്യന്‍, കുരുടി, മുഖത്തു പാടുള്ളവന്‍, ഒറ്റക്കണ്ണി തുടങ്ങിയ അവഹേളനം നിറഞ്ഞ വ്യക്തി വിവരണങ്ങളുമുണ്ട്‌. കറുത്തവര്‍ഗ്ഗക്കാരുടെ അമേരിക്കയിലെ ആദ്യത്തെ ചരിത്ര പുസ്തകം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ആഫ്രിക്കന്‍ വംശജര്‍ക്ക്‌ ഔദ്യോഗിക രേഖകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയില്ലാതിരുന്ന കാലത്ത്‌ എഴുതപ്പെട്ടിട്ടുള്ള പുസ്തകം എന്നനിലയില്‍ ഈ പുസ്തകം അമൂല്യമാണെന്ന്‌ ലാറി കരുതുന്നു. ഈ പുസ്തകത്തില്‍ പേരുവരിക എന്നത്‌ നിസ്സാര കാര്യമായിരുന്നില്ല. ഇത്‌ വാഗ്ദത്തഭൂമിയിലേക്കുള്ള വാതിലായിരുന്നു. ധാരാളമാളുകള്‍ ദിവസങ്ങളോളം തെളിവു സഹിതം വെള്ളക്കാരന്‍റെ കാര്‍ക്കശ്യത്തിനു മുന്നില്‍ കെട്ടികിടന്നിട്ടാണ്‌ അവരുടെ പേര്‌ ഇതില്‍ ചേർക്കപ്പെടുന്നത്‌.

കാപ്പിരികളുടെ പുസ്തകത്തിന്‍റെ മൂന്നു കൈയെഴുത്തു പ്രതികളാണുള്ളത്‌. ഒന്ന്‌ ഇംഗ്ലണ്ടിലും, ഒന്നു അമേരിക്കയിലെ വാഷിംഗ്ടണിലും മറ്റൊന്ന്‌ കാനഡയില്‍, ഹാലിഫാക്സിലെ മ്യൂസിയത്തിലുമാണ്‌. സംഭാഷണത്തിനിടയില്‍ ലാറി ഈ പുസ്തകത്തെ കൂട്ടപ്പലായനത്തിന്റെ പുസ്തകം എന്നുവിശേഷിപ്പിച്ചു. ഒന്‍റേറിയോയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ ചരിത്രാദ്ധ്യാപകനായ ജെയിംസ്‌ വാക്കര്‍ 1977-ല്‍ രചിച്ച കറുത്തവരെപ്പറ്റിയുള്ള ഒരു പുസ്തകത്തില്‍ നിന്നുമാണ്‌ ലാറി ആദ്യമായി നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി അറിയുന്നത്‌. ലാറിക്ക്‌ ഇതൊരു അഭിനിവേശമായി മാറി. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തി ഇതിനെപ്പറ്റി എഴുതാതെ പറ്റില്ലെന്നൊരു അവസ്ഥയിലേക്കു വന്നു.

ഇതാരേയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച്‌ സാധാരണക്കാരനും ഈ ചരിത്രം അറിയേണ്ടതാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌.ചാപ്പകുത്തിയ നെഞ്ചുമായി അതിനുള്ളിലെ ഒരിക്കലുംകെടാത്ത അഗ്നിയും വേവുമായി ജീവിതത്തെ വന്‍ കരകളില്‍നിന്നും വന്‍ കരകളിലേക്കു മാറ്റിപാര്‍പ്പിക്കുന്ന അമിനാറ്റയുടെ മനസ്സിലൂടെയാണു കഥ വിടരുന്നത്‌. അമിനാറ്റ ഡിയാലോ എന്നു പേരുള്ള നായികയെ പതിനൊന്നാം വയസ്സില്‍ ബായോ ഗ്രാമത്തില്‍ നിന്നും അടിമക്കച്ചവടക്കാര്‍ അപഹരിച്ചു കൊണ്ടു വന്നതാണ്‌. അമ്മയുടെ മടിയിലിരുന്ന്‌ അച്ഛനുണ്ടാക്കിയ തേന്‍ ചേര്‍ത്ത ചായ കുടിക്കുന്ന ബാല്യത്തെ ഉള്ളില്‍ താലോലിച്ച്‌ ഒരിക്കല്‍ അവിടെ മടങ്ങിച്ചെല്ലണമെന്നതാണു അമിനാറ്റയുടെ നിത്യ സ്വപ്നം. വിട്ടു പോന്ന വീടും ഗ്രാമവും അവളെ സദാ വിളിച്ചു കൊണ്ടിരുന്നു. ജന്മനാടിനെ ഒരു സ്വര്‍ഗ്ഗ ഭൂമിയായി ഉള്ളില്‍ കണ്ട അമിനാറ്റ ഒരിക്കലവിടെ മടങ്ങിച്ചെല്ലുക എന്ന സ്വപ്നത്തെ ഊതിക്കാച്ചാന്‍ പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്‌. ബായോഗ്രാമത്തിലെ മുസ്ലീങ്ങളില്‍ അവളുടെ അച്ഛനു മാത്രമാണു സ്വന്തമായി ഖുറാനുള്ളതും വായന അറിയാവുന്നതും. അമിനാറ്റയുടെ കവിളെല്ലിനോടു ചേര്‍ന്ന്‌ ചന്ദ്രക്കല അടയാളമുണ്ട്‌. അവള്‍ അഭിമാനത്തോടെ സൂക്ഷിക്കുന്ന കുലപാരമ്പര്യമാണതു വിളിച്ചു പറയുന്നത്‌. എന്നാല്‍ അവളുടെ മാറില്‍ വെള്ളക്കാരന്‍ ചാപ്പകുത്തി.

ബുദ്ധിമതിയായ അവള്‍ എഴുതാനും വായിക്കാനും പെട്ടെന്നു പഠിച്ചെടുക്കുന്നു. അടിമകളില്‍ ആര്‍ക്കും തന്നെ വശമില്ലാത്ത വിദ്യ. അമേരിക്കയിലെ നീലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന അമിനാറ്റ വെള്ളക്കാരന്‍റെ ചതി ക്ക്‌ പലതവണ ഇരയാകുന്നുണ്ട്‌. അവളുടെ അഭിനിവേശമായ എഴുത്തും വായനയും തന്നെയാണ്‌ അവളെ മുന്നൊട്ടു കൊണ്ടുപോകുന്നത്‌. അവളുടെ മനോഹരമായ കൈപ്പട കണ്ടിട്ടാണ്‌ ബ്രിട്ടീഷ്‌ അധികാരികള്‍ കാപ്പിരികളുടെ പുസ്തകത്തില്‍ പേരുവിവരങ്ങളെഴുതുന്ന ജോലി അവളെ ഏല്‍പ്പിക്കുന്നത്‌. കൃഷിയിടങ്ങളില്‍ അങ്ങേയറ്റം അദ്ധ്വാനിച്ചു ശീലിച്ച കാപ്പിരികള്‍ സ്വന്തമായി ഭൂമി കിട്ടുന്നതു സ്വപ്നം കണ്ടാണു കാനഡായിലേക്കു വന്നത്‌. പലര്‍ക്കും ഭൂമി കിട്ടിയില്ലെന്നു മാത്രമല്ല ഇവിടെ ജീവിതം ദുരിതം പിടിച്ചതുമായിരുന്നു. കാനഡയിലെ നീണ്ട ക്രൂരമായ ശൈത്യകാലം അവർക്കു പരിചിതമായിരുന്ന കൃഷി ചെയ്തു ജീവിക്കുവാനും അനുവദിച്ചില്ല. മറ്റു ജോലികളൊന്നും അവര്‍ക്കു ശീലവുമില്ലായിരുന്നു. തന്നെയല്ല, കാനഡയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സമയത്ത്‌ ഇവരുടെ വരവ്‌ കാനഡയിലുള്ളവരെ ചൊടിപ്പിക്കുകയും ചെയ്തു. ഫ്രീ ടൗണിലെത്തിയ കറുത്തവര്‍ അടിമകളായിരുന്നില്ലെങ്കിലും അവര്‍ക്കു കടുത്ത വിവേചനം നേരിടേണ്ടിവന്നു. നിന്ദ നിറഞ്ഞ പരിഹാസത്തിനു പുറമേ, ക്രൂരമായ ശാരീരിക പീഡനവും അവര്‍ക്കു നേരിടേണ്ടി വന്നു. ഇവിടേയും അമിനാറ്റയെ രക്ഷിച്ചതു എഴുതാനും വായിക്കാനുമുള്ള അവളുടെ കഴിവാണ്‌. ഒരു പ്രസില്‍ അവള്‍ക്കു ജോലികിട്ടുന്നു. തന്‍റെ എന്നത്തേയും സ്വപ്നമായിരുന്ന മടങ്ങിപ്പോക്കിനുള്ള സാദ്ധ്യത കണ്ടെത്തുന്നു.

ചരിത്രത്തോടും സത്യത്തോടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഈ കൃതി ലോറന്‍സ്‌ ഹില്‍ എന്ന എഴുത്തുകാരന്‌ വിശ്വസാഹിത്യലോകത്ത്‌ ഒരു സ്ഥാനം നേടിക്കൊടുത്തതില്‍ അത്ഭുതപ്പെടാനില്ല. സിയേറലിയോണ എന്ന കപ്പലില്‍ ആഫ്രിക്കയിലേക്കു മടങ്ങിപ്പോകുവാന്‍ കറുത്തവർഗ്ഗക്കാര്‍ക്ക്‌ അവസരം കിട്ടി. അങ്ങനെ കുറേപ്പേര്‍‍ മടങ്ങിപ്പോയതുവായിച്ച ലാറിയുടെ സങ്കല്‍പലോകത്തില്‍ ചെറിയ കുട്ടിയായി കപ്പലില്‍ വന്നിറങ്ങിയ ഒരു പെണ്‍കുട്ടി സ്ത്രീയായി മടങ്ങിപ്പോവുന്ന കഥ ഉരുത്തിരിഞ്ഞു. വെള്ളക്കാരില്‍ നിന്നും അടിമകള്‍ക്കു നേരിടേണ്ടി വന്ന ക്രൂരതകളുടെ ചിത്രം ഈ നോവല്‍ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്‌. വായന കഴിഞ്ഞാലും പിന്തുടരുന്നത്ര ശക്തമായി. കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ സമ്മാന ജേതാവിനു ബ്രിട്ടീഷ്‌ രാജ്ഞി നല്‍കിയ സ്വീകരണത്തിനു ശേഷം ലാറി രാജ്ഞിയെ നേരില്‍ കണ്ടു. ബെക്കിംഗ് ഹാം കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ കൂടിക്കാഴ്ചയില്‍ വെച്ച്‌ രാജ്ഞി ഇദ്ദേഹത്തോട്‌ വളരെ ആകാംഷയോടെ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി ചോദിച്ചതു ലാറി അഭിമാനത്തോടെ ഓര്‍ക്കുന്നു. കൊട്ടാരത്തില്‍ നിന്നും ഏതാനും വാര അകലെയുള്ള മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബ്രിട്ടീഷ്‌ ചരിത്രത്തിന്റെ ഭാഗമായ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി രാജ്ഞിയോടു വിവരിക്കാന്‍ കഴിഞ്ഞത്‌ കുസൃതി കലര്‍ന്ന സന്തോഷമായി ലാറി പങ്കുവെച്ചു. കാനഡയിലെ ഗോത്രവര്‍ഗക്കാരെ വെള്ളക്കാരോടൊപ്പം ജീവിക്കുവാന്‍ തയ്യാറെടുപ്പിക്കുന്നതിനുവേണ്ടി 1928-ല്‍ ഗോത്രവര്‍ഗത്തിലെ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം റസിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ പാര്‍പ്പിച്ചു പഠിപ്പിച്ചു. ശാരീരികവും, മാനസീകവുമായ പീഡനങ്ങള്‍ക്കു പുറമെ പലപ്പോഴും ലൈംഗിക പീഡനത്തിലും ഇതെത്തി ചേര്‍ന്നു. ഈ അടുത്ത കാലത്താണു കാനഡ സര്‍ക്കാര്‍ അതിനു മാപ്പു പറഞ്ഞത്. ചൈനക്കാര്‍ കൂട്ടമായി കാനഡയിലേക്കു വരുന്നതു തടയുന്നതിനായി അവർക്കേര്‍പ്പെടുത്തിയിരുന്ന എടുത്താല്‍ പൊങ്ങാത്ത തലക്കരവും തെറ്റായിപ്പോയെന്നു സര്‍ക്കാര്‍ തുറന്നു സമ്മതിക്കുമ്പോഴും നീഗ്രോകളോടു കാണിച്ച ക്രൂരതയും വഞ്ചനയും ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

കാനഡയെന്നല്ല ലോകം തന്നെ അറിയാത്ത ചരിത്രമാണത്‌. ഐക്യനാടുകളിലെ അടിമകള്‍ക്ക്‌ കാനഡ സ്വര്‍ഗ്ഗമായിരുന്നതായിട്ടൂള്ള കഥയേ ചരിത്രം പറയുന്നുള്ളൂ. അതിര്‍ത്തി കടന്നെത്തിയവര്‍ക്ക്‌ ഉടമകളെ ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാന്‍ സാധിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന മോഹത്തില്‍ ഇവിടെയെത്തി ഏറെ അപമാനവും ദുരിതവും അനുഭവിക്കേണ്ടിവന്ന വലിയൊരു പങ്കു കറുത്തവരെപ്പറ്റി കാനഡയുടെ ചരിത്രം പഠിപ്പിക്കുന്നില്ല. ഒരു പിടി ചരിത്രവിദ്യാർത്ഥികള്‍ക്കോ ഗവേഷകര്‍ക്കോ മാത്രമറിയാവുന്ന ചരിത്രമാണിത്. ഇത്‌ ലോകം മുഴുവന്‍ അറിയേണ്ടതാണന്ന്‌ തിരിച്ചറിഞ്ഞ് ആ ചുമതല ലാറി സ്വയമേറ്റെടുത്തു. ജെയിംസ്‌ വാക്കര്‍ രചിച്ച പുസ്തകം ലാറി വീട്ടില്‍ നിന്നും 'കടത്താന്‍' ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഡാനിയേല്‍ ഹില്‍ അതിന്റെയുള്ളില്‍ തന്റെ പേരെഴുതിവെച്ചു. പക്ഷെ ഇന്നേവരെ താന്‍ ആ പുസ്തകം തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്ന്‌ ലാറി ഒരു ചിരിയോടെ പറയുന്നു. ഫ്രെഞ്ചും സ്പാനിഷും സംസാരിക്കുന്ന ലാറി വര്‍ഷങ്ങളോളം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്‌. ഗവേഷണവും എഴുത്തും, തിരുത്തെഴുത്തലുമായി 5 വർഷമെടുത്തു ഈ പുസ്തകം പുറത്തുവരുവാനായി. അമിനാറ്റയെപ്പോലുള്ള അടിമകളുടെ തുടക്കത്തില്‍ നിന്നും ഒബാമയുടെ വിജയത്തിലെത്തി നില്‍ക്കുന്ന അമേരിക്കയുടെ ഭാവിയെപ്പറ്റി ലാറിക്കു ശുഭപ്രതീക്ഷയുണ്ട്‌. അമേരിക്കയിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും ഒബാമക്കെന്നല്ല ആര്‍ക്കും തന്നെ ഒറ്റ രാത്രികൊണ്ടു തീര്‍ക്കാവുന്നവയല്ലെങ്കിലും ഒബാമയുടെ ഭരണം അന്താരാഷ്ട്രബന്ധങ്ങളില്‍ അമേരിക്കയെ തുണക്കുമെന്ന്‌ ഈ എഴുത്തുകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.

Tuesday, February 10, 2009

ബീഡി തുമ്പത്തെ ചാരം

ഇക്ബാലിനോട്‌ ബീഡി കൊണ്ടുവരാനാവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍റെ ചെവിക്കു മുകളില്‍ ചരിഞ്ഞിരിക്കാറുള്ള ബീഡിയെ അനഘ ഓര്‍ത്തില്ലെന്നതാണു സത്യം. ഇക്ബാല്‍ പാകിസ്ഥാനു പോകുമ്പോള്‍ അനഘയോടു കുശലം ചോദിച്ചു.
-ഡു യൂ വാണ്ട്‌ മീ റ്റു ബ്രിങ്‌ എനിത്തിംഗ്‌ ബാക്ക്‌ ഫോര്‍ യൂ?
ബീഡിക്കാര്യം കേട്ടതും അയാള്‍ അകമഴിഞ്ഞു ചിരിച്ചു.
-ഭര്‍ത്താവിനാണല്ലെ, തീര്‍ച്ചയായും കൊണ്ടുവരാമല്ലൊ!
ഇക്ബാലിപ്പോള്‍ ഒരു മൂന്നാംകിട രാജ്യത്തെ പൗരനല്ല. സമ്പത്സമൃദ്ധമായ കാനഡയുടെ പൗരനാണ്‌. അതുകൊണ്ട്‌ പോയി വന്നപ്പോള്‍ പത്തു കൂടു ബീഡിയുടെ ഒരു പൊതി അയാള്‍ അനഘക്കു കൊടുത്തു. പ്രശാന്തു ടെന്നിസു കളിക്കാന്‍ പോയ വെള്ളിയാഴ്ച വൈകുന്നേരമാണ്‌ അനഘ അയല്‍ക്കാരന്‍ കൊണ്ടുവന്ന ബീഡി ആദ്യമായി പരീക്ഷിച്ചത്‌.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ വീടു വൃത്തിയാക്കാന്‍ നെല്ല വന്നു കഴിഞ്ഞിട്ടായിരുന്നു അത്‌. നെല്ല വന്നു കഴിഞ്ഞാല്‍ വീടിനുള്ളില്‍ യന്ത്രങ്ങള്‍ ബഹളം കൂട്ടാന്‍ തുടങ്ങും. അടുക്കളയില്‍ ഡിഷ്‌വാഷര്‍ മുരളും. അലക്കു മുറിയില്‍ കഴുകലും ഉണക്കലും വേറേവേറെ ശബ്ദത്തില്‍ ഒരേസമയം ആര്‍പ്പു വിളിക്കും വാക്വം ക്ലീനര്‍ മുകളിലത്തെ നിലയിലും പിന്നെ കോണിയിറങ്ങി താഴേയും മൂളിപ്പറക്കും. ശബ്ദത്തില്‍ പൊറുതിമുട്ടി പ്രശാന്തു പുറത്തുപോകും. നെല്ലയുടെ ഏപ്രിനും, തടിച്ചു കുറുകിയ കാലുകളും, മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷും അവനിഷ്ടമല്ല.

അവര്‍ പണി തുടങ്ങിക്കഴിഞ്ഞാല്‍ വീടാകെ പൈന്‍സോളിന്റെ മണം പരക്കും. പൈന്മരത്തിന്റെ ഹൃദ്യമായ മണമുള്ള ദ്രവസോപ്പില്‍ കുളുമുറിയിലെ ചെളിയും അണുക്കളും അടിയറവു പറയും. അടുക്കളയുടെ തറ തുടച്ചു വൃത്തിയാക്കി പൊടി തുടക്കലും കഴിഞ്ഞ്‌ നെല്ല പോയിക്കഴിഞ്ഞാണ്‌ അനഘ കുളിമുറിയുടെ അരമതിലില്‍ കയറിയിരുന്ന്‌ ബീഡി വലിച്ചത്‌.

മുന്‍ വശത്തെ അരമതിലില്‍ കാല്‍ കയറ്റിവെച്ചിരുന്ന്‌ ബീഡി വലിക്കുന്ന അച്ഛനെ അവള്‍ ഓര്‍ക്കാപ്പുറത്ത്‌ കണ്ണാടിയില്‍ കണ്ടു. നീളം കുറച്ചു വെട്ടിയ മുടി. കണ്ണിനു താഴെ കറുപ്പ്‌. ഉയര്‍ന്ന കവിളെല്ല്‌, ചതുരത്താടി. അച്ഛന്‍റെ ഛാ‍യയാണു തനിക്കെന്ന്‌ അനഘക്കു പെട്ടെന്നു തോന്നി. സൗന്ദര്യം തീരെയില്ലാത്തൊരു മുഖമാണല്ലോന്ന്‌ സ്വയം പറഞ്ഞവള്‍ പുകയൂതി.

ബീഡിയുടെ മുന്നില്‍ പൊട്ടിവീഴാനാഞ്ഞു നില്‍ക്കുന്ന ചാരം കണ്ടപ്പോഴാണ്‌ അനഘ അമ്മയെ ഓര്‍ത്തത്‌. വെടിപ്പാക്കിയ സിങ്കിലേക്കു അവള്‍ ബീഡിയുടെ ചാരം കൊട്ടി.

അപ്പോഴേക്കും ഡിഷ്‌വാഷര്‍ നിന്നിരുന്നു. ഡ്രയറില്‍ തുണികള്‍ വട്ടം കറങ്ങുന്ന ശബ്ദം മാത്രമേ പൈന്‍ മണത്തിനു കൂട്ടുണ്ടായിരുന്നുള്ളൂ. ക്ലിം..ഡും..ഡക്ക്‌..ക്ലിം ക്ലിം..ഡും..ഡക്ക്‌..ക്ലിം ബട്ടന്‍സുകള്‍ ഡ്രയറില്‍ താളം കൊട്ടിക്കൊണ്ടിരുന്നു. മൂക്കു തുടച്ചപ്പോള്‍ കൈയ്ക്ക്‌ പരിചയമുള്ളൊരു മണം ഉള്ളതായി അനഘക്കു തോന്നി.. ലാവന്‍ഡറിന്റെ പടമുള്ള കുപ്പിയില്‍ നിന്നും ദ്രവസോപ്പെടുത്ത്‌ പുകയിലമണം കളയാനവള്‍ കൈ വിശദമായി കഴുകി. കുപ്പിയുടെ പുറത്തെ നാലിതളു മാത്രമുള്ള പൂവിന്‌ ചന്തമുണ്ടല്ലൊന്ന്‌ അഭിനന്ദിക്കുകയും ചെയ്തു. ലാവന്‍ഡറിന്റെ ഇളം നിറം പ്രശാന്തിനിഷ്ടപ്പെട്ടതാണ്‌. പ്രശാന്തിനിഷ്ടം ഇളം നിറങ്ങളാണ്‌. അതൊക്കെ മഹാ ബോറാണെന്ന്‌ അനഘക്കു തോന്നാറുണ്ട്‌.

-പ്രസരിപ്പില്ലാത്ത നിറങ്ങള്‍!

-Show me your colours show me a rainbow that's why I love you....

അവളുറക്കെ പാടി നോക്കി. കാലുയര്‍ത്തിവെച്ചിരുന്ന്‌ ആരേയും ഗൗനിക്കാതെ ബീഡി വലിച്ച്‌ ഉച്ചത്തിലൊന്നു പാടുന്നതിന്റെ തൃപ്തി അവളാസ്വദിച്ചു. മൂക്കിലൂടെ പുക വിട്ട്‌ അനഘ മന്ദഹസിച്ചു. ഭിത്തി നിറഞ്ഞു നില്‍ക്കുന്ന കുളിമുറിക്കണ്ണാടിയിലെ പെണ്ണ്‌ തിരികെ ചിരിച്ചു. കഴിഞ്ഞ ദിവസം അവര്‍ കണ്ട സിനിമയിലെ നായികയെപ്പോലെ അവള്‍ ചോദിച്ചു.
-Why are we here?

കുഞ്ഞമ്മമാര്‍ പണവും ആഡംബരങ്ങളൂം മാത്രമല്ല ഒരു ഭര്‍ത്താവിനേയും അനഘക്കായി ഭൂമിയുടെ മറുപുറത്തുനിന്നും കൊണ്ടുവന്നു. മലയാളം കഷ്ടി പറയാനറിയാവുന്ന കാനഡാക്കാരന്‍ ഡോക്ടര്‍. പ്രശാന്തിനെ കാണുന്നതിനു മുന്‍പേ അനഘ കല്യാണത്തിനു സമ്മതിച്ചു.

കാനഡക്കു പോയാല്‍ പിന്നെ കപ്ലങ്ങപ്പൂളു പോലെ വളഞ്ഞ അച്ഛനെ കാണേണ്ട. കവിതത്തുണ്ടുകള്‍ കേള്‍ക്കേണ്ട. ചാരം പോലെ അമ്മ മുന്നിലേക്ക്‌ അടര്‍ന്നു വീഴുമെന്നു ഭയപ്പെടേണ്ട. അനഘക്ക്‌ അതില്‍ കൂടുതലൊന്നും വേണ്ടിയിരുന്നില്ല. സൗന്ദര്യ മത്സരത്തിനെന്ന പോലൊരുങ്ങി ഇംഗ്ലീഷ്‌ അനായാസമായി പറഞ്ഞ്‌ പാര്‍ട്ടി മര്യാദകളൊക്കെ അറിയുന്ന അനഘ പ്രശാന്തിന്‌ അഭിമാനമായിരുന്നു.

അനഘയുടെ സ്ക്കൂളില്‍ നിന്നും വന്ന കുട്ടികളോട്‌ അച്ഛന്‍ നാടെവിടെ മക്കളേ എന്നു ചോദിച്ചു നാണം കെടുത്തി.
കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?
ഫാക്ടറിപ്പുകയുറഞ്ഞാസ്ത് മവലിക്കാത്തൊ-
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ? 1

കുട്ടികള്‍ കണ്ണില്‍കണ്ണില്‍ നോക്കി അടക്കിച്ചിരിച്ചു. ഒക്കെ ഓര്‍ത്തോര്‍ത്ത്‌ അവള്‍ ബീഡി രസത്തില്‍ വലിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ പൈന്മണവും ബീഡിപ്പുകയും നിറഞ്ഞ ശാന്തത അനഘക്കു പാട്ടു പാടാനുള്ളതായി. കൂട്ടിന്‌ കണ്ണാടിയിലൊരു പെണ്ണും. മുഖക്കുരുവിന്റെ പാടുകള്‍ തെളിഞ്ഞു കാണാവുന്ന മേക്കപ്പില്ലാത്ത മുഖമുള്ള പെണ്ണിനോടൊളിക്കാന്‍ ഒന്നുമില്ലായിരുന്നു.
-Why are we here?
ആ ചോദ്യം അവരെ ചുറ്റിച്ചു. പ്രശാന്തിനോടൊത്തുള്ള ജീവിതം വിനോദത്തിനായുള്ള സമുദ്ര പര്യടനം പോലെയാണെന്ന്‌ അനഘ കണ്ണാടിയിലെ പെണ്ണിനോടു പരാതി പറഞ്ഞു. പ്രാശന്ത്‌ അവളെ മധുവിധുവിനു കൊണ്ടുപോയത്‌ ക്രൂസിനാണ്‌. ഒരാഴ്ച വെള്ളത്തിലൊഴുകുന്നൊരു ചെറു നഗരത്തില്‍. അതില്‍ നീന്തല്‍ കുളമുണ്ട്‌, മേല്‍ത്തരം ഭക്ഷണം കണക്കു നോക്കാതെ കഴിക്കാം. ഉറങ്ങാം.
-എ വെരി പ്രഡിക്റ്റബിള്‍ പ്ലേസ്‌!
അവള്‍ക്ക്‌ സ്പീഡ്‌ ബോട്ടില്‍ പോകാനായിരുന്നു ഇഷ്ടം. സര്‍ഫിങ്‌? ആഞ്ഞടിക്കുന്ന തിരയില്‍ കരണം മറിഞ്ഞ്‌ ഇല്ലാതാവണം. അല്ലെങ്കില്‍ റോളര്‍കോസ്റ്ററില്‍. എന്നും കാണുന്ന വെള്ളം അതിന്റെ ശാന്തത. അനഘയെ വളരെ വല്ലാതെ മടുപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു അത്‌.

ഹിയര്‍ കംസ്‌ ദ റെയ്ന്‍ എഗേന്
‍ഫോളിംഗ്‌ ഓണ്‍ മൈ ഹെഡ്‌ ലൈക്ക്‌ എ മെമ്മറീ
ഫോളിംഗ്‌ ഓണ്‍ മൈ ഹെഡ്‌ ലൈക്ക്‌ എ ന്യൂ ഇമോഷന്
‍ഐ വാണ്‍ റ്റു വോക്ക്‌ ഇന്‍ ദ ഓപ്പണ്‍ വിന്‍ഡ്‌
ഐ വാണ്‍ റ്റു റ്റോക്ക്‌ ലൈക്ക്‌ ലവേഴ്സ്‌ ഡൂ
ഐ വാണ്‍ റ്റു ഡൈവ്‌ ഇന്‍ റ്റു യുവര്‍ ഓഷന്‍...

അവര്‍ പാടി തിമര്‍ത്തു. ഇതിനു മുന്‍പൊക്കെ സംഭവിച്ചതുപോലെ തന്നെ ഒരു ദിവസം അവളുടെ ബീഡി സ്വകാര്യത്തിലേക്കു പ്രശാന്ത്‌ കയറിവന്നു. ഭയന്നു പോയത്‌ പ്രശാന്താണ്‌.

ഭാര്യ ചെയ്യുന്നത്‌ അനുമതിയോടെ അല്ലെങ്കില്‍ ന്യായമായാലും അന്യായമായാലും കരണത്തടിക്കുക എന്നത്‌ കാനഡയുടെ പൗരനു ചേര്‍ന്നതല്ല. അത്തരം കാടത്തരം ടി.വി.യിലെ നിലയില്ലാത്ത നാടകക്കയങ്ങളില്‍ ഇടവിട്ടു പൊങ്ങാറുണ്ടെങ്കിലും അതിലേക്കു മുങ്ങിയില്ല പ്രശാന്തന്‍. പകരം അവന്‍ മമ്മിയെ വിളിച്ചു. അവള്‍ക്കു പ്രശാന്തിനോടു സഹതാപം തോന്നി. അമ്മായിഅമ്മയും അവളെ അടിച്ചു പുറത്താക്കിയില്ല.
സൈറ എന്ന സ്പാനിഷ്‌ പെണ്ണ്‌ പ്രശാന്തിന്റെ ഹൃദയത്തെ ഞക്കിപ്പൊരിച്ചതാണ്‌. മമ്മി കെട്ടിപ്പിടിച്ചു കരഞ്ഞു
-മലയാളി കുട്ടിയേ കല്യാണം കഴിക്കാവൂ!
മമ്മിക്കു വേണ്ടി, മമ്മിക്കു വേണ്ടി.... സൈറ സിഗററ്റു വലിക്കില്ല. നാടന്‍ ബീഡി രഹസ്യമായി വരുത്തി ആര്‍ത്തി പിടിക്കില്ല, തീര്‍ച്ച. പ്രശാന്തുള്ളില്‍ കരഞ്ഞു.

-നാട്ടിലു വളര്‍ന്ന നല്ല അടക്കോം ഒതുക്കോം ഒള്ള കുട്ടിയാണേയ്‌!
മമ്മിയുടെ മുത്തെ തൃപിതിയുടെ ചിരിയിലേക്കാണ്‌ പ്രശാന്തിന്റെ ഫോണ്‍ വിളി ചെന്നു തറച്ചത്‌. ജയ ആന്‍റിയും ലേഖാന്‍റിയും നടുങ്ങി.

ഇഞ്ചിനീയറിംഗിനു ചേര്‍ന്ന അനഘയുടെ അച്ഛനേയും അമ്മയേയും പറ്റി ജയാന്‍റിയും ലേഖാന്‍റിയും പറയാറുണ്ട്‌. അച്ഛന്‍ ക്ലാസില്‍ കയറിയില്ല. കവിയരങ്ങുകള്‍ക്കു പോയി. കവല നാടകം കളിച്ചു. തടവില്‍ കിടന്നു.

-ഇപ്പോഴത്തെ പോലൊന്നുമല്ല. അന്ന്‌ ഇഞ്ചിനീയറിംഗിനു അഡ്മിഷന്‍ കിട്ടാനുണ്ടല്ലൊ മിടുമിടുക്കരായിരിക്കണം.

-ബുദ്ധി കൂടിപ്പോയതല്ലെ കൊഴപ്പമായത്‌.

അനഘയുടെ കുഞ്ഞമ്മമാര്‍ ഊഴമെടുത്തു പറഞ്ഞു.സീനിയറായി പഠിച്ചിരുന്ന ചിത്രമെഴുത്തുകാരിയെ കല്യാണം കഴിച്ചു. ആ തീരുമാനം തെറ്റോ ശരിയോ എന്നമ്മയോടു ചോദിച്ചാല്‍ പറയുമോ എന്ന്‌ അനഘക്കറിയില്ല. അച്ഛന്‍റെ കവിതകള്‍ക്ക്‌ കടും നിറങ്ങളിലായിരുന്നു അമ്മ ചിത്രാവിഷ്ക്കരണം നടത്തിയിരുന്നതെന്നവള്‍ കേട്ടിട്ടുണ്ട്‌.

അമ്മ കടും നിറത്തില്‍ ചിത്രങ്ങള്‍ മെനയുന്നത്‌ അനഘ കണ്ടിട്ടില്ല. കെട്ടിടങ്ങള്‍ക്കു പ്ലാന്‍ വരച്ചുകൊടുക്കും. തിണ്ണയില്‍ വന്നാവശ്യപ്പെടുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കു വേണ്ടി. മുഷിഞ്ഞ വെളുപ്പില്‍ കരിനിറത്തിലുള്ള നേര്‍വരകളില്‍ അപരിചിതരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അമ്മ വരക്കുന്നതു മാത്രമേ അവള്‍ കണ്ടിട്ടുള്ളൂ. അവളുടെ അച്ഛന്‍ നിര്‍ത്താതെ ബീഡി വലിക്കും. കവിത ചൊല്ലും. ഇരുട്ടായാല്‍ കള്ളുകുടിക്കും. ഉടമ്പടിക്കാര്‍ വരുന്നതു കാണുമ്പോള്‍ കക്കൂസില്‍ പോവും. ചായ നീട്ടുന്ന അമ്മയോട്‌ അനഘയുടെ അച്‌'ന്‍ ചൊല്ലും.

പാലില്ല, പല്‍ക്കിനാവില്ല, പഴന്തുണി-
പോലെയിഴപിരിഞ്ഞുള്ളൊരെന്‍ ജീവനില്
‍പാല്‍ വള്ളിയില്ല പടരുവാന്‍, പാഴ്ക്കിനാ-
വുറിത്തറയില്‍ കറയായ്ക്കറുക്കുന്നു
. 2

ഇഞ്ചിനീയറിംഗു പഠിക്കാന്‍പോയ പെണ്ണു ഒരു ചെക്കന്റെ കൂടെ ഓടിപ്പോയതു പൊതിയാന്‍ മാത്രം സ്ത്രീധനം അനഘയുടെ മുത്തച്ഛനില്ലാതെ പോയി. അതുകൊണ്ട്‌ പെണ്ണിന്‍റെ അനിയത്തിമാര്‍ക്കു വന്ന കല്യാണാലോചകള്‍ ചിതറിപ്പോയി. അവര്‍ നാടുവിട്ടു കാനഡക്കും പോയി.


പത്രത്തിനു വിലകൂടി നിന്ന സമയത്ത്‌ അനഘ വീട്ടില്‍ നിന്നും പത്രം പുസ്തക സഞ്ചിയില്‍ ഒളിപ്പിച്ചു കൊണ്ടുപോയി സ്ക്കൂളിനടുത്തുള്ള വഴിയിലെ പത്രക്കടയില്‍ വിറ്റു. മീന ജോസഫ്‌ പറഞ്ഞു കൊടുത്ത തന്ത്രമായിരുന്നത്‌. മീനയുടെ വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല. എക്ലയേഴ്സ്‌, ബബിള്‍ ഗം, ഫൈവ്സ്റ്റാര്‍, അനഘയുടേയും മീനയുടേയും ആഗ്രഹങ്ങളെയൊക്കെ പത്രവില നികത്തി. എന്തു ചെയ്യാന്‍, പഠിത്തക്കാരികള്‍ ഹെഡ്മിസ്ട്രസിനോടു കുന്നായ്മ കൊളുത്തി.

അപ്പോഴാണ്‌ ആദ്യമായി അനഘയുടെ അമ്മ നാടുവിട്ടു പോയ അനുജത്തിമാര്‍ക്കു കത്തെഴുതിയത്‌.

-എന്റെ മോളെ രക്ഷിക്കണം. ദയ തോന്നണം.

അങ്ങനെയാണ്‌ അച്ഛനു പ്രത്യേകിച്ചൊരു ഉദ്യോഗമില്ലാതിരുന്നിട്ടും അനഘ പരിഷ്ക്കാരി കോളേജില്‍ വിദ്യാഭ്യാസം തുടങ്ങിയത്‌. കുഞ്ഞമ്മമാര്‍ കണക്കില്ലാതെ ചിലവു ചെയ്തു.

-മോള്‍ക്കൊരു കുറവുമുണ്ടാകരുത്‌.

പണക്കാരികളേക്കാള്‍ പണമുള്ളവളായി ഹോസ്റ്റലില്‍ അനഘ. പക്ഷെ അവധിക്ക്‌ അവളാരേയും വീട്ടിലേക്കു ക്ഷണിച്ചില്ല. അച്ഛന്‍ വിറക്കുന്ന കൈകൂപ്പി കവിത ചൊല്ലുമെന്നവള്‍ ഭയന്നു. അനഘക്കും കൂട്ടുകാര്‍ക്കും ഇഷ്ടം മഡോണയെ ആയിരുന്നു.

ട്രൂ ബ്ലൂ ബേബി ഐ ലവ്‌ യൂ!

അവരുച്ചത്തില്‍ പാടി രസിച്ചു. പാട്ടിനു കൂട്ടായി അന്ന്‌ കഞ്ചാവു ബീഡിയുണ്ടായിരുന്നു. പക്ഷെ രസച്ചരടു പൊട്ടിച്ചുകൊണ്ട്‌ സിസ്റ്റര്‍ തെഡോഷ്യ ടെറസ്സിനു മുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തു ചെയ്യും! അലറിച്ചീത്ത പറഞ്ഞപ്പൊ കന്യാസ്ത്രീക്കു കെട്ടാത്തേന്‍റെ സൂക്കേടാണെന്ന്‌ അനഘ പറഞ്ഞു. പാവം തെഡോഷ്യാമ്മ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഓടിപ്പോയി. പെണ്‍സംഘം ഉറക്കെ ചിരിച്ചു.

വീണ്ടും അമ്മ അനിയത്തിമാരെ വിളിച്ചു കരഞ്ഞു. പ്രശ്ന പരിഹാരമായിട്ടാണ്‌ അവര്‍ കാനഡയില്‍ നിന്നൊരു ഡോക്ടറെ കൊണ്ടു വന്നത്‌. അനഘയുടെ അമ്മയുടെ ക്ലാസില്‍ പഠിച്ചിരുന്ന ഇഞ്ചിനീയറാണ്‌ പ്രശാന്തിന്റെ അമ്മ. കുഞ്ഞമ്മമാര്‍ പ്രശാന്തിനു വേണ്ടി സാക്ഷ്യം പറഞ്ഞിരുന്നു.

-പൂവു പൊലുള്ള സൊഭാവമാ ആ കുട്ടിക്ക്‌. കാനഡേലു വളര്‍ന്നതിന്റെ ദുസ്വഭാവമൊന്നുമില്ല.

-ശരിക്കും പൂവു പോലൊരു കുട്ടി!

ലേഖാന്‍റി സിമന്‍റു ചേര്‍ത്തുറപ്പിച്ചു.

പൂക്കുട്ടി...! അവന്റെ ഭാര്യ പൂക്കുറ്റി...ഹി..ഹി.. അനഘക്കു ചിരിപൊട്ടി.

സംസാരിക്കാത്ത അമ്മയും കവിതകള്‍ മാത്രം ചൊല്ലുന്ന അച്ഛനും ഒരിക്കലും വഴക്കു കൂടുന്നത്‌ അവള്‍ കണ്ടിട്ടില്ല. മിണ്ടാട്ടമില്ലാതായ അമ്മ പിള്ളേരുടെ ഭാവികൂടി നശിപ്പിക്കരുതെന്നു വിലക്കിയ ദിവസം അച്ഛന്‍ കരയുന്നതു കണ്ടവള്‍ സത്യത്തില്‍ ഭയന്നു പോയിരുന്നു.

-അവരുടെ ഭാവീം കൂടി അല്ലെ!

അവള്‍ അന്നേ ആശിച്ചതാണ്‌ രാജ്യം വിട്ടു പോകണമെന്ന്‌. അനഘ അമേരിക്കക്കു പോകുമ്പോള്‍ അച്ഛന്‍റെ കൈകള്‍ വിറച്ചു ചുണ്ടുകള്‍ വിറച്ചു.

തരുവതെന്തു ഞാന്‍ നിനക്ക്‌?
ഉള്ളിലെപ്പുകക്കറവീണ കരച്ചിലോ?
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ?
ചിതലെടുത്തൊരി പ്രേതലിപികളോ
? 3

അച്ഛന്‍ അമ്മക്കു കൊടുത്ത സമ്മാനം, കവിതപ്പുസ്തകം ഏതായിരുന്നുവെന്ന്‌ ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു നോക്കി. അതൊന്നും അവള്‍ കൈകൊണ്ടു തൊട്ടിട്ടില്ല. അനുജ കോളേജില്‍ വച്ചേ സൈക്കോ അനാലിസിസ്‌ നടത്തിയതാണ്‌.

-നമ്മടെ മഡോണ എല്ലാ അലമ്പിനും കൂടും, പക്ഷെ ഇവളെന്താ ഒരുത്തനെ പ്രേമിച്ച്‌ നാശമാക്കാത്തത്‌?

-ദാറ്റ്‌ ഈസ്‌ ട്രൂ, ആ നവീന്‍ എന്തോരം വെയിലു കൊണ്ടു! പുവര്‍ ചാപ്‌
മെറ്റില്‍ഡ ശരിവെച്ചു.

-യൂ സില്ലി ഗേള്‍സ്‌, അലമ്പായാലും അനഘക്കൊരു വെലേണ്ട്‌. അതു വിട്ടുള്ള കളിയില്ലാട്ടാ.

അനുജ അപഗ്രഥനം തുടര്‍ന്നു.

-അതൊക്കെ ചുമ്മാ! നിന്റെ അച്ഛനും അമ്മേം കോളേജില്‍ പ്രേമിച്ചവരാണ്‌. അവരു നടന്ന വഴിയെ നടക്കില്ലാന്നുള്ള വാശി, അല്ലേ മോളെ!

-ഒരു ഫ്രോയിഡത്തി. പോടീ പോ!
ഒരു ആണിനെ അറിയാതെ പോയതില്‍ അനഘക്കിപ്പോള്‍ ഉറപ്പായും നഷ്ടബോധമുണ്ട്‌.

-ഞാന്‍ വെറുമൊരു പ്രശാന്താണല്ലൊ!
അവള്‍ സ്വയം പരിതപിക്കുന്നു.

കബോര്‍ഡുകള്‍ തിരഞ്ഞ്‌ സാനിട്ടറി നാപ്കിനുകള്‍ക്കു പിന്നിലായി ഒളിപ്പിച്ചിരുന്ന സ്മിര്‍നോഫിന്‍റെ കുപ്പി പുറത്തെടുത്തത്‌ പ്രശാന്തിന്‍റെ മമ്മിയാണ്‌. പൂക്കുല ചുഴറ്റി തുള്ളിയത്‌ അനഘയുടെ കുഞ്ഞമ്മമാരായിരുന്നു.

-നാശം! കുടുംബം മുടിക്കും.
-അവന്റെ സന്തതിയല്ലെ!

ആഹാ! ഉത്തരം കുളത്തിലമ്പിളി പോലെ തെളിഞ്ഞു. പ്രശാന്ത്‌ കരുണയോടെ മെഡിക്കല്‍ ജേര്‍ണലുകള്‍ തിരഞ്ഞു. ഇന്‍ഫാന്റ്‌ ആല്‍ക്കഹോളിക്‌ സിന്‍ഡ്രോം ആവാം എന്നൊരു പക്ഷം പറഞ്ഞു. അതിന്‌ എന്‍റമ്മ കുടിക്കാറില്ലല്ലൊ എന്നവള്‍ പിറുപിറുത്തു. ബീഡിപ്പുക ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനു വരുത്താവുന്ന തകരാറുകള്‍ നിക്കോട്ടിനോടുണ്ടാകാവുന്ന ആര്‍ത്തിയൊക്കെ തിരഞ്ഞ്‌ പ്രശാന്തു വിഷമിച്ചു. കാനഡയുടെ മുന്‍പ്രധാനമന്ത്രി ഷോണ്‍ ഗ്രെച്ചിയാന്റെ ദത്തു പുത്രനെ അവന്‍ ഉദാഹരണമായിട്ടെടുത്തു.

ഈ കോലാഹലം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോസ്മെറ്റിക്സ്‌ ഡോട്ട്‌ കോമില്‍ നിന്നുമുള്ള ബില്ലുകള്‍ മുതല്‍ വീട്ടുകാര്യം ശ്രദ്ധിക്കാത്തതു വരെയുള്ള കുറ്റങ്ങള്‍ പ്രശാന്ത്‌ ഒറ്റ ശ്വാസത്തില്‍ മമ്മിയോടു പറഞ്ഞു. ചോറും കറിയും വെക്കുന്നില്ല. ഫാസ്റ്റു ഫുഡു വാങ്ങുന്നു കാറോടിക്കുമ്പോള്‍ കിട്ടുന്ന സ്പീഡിംഗ്‌ ടിക്കറ്റുകള്‍. ഒരു ഗ്രാമീണ വധുവിന്‍റെ സങ്കടത്തിലാണു പ്രശാന്തു സംസാരിച്ചത്‌. പ്രശാന്തിന്‍റെ ഉഭയ ജീവിതം അവനു വരുത്തിവെക്കുന്ന വിനകളോര്‍ത്ത്‌ അനഘക്കു വിഷമം തോന്നി. പാവം ചെറുക്കന്‍!

പറയുമ്പോള്‍ എല്ലാം പറയണമല്ലൊ. പ്രശാന്തവളുടെ സ്വയംഭോഗത്തെപ്പറ്റിയും പരാതിപ്പെട്ടു. ഉറക്കത്തില്‍ ഭര്‍ത്താവടുത്തു കിടക്കുമ്പോള്‍, എന്തന്യായമാണത്‌!

-എന്‍റെ ഗുരുവായൂരപ്പാ!
പ്രശാന്തിന്റെ മമ്മി വിളിച്ചുപോയി.

-അരക്കെട്ടില്‍ പറുദീസയുടെ ഒരു തുണ്ടു സ്ഥാപിച്ചത്‌ ദൈവം തന്നെയല്ലെ? ജേര്‍ണലുകളും കോണ്‍ഫറന്‍സുകളും അതൊന്നും കവറു ചെയ്യാറില്ലെ?

സിസ്റ്റര്‍ തെഡോഷ്യയോടു പറഞ്ഞതുപോലിവരോടു പറയാന്‍ പറ്റില്ലല്ലോന്നോര്‍ത്ത്‌ കണ്ണുകള്‍ കോര്‍ക്കുന്നതൊഴിവാക്കാന്‍ അവള്‍ പ്രശാന്തിന്‍റെ മമ്മി കൊണ്ടുവന്ന മാസിക മറിച്ചു കൊണ്ടിരുന്നു.

എവിടെ വാക്കുകള്‍? എന്റെയുള്‍ക്കാട്ടിലെ
മുറിവു പൊള്ളിടും വ്യാഘൃതന്‍ ഗര്‍ജ്ജനം!

വരികളുടെ അര്‍ത്ഥമെന്തെന്നോര്‍ത്ത്‌ അവള്‍ വ്യാകുലപ്പെട്ടില്ല. കണ്ണൊന്നൊളിച്ചാല്‍ പോരെ?

എവിടെ വാക്കുകള്‍? ചങ്ങലക്കൈകളാ-
ലഴികുലുക്കിടും ഭ്രാന്തിന്‍ പൊറാച്ചിരി!
4

അന്നു തന്നെയാണ്‌ അനഘക്കു അച്ഛന്‍റെ ഫോണ്‍ വന്നത്‌. അമ്മ ആശുപത്രിയിലാണ്‌. വാര്‍ത്ത അവിടെ എത്തിയിട്ടുണ്ടാവുമൊ, ചാരം അടര്‍ന്നു വീണിരിക്കുമോ എന്നോര്‍ത്തവള്‍ പിടഞ്ഞു.

-കരേണ്ടാമ്മേ!

അനഘ ഉള്ളില്‍ പറയുമ്പോള്‍ അച്ഛന്‍ ചൊല്ലി.

മകളേ നീയനഘ! അഘമൊക്കെയും അച്ഛനായ്‌ വിളമ്പൂ.

അച്ഛന്‍റെ വരികള്‍ക്കു ചെവി പൊത്താതെ അവള്‍ പകരം മൂളി.

ഓള്‍വെയ്സ്‌ സംതിന്ദ്‌ ദേര്‍ റ്റു റിമൈന്‍ഡ്‌ മീ.

ഡേവിഡും ഹാലും പണ്ടെങ്ങോ എഴുതിയ വരികള്‍ അവള്‍ അച്ഛനു വേണ്ടി ഉറക്കെ പാടി.

ഐ വില്‍ നെവര്‍ ബി ഫ്രീ.
യൂ വില്‍ ഓള്‍വൈസ്‌ ബി എ പാര്‍ട്ട്‌ ഓഫ്‌ മീ.
ക്കോസ്‌ ദേര്‍ ഈസ്‌ ഓള്‍വെയ്സ്‌ സംതിന്ദ്‌ ദേര്‍ റ്റു റിമൈന്‍ഡ്‌ മീ...




കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചത് :
കവിതകള്‍: 1 അയ്യപ്പപണിക്കര്‍, 2 കടമ്മനിട്ട, 3 ബാലചന്ദ്ര ചുള്ളിക്കാട്, 4 സുഗതകുമാരി