Wednesday, March 09, 2011

നിങ്ങളെന്നെ പ്രവാസിയാക്കി…



2010-ലെ പ്രവാസി സാഹിത്യ-മാധ്യമ പുരസ്ക്കാരങ്ങൾ ഫെബ്രുവരി 28, 2011-ല് വൈകുന്നേരം 4-മണിക്ക് തിരുവനന്തപുരത്തുവെച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ വിതരനം ചെയ്തു. ചെറുകഥാ സമാഹാരത്തിനുള്ള 2010-ലെ പ്രവാസി സാഹിത്യ അവാര്ഡിന് കനേഡിയൻ പ്രവാസിയായ ശ്രീമതി. നിർമ്മല എഴുതിയ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള അവാർഡിനായി ബെന്യാമിന്റെ ‘ആടു ജീവിതം’ തെരഞ്ഞെടുക്കപ്പെട്ടു.

ഡോ. പി.കെ. രാജശേഖരൻ, ശ്രീ. സതീഷ്ബാബു പയ്യന്നൂർ, ഡോ. കെ. എസ്സ്. രവികുമാർ, ശ്രീ. കെ.ടി. ബാലഭാസ്ക്കർ എന്നിവരടങ്ങിയ സമിതിയാണു സാഹിത്യ അവാർഡുകൾ നിശ്ചയിച്ചത്.

പ്രവാസ ജീവിതത്തിന്റെ വ്യത്യസ്തമായ ചില വിതാനങ്ങളെ വേദനയും നർമ്മവും കലർത്തി, സംക്ഷിപ്തവും സുതാര്യവുമായി അവതരിപ്പിക്കുന്ന രചനകളാണു നിർമ്മലയുടെ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി’ എന്ന സമാഹാരത്തിലുള്ളത്. കനേഡിയൻ പ്രവാസിയായി കഴിയുന്ന എഴുത്തുകാരി ഗൃഹാതുരത്വത്തിന്റെ അംശങ്ങളെ നർമ്മം കൊണ്ട് അതിവർത്തിക്കുകയും, ചെറുകഥ എന്ന സാഹിത്യ രൂപത്തിന്റെ കാലിക വികാസത്തെ ഉൾക്കൊണ്ട് ആവിഷ്ക്കരിക്കുകയും ചെയ്തതായി ജൂറി വിലയിരുത്തി.