Wednesday, November 07, 2007

ഇടവേളക്കു ശേഷം


സമയം തോല്‍പ്പിച്ചതുകൊണ്ട്‌ ഈ വഴി വന്നിട്ട്‌ കുറച്ചായി. എന്നാലും അയച്ചു കിട്ടിയ ലിങ്കുകള്‍ ഇടക്കു വായിക്കാറുണ്ടായിരുന്നു. എഴുത്ത്‌ എന്നും ഒരു ഭാരമിറക്കലാണ്‌. അതൊരു ഭാരമായി മാറുന്നത്‌ ശരിയാവില്ലെന്ന അറിയാവുന്നതുകൊണ്ടാണ്‌ പ്രാരാബ്ധങ്ങള്‍ക്കു മുന്‍ തൂക്കം കൊടുത്തു മാറി നിന്നത്‌.


ഈയിടെ മാതൃഭൂമിയില്‍ ബൂലോകത്തെപ്പറ്റി വന്നിരുന്ന ലേഖനങ്ങളും അഭിമുഖവും അടുത്തലക്കത്തില്‍ വന്ന അതിലേറെ പ്രതികരണങ്ങളിലിമൊക്കെയായി പരിചയക്കാരെ പലരേയും കണ്ടപ്പോള്‍ സന്തോഷം തോന്നി. അപ്പോഴറിഞ്ഞു ഇത്‌ എഴുത്തിനേക്കാളേറെ സൗഹ്രദത്തിന്റെ ലോകമാണല്ലൊ എന്ന്‌. വസ്ത്രം മുഷിഞ്ഞതാണെന്നൊ സ്വീകരണമുറി അലങ്കോലപ്പെട്ടു കിടക്കുകയാണെന്നൊ ഉള്ള വ്യഥയില്ലാതെ സുഹൃത്തുക്കളെ സ്വീകരിക്കാം. കാപ്പിയും കടിയുമെന്ന ഔപചാരികത ചേര്‍ക്കാതെ കുശലം പറഞ്ഞു പോകാം. പ്രായവും സ്ഥാനമാനങ്ങളും ഗൗനിക്കാതെ കുസൃതി പറയാം, പരിഹസിക്കാം.


നേരില്‍ കാണാത്തവരുടെ സൗഹൃദവും പ്രതികരണങ്ങളും എത്തിച്ചു തരുന്ന ബൂലോകം ഭൂഗണ്ഡങ്ങളെത്തമ്മിലിണക്കുന്നൊരു പാലമാണ്‌. അവിടെ മഴയോ ചൂടോ തണുപ്പൊ തണലോ സൃഷ്ടിക്കാം. വനമോ പാര്‍ക്കോ തീര്‍ത്ത്‌ അലയാം. ഇവിടെയെത്തിയ കാലത്ത്‌ ഇതൊക്കെ സ്വപ്നം കാണാന്‍പോലും കഴിഞ്ഞിരുന്നില്ല.


അന്ന്‌ ചില കഥാമത്സരങ്ങളില്‍ സമ്മാനംകിട്ടുകയും ആനുകാലികങ്ങളില്‍ കഥകള്‍ അച്ചടിച്ചുവരികയും ചെയ്തപ്പോള്‍ അച്‌'നുമമ്മക്കും വേവലാതിയായി. മകളുടെ ഭാവി കുളിക്കുകയും മുടിച്ചീവുകയും ചെയ്യാതെ, മുഷിഞ്ഞു കീറിയ വസ്ര്തങ്ങളുമായി ഒരു സഞ്ചിയും തൂക്കി അവുടെ മുന്നിലൂടെ തേരാപ്പാരാ നടന്നു. ഒരു പ്രഭാതത്തില്‍ മഹാരാജാസില്‍ നിന്നും ഇംഗ്ലീഷിലും മലയാളത്തിലും ബിരുദമെടുക്കാനുള്ള ഇന്റര്‍വ്യൂകാര്‍ഡുകളൂം കൂടി വന്നതോടെ വീട്ടില്‍ ബോംബുപൊട്ടി. കുഴിഞ്ഞ കണ്ണുകളുമായി പിച്ചതെണ്ടുന്ന പേരക്കിടാങ്ങളായി അച്‌'്ന്റേയും അമ്മയുടേയും സ്വപനത്തില്‍ വരാന്‍ തുടങ്ങിയത്‌.


ചന്ദ്രന്‍ ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ആളെ അയക്കാന്‍ തുടങ്ങിയിട്ടില്ല. പിന്നെന്തു ചെയ്യും? അവര്‍ ഭൂപടം നേരെയും തലകുത്തനേയും പിടിച്ചാലോചിച്ചു. ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ഭൂഗണ്ഡങ്ങള്‍ കേരളത്തില്‍ നിന്നും എത്രദൂരമുണ്ടെന്ന്‌ അക്ഷാംശവും രേഖാംശവും അടയാളപ്പെടുത്തി പ്രൊട്രാക്ടറും സ്ക്കെയിലും വെച്ചളന്നു നോക്കി. അങ്ങനെയാണ്‌ വടക്കെ അമേരിക്കന്‍ ഭൂഗണ്ഡമാണ്‌ കേരളത്തില്‍ നിന്നും ഏറ്റവും അകലെ എന്നു കണ്ടുപിടിച്ചത്‌. പക്ഷെ യു.എസ്‌.എ.യില്‍ മലയാള പ്രസിദ്ധീകരണങ്ങളുണ്ട്‌. കേരളത്തില്‍ നിന്നും തപാല്‍ വേഗത്തിലെത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്‌. അതു ശരിയാവില്ല.


അപ്പോഴാണ്‌ അലാസ്ക്കയെപ്പറ്റിയും അതിനടുത്തുള്ള കാനഡയെന്ന ഐസുപെട്ടിയെപ്പറ്റിയും ചേട്ടനു ബോധോദയമുണ്ടായത്‌. അവിടെനിന്നും ഫോണ്‍ വിളിക്കണമെങ്കില്‍ ഓപ്പറേറ്ററുടെ അനുവാദം വേണം, അനുവദിച്ചാലും മിനിറ്റിന്‌ നൂറുരൂപയോളം കൊടുക്കണം. ഒരു കത്തോ വാരികയോ എത്തണമെങ്കില്‍ കുറഞ്ഞത്‌ മൂന്നാഴ്ച. നാടുകടത്താന്‍ ഇതിലേറെ യോജിച്ച സ്ഥലമേത്‌.

-ഇവള്‍ക്കാണെങ്കില്‍ വിദ്യാഭ്യാസമില്ല, കാനഡയില്‍ കടുത്ത ജോലിക്ഷാമവും.

-ഇവിളിനി മലയാളം വായിക്കില്ല, കേള്‍ക്കില്ല, പറയാനും സാദ്ധ്യത വളരെ കുറവ്‌!


പിന്നെ ഒട്ടും അമാന്തിച്ചില്ല. ആദ്യംകണ്ട പ്ലെയിന്‍ കൈകാണിച്ചു നിര്‍ത്തി അതില്‍ കയറ്റി മകളെ കാനഡക്കയച്ചിട്ട്‌ അവര്‍ സമാധാനത്തോടെ ഉറങ്ങി. ആ കാലമോര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ കുട്ടികളോട്‌ അല്‍പ്പം അസൂയയുമുണ്ട്‌ :)ഇപ്പോഴിവിടെ ഇലകള്‍ക്കും നിറം പകരുകയും പക്ഷികള്‍ പറന്നകലുകയും ചെയ്തിരിക്കുന്നു. ടൊറന്റോയില്‍ നിന്നും ഏകദേശം 300 കിലോ മീറ്റര്‍ വടക്കോട്ടു മാറിയുള്ള അല്‍ഗ്വോക്കിന്‍ പാര്‍ക്കില്‍ നിന്നും ഒക്ടോബറിലെടുത്ത ചിത്രങ്ങളാണിത്‌.


ഈ വര്‍ണ്ണഭംഗിയൊക്കെ തല്ലിക്കൊഴിച്ചുകൊണ്ട്‌ വടക്കുനിന്നും ശീതക്കാറ്റു വീശുന്നുണ്ട്‌. രണ്ടു രാത്രി മുന്‍പ്‌ ഫ്രോസ്റ്റു വന്ന്‌ കുരുന്നിലകളെയൊക്കെ കൊന്നു. കൂടുതല്‍ വിശേഷങ്ങള്‍ പുഴയിലെ ഇവിടെ ഇങ്ങനെയൊക്കെയിലെ പുതിയ ലക്കത്തില്‍: കമണ്ഡലുക്കാലം

Hypocrisy vs Action ക മ ല  ഹാരിസ്   പുതിയൊരു   കളത്തിൽ   കാലുകുത്തിയതിൽ   കലവറയില്ലാതെ   അഭിമാനം   കൊള്ളുന്നുണ്ട്   നമ്മൾ   ഇന്ത്യാക്കാരും ,...