Tuesday, February 26, 2008

ഒരു പുസ്തകപ്രകാശനം

എഴുതിയതു തന്നെ എഴുതി വായിച്ചതു തന്നെ വായിച്ച്‌ സാഹിത്യം മടുപ്പായിരിക്കുന്നു. എന്തിനും വ്യത്യസ്തത വേണം. അതുകൊണ്ടാണ്‌ വളപ്പൊട്ടും, മഷിത്തണ്ടും, മഞ്ചാടി-കുന്നി കുരുക്കളും, പുസ്തകത്തിലെ മയില്‍പ്പീലിയും, മഴയുടെ സൗന്ദര്യവും തന്റെ എഴുത്തില്‍ ചേര്‍ക്കുന്നില്ലെന്ന്‌ രാകേഷ്‌ വാശിപിടിച്ചത്‌. അയാള്‍ ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗക്കാരുടെ സംഗീതത്തിന്റെ താളത്തില്‍ കവിതയെഴുതി. അവരുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍ അടിക്കുറിപ്പോടെ കവിതയില്‍ ചേര്‍ത്തു. ഇന്റര്‍നെറ്റില്‍ നിന്നും പുതിയ സാങ്കേതിക പദങ്ങള്‍ കണ്ടെടുത്ത്‌ ബിംബങ്ങളും രൂപകാലാങ്കാരങ്ങളും ചമച്ചു. അങ്ങനെ ശിലായുഗം മുതല്‍ കലിയുഗംവരെ ഉള്‍ക്കൊള്ളുന്ന കവിതകള്‍ എന്നു വിശേഷിപ്പിച്ച്‌ പുസ്തകമാക്കിയപ്പോള്‍ അതു പ്രകാശിപ്പിക്കുന്ന വിധവും വ്യത്യസ്തമായിരിക്കണം എന്ന്‌ രാകേഷിനു നിര്‍ബന്ധമുണ്ടായിരുന്നു.

-പ്രസിദ്ധനായ ഒരാള്‍ മറ്റൊരാളുടെ കൈയില്‍ പുസ്തകം വെയ്ക്കുക എന്ന പഴയ ചടങ്ങ്‌ ഉടച്ചു വാര്‍ക്കേണ്ടിയിരിക്കുന്നു


രാകേഷ്‌ അങ്ങനെ പറഞ്ഞപ്പോള്‍ അത്‌ വളരെ പഴയ ഒരു പ്രയോഗമാണല്ലൊ എന്ന്‌ സുഹൃത്തായ അന്‍സാര്‍ ഓര്‍ത്തു. അങ്ങനെയാണ്‌ തന്റെ പുസ്തകം പശുവിനു കൊടുത്തു പ്രകാശിപ്പിക്കുവാന്‍ അയാള്‍ സര്‍ക്കാര്‍ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായ പ്രഭാകരന്‍ മാഷിനോടാവശ്യപ്പെട്ടത്‌. പ്രഭാകരന്‍ മാഷ്‌ സത്യത്തില്‍ പരിഭ്രമിച്ചുപോയി. രാകേഷിനെ അദ്ദേഹം പഠിപ്പിച്ചിട്ടില്ല. രാകേഷ്‌ പഠിച്ചത്‌ കുറച്ചകലെയുള്ള സ്വകാര്യസ്ക്കൂളിലായിരുന്നു. മാഷിനാണെങ്കില്‍ കവിതയും കഥയുമൊന്നും എഴുതുന്ന ശീലവുമില്ല. അതുകൊണ്ട്‌ അദ്ദേഹം ചോദിച്ചു,

-എന്താണ്‌ ഇങ്ങനെ വിചിത്രമായ ഒരു ആവശ്യം?

-പശുവിന്റെ പാലുകുടിച്ചാണു ഞാന്‍ വളര്‍ന്നത്‌. എന്റെ ചോരയും നീരും പശുവില്‍ നിന്നും വന്നതാണ്‌. നിങ്ങള്‍ക്കറിയുമോ, മറ്റൊരു ജന്തുവര്‍ഗത്തിന്റെ പാലു കുടിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്‌.രാകേഷ്‌ നിര്‍ത്താല്‍ ഭാവിച്ചിട്ടില്ലെന്നുകണ്ട്‌ മാഷ്‌ ഇടയില്‍ കയറി ചോദിച്ചു.

-അല്ല ഇതെങ്ങനെ പശുവിനെക്കൊണ്ടു പിടിപ്പിക്കും. പശു ഇതെന്തു ചെയ്യുമെന്നു കരുതിയിട്ടാണ്‌?


സദസു കുറച്ചു സമയം നിശബ്ദമായി. പക്ഷേ രാകേഷ്‌ വേഗം അതിനു മറുപടി കണ്ടെത്തി.


-ബഷീറിന്റെ പാത്തുമ്മയുടെ ആടിനെപ്പോലെ ഒരു പശുവിനെ കിട്ടാനുണ്ടാവുമോ? പുസ്തകം തിന്നാനിഷ്ടമുള്ള ജന്തു? രണ്ടും മൂന്നും പേജുകളാക്കി നക്കി നക്കി വായിലാക്കി..


കണ്ണടച്ച്‌ രതി മൂര്‍ച്ചയിലേക്കെത്തുന്ന ഭാവത്തില്‍ അയാള്‍ പറഞ്ഞു. ചര്‍ച്ച എങ്ങുമെത്താതെ നിന്നപ്പോള്‍ അന്‍സാര്‍ ചോദിച്ചു.

-ആ ചന്തക്കാള മതിയോ? ചപ്പും ചവറും നോട്ടീസുമൊക്കെ അതു തിന്നുന്നതു കാണാറുണ്ടല്ലൊ?


ഉടമസ്ഥിനില്ലാത്തൊരു എല്ലിച്ച വയസന്‍ കാള കുറച്ചു നാളായി ചന്തയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്‌. ഇറച്ചിക്കടക്കാരന്‍ അന്തോണിച്ചേട്ടന്‍ കൊഴുക്കട്ടേന്നു കരുതി മേയാന്‍ വിട്ടിരിക്കുകയാണെന്നൊരു സംസാരവും അങ്ങാടിയിലുണ്ട്‌. എല്ലുന്തി, ശുഷ്കിച്ചവാലും, പുറത്തു ചില വ്രണങ്ങളുമൊക്കെയുള്ള ഐശ്വര്യംകെട്ട ആ മൃഗം കടലാസുകള്‍ തിന്നുന്നത്‌ എല്ലാവരും കാണാറുള്ളതാണ്‌. മതിലിലൊട്ടിച്ചിരിക്കുന്ന പരസ്യങ്ങള്‍ വരെ അതു കാര്‍ന്നു തിന്നും.

-രാകേഷ്‌ കാളപ്പാലു കുടിച്ചല്ലല്ലോ വളര്‍ന്നത്‌?

സുനീഷ്‌ പറഞ്ഞു.

-പ്രതീകാത്മകമായി പശുവിന്റെ കുഞ്ഞിനു സമ്മാനിക്കുക!


രാകേഷ്‌ വീണ്ടും ഉത്സാഹത്തിലായി.

-ഒരു പക്ഷേ ആ കാളക്കുട്ടിക്കു കിട്ടേണ്ടിയിരുന്ന പാലാവും എനിക്കു കിട്ടിയത്‌. ഒരു പക്ഷേ ഒരേ ബാല്യം പങ്കുവെച്ചവരാവും ഞങ്ങള്‍. അവന്റെ അമ്മ ചുരത്തിയ പാല്‍ കവര്‍ന്നെടുത്താണ്‌ ഞാന്‍ ഈ കവിതകളെഴുതാനുള്ള കരുത്തു നേടിയത്‌.

-ഒരു കാള പത്തിരുപത്തിയഞ്ചു വര്‍ഷം ജീവിക്ക്വോ?


സുനീഷിനു വീണ്ടും സംശയം.

-ഇതില്‍ ലോജിക്കല്ല നോക്കേണ്ടത്‌. നാം എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാണു പ്രാധാന്യം. അവന്‍ ദാനം നല്‍കിയ പാല്‍ കുടിച്ച ഞാനും ദാഹാര്‍ത്തനായി പുഴുവരിച്ച്‌ ഒടുക്കം എന്റെ മുന്നിലെത്തിയ അവനും. എന്റെ സ്രഷ്ടി അവനു ഭോജനമാവുക. എത്ര വിചിത്രവും മനോഹരവുമായ നിയോഗം!


രാകേഷിന്‌ ആവേശം കൂടിക്കൂടി വരികയായിരുന്നു. എങ്ങനെയെങ്കിലും ഇതിനൊരു നിവര്‍ത്തിയുണ്ടാക്കണമെന്ന്‌ മറ്റുള്ളവര്‍ ഉള്ളാലെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ പിന്നെയാരും തര്‍ക്കിച്ചില്ല. ശ്രദ്ധിക്കപ്പെടുക എന്നത്‌ രാകേഷിന്റെ ആവശ്യമാണ്‌ എന്നു മനസിലാക്കിയ പ്രഭാകരന്‍ മാഷ്‌ ഒടുക്കം സമ്മതിച്ചു.

ചന്തക്കാള എന്നു വിളിച്ചിരുന്ന അവന്‌ ചന്തുക്കാള എന്നു പേരുനല്‍കി. ചന്തുക്കാളയെ കഴുകി വ്രത്തിയാക്കിയെടുക്കുന്ന ജോലി രാകേഷുതന്നെ ഏറ്റെടുത്തു. മറ്റാരും അതിനു തടസ്സം നിന്നതുമില്ല.

മൈതാനത്ത്‌ പൊക്കം കുറഞ്ഞ ഒരു സ്റ്റേജുണ്ടാക്കി. ചന്തുവിനെ കയറ്റാന്‍ പാകത്തില്‍. ആനയെവരെ ലോറിയില്‍ കയറ്റുന്നുണ്ട്‌. എന്നാലും രാകേഷും കൂട്ടരും അത്രക്കു വളര്‍ന്നിട്ടില്ലല്ലൊ. സ്റ്റേജില്‍ രണ്ടു പഴക്കുലകള്‍ കെട്ടിതൂക്കി. പ്രകാശാനത്തിനു വരുന്നവര്‍ക്ക്‌ ഓരോ പഴം വീതം കൊടുക്കും. അതു തിന്നതിനു ശേഷം തൊലി ചന്തുവിനു കൊടുക്കണം.

കുറച്ചു ക്ലേശപ്പെട്ടാണ്‌ നനവുണങ്ങാത്ത ചന്തുവിനെ സ്റ്റേജില്‍ കയറ്റിയത്‌. രാകേഷിനെ പലരും ദീര്‍ഘമായി പ്രകീര്‍ത്തിച്ചശേഷം ചെറിയൊരു ഉള്‍ഭയത്തോടെ പ്രഭാകരന്‍ മാഷ്‌ പുസ്തകം കാളക്കു നേരെ നീട്ടി. ചന്തു ശാന്തനായി ബിംബങ്ങളും സാംസ്ക്കാരിക സംജ്ഞകളും ചവച്ചിറക്കുന്നതുകണ്ട്‌ രാകേഷ്‌ പുളകംകൊണ്ടു.

ചടങ്ങു തീര്‍ന്നതും ചന്തുവിനെ സാവധാനത്തില്‍ സ്റ്റേജില്‍ നിന്നും ഇറക്കി കൊണ്ടുപോകാന്‍ അന്‍സാര്‍ ശ്രമിച്ചു. അവനോടൊപ്പം നടക്കാന്‍ തുടങ്ങിയ ചന്തു ഒന്നു നിന്ന്‌ സദസിനെ തിരിഞ്ഞൊന്നു നോക്കി. ആ നിമഷം പാഴാക്കാതെ പത്രലേകന്‍ ക്യാമറയില്‍ വിരലമര്‍ത്തി. അപ്പോഴാണ്‌ ചന്തുക്കാള സ്റ്റേജില്‍ ചാണകമിട്ടത്‌ . തികച്ചും നൈസര്‍ഗികമായ ഒരു ചോദന.

-ബുള്‍ ഷിറ്റ്‌!!ഫ്ലാഷിന്റെ വെളിച്ചത്തോടൊപ്പമാണ്‌ പത്രലേകന്റെ വാക്കുകള്‍ പുറത്തേക്കു വന്നത്‌.


00000000


ഒരു പുസ്തക പ്രകാശനം

44 comments:

നിര്‍മ്മല said...

ബ്ലോഗിലേക്കു വരുന്ന വഴി മുഴ്വോനും മഞ്ഞായിരുന്നു. അതുകൊണ്ടാണു വൈകിയത്, ക്ഷമിക്കുമല്ലൊ.
കഴിഞ്ഞ വര്‍ഷം ‘ദല’യുടെ സുവനീറില്‍ പ്രസിദ്ധീകരിച്ച കഥ, ദാ, പിടിച്ചൊ!

Haree | ഹരീ said...

ഞാനോര്‍ത്തത് ഏതോ പുസ്‌തകപ്രകാശനത്തിന്റെ (പുസ്‌തകം ‌+ പ്രകാശനം = പുസ്‌തകപ്രകാശനം, ഒറ്റവാക്കല്ലേ?) വിശേഷം പങ്കുവെയ്ക്കുകയാണെന്നല്ലേ? :)

ഇതെഴുതുവാന്‍ എന്താണ് പ്രചോദനം? നിര്‍മ്മലച്ചേച്ചിയുടെ എഴുത്ത് സാധാരണ അനായാസേന വായിച്ചുപോകാവുന്നവയാണ്. ഇതിലല്പം കൃത്രിമത്വം ഫീല്‍ ചെയ്തു. എങ്കിലും ഇഷ്ടക്കുറവില്ല.

അവസാനമെന്താണ് കുറേ പൂജ്യന്മാര്‍?
--

ചന്തു said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] said...

:)

Inji Pennu said...

:) എനിക്കിഷ്ടപ്പെട്ടു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹരി ചോദിച്ചപോലെ
ഇതെഴുതുവാന്‍ എന്താണ് പ്രചോദനം?
:)

വാല്‍മീകി said...

കൊള്ളാം, കഥ ഇഷ്ടപ്പെട്ടു. ചാണകമിടലും പ്രതീകാത്മകം തന്നെയാണോ?

വേണു venu said...

എഴുതിയതു തന്നെ എഴുതി വായിച്ചതു തന്നെ വായിച്ച്‌ സാഹിത്യം മടുപ്പായിരിക്കുന്നു. എന്തിനും വ്യത്യസ്തത വേണം.
അതിനു്.:)
ഇന്റര്‍നെറ്റില്‍ നിന്നും പുതിയ സാങ്കേതിക പദങ്ങള്‍ കണ്ടെടുത്ത്‌ ബിംബങ്ങളും രൂപകാലാങ്കാരങ്ങളും ചമച്ചു.
നിര്‍മ്മലാജി ഇഷ്ടപ്പെട്ടു.:)

ശ്രീവല്ലഭന്‍ said...

നിര്‍മ്മല,

ആദ്യമാണ് ഇവിടെ. കഥ ഇഷ്ടപ്പെട്ടു. ചിന്തിപ്പിച്ച കഥ.

കഥയില്‍ ചോദ്യം ഇല്ലെന്നറിയാം. എന്നാലും " മറ്റൊരു ജന്തുവര്‍ഗത്തിന്റെ പാലു കുടിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്‌." എന്നത് വായിച്ചപ്പോള്‍ ഒരു സംഭവം ഓര്‍മവന്നു. മീറ്റിംഗില്‍ വച്ച് ഒരു പ്രകൃതി ചികിത്സ 'ഡോക്ടര്‍' ഇതു പറഞ്ഞപ്പോള്‍ മീറ്റിംഗില്‍ പങ്കെടുത്ത ഒരാള്‍ ചോദിച്ചു
"അപ്പോള്‍ പൂച്ചയോ?" ഉത്തരം മുട്ടിപ്പോയ്!

മയൂര said...

പറ്റിപ്പോയി പറ്റിപ്പോയി
തലക്കെട്ടു കണ്ടു പറ്റിപ്പോയി:)

വളരെ വ്യത്യസ്ഥമായ പ്രമേയം,ഇഷ്ടമായി:)


ഓ.ടോ, വഴി മുഴ്വോനും ഇനി ഉപ്പിടണംട്ടോ;)

ശെഫി said...

നാം എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാണു പ്രാധാന്യം

bul shit

കൊള്ളാം

ശ്രീ said...

കൊള്ളാം ചേച്ചീ. അവസാനം ചന്തുവിന്റെ ആ ചാണകമിടലും...
:)

കരീം മാഷ്‌ said...

ഇതു ബ്ലോഗെഴുത്തിനെക്കാള്‍ വേഗത്തില്‍ വായനക്കാരന്റെ പ്രതികരണം കിട്ടിയ ഒരു പുസ്തകപ്രകാശനമായല്ലോ!
നന്നായിരിക്കുന്നു.
അത്യുഗ്രന്‍.

വഴി പോക്കന്‍.. said...

ബുള്‍ ഷിറ്റ്‌!! ....:D

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഫുള്‍ ഷിഫ്‌റ്റ്‌!!
ഒന്നൂടെ വായിച്ചുനോക്കട്ടെ!

മഴത്തുള്ളി said...

ഞാനും പുസ്തകപ്രകാശനമാണല്ലോയെന്നോര്‍ത്ത് ഓടിവന്നതാ. വന്നപ്പോള്‍ കാള പ്രകാശനം :(

ച്ഛേയ്, കഷ്ടം. ഇനി ആ ചന്ത(ന്തു)ക്കാള എത്ര നാള്‍ ജീവിക്കുമോ എന്തോ. കാരണം എഴുതിയ ആളുടെ നിലവാരം വെച്ച് അത് തിന്ന കാളക്ക് ആ സാഹിത്യം വയറ്റില്‍ പിടിക്കാതെ വയറുവേദന വന്ന് തട്ടിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ ;)

ഹി ഹി..........

തോന്ന്യാസി said...

പുതിയ കഥ ബ്ലോഗില്‍ ഇടാമെന്നു പറഞ്ഞപ്പോള്‍ ,ബ്ലോഗില്‍ ചാണകം കൂ‍ടി ഇടും എന്ന് പ്രതീക്ഷിച്ചില്ല...ബുള്‍ ഷിറ്റ്

എന്തായാലും കഥയങ്ങട്ട് പിടിച്ചൂന്ന് പറഞ്ഞാമതീല്ലോ

Anonymous said...

കിടു!

ഇരുതലവാളുപോലെ കയറിപ്പോകുന്നിടമൊക്കെ മുറിക്കുന്ന രൂപകം.

ഈ ബ്ലോഗില്‍ (എന്നുവച്ചാല്‍ ഈ ബ്ലോഗുള്‍പടെ ഏതുബ്ലോഗിലും) കമന്റിടുകയും യഥാര്‍ത്ഥത്തില്‍ ആ ചന്തുക്കാള ചന്തികൊണ്ടെഴുതിയതുപോലെ ഒരു പണിയല്ലേ.... :(

പപ്പൂസ് said...

ഹമ്പമ്പോ....!!!!

പച്ചാളം : pachalam said...

എന്തൊരു വ്യത്യസ്ഥവും ക്രിയേറ്റീവുമായ ചിന്തകള്‍!!! നമിച്ചു.

സാക്ഷരന്‍ said...

പുതിയ പുസ്തകം വല്ലതും പ്രകാശനം ചെയ്തുകാണുമെന്നല്ലേ ഞാന് കരുതിയത്. …
പുസ്തക പ്രകാശനത്തിന്റെ ഒരു പുത്തന് രീതി… കൊള്ളാം
പുസ്തക നിരൂപണമായിരിക്കും കാള ചാണകത്തിന്റെ രൂപത്തില് പുറത്തുവിട്ടത് !

നിര്‍മ്മല said...

ഹരീ ശരിയാണു, പുസ്തകപ്രകാശനം ഒറ്റവാക്കാണു -തിരുത്തിയിട്ടുണ്ട്. നന്ദി.
ബ്ലോഗിലെ ചന്തു ഉറുമിവീശണ ചന്തുവല്ലെ :)
വഴിപോക്കന്‍, ഇഞ്ചി, സജി, വാത്മീകി, വേണു നന്ദി.
ശ്രീവല്ലഭന്‍, ആ ചോദ്യം സ്മാര്‍ട്ടായിട്ടുണ്ട് :) എന്നോടിതു പറഞ്ഞത് ഞങ്ങളുടെ ഡോക്ടറാ‍ണു, അദ്ദേഹം റിട്ടയറായി, അല്ലെങ്കില്‍ ചോദിക്കാമായിരുന്നു!
മയൂര,ശെഫി, ശ്രീ, കരീം മാഷ്, ഏറനാടന്‍, മഴത്തുള്ളി, തോന്ന്യാസി, ഗുപതന്‍, പപ്പൂസ്, പച്ചാളം, സാക്ഷരന്‍ വളരെ നന്ദി.

ആകപ്പാടെ നോക്കിയിട്ട്, ഇതു വഴി സുരേഷ് ഗോപി പോയതു പോലെയുണ്ടല്ലോ! ഹി..ഹി....

ഉപാസന | Upasana said...

നിര്‍മല ചേച്ചി,

സത്യത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു കഥയാണ് ഇത്.
ഗൌരവത്തില്‍ പറഞ്ഞ ഒരു സിമ്പിള്‍ സബ്ജക്ട്.
ഇഷ്ടമായി.

ആശംസകള്‍..!
:-)
ഉപാസന

ഓ. ടോ: ആദ്യമായി എന്നെ ഇവിടേക്കെത്തിച്ച കുട്ടന്‍ മേന്‌ന് നന്ദി.

Jane Joseph said...

വളരെ വ്യത്യസ്തമായ കഥ...ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്തു.

പൊറാടത്ത് said...

കഴിച്ചപാടെ ‘ചോദന’ ഉണ്ടായത് കൊണ്ടു തന്നെ ‘സാധനം’ എത്ര വീര്യമുള്ളതണെന്ന് മനസ്സിലായി.. ഇനി, എനിയ്ക്ക് വന്ന ഒരു കമന്റില്‍ വായിച്ച പോലെ വല്ല ‘തൃവൃല്ലേഹം’ എങ്ങാനുമായിരുന്നുവോ..?

എന്തായാലുംകഥ കലക്കി..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഇനിയും അക്ഷരങ്ങള്‍ പുസ്തകങ്ങളാവട്ടെ വായിക്കുംതോറും മനസില്‍ ജിവിക്കുന്ന കഥാപാത്രങ്ങളാണു നിര്‍മ്മലയുടെത്‌

ഫസല്‍ said...

Nirmmalachechi vanna vazhi thanneyaanu njaanum vannathu, athukondalpam njaanum vaiki. vaayaichu ishtamaayi, congrats...........

kaithamullu : കൈതമുള്ള് said...

ishtaayi!
;-)

നിര്‍മ്മല said...

ഉപാസന, ജെയിന്‍, പൊറാടത്ത് (തൃവ്രല്ലേഹം -ഹെന്റമ്മെ!!) അനൂപ്, ഫസല്‍, കൈതമുള്ള നന്ദി.

അപ്പൊ ഈ കുട്ടന്‍ മേന്‍ന് കുട്യോളെ വഴിതെറ്റിക്കണ സൊഭാവൊണ്ടല്ലെ!!

Achooss. said...

ന്ന്ദാ....ഇപ്പോള്‍ പറയ്ക.....
നമ്മുക്കും...ശ്ശീ.....പിടിച്ചൂട്ടോ......കഥയും അതിന്റെ ഇടയിലേ ബുള്‍ ഷിറ്റും....
നന്നായിരിക്കുണൂ......

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

സത്യത്തില്‍, നമ്മുടെ പുതുതലമുറ കവികളുടെ രചനകള്‍ ഒന്നാംതരം കാലിത്തീറ്റകളാണു.അവരുണ്ടാക്കുന്ന മാലിന്യം കാരണം ചന്തക്കാളകള്‍ പോലും,പക്ഷേ,അവ തിന്നുകയില്ല,നിര്‍മ്മലേ!
കഥയിലെ സറ്റയര്‍ ഇഷ്ടപ്പെട്ടു.

മുഹമ്മദ് ശിഹാബ് said...

ഇതിനുമുമ്പു വായിച്ച നിര്‍മ്മലച്ചേച്ചിയുടെ കഥകളെ അപേക്ഷിച്ച്... !!!! ഇത് അത്ര നന്നായില്ല എന്നു പറയട്ടെ

കാലമാടന്‍ said...

ബ. ജി. ഭ്രാന്തന്മാര്‍ക്ക് ഒരു tribute!
നന്നായി...

maramaakri said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

maramaakri said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

നിര്‍മ്മല said...

നന്ദി അച്ചു, പ്രദീപ്, കാലമാടന്‍(!)
മുഹമ്മദു ശിഹാബിന്റെ സത്യസന്ധതക്കു പ്രത്യേക പ്രണാ‍മം.
ശശിധരന്‍ കുരക്കുമ്പൊ പടി തുറക്കേണ്ട ആവശ്യമില്ലല്ലൊ മരമാക്രി.

ബഷീര്‍ വെള്ളറക്കാട്‌ said...

സത്യത്തില്‍ ആദ്യം കരുതിയത്‌ വിത്യസ്തമായ രീതിയില്‍ ഒരു പ്രകാശനം എന്ന് തന്നെ.. പിന്നെയല്ലേ എവിടെയോ സംതിംഗ്‌ മണക്കുന്നുണ്ടെന്ന് മനസ്സിലായത്‌.. അത്‌ ചാണകമായിരുന്നു അല്ലേ..

കുറുമാന്‍ said...

ഈ പ്രകാശനം വളരെ ഇഷ്ടപെട്ടു. വേറിട്ടൊരു പ്രകാശനം തന്നെ.

മാണിക്യം said...

ചന്തുക്കാളയെ ഞാന്‍ നേരത്തെ കണ്ടിരുന്നു...

രാകേഷ് പറഞ്ഞ പല സംഗതികളോടും
എനിക്ക് യോജിപ്പാണ്‍ ..
പിന്നെ പത്രലേഖകന്‍ ഫ്ലാഷിനോടൊപ്പം
ഫ്ലാഷ് ആക്കിയത്
ഹ് ഹ ഹ് ഹാ അതും വാസ്തവം!!

നിര്‍മ്മല said...

ബഷീര്‍, കുറുമാന്‍, മാണിക്യം നന്ദി.

കിനാവ് said...

വളപ്പൊട്ടും, മഷിത്തണ്ടും, മഞ്ചാടി-കുന്നി കുരുക്കളും, പുസ്തകത്തിലെ മയില്‍പ്പീലിയും, മഴയുടെ സൗന്ദര്യവും തന്റെ എഴുത്തില്‍ ചേര്‍ക്കില്ലെന്നു വാശിപിടിച്ച് ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗക്കാരുടെ സംഗീതത്തിന്റെ താളത്തില്‍ കവിതയെഴുതിയ പുത്തനെഴുത്തുകാരന്റെ വിചിത്രമായ പുസ്തകപ്രകാശന മാര്‍ക്കറ്റിങ്ങ് തന്ത്രം ബിംബാത്മകമായി. ഏതു ചവറും തിന്നുന്ന കാളയെകൊണ്ടു തീറ്റിച്ചതും തീറ്റക്കൊടുവിലെ ആ ബുള്‍ഷിറ്റും!

എ. എം. ഷിനാസ് said...

കൊള്ളാം. ഭാവുകങ്ങള്‍!

ഹരിയണ്ണന്‍@Hariyannan said...

ഈ പ്രകാശനം കൊണ്ട് ആര്‍ക്കെങ്കിലും അല്പം പ്രകാശം കിട്ടുമായിരിക്കും!
എങ്കില്‍ നന്നായിരുന്നു!

Sapna Anu B.George said...

നല്ല വരികള്‍, നല്ല ശൈലി.....
വിണ്ടുംവീണ്ടും എഴുതൂ എല്ലാ ആശംസകളും.അഭിപ്രായത്തിന്റെ താമസത്തിനു ക്ഷമാപണം