Thursday, December 13, 2007

അവസാനത്തെ ഇതള്‍

കാര്യമായിട്ട് ഒരു പോസ്റ്റിടണമെന്നു കരുതി മാസം പാതിയായി. അതുകൊണ്ട് ആ മോഹം ഉപേക്ഷിക്കുന്നു. തലയില്‍ വല്ലതുമൊക്കെ തിരിയുമ്പോള്‍ കൈകള്‍ തിരക്കിലായിരിക്കും. കൈകള്‍ക്കു അവസരം കിട്ടുമ്പോള്‍ തല ശൂന്യം, ഈ കളി തുടങ്ങിയിട്ടു കുറച്ചുനാളായി.



ഈ നാട്ടില്‍ ഡിസംബര്‍ എന്നാല്‍ ക്രിസ്തുമസ് എന്നാണര്‍ത്ഥം. ക്രിസ്തുമസ് എന്നു മാത്രമാണര്‍ത്ഥം. ഭൂഗണ്ഡമാകെ സ്പന്ദിക്കുന്നത് ഈയൊരു എന്ന താളത്തിലാണെന്നു തോന്നിപ്പോവും. ക്രിസ്തുവിനെയോ മറിയത്തെയോ ഓര്‍ത്താണീ പരവേശം എന്നു ധരിക്കരുത്. അതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കു സമയം, ക്രിസ്തുമസല്ലെ വരുന്നത് - എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു!!

പൊതുസംസാരം ക്രിസ്തുമസ് ഷോപ്പിംഗിനെപ്പറ്റി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇനി എത്ര ഷോപ്പിംഗ് മണിക്കൂറുകള്‍ അവശേഷിച്ചിട്ടുണ്ടെന്ന് റേഡിയോ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. കടകളില്‍ ഉത്സവത്തിരക്ക്. വ്യാപാരികളുടെ ലാഭക്കൊയ്ത്തിനും തൊഴിലാളികളുടെ അമിതാദ്ധ്വാനത്തിനും സാധാരണക്കാരന്റെ അന്തമില്ലാത്ത ചിലവുകള്‍ക്കും വ്രഥാവാകുന്ന ഒരുപാടു ഭക്ഷണത്തിനുമിടക്ക് ഇതിന്റെ മൂലകാരണമായ ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പാടേ വിസ്മരിക്കപ്പെടുന്നു.

ഇങ്ങനെയൊക്കെ പരാതിയുടെ കിഴിയുമായിട്ടാ‍ണ് ഈ മാസത്തെ പുഴയിലെ കോളം. ഇതോടെ ഇവിടെ ഇങ്ങനെയൊക്കെ എന്ന പരമ്പര അവസാനിക്കുകയാണ്. ഡിസംബര്‍ ലക്കം ഇവിടെ വായിക്കാം.

പ്രതീക്ഷിച്ചതിലേറെ പ്രതികരണങ്ങള്‍ കിട്ടിയതില്‍ ആഹ്ലാദവും അത്ഭുതവും നന്ദിയും ഉണ്ട്. ഇ-മെയില്‍ അയച്ചവര്‍ക്കെല്ലാം മറുപടി അയച്ചിട്ടുണ്ടെന്നുള്ള വിശ്വാസത്തിലാണ്. വളരെയേറെ ഉണ്ടായിരുന്നു. (പരാതിയല്ല, ആദരവോടെ) വിട്ടുപോയിട്ടുണ്ടെങ്കില്‍ മനപൂര്‍വ്വ‍മായിരുന്നില്ല, ക്ഷമിക്കുക.


ഈ വര്‍ഷത്തെ ഹാമില്‍ട്ടണ്‍ മലയാളികളുടെ ക്രിസ്തുമസ് ആഘോഷത്തില്‍, അപൂര്‍വ്വമായ മാര്‍ഗംകളിയും കാണാന്‍ ഭാഗ്യമുണ്ടായി.

എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസും ഐശ്വര്യവും മോഹസാക്ഷാത്ക്കാരവും നിറഞ്ഞ 2008-ഉം നേരുന്നു.


ഈ പോസ്റ്റ് സുല്ലിനു സമര്‍പ്പിക്കുന്നു. തണുപ്പില്ലാതെ ഭംഗിയുള്ള മഞ്ഞടരുകളെ വീഴ്ത്താനുള്ള വിദ്യ സൌജന്യമായി തന്നതിന്.

Wednesday, November 07, 2007

ഇടവേളക്കു ശേഷം


സമയം തോല്‍പ്പിച്ചതുകൊണ്ട്‌ ഈ വഴി വന്നിട്ട്‌ കുറച്ചായി. എന്നാലും അയച്ചു കിട്ടിയ ലിങ്കുകള്‍ ഇടക്കു വായിക്കാറുണ്ടായിരുന്നു. എഴുത്ത്‌ എന്നും ഒരു ഭാരമിറക്കലാണ്‌. അതൊരു ഭാരമായി മാറുന്നത്‌ ശരിയാവില്ലെന്ന അറിയാവുന്നതുകൊണ്ടാണ്‌ പ്രാരാബ്ധങ്ങള്‍ക്കു മുന്‍ തൂക്കം കൊടുത്തു മാറി നിന്നത്‌.


ഈയിടെ മാതൃഭൂമിയില്‍ ബൂലോകത്തെപ്പറ്റി വന്നിരുന്ന ലേഖനങ്ങളും അഭിമുഖവും അടുത്തലക്കത്തില്‍ വന്ന അതിലേറെ പ്രതികരണങ്ങളിലിമൊക്കെയായി പരിചയക്കാരെ പലരേയും കണ്ടപ്പോള്‍ സന്തോഷം തോന്നി. അപ്പോഴറിഞ്ഞു ഇത്‌ എഴുത്തിനേക്കാളേറെ സൗഹ്രദത്തിന്റെ ലോകമാണല്ലൊ എന്ന്‌. വസ്ത്രം മുഷിഞ്ഞതാണെന്നൊ സ്വീകരണമുറി അലങ്കോലപ്പെട്ടു കിടക്കുകയാണെന്നൊ ഉള്ള വ്യഥയില്ലാതെ സുഹൃത്തുക്കളെ സ്വീകരിക്കാം. കാപ്പിയും കടിയുമെന്ന ഔപചാരികത ചേര്‍ക്കാതെ കുശലം പറഞ്ഞു പോകാം. പ്രായവും സ്ഥാനമാനങ്ങളും ഗൗനിക്കാതെ കുസൃതി പറയാം, പരിഹസിക്കാം.


നേരില്‍ കാണാത്തവരുടെ സൗഹൃദവും പ്രതികരണങ്ങളും എത്തിച്ചു തരുന്ന ബൂലോകം ഭൂഗണ്ഡങ്ങളെത്തമ്മിലിണക്കുന്നൊരു പാലമാണ്‌. അവിടെ മഴയോ ചൂടോ തണുപ്പൊ തണലോ സൃഷ്ടിക്കാം. വനമോ പാര്‍ക്കോ തീര്‍ത്ത്‌ അലയാം. ഇവിടെയെത്തിയ കാലത്ത്‌ ഇതൊക്കെ സ്വപ്നം കാണാന്‍പോലും കഴിഞ്ഞിരുന്നില്ല.


അന്ന്‌ ചില കഥാമത്സരങ്ങളില്‍ സമ്മാനംകിട്ടുകയും ആനുകാലികങ്ങളില്‍ കഥകള്‍ അച്ചടിച്ചുവരികയും ചെയ്തപ്പോള്‍ അച്‌'നുമമ്മക്കും വേവലാതിയായി. മകളുടെ ഭാവി കുളിക്കുകയും മുടിച്ചീവുകയും ചെയ്യാതെ, മുഷിഞ്ഞു കീറിയ വസ്ര്തങ്ങളുമായി ഒരു സഞ്ചിയും തൂക്കി അവുടെ മുന്നിലൂടെ തേരാപ്പാരാ നടന്നു. ഒരു പ്രഭാതത്തില്‍ മഹാരാജാസില്‍ നിന്നും ഇംഗ്ലീഷിലും മലയാളത്തിലും ബിരുദമെടുക്കാനുള്ള ഇന്റര്‍വ്യൂകാര്‍ഡുകളൂം കൂടി വന്നതോടെ വീട്ടില്‍ ബോംബുപൊട്ടി. കുഴിഞ്ഞ കണ്ണുകളുമായി പിച്ചതെണ്ടുന്ന പേരക്കിടാങ്ങളായി അച്‌'്ന്റേയും അമ്മയുടേയും സ്വപനത്തില്‍ വരാന്‍ തുടങ്ങിയത്‌.


ചന്ദ്രന്‍ ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ആളെ അയക്കാന്‍ തുടങ്ങിയിട്ടില്ല. പിന്നെന്തു ചെയ്യും? അവര്‍ ഭൂപടം നേരെയും തലകുത്തനേയും പിടിച്ചാലോചിച്ചു. ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ഭൂഗണ്ഡങ്ങള്‍ കേരളത്തില്‍ നിന്നും എത്രദൂരമുണ്ടെന്ന്‌ അക്ഷാംശവും രേഖാംശവും അടയാളപ്പെടുത്തി പ്രൊട്രാക്ടറും സ്ക്കെയിലും വെച്ചളന്നു നോക്കി. അങ്ങനെയാണ്‌ വടക്കെ അമേരിക്കന്‍ ഭൂഗണ്ഡമാണ്‌ കേരളത്തില്‍ നിന്നും ഏറ്റവും അകലെ എന്നു കണ്ടുപിടിച്ചത്‌. പക്ഷെ യു.എസ്‌.എ.യില്‍ മലയാള പ്രസിദ്ധീകരണങ്ങളുണ്ട്‌. കേരളത്തില്‍ നിന്നും തപാല്‍ വേഗത്തിലെത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്‌. അതു ശരിയാവില്ല.


അപ്പോഴാണ്‌ അലാസ്ക്കയെപ്പറ്റിയും അതിനടുത്തുള്ള കാനഡയെന്ന ഐസുപെട്ടിയെപ്പറ്റിയും ചേട്ടനു ബോധോദയമുണ്ടായത്‌. അവിടെനിന്നും ഫോണ്‍ വിളിക്കണമെങ്കില്‍ ഓപ്പറേറ്ററുടെ അനുവാദം വേണം, അനുവദിച്ചാലും മിനിറ്റിന്‌ നൂറുരൂപയോളം കൊടുക്കണം. ഒരു കത്തോ വാരികയോ എത്തണമെങ്കില്‍ കുറഞ്ഞത്‌ മൂന്നാഴ്ച. നാടുകടത്താന്‍ ഇതിലേറെ യോജിച്ച സ്ഥലമേത്‌.

-ഇവള്‍ക്കാണെങ്കില്‍ വിദ്യാഭ്യാസമില്ല, കാനഡയില്‍ കടുത്ത ജോലിക്ഷാമവും.

-ഇവിളിനി മലയാളം വായിക്കില്ല, കേള്‍ക്കില്ല, പറയാനും സാദ്ധ്യത വളരെ കുറവ്‌!


പിന്നെ ഒട്ടും അമാന്തിച്ചില്ല. ആദ്യംകണ്ട പ്ലെയിന്‍ കൈകാണിച്ചു നിര്‍ത്തി അതില്‍ കയറ്റി മകളെ കാനഡക്കയച്ചിട്ട്‌ അവര്‍ സമാധാനത്തോടെ ഉറങ്ങി. ആ കാലമോര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ കുട്ടികളോട്‌ അല്‍പ്പം അസൂയയുമുണ്ട്‌ :)



ഇപ്പോഴിവിടെ ഇലകള്‍ക്കും നിറം പകരുകയും പക്ഷികള്‍ പറന്നകലുകയും ചെയ്തിരിക്കുന്നു. ടൊറന്റോയില്‍ നിന്നും ഏകദേശം 300 കിലോ മീറ്റര്‍ വടക്കോട്ടു മാറിയുള്ള അല്‍ഗ്വോക്കിന്‍ പാര്‍ക്കില്‍ നിന്നും ഒക്ടോബറിലെടുത്ത ചിത്രങ്ങളാണിത്‌.


ഈ വര്‍ണ്ണഭംഗിയൊക്കെ തല്ലിക്കൊഴിച്ചുകൊണ്ട്‌ വടക്കുനിന്നും ശീതക്കാറ്റു വീശുന്നുണ്ട്‌. രണ്ടു രാത്രി മുന്‍പ്‌ ഫ്രോസ്റ്റു വന്ന്‌ കുരുന്നിലകളെയൊക്കെ കൊന്നു. കൂടുതല്‍ വിശേഷങ്ങള്‍ പുഴയിലെ ഇവിടെ ഇങ്ങനെയൊക്കെയിലെ പുതിയ ലക്കത്തില്‍: കമണ്ഡലുക്കാലം

Wednesday, August 22, 2007

അത്തപ്പൂക്കളം


ഈ വര്‍ഷത്തെ പൂക്കളം. സമയത്തിനും പൂക്കള്‍ക്കും ക്ഷാമമായതുകൊണ്ട് വര്‍ഷത്തില്‍ ഒരിക്കലേ അത്തപ്പൂവിടാറുള്ളൂ.

ഇനി സദ്യയെപ്പറ്റി ആലോചിച്ചു തുടങ്ങട്ടെ :)

Tuesday, July 31, 2007

കാട്ടുപൂക്കള്‍ - നാട്ടിലെ പൂക്കള്‍ക്കു പകരം

റ്റവും കൂടുതല്‍ ആഘോഷിക്കുന്ന ഒന്നായിരുന്നു ഓണം, ദേ ഇതുപോലെ. വീടു മാറിയതോടെ പൂക്ഷാമം രൂക്ഷമായി. വീട്ടു മുറ്റത്ത് ഇപ്പോഴും പൂക്കൊളൊന്നുമായിട്ടില്ല.
കഴിഞ്ഞ പോസ്റ്റില്‍ പടം കുറ‍വായിപ്പോയെന്നു പറഞ്ഞവരോടുള്ള പ്രതികാരമായി കാട്ടുപൂക്കളുടെ പടങ്ങള്‍. ഈ വര്‍ഷവും അത്തപ്പൂക്കളത്തിന് ഇവരൊക്കെ സഹായിക്കണം.


വഴിയാത്രക്കാരോടു ചിരിക്കുന്ന പേരറിയാപ്പൂവ്

ഇത് മുക്കുറ്റിയുടെ ഡ്യൂപ്പ്

തുമ്പപ്പൂവല്ല എന്നാലും...

തൊട്ടാല്‍ വാടാത്തി

കരിങ്കണ്ണി ശോശ (ബ്ലാക്ക് ഐഡ് സൂസന്‍)

വീണ്ടും സുന്ദരിപ്പൂവുകള്‍


പൂവട്ടക തട്ടിച്ചിതറി...

ഓഗസ്റ്റിലെ വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ഈ പൂക്കള്‍ പറിക്കാന്‍ പോയകഥയും പുഴയിലെ പരമ്പരയില്‍, ദാരിദ്ര്യരേഖക്കു താഴെ ഒരു അത്തപ്പൂക്കളം എന്ന പുതിയ ലക്കത്തില്‍ വായിക്കാം. അവിടെ പരാമര്‍ശിച്ചിരിക്കുന്ന തടാകങ്ങള്‍.

റോസ് മേരി സരസ്സ്


മേഘത്തെ കാണാനെത്തി നോക്കിയ കുറച്ചുവീടുകളും വീണുപോയി ഈ തടാകത്തിലേക്ക്.

Monday, July 16, 2007

ചെറിമരങ്ങള്‍


ജൂലൈ ആദ്യത്തെ ആഴ്ചയാണ് ഒന്റോറിയോ സംസ്ഥാനത്ത് ചെറിപ്പഴം പാകമാകുന്നത്. അപ്പോള്‍ തിരക്കിലായിപ്പോയതുകൊണ്ട് അന്നെടുത്ത പടങ്ങള്‍ ഇപ്പോള്‍ ഇടുന്നു.



ചെറിപ്പടം കൊടുക്കാമെന്നാശിപ്പിച്ച ബഹുവ്രീഹിക്കായി ഒരു മരം.

മുന്നറിയിപ്പ്: സംശയം ചോദിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ സ്ട്രോബറിത്തൂണു പോലെ വിശദീകരിച്ചു ബോറാക്കികളയും!!


കൂടൂതല്‍ ജൂലൈ വിശേഷങ്ങള്‍ പുഴയില്‍ വായിക്കാം.




ജോലി സംബന്ധമായ തിരക്കുകാരണം (അതേ, ജോലിയെ സംബന്ധം ചെയ്യേണ്ട സ്ഥിതി വന്നുപോയി) ഈ വഴി മുടങ്ങാതെ വരാന്‍ സാധിക്കുന്നില്ല, ക്ഷമിക്കുമല്ലൊ.

Sunday, June 24, 2007

സ്ട്രോബറിയെന്ന കച്ചിക്കായ

ഹാമില്‍ട്ടണില്‍ സ്ട്രോബറികള്‍ വിളഞ്ഞിരിക്കുന്നു. റോഡരികിലും പത്രത്തിലുമൊക്കെ "സ്ട്രോബറി പറിക്കാന്‍ വരൂ" എന്നുള്ള ക്ഷണം കാണാം. ഏക്കറുകള്‍ നീണ്ടു കിടക്കുന്ന സ്ട്രോബറിപ്പാടത്തില്‍ നിന്നും നമുക്കിഷ്ടമുള്ളത്രയും പറിച്ചെടുക്കാം. പറിച്ച പഴത്തിന്റെ അളവനുസരിച്ച്‌ വില കൊടുത്താല്‍ മതി.

സ്ട്രോബറി ശേഖരിക്കുന്നവര്‍


റോസേസിയ (Rosaceae) കുടുംബത്തില്‍ പെട്ട സ്ട്രോബറിയുടെ ബൊട്ടാണിക്കല്‍ പേര്‌ Frugaria എന്നാണ്‌. സുഗന്ധം എന്നാണ്‌ ഈ ലാറ്റില്‍ പദത്തിന്റെ അര്‍ത്ഥം. ഇതില്‍ തന്നെ പലയിനം ചെടികളുണ്ട്‌. സ്ട്രോബറി എന്ന പേരിന്റെ ഉത്ഭവത്തിനു പല കാരണങ്ങള്‍ പറയുന്നുണ്ട്‌. പണ്ട്‌ ലണ്ടനില്‍ കുട്ടികള്‍ ഈ പഴങ്ങള്‍ വൈക്കോലില്‍ മാല പോലെ കെട്ടി വില്‍ക്കാറുണ്ടായിരുന്നു. "straws of berries" എന്ന പേരിലാണ്‌ ഇത്‌ ചന്തകളില്‍ അറിയപ്പെട്ടിരുന്നത്‌. അതു പിന്നീട്‌ സ്ട്രോബറി ആയി മാറിയതാണത്രെ. മറ്റൊരു കഥ പറയുന്നത്‌ കച്ചവടസ്ഥലത്ത്‌ കൃഷിക്കാരിതിനെ വൈക്കോലിനു പുറത്താണ്‌ വില്‍ക്കാന്‍ വെച്ചിരുന്നതെന്നും കാലക്രമേണ അത്‌ സ്ട്രോബറി എന്നറിയപ്പെടാന്‍ തുടങ്ങിയെന്നുമാണ്‌.

ഫ്രെഞ്ചിലും സ്പാനിഷിലും ഇറ്റാലിയനിലും ഇതിന്റെ പേര്‌ Fraise അഥവ സുഗന്ധമുള്ള പഴം എന്നാണ്‌. ഉത്തരയമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ സ്ട്രോബറിയെ heart berryഎന്നര്‍ത്ഥം വരുന്ന wuttahimneash എന്നാണു വിളിച്ചിരുന്നത്‌. മലയാളത്തിലും ഇതിനു സ്വന്തമായിട്ടൊരു പേരു വേണമെന്നാണെന്‍റ പക്ഷം. കഴിഞ്ഞ പോസ്റ്റില്‍ ദേവന്‍ നിര്‍ദ്ദേശിച്ചതു പോലെ കച്ചിക്കായ എന്ന പേരു തന്നെയായിരിക്കും ഏറ്റവും യോജിച്ചത്‌.

പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇതിനെ ഔഷധച്ചെടിയായി കരുതിയിരുന്നതായി ചരിത്രം പറയുന്നു. പുരാതിന റോമിലും ഫ്രാന്‍സിലുമൊക്കെ ഈ ചെടിയെ അന്നേ നട്ടു വളര്‍ത്തിയിരുന്നു. സ്ട്രോബറിയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ബെല്‍ജിയത്തില്‍ സ്ട്രോബറിയുടെ പേരില്‍ ഒരു മ്യുസിയം തന്നെയുണ്ട്‌. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും പരക്കെ കൃഷി ചെയ്യപ്പെടുന്ന ഈ ചെടികള്‍ യൂറോപ്പില്‍ നിന്നുമാണ്‌ ഇവിടെ എത്തപ്പെട്ടത്‌. ഇവിടുത്തെ ഐറക്ക്വാ ഗോത്രവര്‍ഗത്തില്‍ പെട്ടവര്‍ സ്ട്രോബറിയെ മാംസം പാകംചെയ്യുമ്പോള്‍ മസാലക്കൂട്ടായും സൂപ്പുണ്ടാക്കുവാനും ഉപയോഗിച്ചിരുന്നതിനു പുറമെ ഇവയുടെ ഇലകൊണ്ട്‌ സുഗന്ധമുള്ള ചായയും കൂട്ടിയിരുന്നു. അവരുടെ കൃഷികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ട്രോബറി. മറ്റു പല പഴങ്ങളേയും പോലെ സ്ട്രോബറിയിലും ധാരാളം വൈറ്റമിന്‍ സിയും പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്‌.



ശാസ്ര്തീയമായി പറഞ്ഞാല്‍ ഇതൊരു പഴമല്ല. മറിച്ച്‌ വികസിച്ച പുഷ്പാധാരമാണ്‌ (receptacle). കശുമാങ്ങയുടേതു പോലെ പഴത്തിനു പുറത്തായിട്ടാണ്‌ സ്ട്രോബറിയുടെ വിത്തും. തുടുത്ത ചുവപ്പിനു പുറമെ പൊട്ടുപോലെ കാണുന്നതാണ്‌ സ്ട്രോബറിയുടെ വിത്തുകള്‍. ഒരു സ്ട്രോബറിയില്‍ ശരാശരി 200 അരികള്‍ ഉണ്ട്‌. പക്ഷെ വേരില്‍ നിന്നും പൊട്ടിമുളക്കുന്ന തൈകളാണ്‌ നട്ടുപിടിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്‌. നിലത്തു നിന്നും അധികം ഉയരത്തില്‍ വളരാത്ത ഈ ചെടികള്‍ക്ക്‌ ഇവിടെ രണ്ടോമൂന്നോ വര്‍ഷമേ ആയുസുള്ളു. വടക്കെ അമേരിക്കയില്‍ തന്നെ തണുപ്പു കുറവുള്ള സ്ഥലങ്ങളില്‍ ഇതിലേറെക്കാലം സ്ട്രോബറിച്ചെടികള്‍ ജീവിച്ചിരിക്കും.

മൂന്നോ നാലോ അടി അകലത്തിലുള്ള വാരങ്ങളില്‍ ഏകദേശം 15 ഇഞ്ച്‌ അകലത്തില്‍ നിരനിരയായിട്ടാണ്‌ പുതിയ ചെടികള്‍ നടുന്നത്‌. ആദ്യവര്‍ഷം ഈ ചെടികളില്‍ നിന്നും കായ്ഫലം കിട്ടുകയില്ല. ഇവ പൂത്താല്‍ തന്നെ ചെടി ആരോഗ്യത്തോടെ വളരാന്‍ വേണ്ടി ആ പൂവുകള്‍ നുള്ളിക്കളയും.

2 മാസം മുന്‍പു നട്ട സ്ട്രോബറി തൈകള്‍

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ശീതകാല നിദ്രയിലേക്ക്‌ (hibernation) പോകുന്ന ചെടികള്‍ക്കു കഠിന തണുപ്പിനെ ചെറുക്കുവാനായി മുറിച്ച വൈക്കോലും പുല്‍ക്കറ്റയും മുകളില്‍ വിതറും. ഇത്‌ മണ്ണിന്‍റ
ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ വളരുന്നതു തടയാനും താപനിലയില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍ ചെടിയെ ബാധിക്കാതിരിക്കുവാനും സഹായിക്കും. അമ്ലതിയില്ലാത്തതും കളകള്‍ ചേരാത്തതുമായ വൈക്കോല്‍ പോലെയുള്ള വസ്തുക്കളാണ്‌ ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്‌.

മഞ്ഞൊക്കെ മാറി അടുത്ത വസന്തം എത്തുമ്പോള്‍ പുതു മുകുളങ്ങള്‍ സ്വതന്ത്രമായി വളരാന്‍ വേണ്ടി ഈ വൈക്കോല്‍ പുതപ്പിനെ ചെടികള്‍ക്കു മുകളില്‍ നിന്നും വശങ്ങളിലേക്കുമാറ്റും. തണ്ടിനടിയിലായി ഭാരംകൊണ്ട്‌ ഭൂമിയോടു ചേര്‍ന്നു വിളയുന്ന പഴം മണ്ണില്‍ തട്ടാതെ സൂക്ഷിക്കാനും പിന്നീട്‌ ജൈവവളമായും ഇത് ഉപയോഗപ്പെടും. ഇളം തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്‌ ഈ ചെടികളുടെ വളര്‍ച്ചക്കു യോജിച്ചത്‌. സ്ട്രോബറിപ്പഴങ്ങള്‍ തണ്ടിനടിയിലായി നിലത്തോടു ചേര്‍ന്നാണു കാണപ്പെടുന്നത്‌. വെളുപ്പും പച്ചയും കലര്‍ന്ന നിറത്തിലുള്ള ചെറു കായകള്‍ ക്രമേണ വലുതായി കൊതിപ്പിക്കുന്ന ചുവന്ന നിറമുള്ള മാംസളമായ പഴമായി മാറുന്നു.


രണ്ടാഴ്ചകൊണ്ട്‌ വിളവെടുപ്പു പൂര്‍ത്തിയാവും. അതിനുശേഷം ഈ ചെടികളുടെ ഇലകളെല്ലാം മുറിച്ചുകളയും. ചുറ്റിലേക്കു പടരുന്ന തൈകളും ചിലപ്പോള്‍ പിഴുതു മാറ്റും. പിന്നീടു വളമിട്ടുകഴിഞ്ഞാല്‍ ധാരാളമായി വെള്ളമൊഴിക്കണം. അപ്പോള്‍ ചെടികള്‍ ശക്തിയോടെ വളരും. ഇങ്ങനെയൊക്കെയാണ്‌ ഇവിടുത്തെ കര്‍ഷകര്‍ സ്ട്രോബറിപ്പാടങ്ങള്‍ സംരക്ഷിക്കുന്നത്‌.


ഹാമില്‍ട്ടണിലെ 10 ഏക്കര്‍ സ്ട്രോബറിപ്പാടങ്ങളുള്ള ലിന്‍ഡിലി ഫാമിന്റെ ഉടമകള്‍ രാസവസ്തുക്കള്‍ കീടനാശിനികളായി ഉപയോഗിക്കുന്നില്ലെന്നും കൂടാതെ ജൈവവളം മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അഭിമാനത്തോടെ പറഞ്ഞു.






ഇവിടെ സ്ട്രോബറിയെക്കൂടാതെ ബീറ്റുറൂട്ടും പട്ടാണിപ്പയറും വിളഞ്ഞിട്ടുണ്ട്‌. ഇവയും നമ്മുടെ ഇഷ്ടമനുസരിച്ചു പറിച്ചെടുക്കാം. റാസ്ബെറി, ബീന്‍സ്‌ തുടങ്ങിയവ പാകമായി വരുന്നതേയുള്ളൂ.













(ചിത്രങ്ങള്‍: ചെറിയാന്‍ തോമസ്)

Thursday, May 31, 2007

ജൂണിന്റെ ആഹ്ലാദങ്ങള്‍

[ചിത്രം: അരുണ്‍ ശശി]
തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
ചങ്ങമ്പുഴക്കവിത ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ ജൂണിന്റെ വരവ്‌. അസ്ഥികൂടങ്ങളായി കാണപ്പെട്ടിരുന്ന മരങ്ങള്‍ ഇലക്കൊഴുപ്പോടെ മേപ്പിളും, ഓക്കും ബേര്‍ച്ചും മറ്റുമായി മുത്തശ്ശി ഭാവത്തില്‍ നില്‍ക്കുന്നു.

ആദ്യത്തെ വിളവെടുപ്പുകളിലൊന്നാണ്‌ സ്ട്രോബറിയുടേത്‌. ജൂണ്‍ മാസം പകുതി എത്തുമ്പോള്‍ മുതല്‍ സ്ട്രോബറി പാകമാവാന്‍ തുടങ്ങും. തിന്നു മതിയാവുമ്പോള്‍ ബാക്കിയുള്ളതുകൊണ്ട്‌ ജാമുണ്ടാക്കാം. കേക്കും, പൈയും, മഫിനും എന്നു വേണ്ട കാക്കതൊള്ളായിരം രുചി വിഭവങ്ങള്‍ക്ക്‌ ഈ പഴങ്ങള്‍ കൂട്ടു നില്‍ക്കും.

ഒരു മലയാളി വീട്ടമ്മ കാറോടിക്കുന്നത്‌ ഇഷ്ടമില്ലെന്നു പറഞ്ഞാല്‍ കുറ്റമില്ല. പക്ഷെ മലയാളിപ്പെണ്ണ്‌ പാചകം ഇഷ്ടമല്ലെന്നു പറയുന്നതിനെ മഹാപാപമായിട്ടാണ്‌ പലപ്പോഴും കരുതപ്പെടുന്നത്‌.


ഹവ്വയമ്മൂമ്മ ചെയ്ത വലിയ വിഡ്ഡിത്തം നമുക്കൊക്കെയറിയാം. ആപ്പിളൊന്നു കടിച്ചിട്ട്‌
-ഹൗ എന്താ സ്വാദ്‌ എന്നുപറഞ്ഞു പ്രിയനു നീട്ടി. അദ്ദേഹമാണെങ്കില്‍ അതങ്ങു കറുമുറാ കടിച്ചു തിന്നിട്ട്‌ എല്ലാം ഈ ഹവ്വാപ്പെണ്ണിന്റെ വേലത്തരമാണെന്നൊരു പഴി ചാരലും. അതുകൊണ്ട്‌ ഇന്നും കൂടെയുള്ള പെണ്ണ്‌ ഭക്ഷണമുണ്ടാക്കി തരുമെന്നും അതു കഴിച്ചിട്ട്‌ അവളെ കുറ്റപ്പെടുത്താം എന്നുമുള്ള പാരമ്പര്യം വിടാതെ പിടിച്ചിരിക്കുകയാണ്‌ ആദാമിന്റെ പിന്‍ഗാമികളില്‍ ചിലര്‍.

അടുക്കളയില്ലാത്ത വീടു സ്വപ്നം കാണുന്നു കെ. ആര്‍. മല്ലികയുടെ കഥാപാത്രം. നമ്മുടെയൊക്കെ അവസ്ഥകള്‍ എന്ന കഥയില്‍ പ്രിയ ഏ. എസ്സി.ന്റെ ഭാനുക്കഥാപാത്രം ചോദിക്കുന്നു.
-ആരാണ്‌ ഈ അടുക്കള കണ്ടുപിടിച്ചത്‌? ആ ആളെ തൂക്കി കൊല്ലണം.


ഇവിടെ ഇങ്ങനെയൊക്കെ
എന്ന പരമ്പരയിലെ ജൂണ്‍ വിശേഷങ്ങളിലെ ചില ഭാഗങ്ങളാണിത്. പുഴയില്‍ മുങ്ങി മുഴുവനും വായിച്ചിട്ട് അഭിപ്രായങ്ങളുമായി വരൂ. നമുക്ക് വള്ളിയിട്ട അടയുണ്ടാക്കാം (കട: മയൂര) , ജാമുണ്ടാക്കാം.

Sunday, May 06, 2007

പാചകത്തിലെ വിമര്‍ശന പാഠം!

കല്‍ത്തപ്പം
(ഡാലിയുടെ ഓര്‍ക്കൂട്ടു പേജില്‍ നിന്നും സ്നേഹത്തോടെ അടിച്ചുമാറ്റിയത്)

ഡാലിയെന്ന മിടുക്കത്തി ഇഞ്ചിയെന്ന ബൂലോക പാചകറാണിക്കു കൊടുത്ത കല്‍ത്തപ്പത്തിന്റെ പാചകക്കുറിപ്പു കണ്ടത് ഉച്ചതിരിഞ്ഞ് വിശന്നിരിക്കുന്ന സമയത്താണ്.

അരി, ഉഴുന്ന്, തേങ്ങ, ഉള്ളി, ജീരകം, മഞ്ഞള്‍, കറിവേപ്പില .... വായിച്ചപ്പോള്‍ തന്നെ കൊതിയായി. പോരെങ്കില്‍ എല്ലാം അടുപ്പിന്റെ അടുത്തു നിന്നാല്‍ കൈയെത്തുന്ന ദൂരത്തുള്ള സാധനങ്ങള്‍. അതുകൊണ്ട് ജോലികഴിഞ്ഞു വന്ന ഉടന്‍ തന്നെ കല്‍ത്തപ്പമെന്ന കണ്ടിട്ടും കഴിച്ചിട്ടുമില്ലാത്ത സാധനം തയ്യാറാക്കി.

"കൊള്ളാം, പക്ഷെ, ഇനി ഇതു വേണ്ടാട്ടോ"
എന്നൊരു പ്രോത്സാഹനം ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിച്ചിരുന്നപ്പോള്‍ കേട്ടത്
"ഇതെന്തു സാധനമാണ്, നല്ല രുചിയുണ്ട്." എന്നാണ്.
"ഒരു തൃശൂരുകാരിയുടെ റസിപ്പിയാണ്. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും!"
എന്നു പറഞ്ഞ് തൃശൂരുകാരനെ സന്തോഷിപ്പിച്ചു.

കഴിക്കാന്‍ വിളിക്കുമ്പോഴേ ഉണ്ണിക്കും കുഞ്ഞുണ്ണിക്കും അറിയണം എന്താണു സ്നാക്കെന്ന്. അപ്പം എന്ന് ഉറക്കെ പറഞ്ഞു പണി തീര്‍ത്തു. അപ്പമെന്ന പേരിലറിയപ്പെടുന്ന വെള്ളയപ്പം അല്ലെങ്കില്‍ ലേസു വെള്ളേപ്പം പ്രതീക്ഷിച്ചുവന്ന ഉണ്ണി മഞ്ഞ നിറമുള്ള ഈ അവതാരത്തെ നോക്കി ചോദിച്ചു:

"Did you put മോരു in the അപ്പം? "
ഉണ്ണിക്ക് ഇഷ്ടമില്ലാത്ത ഒഴിച്ചുകറിയാണ് yellow മോരു എന്നു വിളിക്കപ്പെടുന്ന മോരുകറി.
"മോരൊന്നും ഒഴിച്ചിട്ടില്ല. ഇതു സാധാരണ ഉണ്ടാക്കുന്ന അപ്പമല്ല, പുതിയ തരം അപ്പമാണ് - കല്ത്തപ്പം . കല്‍ - ത്തപ്പം."
കുഞ്ഞുണ്ണി നെടുവീര്‍പ്പോടെ പറഞ്ഞു.
"അമ്മ, your അപ്പം is bad enough, why add കല്ല് to it?"


പക്ഷെ തൃശൂരുകാരന്‍ അടുത്ത രണ്ടു ദിവസം ലഞ്ചു കഴിച്ചത് കല്‍ത്തപ്പമാണ്. അതു കൊണ്ട് അതിനടുത്ത ശനിയാഴ്ച വേള്‍ഡുകപ്പു കാണാന്‍ വന്ന കൂട്ടര്‍ക്ക് കല്‍ത്തപ്പത്തിന്റെ മാവ് പുഴുങ്ങിയുണ്ടാക്കുന്ന ഇണ്ഡ്രിയപ്പം കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

അതു കഴിച്ച കശ്മലന്മാരുടെ കമന്റ് കുഞ്ഞുണ്ണിയുടേതിനേക്കാള്‍ കഠിനമായിരുന്നു:

“അയ്യേ, ഇതു രണ്ടാഴ്ച മുന്‍പുണ്ടാക്കിയ പെസഹാ അപ്പം ഇരുന്നു മഞ്ഞച്ചു പോയതാണൊ?”
പെസഹ അപ്പത്തിനും ഇതേ രുചിയാണത്രേ. പക്ഷേ മഞ്ഞള്‍ ചേര്‍ക്കില്ല.
‘അല്ലല്ല, ഇതു പരിപ്പു കറി ബെയിക്കു ചെയ്തതാണ് . ദേ കറിവേപ്പില കടിക്കുന്നുണ്ട്’.”

ഒരു ദോശപ്പോസ്റ്റില്‍ 32 കമന്റുകള്‍ ഇട്ടതിന് ഇതിലും വലിയ ശിക്ഷ എന്തുകിട്ടാനാണ്!! അതോ ഓര്‍ക്കുട്ടു പേജില്‍ നിന്നും പകര്‍പ്പവകാശം ഇല്ലാതെ പാചക വിധി പകര്‍ത്തിയതിനൊ?


പുഴയില്‍ വന്ന രണ്ടു രചനകളിലേക്കുള്ള വഴികള്‍.
ഭൂമിയില്‍ മഴവില്ലു വിരിയുമ്പോള്‍ - ഇവിടെ ഇങ്ങനെയൊക്കെ
ഒരു പ്രതിയും കുറെ അന്യായക്കാരും - കഥ

Tuesday, April 03, 2007

ഏപ്രില്‍ വിശേഷങ്ങളും ഒരു കഥയും


ബൂലോഗാസക്തി ജീവിതം കട്ടപ്പൊകയാക്കുമെന്നു തോന്നിയപ്പോള്‍ ഒരു ബ്ലോഗു നൊയമ്പ് ആവാമെന്നു കരുതി. നാല്പതു ദിവസത്തേക്ക് ബ്ലോഗു വായിക്കില്ല, എഴുതില്ല, കമന്റില്ല എന്നൊക്കെയൊരു പ്രതിജ്ഞ.

പക്ഷെ എന്തുചെയ്യാന്‍!! ബൂലോഗത്തിന്റെ നടുമുറ്റത്തു കളംവരച്ച് പേരെഴുതി അമ്പടയാളമിട്ട് ബ്ലോഗിലേക്ക് ആവാഹിച്ചാല്‍ വഴുക്കലു പിടിച്ച ഈ മഞ്ഞു രാജ്യത്തുള്ളയാള് തലയുംകുത്തി വീണുപോവില്ലെ?

കലുങ്കിലിരിക്കാന്‍ സമയം കിട്ടിയില്ലെങ്കിലും ഇടക്കൊക്കെ കവലയില്‍ വന്ന് ഒന്നു ഷൂളം കുത്തിയിട്ടു പോകാറുണ്ടായിരുന്നു. ചില പോസ്റ്റുകാലുകള്‍ക്കു ചുവട്ടില്‍ ഒരു ശ്വാനപ്രയോഗം. ഇടക്ക് സ്ക്രീനിലേക്കു നോക്കി പൊട്ടിച്ചിരിക്കുന്നതു കാണുമ്പോള്‍ അടുത്ത കസേരയിലിരിക്കുന്ന ജൂണിയര്‍ ചോദിക്കും ഇത്രക്കു രസകരമായ ഏതു പ്രോഗ്രാമിംഗ് ലാംഗ്വേചാണ് ഉപയോഗിക്കുന്നതെന്ന്. സായ്‌വിനറിയുമോ മലയാളം തന്‍ ഗുണം! അതിനിടക്ക് ഞാനറിയാതെ ഇവിടെ ഒരു കല്യാണം നടത്തി , ഒരു മിടുക്കികുട്ടി ഒരു സുന്ദരേശന്റെ കവിളത്ത്ഠേ’ പൊട്ടിച്ചു.... ഇതൊക്കെ കളഞ്ഞിട്ട് എന്തോന്നു നൊയമ്പ്?

ഇവിടെ ഇങ്ങനെയൊക്കെ എന്നൊരു പരമ്പര ജനുവരി മുതല്‍ പുഴയില്‍ എഴുതുന്നുണ്ട്.
പുതിയത്: പൂക്കളുടെ പുനരുത്ഥാനം

എപ്രില്‍ 1, ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകാരിച്ച കഥ തണല്‍ നിശബ്ദമാണല്ലൊ

ഇതൊക്കെ ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ചിരിക്കുന്നു. ധീരതയോടെ കമന്റിക്കോളൂ. തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയിറമ്പത്തു നിന്നും മാറ്റി വെച്ചിരിക്കുകയാണ്.

Monday, March 05, 2007

യാഹുവിന്റെ അഹങ്കാരം!!

Definition

Plagiarism : copying, illegal use, breach of copyright, bootlegging.

Example: Yahoos malayalam portel

സാഹിത്യചോരണം: മറ്റൊരാള്‍ എഴുതിയതിനെ സ്വന്തമായി അവതരിപ്പിക്കല്‍

ഉദാഹരണം: യാഹുവിന്റെ മലയാളം പോര്‍ട്ടല്‍.

Friday, February 16, 2007

മോഹന്‍ലാല്‍ കഥാപാത്രവും ഒരു കനേഡിയന്‍ പൌരനും

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സൂ‌ര്യ ടി.വി.യില്‍ നാട്ടുരാജാവെന്ന സിനിമ കത്തിക്കയറുകയാണ്‌. സര്‍വ്വഗുണ സമ്പന്നനായ മോഹന്‍ലാലിനെ നോക്കി കലാഭവന്‍ മണി വരുത്തി തീര്‍ത്ത കോട്ടയം ആക്സെന്റില്‍ വിളിക്കുന്നൂ

"സണ്ണിച്ചായാ"

ചോറില്‍ ക്യാബേജു തോരന്‍ അധികമായിപ്പോയെന്ന ഉണ്ണിയുടെ പരാതിയെ മറി കടന്ന് കുഞ്ഞുണ്ണി ചോദിച്ചു.

"സണ്ണിചായ - അതെന്തു പേരാ?"

സണ്ണിയെന്ന പേരിനോടു ബഹുമാനാര്‍ത്ഥം അച്ചായാ എന്നു ചേര്‍ക്കുമ്പോള്‍ അങ്ങിനെയാവുമെന്നും ചേട്ടന്‍ എന്നതിനു തത്തുല്യമായ ഒരു പ്രാദേശീക പ്രയോഗം ആണെന്നുമൊക്കെയുള്ള മലയാള പഠനം കഴിഞ്ഞതും കുഞ്ഞുണ്ണി പ്രസ്താവിച്ചു.

"When I get bigger I am going to get a name like ഡെവന്‍-ദോശ!"

"ങ്‌ ഹേ? ഡെവന്‍-ദോശയോ? എന്നുവെച്ചാലെന്താ?"

"If Mohanlal can have a cool name like സണ്ണി-ചായ, I am going to be ഡെവന്‍-ദോശ."
കൂളായ ഉത്തരം.

സണ്ണി ചായ - ഡെവന്‍ ദോശ...
ചായ - ദോശ!

മലയാളം അദ്ധ്യാപിക സന്ധിയും സമാസവും തകര്‍ന്ന് നിലത്തു വീണു പോയി!

Sunday, February 11, 2007

അപേക്ഷ

പ്രവാസിയെന്നു വിളിച്ചെന്നെ
പരിഹസിക്കരുത്‌.

പര്യായം പലതാണിതിന്‌
ഭാഷക്കു പഴക്കം
വിഷയം അനുചിതം
വരികളില്‍പ്പരാതി.

മുറ്റത്തു കുഴികുഴിച്ച്‌
ഇലയിലേക്കൊരു പുരസ്കാരമെറിഞ്ഞ്‌
നിരുത്സാഹപ്പെടുത്തരുത്‌.

സംവരണം വേണ്ട
പൊന്നാട വേണ്ട
ഒപ്പമിരുന്നുണ്ണാനനുവദിക്കുക
തൊട്ടാല്‍ കുളിക്കണമെന്ന
അയിത്തമുപേക്ഷിക്കുക.

-വിധേയത്തത്തോടെ
കേരളത്തില്‍ പൊറുക്കുവാന്‍
ഭാഗ്യമില്ലാതെപോയ
മെനകെട്ട ഒരു മലയാളി.

ചില കൃതികള്‍

പരമ്പര:പുഴ മാഗസിന്‍ :ഇവിടെ ഇങ്ങനെയൊക്കെ

ലേഖനം: മൂന്നാമിടം:
കാനഡയുടെ കാപ്പി
സെപ്തംബര്‍ പതിനൊന്നു മുതല്‍ നവംബര്‍ പതിനൊന്നു വരെ
കണക്കെടുപ്പുകളുടെ കാലം

പൊങ്ങച്ചം

നാളെ നാളത്തെ യാത്ര എന്ന കഥക്ക്‌ ഉത്സവിന്റെ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്‌.
സുജാതയുടെ വീടുകള്‍ 2002-ലെ തകഴി പുരസ്ക്കാരം നേടി.
പ്രഥമകഥാ സമാഹാരമായ ആദ്യത്തെ പ‌ത്തിന് പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം

ഒടുവില്‍ പ്രസിദ്ധീകരിച്ചവ:
കറിവേപ്പു പഠിപ്പിച്ചത്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
വെണ്ടയ്ക്കതോരന്‍ - കലാകൌമുദി
അബുഗ്രായ്ബ്‌ -മൂന്നാമിടം
നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി - ഭാഷാപോഷിണി
വിതുമ്പുന്ന വൃക്ഷം - ദേശാഭിമാനി വിഷുപ്പതിപ്പ്‌
മനശാസ്ത്രജ്ഞനൊരു കത്ത്‌ - പച്ചമലയാളം
ചില തീരുമാനങ്ങള്‍ - മലയാളം വാരിക
നഷ്ടപ്പെടുവാന്‍..? - ദേശാഭിമാനി വാരിക