Tuesday, December 02, 2008

മഞ്ഞമോരും ചുവന്നമീനും

എയപോര്‍ട്ടിനു പുറത്തു കടന്നതും സ്വപ്ന പരാതി ശബ്ദത്തില്‍ ചോദിച്ചു.
-അയ്യേ, എവിടെ മഞ്ഞ്‌? കാനഡേലു മുഴുവന്‍ മഞ്ഞാണെന്നു പറഞ്ഞിട്ട്‌ ഇതെന്താ മഴ?

ഉരുക്കുന്ന ഏപ്രില്‍ച്ചൂടില്‍ നിന്നും വന്ന മനീഷിന്റേയും സ്വപ്നയുടേയും ശരീരങ്ങളെ വിറപ്പിച്ചുകൊണ്ട്‌ എയര്‍പ്പോര്‍ട്ടിനു ചുറ്റും മഴ നിര്‍ദ്ദയമായി പെയ്തു. കാറോളം നടന്നപ്പോഴേക്കും ബാഗുകള്‍ തൂക്കിപ്പിടിച്ചിരുന്ന അവരുടെ കൈകള്‍ മരവിച്ചു പോയിരുന്നു.

-സ്പ്രിംഗ്‌ ആയില്ലെ, അതാണു മഴ.

വിമാനത്താവളത്തില്‍ അവരെ സ്വീകരിക്കാനെത്തിയ പരിചയക്കാരന്‍ സജു പറഞ്ഞു. വഴിയരികില്‍ അലിഞ്ഞു തീരാതെ ബാക്കി കിടന്നിരുന്ന പഴകിയ മഞ്ഞുകൂനകളില്‍ മഴ ചെളിയും മണ്ണും തെറിപ്പിച്ച്‌ ഭംഗി കെടുത്തുന്നത്‌ സ്വപ്ന കാറിന്റെ ജനലിലൂടെ കണ്ടു. പക്ഷെ കുറച്ചാഴ്ചകള്‍ക്കുള്ളില്‍ ഉണങ്ങിയ മട്ടില്‍ നിന്നിരുന്ന മരം ഇലയില്ലാതെ പൂക്കള്‍ മാത്രമായി പൊട്ടിത്തരിച്ചുകൊണ്ട്‌ സ്വപ്നയെ അത്ഭുതപ്പെടുത്തി.

-നോക്യേ മനീഷേ, I want to do with you what spring does with the cherry trees എന്നു നെരൂദ പറഞ്ഞതു ശരിക്കും ഉള്‍ക്കൊണ്ടതിപ്പഴാ. മരവിപ്പില്‍ നിന്നും അടിമുടി പുളകത്തിലേക്കെത്തിക്കുക.. ഹാവൂ..!

ബോട്ടണിക്കാരിയുടെ മനസ്സ്‌ പൂക്കളിലും പരിചയമില്ലാത്ത മരങ്ങളിലുമായി ചുറ്റിത്തിരിഞ്ഞു. ആ സമയത്തൊക്കെ മനീഷു റെസ്യൂമെ മോടി പിടുപ്പിച്ചു. പഠിക്കാന്‍ ശ്രമിച്ചു. എന്നിട്ടെന്താ, പൂക്കള്‍ മുഴുവന്‍ കൊഴിഞ്ഞ്‌ മരങ്ങള്‍ നിറയെ ഇലവന്ന ജൂണ്‍ മാസമായിട്ടും പഠിപ്പുകാരന്‍ ജോലിക്കാരനായില്ല. നഗരത്തിലെ ആകാശമെത്തുന്ന ഓഫീസു കെട്ടിടങ്ങളില്‍ എത്രായിരം കസേരകളും മേശകളുമുണ്ടാവുമെന്ന്‌ മനീഷു കണക്കുകൂട്ടി. പക്ഷെ മനീഷിനിരിക്കാന്‍ മാത്രമൊരു കസേര ആരും നീക്കിയിട്ടു കൊടുത്തില്ല.

ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയില്‍ ധാരാളം ഒഴിവുകളുണ്ടെന്ന്‌ വായിച്ചറിഞ്ഞ തുടക്കത്തിലേക്കും പിന്നെ പേപ്പറുകള്‍ ശരിയാക്കികൊടുത്ത ഏജന്‍സിയുടെ വര്‍ണ്ണനകളിലേക്കും പലപ്പോഴും അയാളുടെ മനസ്സൊഴുകിപ്പോയി. കാനഡയിലേക്കു അവരു വെട്ടിയ കുറുക്കു വഴിയുടെ ഭാഗമായിരുന്നു കൂടെ കൊണ്ടുപോകാന്‍ മൂന്നു ലക്ഷം രൂപ വേണമെന്നത്‌. വന്നു കഴിഞ്ഞ്‌ വെറുതെ കിടക്കുന്ന ഒഴിവുകളിലൊന്നില്‍ കയറിയിരുന്നു ശമ്പളം വാങ്ങുന്നതുവരെ കഴിയാനുള്ള വക എന്നനിലയില്‍ സര്‍ക്കാരിന്റെ മുന്‍ കരുതല്‍.

ഒഴിവുകളുണ്ടല്ലൊ, അതിലൊന്നും മനീഷു പാകമാകാതിരിക്കുവാനുള്ള ഒഴിവുകഴിവുകളും ധാരാള മായിപ്പോയെന്നു മാത്രം. ചില ജോലിക്ക്‌ സ്വന്തം കാറുവേണം, അല്ലെങ്കില്‍ കാറോടിക്കുവാനുള്ള ലൈസന്‍സുണ്ടാവണം, പിന്നെ ജോലി പരിചയം. കാനഡയിലെ ജോലിപരിചയം കോഴിയോ മുട്ടയോ ആദ്യം വരികയെന്ന ചോദ്യം പോലെ. ഇംഗ്ലീഷ്‌ വ്യാകരണത്തെറ്റില്ലാതെ എഴുതിയാല്‍ പോര. ഉരുളക്കുപ്പേരി അമേരിക്കന്‍ സ്വരഭാരത്തില്‍ മുറപ്രകാരമുള്ള അംഗവിക്ഷേപങ്ങളോടെ വിളമ്പണം.

പാര്‍ഡണ്‍ മീ.. സോറി... ക്യാന്‍ യൂ എക്സ്പ്ലേയ്ന്‍ പ്ലീസ്‌ ഒക്കെ തിരിച്ചും മറിച്ചുമിട്ടിട്ടും പലപ്പോഴും ചോദിച്ചതിനല്ല മറുപടി പറഞ്ഞതെന്ന്‌ മനീഷിനു തോന്നി. രൂപ ഡോളറായി ചുരുങ്ങിയതുപോലെ പഠിപ്പിനും മൂല്യവ്യത്യാസമുണ്ടാവും എന്നു സ്വപ്നയോടു പറയാന്‍ അയാള്‍ ഭയപ്പെട്ടു.

മരങ്ങളിലെ ചെറുകായ്കള്‍ വലിയ പഴങ്ങളായി മാറിയപ്പോള്‍ മനീഷു പറഞ്ഞു.

-ഇഞ്ചിനീയറായി ജോലി കിട്ടണമെന്ന ദുരാഗ്രഹം വേണ്ടെന്നു വെക്കാമല്ലെ. എന്തുകിട്ടിയാലും എടുക്കാം.

-കഷ്ടപ്പെട്ടു പഠിച്ച്‌ നല്ല മാര്‍ക്കു വാങ്ങിയല്ലേ ഇഞ്ചിനീയറിംഗു പാസായത്‌. എന്നു മുതലാണു പഠിപ്പനുസരിച്ചുള്ള ജോലി ദുരാഗ്രഹമായത്‌?

സ്വപ്നയുടെ ഉത്തരം കേട്ടപ്പോള്‍ അവള്‍ ഛര്‍ദ്ദിക്കാനുള്ള പുറപ്പാടിലാണെന്നു മനീഷിനു തോന്നി. അവള്‍ ആദ്യം ഛര്‍ദ്ദിച്ചത്‌ കല്യാണം കഴിഞ്ഞ്‌ മൂന്നു മാസം കഴിഞ്ഞപ്പോഴാണ്‌. അമ്മാവന്റെ വീട്ടില്‍ പോകുമ്പോള്‍ സാരിയുടുക്കാന്‍ മനീഷിന്റെ മമ്മിയവളെ നിര്‍ബന്ധിച്ചു. മമ്മിയും അടുക്കളയിലെ പണിനിര്‍ത്തി ഗംഗയും കൂടി കുറച്ചു നേരം ശ്രമിച്ചിട്ടാണ്‌ സാരി പിടിപ്പിച്ചു വച്ചത്‌. കഴിഞ്ഞതും സ്വപ്ന കുളിമുറിയിലേക്കോടി. ആളൊഴിഞ്ഞപ്പോള്‍ സ്വപ്ന മനീഷിനോടു പരാതിപ്പെട്ടു.

-അഞ്ചു മീറ്ററുള്ള ഈ ലാബറിന്തിനകത്തിട്ടെന്നെ ചുറ്റിക്കല്ലെ മനീഷേ!
ഭംഗി പാരമ്പര്യം എന്നൊക്കെ പറഞ്ഞാല്‍ സ്വപ്ന തര്‍ക്കിക്കും.
-അമ്മൂമ്മ മുണ്ടാണുടുത്തിരുന്നത്‌. മമ്മി സാരിയും. നമ്മുടെ ജനറേഷന്‍ സാരിയില്‍ സ്റ്റക്കാകണമെന്നു പറയുന്നതു ശരിയാണൊ?

സ്വപ്ന ഛര്‍ദ്ദിച്ച വിവരം സന്തോഷത്തോടെ പറഞ്ഞവരുടെ മുന്നില്‍ മമ്മി മുഖം ഒന്നമര്‍ത്തി തുടച്ചു നടക്കേണ്ടി വന്നു. പിന്നേയും രണ്ടു വര്‍ഷം കഴിഞ്ഞാണ്‌ പ്രണവുണ്ടായത്‌.
സ്വപ്നയും മനീഷും പ്രണവിനെ നടുക്കിരുത്തി ടി.വി.യിലെ കാലാവസ്ഥ വിവരണങ്ങള്‍ കണ്ടു. ചൂടിനേയും തണുപ്പിനേയും ഇത്രക്കു വര്‍ണിക്കാനുണ്ടൊ എന്നവര്‍ ഇടക്കൊക്കെ പരസ്പരം ചോദിച്ചു. കോട്ടും സ്വറ്ററും ബൂട്ട്സുമിട്ട പെണ്ണുങ്ങള്‍ നെടുകേയും ചരിഞ്ഞും ഔദ്ധത്യത്തോടെ നില്‍ക്കുന്ന പരസ്യപ്പത്രം വന്ന ദിവസം മനീഷു സജുവിനെ വിളിച്ചു.

-അങ്കിളിന്റെ പരിചയക്കാരാരെങ്കിലും വിചാരിച്ചാല്‍ ഒരു ജോലി കിട്ടാന്‍ ചാന്‍സുണ്ടാവുമോ?

മനീഷിനിപ്പോള്‍ അര്‍ജുനന്റെ ഏകാഗ്രതയാണ്‌. അഭിമാനവും മര്യാദയുമൊക്കെ ഇലയും പക്ഷിക്കൂടും മാത്രം. മൂന്നാംകിട രാജ്യത്തെ ഒന്നാംകിട പൗരനില്‍ നിന്നും ഒന്നാംകിട രാജ്യത്തെ മൂന്നാംകിട പൗരനിലേക്കുള്ള അകലത്തെ അത്യാഗ്രഹം കൊണ്ടാവുമൊ അളക്കേണ്ടതെന്ന്‌ അയാള്‍ സ്വയം ചോദിച്ചു.

സജു അവരെ വീട്ടിലേക്ക്‌ അത്താഴത്തിനു ക്ഷണിച്ചു. ഉപനഗരത്തിലുള്ള വീടോളം ബസെത്താത്തതുകൊണ്ട്‌ സജു കാറില്‍ കൊണ്ടുപോകേണ്ടി വന്നു.

ലിവിംഗ്‌ റൂമിലെ പ്രൗഡിയുള്ള സോഫകള്‍ക്കും ഉപയോഗിക്കാന്‍ മടി തോന്നിപ്പിക്കുന്ന കുഷ്യനുകള്‍ക്കും ഇടയില്‍ ചെറിയൊരു അങ്കലാപ്പോടെ മനീഷ്‌ അന്ന്‌ ഒറ്റപ്പെട്ടു പോയിരുന്നു. കണ്ണുകള്‍ ഭിത്തിയിലെ പ്രസിദ്ധമായ പെയിന്റിംഗിന്റെ കോപ്പിയിലും നിലത്തെ പരവതാനിയിലുമൊക്കെയായി മാറ്റിനട്ട്‌ അയാള്‍ മര്യാദക്കാരനാകാന്‍ ശ്രമപ്പെട്ടു. സോഫകള്‍ക്കു നടുവിലെ ചില്ലുകൊണ്ടുള്ള മേശയുടെ ചെറുപതിപ്പുകളാണ്‌ സോഫകള്‍ കൂടുന്നിടത്തെ മൂലമേശകളെന്നൊരു വലിയ കണ്ടുപിടുത്തം നടത്തിയതില്‍ സ്വയം അഭിനന്ദിച്ച്‌ കുറച്ചു സമയം കഴിച്ചു.

അടുക്കളയോടു ചേര്‍ന്ന ആഡ്യത്തം കുറഞ്ഞ ഫാമിലി റൂമിലാണ്‌ സ്വപ്ന ചെന്നു പെട്ടത്‌. ഭിത്തികളിലെ സൂട്ടും പട്ടാംബരവും കവിയുന്ന കുടുംബചിത്രങ്ങളും, വീതിയുള്ള ഫ്രെയിമുകള്‍ക്കുള്ളിലെ കൊതിപ്പിക്കുന്ന അച്ചടക്കമുള്ള കുട്ടികളും, ഒരിക്കലും കത്തിക്കാത്ത ഫയര്‍പ്ലേസിനു മുകളിലെ മാന്റല്‍ എന്ന പടിയില്‍ നിന്നും കഴിഞ്ഞ തലമുറയിലെ കാരണവന്മാരും അവളെ തുറിച്ചു നോക്കി. ആ മുറിയിലെ ഉപയോഗിച്ചു പഴകിയ സോഫകളും കുഷ്യനും ചെറു മേശകളും മങ്ങിയ ഇന്ത്യന്‍ കൗതുകവസ്തുക്കളും അവളോടു ചങ്ങാത്തം കൂടിയതുമില്ല. നീളന്തണ്ടുള്ള വൈന്‍ ഗ്ലാസു പിടിച്ചിരുന്ന പെണ്ണുങ്ങള്‍ സ്വപ്നക്കു മനസ്സിലാവാത്ത ഭാഷയില്‍ സംസാരിച്ചു.

-സോബീസില്‍ ചിക്കന്‍ സെയിലുണ്ട്‌.
-ആന്നോ, എത്ര പൈസായാ
-പൗണ്ടിന്‌ തൊണ്ണൂറ്റൊമ്പതു സെന്റ്‌
-എന്നാ റ്റെന്‍ സെന്റ്‌ സെയിലു തൊടങ്ങുന്നത്‌? ഉള്ളിക്കും ക്യാരറ്റിനുമൊക്കെ?
-അതു സാധാരണ ഒക്ടോബറിലല്ലെ. ഞാനിതുവരെ കണ്ടില്ല.

ഊണിനു നേരമായപ്പോള്‍ പ്രണവിനു ചോറെടുക്കുക എന്ന സമസ്യക്കു മുന്നിലും സ്വപ്ന ഒറ്റപ്പെട്ടു. മേശപ്പുറത്തു നിരന്ന അനേകം വിഭങ്ങളിലേക്കു നോക്കി പരുങ്ങുന്ന സ്വപ്നയെ ഒരു മഴവില്ലുപോലെ മനീഷു കണ്ടിരുന്നു. നീട്ടിയ പാത്രത്തിലേക്കു ചോറു വിളമ്പിയിട്ട്‌ മനീഷും സംശയിച്ചു.

-മോരെടുക്ക്‌!

മഞ്ഞ നിറമുള്ള കറി ചൂണ്ടിയാണ്‌ ആന്റി പറഞ്ഞത്‌. ചോറിനെ മഞ്ഞളിപ്പിക്കുന്ന മോരുകറി. മറ്റൊരു പാത്രത്തില്‍ ചുവന്ന ചാറില്‍ പാതി പുറത്തായി മീന്‍ കഷണങ്ങള്‍. സ്ക്കെയിലുവച്ചു വരച്ചിട്ടു മുറിച്ചതുപോലെയുള്ള ചതുര കഷണങ്ങള്‍ക്കു നല്ല കട്ടിയുണ്ട്‌. മീന്‍ തന്നെയാണൊ, ഫാക്ടറിയില്‍ ഉണ്ടാക്കിയതാവുമൊ എന്നു സ്വപ്നയോടു ചോദിക്കുന്നതോര്‍ത്ത്‌ മനീഷു ഉള്ളില്‍ ചിരിച്ചു.

ഊണു തുടങ്ങിയതോടെ ലിവിംഗ്‌റൂമിലെ ശബ്ദം ഇല്ലാതായി. ഇടക്ക്‌ എന്തെങ്കിലും പറയണമെല്ലൊ എന്നോര്‍ത്താണ്‌ എന്തു തരം മീനാണെന്ന്‌ മനീഷു ചോദിച്ചത്‌. കിംഗ്‌ ഫിഷ്‌, നെമ്മീന്‍, നെയ്മീന്‍, അല്ല അയക്കൂറ... ലിവിംഗ്‌ റൂമില്‍ വീണ്ടും ബഹളമായി.

-മീനിനെക്കുറിച്ച്‌ അറിയണമെങ്കില്‍ ഞങ്ങളു മലബാറീസിനോടു ചോദിക്കണം. ഞങ്ങളുടെ ബ്രെയ്ക്ക്‌ ഫാസ്റ്റു തന്നെ മീനിലാ.
-അതു നിങ്ങക്കു ബോധമില്ലാഞ്ഞിട്ടാ. നല്ല മീങ്കറി കൂട്ടണമെങ്കി കോട്ടയത്തു വരണം. കൊടമ്പുളിയിട്ട മീങ്കറിക്കെന്നാ ടെയ്സ്റ്റാ!

പിന്നെ മലബാറീസും തിരുവതാംകൂറീസും കുറെയേറേനേരം തര്‍ക്കിച്ചു. അതിനിടയില്‍ തിരുക്കൊച്ചിയിലെ ചാളക്കറി മിണ്ടാതെ തേങ്ങച്ചാറില്‍ മുങ്ങി ഒരു സോസറില്‍ കുറുകെ കിടന്നു.

-ആണിയില്‍ തൂക്കിയിടുമ്പോള്‍ ഭൂപടത്തില്‍ മുകളിലാണെന്നു കരുതി വടക്കുള്ളവര്‍ക്ക്‌ തെക്കുള്ളവരോട്‌ പൊതുവെ ഒരു മേല്‍ക്കോയ്മയുണ്ട്‌. ഉത്തരേന്ത്യക്കാരനു മദ്രാസിയോടു പുച്ഛം. മലബാറുകാര്‍ക്ക്‌ തിരുവതാംകൂറുകാരെ പിടിക്കായ്ക.

കൂടുതല്‍ കഷണ്ടിയും കുറച്ചു മുടിയുമുള്ള മനുഷ്യനാണതു പറഞ്ഞത്‌. അയാള്‍ താഴെയുള്ള മുടി നീട്ടി മുകളിലേക്കു പരത്തി ചീകിവച്ച്‌ കഷണ്ടി മറക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എഴുപതുകളിലോ എണ്‍പതുകളിലോ മുടിനീട്ടി സഞ്ചിയും തോളിലിട്ടു നടന്നിരുന്ന ഒരു യുവാവായിരുന്നു അയാളെന്നു മനീഷിനു തോന്നി.

തര്‍ക്കം എങ്ങുമെത്താതെ തിരിയുന്നതിനിടക്കാണ്‌ സജുവങ്കിള്‍ മനീഷിന്റെ ജോലിക്കാര്യമെടുത്തിട്ടത്‌. ഉത്സാഹത്തോടെ എല്ലാവരും പുതിയ വിഷയത്തിലേക്കു കടന്നു.

-എത്ര പഠിത്തമുണ്ടായിട്ടും കാര്യമില്ല. ഇവമ്മാരു തൊലിനോക്കിയേ ഹയറു ചെയ്യൂ.
-ഡിസ്ക്രിമിനേഷന്‍ അല്ലാതെന്താ?
-ഞ്ഞാന്‍ വന്നകാലത്ത്‌ തറ തുടച്ചിട്ടുണ്ട്‌.
-പിന്നെ ഞാനെത്ര വര്‍ഷം പാതിരാത്രിയില്‍ ഫോര്‍ട്ടീനോസിലെ ഷെല്‍ഫില്‍ സാധനങ്ങളെടുത്തു വെക്കാന്‍ പോയിട്ടുണ്ട്‌.
-എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ജോലികിട്ടുമെന്നാ ഇപ്പോഴത്തെ പിള്ളേരടെ വിചാരം! ഇവിടെ ജോലി എടുത്തു വെച്ചിരിക്കുകയല്ലേ!

ഏജന്റിന്റെ കണക്കുകള്‍ മനീഷിന്റെ മനസ്സില്‍ കിടന്നു പിടഞ്ഞു.
-ഐ.ടി. ഫീല്‍ഡില്‍ 120 ഒഴിവുകള്‍ ടൊറന്റോയില്‍ തന്നെയുണ്ട്‌.
അതെടുത്ത്‌ ഇയാളുടെ വായില്‍ തിരുകിയാലൊ?

പിന്നെ ജോസഫും വര്‍ക്കിയും കൂണു ഫാക്ടറിയില്‍ ജോലിക്കു പോയ പഴയ കഥയിലേക്കു തെക്കരും വടക്കരും ഒരുമയോടെ കൂപ്പുകുത്തി. പഴങ്കഥകള്‍ക്കും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ സായിപ്പിന്റെ വിവേചനത്തിനു മുന്നില്‍ അത്യാഗ്രഹക്കാരനായി മനീഷൊറ്റക്കുനിന്നു. ഭൂപടപരമായി പടിഞ്ഞാറിനു കിഴക്കിനോടുള്ളത്‌ ഒരു വശക്കോയ്മ ആയിരിക്കുമോ എന്ന്‌ മനീഷത്ഭുതപ്പെട്ടു.

തിരിച്ച്‌ അപ്പാര്‍ട്ടുമെന്റിലെത്തിയപ്പോള്‍ അയാള്‍ സ്വപ്നയോടു ചോദിച്ചു.
-മോനെന്താ കഴിച്ചത്‌?
-മഞ്ഞമോരും ചുവന്നമീനും കൂട്ടി അവനു ചോറുകൊടുത്തു. നിങ്ങളിരുന്നിടത്ത്‌ എന്തായിരുന്നു ബഹളം?
-അത്‌ ബാറീസും കൂറീസും വമ്പു കമ്പയറു ചെയ്യുകയായിരുന്നു.
വിശദീകരിക്കുമ്പോള്‍ സ്വപ്നയുടേ മുഖത്ത് ഛര്‍ദ്ദിക്കാനുള്ള ഭാവം വന്നു.

ആണിത്തൂക്കത്തിലെ മേല്‍ക്കോയ്മയെക്കുറിച്ചു പറഞ്ഞപ്പോള്‍ സ്വപ്ന ചോദിച്ചു.
-സച്ചിദാനന്ദമുടിയുടെ കണ്ടുപിടുത്തമാണൊ?
-അയാളുടെ പേര്‌ കെ. ആര്‍. കുരുവിള എന്നാണ്‌. പക്ഷേ കുരൂളേച്ചന്‍ എന്നാണെല്ലാവരും അയാളെ വിളിക്കുന്നത്‌.

സ്വപ്നക്കതൊന്നും പ്രശ്നമല്ലെന്നും അവള്‍ അയാളെ സച്ചിദാനന്ദമുടി എന്നു മാത്രമേ വിശേഷിപ്പിക്കൂ എന്നും മനീഷിനറിയാമായിരുന്നു.

പിന്നെ മനീഷിനും സ്വപനക്കും സജുവിന്റെ വീട്ടില്‍വന്ന പലരുടേയും അതിഥിയാകേണ്ടിവന്നു. അതോടെ, മോരുകറി, വരട്ടിയെടുത്ത ഇറച്ചി, പുളിയുള്ള ചുവന്ന ചാറില്‍ മീനിന്റെ ഫാക്ടറിക്കഷണങ്ങള്‍. അങ്ങനെ പോകുന്ന കോട്ടയം ക്രിസ്ത്യാനികളുടെ പതിവു മെനുവിനെ മനീഷ്‌ കോ.ക്രി. ഊണ്‌ എന്നു വിളിക്കാന്‍ തുടങ്ങി. ഒരു ജോലി തരപ്പെടുമെങ്കില്‍ എത്ര കോക്രിയൂണുണ്ണാനും തയ്യാറാണെന്ന്‌ അവന്‍ സ്വപ്നയോടു വീമ്പു പറഞ്ഞു.

ഇതിനിടക്കാണ്‌ അപ്പാര്‍ട്ടുമെന്റിനു മുന്നില്‍ നിന്നുരുന്ന ഗിന്‍ങ്കൊ മരത്തിലെ ഇലകള്‍ക്ക്‌ കടുംമഞ്ഞ നിറമായത്‌. അതിന്റെ ചെറുവിശറികള്‍ പോലുള്ള ഇലക്ക്‌ മത്തു പിടിപ്പിക്കുന്ന ഭംഗിയെന്നു സ്വപ്ന പറഞ്ഞു. പിന്‍വശത്തെ കിടപ്പു മുറിയിലെ ജനലിലൂടെ കാണാവുന്ന സണ്‍സെറ്റ്‌ മേപ്പിള്‍എന്ന മരത്തിന്റെ ഇലകള്‍ക്ക്‌ കത്തുന്ന ചുവപ്പു നിറമായി. ചെടികളെ തലോടി മരങ്ങളുടെ ഇല പരിശോധിച്ച്‌ സ്വപ്ന അവയുടെ കുടുംബങ്ങള്‍ കണ്ടുപിടിച്ചു. ഇടക്കൊക്കെ ചില മരയറിവുകളും ഇലസത്യങ്ങളും അവള്‍ മനീഷിനു വിളമ്പി.

-തണുപ്പു കാലത്തേക്ക്‌ ആവശ്യമുള്ള മൂലകങ്ങളെയൊക്കെ മാറ്റി വെയ്ക്കുന്നോണ്ടാ എലേടെ നിറം മാറുന്നത്‌. ക്ലോറോഫില്ലു പോകുമ്പം പച്ചനിറം പോവും. അപ്പോ എലേടെ തനിനിറം ചോപ്പും മഞ്ഞേം ഒക്കെയായിട്ട്‌ പുറത്തു വരും. സത്യത്തി ഈ നിറങ്ങളൊക്കെ എലേലേക്കു വരുകല്ല, പച്ചനറം അങ്ങു പോവ്വാ ചെയ്യണെ.

നിരയായി നില്‍ക്കുന്ന മരങ്ങളുടെ വര്‍ണ്ണഭംഗി ശരിക്ക്‌ ആസ്വദിക്കണമെങ്കില്‍ അല്‍ഗോക്വിന്‍ പാര്‍ക്കില്‍ പോകണമെന്ന്‌ അവളോടു അപ്പാര്‍ട്ടുമെന്റിലെ ജാനിറ്റര്‍ പറഞ്ഞു കൊടുത്തു. ടൊറന്റോയില്‍നിന്നും രണ്ടു മണിക്കൂര്‍ വടക്കോട്ടു വണ്ടിയോടിക്കുമ്പോള്‍ ഏക്കറുകള്‍ വിസ്തീര്‍ണ്ണമുള്ള അല്‍ഗോക്വിന്‍ പാര്‍ക്ക്‌.. മരങ്ങളും മൃഗങ്ങളും തടാകങ്ങളും കാടും മലകളും. അവിടെ ക്യാമ്പു ചെയ്യാം ബോട്ടില്‍ പോകാം.

-ശരത്ക്കാലത്ത്‌ നിറം മാറുന്ന ഇലകളുടെ ഭംഗി കാണണമെങ്കില്‍ അല്‍ഗോക്വിനില്‍ തന്നെ പോകണം.
ജാനിറ്റര്‍ ലോയിഡ്‌ ഉറപ്പിച്ചു പറഞ്ഞു. അവിടുത്തെ ചില പടങ്ങള്‍ അയാളുടെ ആല്‍ബത്തില്‍ കണ്ടതോടെ ബോട്ടണിക്കാരിക്കു ഹാലിളകി. മഞ്ഞക്കും ഓറഞ്ചിനും വിവരിക്കാനാവാത്തത്ര തരം തിരിവുകള്‍. മരങ്ങളൂം ചെടികളും കടും നിറങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്നതു കണ്ടാല്‍ വരച്ചു വച്ചിരിക്കുന്നതാണെന്നു തോന്നും.

ശനിയാഴ്ച രാവിലെ അല്‍ഗോക്വിനു കൊണ്ടുപോകാമെന്ന്‌ സജു ഏറ്റതോടെ അപ്പാര്‍ട്ടുമെന്റിലും നിറംവച്ചു. ഉച്ചക്കു കഴിക്കാനുള്ളതു അവിടെയിരുന്നു കഴിക്കാനായി പൊതിഞ്ഞു കൊണ്ടുപോവുക. വൈകുന്നേരം അത്താഴം സജുവിന്റെ വീട്ടില്‍.

സ്വപ്ന മൂളിപ്പാട്ടോടെ തൈരുസാദം പൊതികെട്ടി. കുടിക്കാന്‍ വെള്ളം കുപ്പിയില്‍. പ്രണവിനു പലഹാരങ്ങള്‍ പ്രത്യേകം. അതിനിടയില്‍ ക്യാമറ മറന്നേക്കല്ലേ, ബാറ്ററി ചാര്‍ജുചെയ്തിട്ടുണ്ടൊ എന്നൊക്കെയവള്‍ മനീഷിനെ ശാസിക്കുകയും ചെയ്തു, പത്തുമണിക്കെത്താമെന്നു പറഞ്ഞ സജു പത്തരയായിട്ടും വരാതിരുന്നപ്പോള്‍ മനീഷു വിളിക്കാനുറച്ചു.

-ഇനി മറന്നു കാണുമൊ?
-അതു മനീഷേ, ഇന്നു കുറച്ചുപേരേ ഇങ്ങോട്ടു ഉണ്ണാന്‍ വിളിച്ചിട്ടുണ്ട്‌. നിങ്ങളോടു വരാന്‍ പറഞ്ഞില്ലായിരുന്നൊ? ഏതായാലും കുക്കു ചെയ്യണം, അപ്പം കടമുള്ള കുറച്ചു പേരേ വിളിച്ചേക്കാമെന്നു ഷൈല വിചാരിച്ചു. ഞാനീ എറച്ചി ഒന്നു മുറിച്ചു കൊടുത്തേച്ച്‌ ഒരു മണിക്കൂറിനകം വന്നേക്കാം.

പന്ത്രണ്ടു മണിയായപ്പോള്‍ പ്രയോജനമില്ലെന്നറിഞ്ഞു തന്നെ മനീഷു വീണ്ടും വിളിച്ചു. അപ്പോള്‍ സജു പുറത്തു പുല്ലു വെട്ടുകയാണെന്ന്‌ ആന്റി പറഞ്ഞു.
-എന്തെങ്കിലും ആവശ്യമുണ്ടൊ? തിരിച്ചു വിളിക്കാന്‍ പറയണോ?
സ്നേഹാന്വേഷണത്തിനു മറുപടിയൊന്നും പറയാനില്ലാതിരുന്നിട്ടും അവര്‍ പറഞ്ഞു.
-വൈകിട്ട്‌ ഉണ്ണാന്‍ വരുമല്ലൊ അല്ലേ? സജു ആറുമണിക്കു വന്നു പിക്കു ചെയ്യും കേട്ടോ.

ടൊറന്റോയില്‍ നിന്നും അല്‍ഗോക്വിനു ബസുണ്ടോ എന്നറിയണമെന്നായി സ്വപ്നക്ക്‌. ടി.വി.ക്കു മുന്നില്‍ മുനിപോലെയിരുന്ന മനീഷിനെ തോല്‍പ്പിച്ച്‌ അവള്‍ ടെലിഫോണ്‍ ഡയറക്ടറിനോക്കി ഗോ-ബസ്‌, ഗ്രേ-ഹൗണ്ട്‌ തുടങ്ങിയ ബസു കമ്പനികളെയൊക്കെ വിളിച്ചു. ഗോ ബസ്‌ അങ്ങോട്ടു പോവില്ലത്രേ. ഉച്ചകഴിഞ്ഞ്‌ ഗ്രേഹോണ്ടിന്റെ ഒരു ബസ്‌ പാതിവഴിയോളം പോവും. വൈകുന്നേരം അഞ്ചുമണിക്ക്‌ അവിടെ നിന്നും വേറേതെങ്കിലും ബസുകമ്പനിയുടെ വണ്ടി കിട്ടുമോ എന്നന്വേഷിക്കാന്‍ പറഞ്ഞ്‌ നല്ലൊരു സയാഹ്നവും നേര്‍ന്നു ഗ്രേ-ഹോണ്ടുകാരി.

ബസ്റ്റാന്‍ഡില്‍ പോയി ഒരു കോഴിക്കോടു ബസോ തിരുവനന്തപുരം ഫാസ്റ്റോ പിടിക്കുന്നതുപോലെയല്ല കാനഡയിലെ ബസുകാര്യം എന്നറിഞ്ഞ്‌ സ്വപ്നയുടെ തീയും കെട്ടു. സോഫയിലിരുന്നുറങ്ങിപ്പോയ പ്രണവിനെ കിടക്കയിലേക്കു മാറ്റിയിട്ട്‌ അവള്‍ പുറത്തിറങ്ങി ഗിംഗോ മരത്തിന്റെ ചുവട്ടില്‍ നിന്നും കുറച്ചു മഞ്ഞ നിറമുള്ള വിശറിയിലകള്‍ പെറുക്കികൊണ്ടു വന്നു. കനമുള്ള ഡിക്ഷനറിക്കകത്തുവച്ച്‌ അതിനു മുകളില്‍ ഭാമുള്ള ടെലിഫോണ്‍ ഡയറക്ടറി കയറ്റി വക്കുന്ന സ്വപ്നയെ നോക്കിയിരുന്ന മനീഷു രതിലമ്പടനായി.

-ആര്‍ബറേറ്റം ഉണ്ടാക്കുന്ന കാലമാണെങ്കില്‍ ക്യാമ്പസ്‌ പ്രണയത്തിനു ചാന്‍സുണ്ടല്ലോ!
മനീഷിന്റെ കൊഞ്ചലില്‍ അല്‍ഗോക്വിന്‍ വര്‍ണ്ണങ്ങള്‍ ഇരിപ്പു മുറിയിലേക്കൊഴുകി. ചുവപ്പ്‌, മഞ്ഞ, ഓറഞ്ച്‌, മെറൂണ്‍, ക്രിംസണ്‍, സിയന്ന പേരു പറയാനറിയാത്ത നിറങ്ങളുടെ പ്രപഞ്ചത്തില്‍ അവര്‍ കലര്‍ന്നു. സുരതിക്കൊടുവിലെ അഗാധ ശാന്തതിലേക്ക്‌ സ്വപ്നയാണു കല്ലെറിഞ്ഞത്‌.

-അല്ല, പ്രതീക്ഷിച്ചതു എന്തെങ്കിലും സംഭവിച്ചാല്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലെ?
മനീഷിന്റെ മനസ്സില്‍ കടുംവര്‍ണ്ണങ്ങളുറഞ്ഞ്‌ ശുദ്ധവെളുപ്പായി.
ആറുമണിക്കു തന്നെ വിളിക്കാന്‍ സജുമറന്നില്ല.
-റെഡിയാണോ? ഞാന്‍ പിക്കു ചെയ്യാം. ഗെസ്റ്റൊക്കെ ഏഴയരയകുമ്പം വരും. അതിനുമുന്‍പ്‌ നമുക്കിങ്ങെത്തണം. അല്‍ഗോക്വിനൊക്കെ ഇനിയൊരു ദിവസം പോകാമെന്നേ.

ഒരു മയവുമില്ലാതെ സ്വപ്ന പറഞ്ഞു

-ഇനിയൊരു കോക്രിയൂണിനു ഞാനില്ല. മഞ്ഞമോരും ചുവന്നമീനും കണ്ടാ ഞാന്‍ 'ര്‍ദ്ദിക്കും.
അതുകൊണ്ട്‌ സ്വപ്നക്കു തലവേദനയാണെന്ന അതിപുരാതിനമായ നുണയില്‍ സജുവിന്റെ ഊണിന്‌ മനീഷൊറ്റക്കു പോയി. പലരും ചോദിച്ചു സ്വപ്നയുടെ തലവേദനയെപ്പറ്റി.

-മൈഗ്രേന്‍ എങ്ങാണുമാണൊ?

-മരുന്നെടുത്തൊ?

പലതവണ ചിരിച്ചുകൊടുത്ത തമാശകളില്‍ ചിരിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ തനിക്കും തലവേദന വരേണ്ടതായിരുന്നുവെന്ന്‌ മനീഷു നിരാശപ്പെട്ടു. മടങ്ങുമ്പോള്‍ വരാതിരുന്ന സ്വപ്നക്കും പ്രണവിനുമായി ആന്റി കറികളുടെ ഒരു പൊതി മനീഷിനെ ഏല്‍പ്പിച്ചു.

-മോന്‍ കഴിഞ്ഞ പ്രാവശ്യം മോരുകാച്ചിയതും മീങ്കറീം കൂട്ടിയാ ഉണ്ടത്‌.

കാറിലിരിക്കുമ്പോള്‍ മടിയിലെ ഷോപ്പിംഗ് ബാഗിനുള്ളില്‍ തൈരിന്റേയും മാര്‍ജറിന്റേയും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ള മോരുകറിയും മീനിന്റെ ചതുരക്കഷണങ്ങളും അയാളെ ഭീഷണിപ്പെടുത്തി.

-സ്വപ്നയെ ഞങ്ങള്‍ ഛര്‍ദ്ദിപ്പിക്കും, തീര്‍ച്ച!!

കാറില്‍ നിന്നും ഇറങ്ങി സജുവിനോടു ഉപചാരപൂര്‍വ്വം നന്ദി പറയുമ്പോഴും മീനിന്റെ ഇഷ്ടികക്കഷണങ്ങള്‍ മനീഷിന്റെ നെഞ്ചില്‍ മതില്‍ പണിതു. മഞ്ഞ വിശറിയിലകള്‍ മടക്കികൊണ്ടു വന്ന വര്‍ണ്ണലോകം അയാളെ കൊതിപ്പിച്ചു.

എലിവേറ്ററില്‍ അഞ്ചാം നിലയിലിറങ്ങിയ മനീഷ്‌ വലത്തേക്കു തിരിഞ്ഞ്‌ നൊ-ഫ്രില്‍സ്‌ എന്നെഴുതിയ ബാഗിന്റെ മുകള്‍ ഭാഗം ഭദ്രമായി കെട്ടി ഗാര്‍ബേജു ഷൂട്ടിലേക്കിട്ടു. അതു തട്ടിത്തട്ടി താഴേക്കുപോകുന്ന ശബ്ദം ആശ്വാസത്തോടെ കേട്ടുനിന്നിട്ട്‌ വാതിലടച്ച്‌ അയാള്‍ ഇടതു വശത്തുള്ള ഇടനാഴിയിലൂടെ സ്വപ്നയും പ്രണവുമുറങ്ങന്ന അപ്പാര്‍ട്ടുമെന്റിലേക്കു പോയി.

വൈകുന്നേരം വീശാന്‍ തുടങ്ങിയ കാറ്റിനു ശക്തി കൂടിയിരുന്നു. ജനലിന്റെ ചില്ലടപ്പുകളെ കുലുക്കി ബഹളം വെക്കുന്ന കാറ്റ്‌ രാത്രി മനീഷിനെ ഇടക്കൊക്കെ ഉണര്‍ത്തി. കാലത്തെ നോക്കുമ്പോള്‍ ചുവന്ന ഇലകള്‍ ഒന്നുപോലുമില്ലാതെ എല്ലിന്‍ കൂടുപോലെ മേപ്പിള്‍ മരത്തിന്റെ പ്രേതം ജനലിനു പുറത്തു കണ്ടു.

കാണാന്‍ കൊതിച്ചിരുന്നു മഞ്ഞുകാലത്തെ ഭയപ്പെട്ട്‌ ചെറിമരത്തില്‍ പുളകം പൂത്തുലയാന്‍ ഇനി എത്രകാലം എന്നു നെടുവീര്‍പ്പിട്ട്‌ മനീഷു കിടക്കയിലിരുന്നു.

Tuesday, September 02, 2008

സ്ട്രോബറികള്‍ പൂക്കുമ്പോള്‍

ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ച സ്ട്രോബറികള്‍ പൂക്കുമ്പോള്‍ എന്ന കൃതിയുടെ പ്രകാശനം പി. കെ. ഭരതന്‍ മാസ്റ്റര്‍ക്ക് കോപ്പി നല്‍കിക്കൊണ്ട് പ്രൊഫ. സാറ ജോസഫ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ ബുക്സ് എം.ഡി. കൃഷ്ണദാസ്, ഐ. ഷണ്മുഖദാസ് എന്നവരാണു സമീപം.

രണ്ടിടത്തായി ഒരേ സമയം ജീവിക്കുന്ന ഒരെഴുത്തുകാരിയുടെ ആര്‍ദ്രമായ മനസ്സിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ് കനേഡിയന്‍ മലയാളിയാ‍യ നിര്‍മ്മലയുടെ രചനയില്‍ കാണാന്‍ കഴിയുന്നതെന്നും പ്രവാസിയുടെ വീട്ടില്‍ എങ്ങനെ കേരളം തുടിക്കുന്നു എന്നതിനു ദൃഷ്ടാന്തമാണു അവരുടെ കൃതിയെന്നും പ്രൊഫ. സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഗ്രീന്‍ ബുക്സ് പ്രസിദ്ധം ചെയ്ത ‘സ്ട്രോബറികള്‍ പൂക്കുമ്പോള്‍‘ (നിര്‍മ്മല) എന്ന കൃതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. കുടുംബ ജീവിതത്തിന്‍റെ നേര്‍ത്ത ഇഴകളെ സ്പര്‍ശിച്ചുകൊണ്ട് നര്‍മ്മമധുരമായിട്ട് അവര്‍ നിര്‍വ്വഹിച്ച ആഖ്യാനം ഏറെ വായനക്കാരെ ആകര്‍ഷിക്കുമെന്ന് സാറാ ജോസഫ് പറഞ്ഞു. ജീവിതത്തെ സ്നേഹിക്കുന്ന നന്മയെ സ്നേഹിക്കുന്ന ഈ എഴുത്തുകാരിയുടെ കൃതി തീ പിടിച്ച മനസ്സുകള്‍ക്ക് സമാധാനം നല്‍കുമെന്നും അവര്‍ പ്രത്യാശിച്ചു.

വാക്കുകളെ സ്നേഹിക്കുന്ന, എഴുത്തിനെ സ്നേഹീക്കുന്ന ഒരെഴുത്തുകാരിയുടെ അടയാളങ്ങള്‍ നിര്‍മ്മലയുടെ കൃതികളില്‍ കാണാന്‍ കഴിയുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രൊഫ. ഐ. ഷണ്മുഖദാസ് പ്രസ്താവിച്ചു. പി. കെ. ഭരതന്‍ പുസ്തകത്തിന്‍റെ കോപ്പി സ്വീകരിച്ചു. ഗ്രീന്‍ ബുക്സിന്‍റെ എം.ഡി. കൃഷ്ണദാസ് സ്വാഗതവും എഡിറ്റര്‍ കടാങ്കോട്ട് പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

ഗ്രീന്‍ബുക്സ് പ്രസ്ദ്ധീകരിച്ച മറ്റൊരു കൃതി ബന്യാമിന്‍റെ ‘ആടുജീവിതം’

Tuesday, February 26, 2008

ഒരു പുസ്തകപ്രകാശനം

എഴുതിയതു തന്നെ എഴുതി വായിച്ചതു തന്നെ വായിച്ച്‌ സാഹിത്യം മടുപ്പായിരിക്കുന്നു. എന്തിനും വ്യത്യസ്തത വേണം. അതുകൊണ്ടാണ്‌ വളപ്പൊട്ടും, മഷിത്തണ്ടും, മഞ്ചാടി-കുന്നി കുരുക്കളും, പുസ്തകത്തിലെ മയില്‍പ്പീലിയും, മഴയുടെ സൗന്ദര്യവും തന്റെ എഴുത്തില്‍ ചേര്‍ക്കുന്നില്ലെന്ന്‌ രാകേഷ്‌ വാശിപിടിച്ചത്‌. അയാള്‍ ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗക്കാരുടെ സംഗീതത്തിന്റെ താളത്തില്‍ കവിതയെഴുതി. അവരുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍ അടിക്കുറിപ്പോടെ കവിതയില്‍ ചേര്‍ത്തു. ഇന്റര്‍നെറ്റില്‍ നിന്നും പുതിയ സാങ്കേതിക പദങ്ങള്‍ കണ്ടെടുത്ത്‌ ബിംബങ്ങളും രൂപകാലാങ്കാരങ്ങളും ചമച്ചു. അങ്ങനെ ശിലായുഗം മുതല്‍ കലിയുഗംവരെ ഉള്‍ക്കൊള്ളുന്ന കവിതകള്‍ എന്നു വിശേഷിപ്പിച്ച്‌ പുസ്തകമാക്കിയപ്പോള്‍ അതു പ്രകാശിപ്പിക്കുന്ന വിധവും വ്യത്യസ്തമായിരിക്കണം എന്ന്‌ രാകേഷിനു നിര്‍ബന്ധമുണ്ടായിരുന്നു.

-പ്രസിദ്ധനായ ഒരാള്‍ മറ്റൊരാളുടെ കൈയില്‍ പുസ്തകം വെയ്ക്കുക എന്ന പഴയ ചടങ്ങ്‌ ഉടച്ചു വാര്‍ക്കേണ്ടിയിരിക്കുന്നു


രാകേഷ്‌ അങ്ങനെ പറഞ്ഞപ്പോള്‍ അത്‌ വളരെ പഴയ ഒരു പ്രയോഗമാണല്ലൊ എന്ന്‌ സുഹൃത്തായ അന്‍സാര്‍ ഓര്‍ത്തു. അങ്ങനെയാണ്‌ തന്റെ പുസ്തകം പശുവിനു കൊടുത്തു പ്രകാശിപ്പിക്കുവാന്‍ അയാള്‍ സര്‍ക്കാര്‍ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായ പ്രഭാകരന്‍ മാഷിനോടാവശ്യപ്പെട്ടത്‌. പ്രഭാകരന്‍ മാഷ്‌ സത്യത്തില്‍ പരിഭ്രമിച്ചുപോയി. രാകേഷിനെ അദ്ദേഹം പഠിപ്പിച്ചിട്ടില്ല. രാകേഷ്‌ പഠിച്ചത്‌ കുറച്ചകലെയുള്ള സ്വകാര്യസ്ക്കൂളിലായിരുന്നു. മാഷിനാണെങ്കില്‍ കവിതയും കഥയുമൊന്നും എഴുതുന്ന ശീലവുമില്ല. അതുകൊണ്ട്‌ അദ്ദേഹം ചോദിച്ചു,

-എന്താണ്‌ ഇങ്ങനെ വിചിത്രമായ ഒരു ആവശ്യം?

-പശുവിന്റെ പാലുകുടിച്ചാണു ഞാന്‍ വളര്‍ന്നത്‌. എന്റെ ചോരയും നീരും പശുവില്‍ നിന്നും വന്നതാണ്‌. നിങ്ങള്‍ക്കറിയുമോ, മറ്റൊരു ജന്തുവര്‍ഗത്തിന്റെ പാലു കുടിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്‌.രാകേഷ്‌ നിര്‍ത്താല്‍ ഭാവിച്ചിട്ടില്ലെന്നുകണ്ട്‌ മാഷ്‌ ഇടയില്‍ കയറി ചോദിച്ചു.

-അല്ല ഇതെങ്ങനെ പശുവിനെക്കൊണ്ടു പിടിപ്പിക്കും. പശു ഇതെന്തു ചെയ്യുമെന്നു കരുതിയിട്ടാണ്‌?


സദസു കുറച്ചു സമയം നിശബ്ദമായി. പക്ഷേ രാകേഷ്‌ വേഗം അതിനു മറുപടി കണ്ടെത്തി.


-ബഷീറിന്റെ പാത്തുമ്മയുടെ ആടിനെപ്പോലെ ഒരു പശുവിനെ കിട്ടാനുണ്ടാവുമോ? പുസ്തകം തിന്നാനിഷ്ടമുള്ള ജന്തു? രണ്ടും മൂന്നും പേജുകളാക്കി നക്കി നക്കി വായിലാക്കി..


കണ്ണടച്ച്‌ രതി മൂര്‍ച്ചയിലേക്കെത്തുന്ന ഭാവത്തില്‍ അയാള്‍ പറഞ്ഞു. ചര്‍ച്ച എങ്ങുമെത്താതെ നിന്നപ്പോള്‍ അന്‍സാര്‍ ചോദിച്ചു.

-ആ ചന്തക്കാള മതിയോ? ചപ്പും ചവറും നോട്ടീസുമൊക്കെ അതു തിന്നുന്നതു കാണാറുണ്ടല്ലൊ?


ഉടമസ്ഥിനില്ലാത്തൊരു എല്ലിച്ച വയസന്‍ കാള കുറച്ചു നാളായി ചന്തയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്‌. ഇറച്ചിക്കടക്കാരന്‍ അന്തോണിച്ചേട്ടന്‍ കൊഴുക്കട്ടേന്നു കരുതി മേയാന്‍ വിട്ടിരിക്കുകയാണെന്നൊരു സംസാരവും അങ്ങാടിയിലുണ്ട്‌. എല്ലുന്തി, ശുഷ്കിച്ചവാലും, പുറത്തു ചില വ്രണങ്ങളുമൊക്കെയുള്ള ഐശ്വര്യംകെട്ട ആ മൃഗം കടലാസുകള്‍ തിന്നുന്നത്‌ എല്ലാവരും കാണാറുള്ളതാണ്‌. മതിലിലൊട്ടിച്ചിരിക്കുന്ന പരസ്യങ്ങള്‍ വരെ അതു കാര്‍ന്നു തിന്നും.

-രാകേഷ്‌ കാളപ്പാലു കുടിച്ചല്ലല്ലോ വളര്‍ന്നത്‌?

സുനീഷ്‌ പറഞ്ഞു.

-പ്രതീകാത്മകമായി പശുവിന്റെ കുഞ്ഞിനു സമ്മാനിക്കുക!


രാകേഷ്‌ വീണ്ടും ഉത്സാഹത്തിലായി.

-ഒരു പക്ഷേ ആ കാളക്കുട്ടിക്കു കിട്ടേണ്ടിയിരുന്ന പാലാവും എനിക്കു കിട്ടിയത്‌. ഒരു പക്ഷേ ഒരേ ബാല്യം പങ്കുവെച്ചവരാവും ഞങ്ങള്‍. അവന്റെ അമ്മ ചുരത്തിയ പാല്‍ കവര്‍ന്നെടുത്താണ്‌ ഞാന്‍ ഈ കവിതകളെഴുതാനുള്ള കരുത്തു നേടിയത്‌.

-ഒരു കാള പത്തിരുപത്തിയഞ്ചു വര്‍ഷം ജീവിക്ക്വോ?


സുനീഷിനു വീണ്ടും സംശയം.

-ഇതില്‍ ലോജിക്കല്ല നോക്കേണ്ടത്‌. നാം എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാണു പ്രാധാന്യം. അവന്‍ ദാനം നല്‍കിയ പാല്‍ കുടിച്ച ഞാനും ദാഹാര്‍ത്തനായി പുഴുവരിച്ച്‌ ഒടുക്കം എന്റെ മുന്നിലെത്തിയ അവനും. എന്റെ സ്രഷ്ടി അവനു ഭോജനമാവുക. എത്ര വിചിത്രവും മനോഹരവുമായ നിയോഗം!


രാകേഷിന്‌ ആവേശം കൂടിക്കൂടി വരികയായിരുന്നു. എങ്ങനെയെങ്കിലും ഇതിനൊരു നിവര്‍ത്തിയുണ്ടാക്കണമെന്ന്‌ മറ്റുള്ളവര്‍ ഉള്ളാലെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ പിന്നെയാരും തര്‍ക്കിച്ചില്ല. ശ്രദ്ധിക്കപ്പെടുക എന്നത്‌ രാകേഷിന്റെ ആവശ്യമാണ്‌ എന്നു മനസിലാക്കിയ പ്രഭാകരന്‍ മാഷ്‌ ഒടുക്കം സമ്മതിച്ചു.

ചന്തക്കാള എന്നു വിളിച്ചിരുന്ന അവന്‌ ചന്തുക്കാള എന്നു പേരുനല്‍കി. ചന്തുക്കാളയെ കഴുകി വ്രത്തിയാക്കിയെടുക്കുന്ന ജോലി രാകേഷുതന്നെ ഏറ്റെടുത്തു. മറ്റാരും അതിനു തടസ്സം നിന്നതുമില്ല.

മൈതാനത്ത്‌ പൊക്കം കുറഞ്ഞ ഒരു സ്റ്റേജുണ്ടാക്കി. ചന്തുവിനെ കയറ്റാന്‍ പാകത്തില്‍. ആനയെവരെ ലോറിയില്‍ കയറ്റുന്നുണ്ട്‌. എന്നാലും രാകേഷും കൂട്ടരും അത്രക്കു വളര്‍ന്നിട്ടില്ലല്ലൊ. സ്റ്റേജില്‍ രണ്ടു പഴക്കുലകള്‍ കെട്ടിതൂക്കി. പ്രകാശാനത്തിനു വരുന്നവര്‍ക്ക്‌ ഓരോ പഴം വീതം കൊടുക്കും. അതു തിന്നതിനു ശേഷം തൊലി ചന്തുവിനു കൊടുക്കണം.

കുറച്ചു ക്ലേശപ്പെട്ടാണ്‌ നനവുണങ്ങാത്ത ചന്തുവിനെ സ്റ്റേജില്‍ കയറ്റിയത്‌. രാകേഷിനെ പലരും ദീര്‍ഘമായി പ്രകീര്‍ത്തിച്ചശേഷം ചെറിയൊരു ഉള്‍ഭയത്തോടെ പ്രഭാകരന്‍ മാഷ്‌ പുസ്തകം കാളക്കു നേരെ നീട്ടി. ചന്തു ശാന്തനായി ബിംബങ്ങളും സാംസ്ക്കാരിക സംജ്ഞകളും ചവച്ചിറക്കുന്നതുകണ്ട്‌ രാകേഷ്‌ പുളകംകൊണ്ടു.

ചടങ്ങു തീര്‍ന്നതും ചന്തുവിനെ സാവധാനത്തില്‍ സ്റ്റേജില്‍ നിന്നും ഇറക്കി കൊണ്ടുപോകാന്‍ അന്‍സാര്‍ ശ്രമിച്ചു. അവനോടൊപ്പം നടക്കാന്‍ തുടങ്ങിയ ചന്തു ഒന്നു നിന്ന്‌ സദസിനെ തിരിഞ്ഞൊന്നു നോക്കി. ആ നിമഷം പാഴാക്കാതെ പത്രലേകന്‍ ക്യാമറയില്‍ വിരലമര്‍ത്തി. അപ്പോഴാണ്‌ ചന്തുക്കാള സ്റ്റേജില്‍ ചാണകമിട്ടത്‌ . തികച്ചും നൈസര്‍ഗികമായ ഒരു ചോദന.

-ബുള്‍ ഷിറ്റ്‌!!ഫ്ലാഷിന്റെ വെളിച്ചത്തോടൊപ്പമാണ്‌ പത്രലേകന്റെ വാക്കുകള്‍ പുറത്തേക്കു വന്നത്‌.


00000000


ഒരു പുസ്തക പ്രകാശനം

Saturday, January 05, 2008

റാഷിദയുടെ കവിതകള്‍

ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാ‍ത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു.രാത്രിയുടെ മനസ്സ്
രാത്രിയുടെ മനസ്സ് ഓര്‍മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളില്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മകളുടെ നിലാവ്.
രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്.
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചു വരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം.
രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്.
വാചാലമായ, അനിര്‍വചനീയമായ,
മധുരസംഗീതം.


കലണ്ടര്‍
പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍നിന്നു മാറ്റണം.
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍.
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം.
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍.


മരുഭൂമി
യൌവ്വനം വന്നെന്റെ പടിവാതില്‍ക്കല്‍
പൂച്ചയെപ്പോലെ തുറിച്ചു നോക്കുന്നു.
വേദനയാളുന്ന തീയായ്
കരളിന്റെ ഉള്ളറ നക്കുന്നു.
അടുക്കളയില്‍ തേച്ചുമിനുക്കാതെ
ഉറുമ്പരിച്ചു നാറ്റം വിതറുന്ന
ഒരു ചോറ്റുപാത്രമാണു ഞാനിന്ന്.
വട്ടത്തില്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയ
ഒരു ചുണ്ടെലിയുടെ ദൈന്യമുണ്ട് എന്റെയുള്ളില്‍.
മോഹം മനസ്സില്‍ ഹിമംപോലെ ഉരുകുന്നു.
സങ്കടമെല്ലാം ബാഷ്പീകരിച്ച് എന്റെ ഹൃദയവിഹായസ്സ്
എന്നെങ്കിലും ഈ മരുഭൂമിയില്‍
കുളിര്‍ മഴയായി പെയ്യുമോ?


കണക്കു പുസ്തകം
മികവാര്‍ന്ന പുറംചട്ടയ്ക്കുള്ളില്‍
ഒരു തടിച്ച പുസ്തകം
ഞാനെഴുതിപ്പഠിച്ച ഗണിതങ്ങളുടെ
ആകെത്തുകയും, വെട്ടിത്തിരുത്തി
നിരത്തിയെഴുതിയ അക്കങ്ങളും
ശിഷ്ടം വന്നു നിര്‍ത്തിവച്ച ഹരണവും.
പിന്നെ, ഉത്തരം കിട്ടാതെ
അവസാനിപ്പിച്ച ക്രിയകളും,
നിന്റെ നിഴലിന്റെ നീളം അളന്നെഴുതിയ
അക്കങ്ങളും,
ചേതം വന്നു നിര്‍ത്തിവച്ച
സ്നേഹബന്ധങ്ങളും,
തെറ്റിയ കണക്കുകളുടെ ആവര്‍ത്തനവും,
ചിട്ടയില്ലാതെ എഴുതിവച്ച
എന്റെ കണക്കു പുസ്തകം.
ഇതുപോലെയാണ്
ഞാന്‍ സ്നേഹിക്കുന്ന എന്റെ ജീവിതവും.

പരാതി
ഇപ്പോള്‍, പുഴകള്‍
തീരത്തോടു സല്ലപിക്കാറില്ലത്രേ.
വായനാറ്റം പോലെ
കര നാറുന്നെന്നു പുഴ,
ഓളങ്ങള്‍ക്കു സുഗന്ധമില്ലെന്നു കരയും.
കാറ്റുകള്‍ കിന്നാരം പറയുന്നില്ലെന്നു
പൂവുകള്‍,
പൂവുകളില്‍ വിഷം മണക്കുന്നുവെന്നു കാറ്റും.
തേന്‍ തേടി ശലഭങ്ങള്‍ വരാറില്ലെന്നു
മലരുകള്‍,
തേന്‍ ചവര്‍ക്കുന്നുവെന്നു ശലഭങ്ങള്‍.
തിരയില്‍ സംഗീതമില്ലെന്നു കടല്‍,
കടലില്‍ സാന്ത്വനസ്പര്‍ശമില്ലെന്നു തിരയും.
ആകാശാത്തിന്റെ കഥ കേള്‍‍ക്കാന്‍
മേഘത്തിനു വയ്യെന്ന്;
മേഘത്തിനൊ, പഴയപോലെ
ആര്‍ദ്രതയില്ലെന്നു മാനവും.
രാക്കുയില്‍പ്പാട്ടിനു രാഗമധുരിമയില്ലെന്ന് കാട്,
കാടിന്റെ വന്യചാരുത അന്യമാവുന്നുവെന്ന് രാക്കുയില്‍.
മണ്ണിനു പശിമ പോരെന്നു വേരുകള്‍,
വേരുകള്‍ ഹൃദ്യമായി പുണരുന്നില്ലെന്നു മണ്ണും.
തുഷാരകണങ്ങള്‍
തന്നില്‍ ലീനമാകുന്നില്ലെന്നു പുല്‍ക്കൊടി
രാസനാറ്റം അസഹ്യമെന്നു മറുമൊഴി.
എം. എന്‍. കാരശ്ശേരി: ഈയിടെ മലപ്പുറം ജില്ലയിലെ ചേറൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാര്‍ അവിടെ പഠിക്കുന്ന റാഷിദ എന്ന പെണ്‍കുട്ടി എഴുതിയ കുറെ കവിതകള്‍ എനിക്കയച്ചു തന്നു. അതു വായിച്ചു ഞാന്‍ അതിശയിച്ചു പോയി. ഒരു കൊച്ചു വിദ്യാര്‍ഥിനി എഴുതിയതാണൊ ഇതെല്ലാം? ഭൌതിക വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലമില്ലാത്ത കുടുംബമാണു റാഷിദയുടേത്. സംസ്കൃതത്തിന്റേയും മലയാള സാഹിത്യത്തിന്റേയും അന്തരീക്ഷം അവിടെയില്ല. കവിതാരചനക്കു പ്രോത്സാഹനം കിട്ടുക പ്രയാസം. റാഷിദയാണെങ്കില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയും. വളരെ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കവി റാഷിദയില്‍ മുളപൊട്ടുന്നുണ്ട് എന്നാണെന്റെ പ്രതീക്ഷ.

റാഷിദയുടെ എട്ടാം ക്ലാസ് അദ്ധ്യാപികയായിരുന്ന അരുണാദേവി ടീച്ചര്‍: ഇംഗ്ലീഷ് ക്രിയാപദങ്ങളുടെ ശേഖരണം മൂല്യനിര്‍ണയം ചെയ്തപ്പോള്‍ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ബുക്കു കണ്ടു. പിന്നെ കാല്‍ക്കൊല്ല പരീക്ഷയ്ക്കു മിക്ക വിഷയങ്ങള്‍ക്കും അവളായിരുന്നു ഫസ്റ്റ്. സെമിനാറൊ ഡിബേറ്റോ ഒക്കെ നടക്കുമ്പോള്‍ നല്ല നല്ല പോയന്റ്സ് കൊണ്ടുവന്നു മറ്റുള്ള കുട്ടികള്‍ക്കു കൊടുക്കും. അവളൊന്നും മുന്‍ കടന്നു ലീഡറായി അവതരിപ്പിക്കില്ല. എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും. കുട്ടികളോടു കവിതകളെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കവിത അവള്‍ കാട്ടിത്തന്നു. ഒരു കൊച്ചു കുട്ടിയുടെ ആശയങ്ങളല്ല ഞാനതില്‍ കണ്ടത്. വരികള്‍ക്കിടയിലെ വേദന കണ്ട് ഞാന്‍ കൂടുതല്‍ അന്വേഷിച്ചു. അപ്പോഴും അവള്‍ ഒന്നും വിട്ടു പറഞ്ഞില്ല. ഒന്‍പതിലെ ക്ലാസ് അദ്ധ്യാപിക അവളെ മലയാളമാണു പഠിപ്പിച്ചത്. ഒടുവില്‍ അവരാണു റാഷിദയുടെ മനസ്സു തുറക്കാനുള്ള താക്കോല്‍ കണ്ടെത്തിയത്. അങ്ങനെ സെലിന്‍ ടീച്ചര്‍ ശേഖരിച്ചുവച്ച കവിതകള്‍ എണ്ണത്തില്‍ പെരുകിയപ്പോള്‍ പുസ്തകമാക്കിക്കൂടേ എന്ന് അവളോടു ചോദിച്ചു. ‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘ എന്നായിരുന്നു മറുപടി.
പി. അരുണാദേവി, ടീച്ചര്‍, PPTMY HSS, ചേറൂര്‍ വേങ്ങര, മലപ്പുറം.

Hypocrisy vs Action ക മ ല  ഹാരിസ്   പുതിയൊരു   കളത്തിൽ   കാലുകുത്തിയതിൽ   കലവറയില്ലാതെ   അഭിമാനം   കൊള്ളുന്നുണ്ട്   നമ്മൾ   ഇന്ത്യാക്കാരും ,...