Sunday, December 07, 2014

മനസ്സിന്‍റെ മന്ത്രണങ്ങള്‍

 
അമേരിക്ക എന്താണ്, നമ്മള്‍ മലയാളികളുടെ അമേരിക്ക എന്താണ് എന്നതിനെപ്പറ്റി എം.ടി.യോ സക്കറിയയോ എഴുതിയപ്പോള്‍ നാം ആലോച്ചിട്ടുണ്ട്‌.  അതിന്‍റെ തുടര്‍ച്ചയായ ഒരു പുസ്തകം ഞാന്‍ വായിച്ചു.  നിര്‍മ്മല എഴുതിയ മഞ്ഞമോരും ചുവന്ന മീനും.  സക്കറിയ തെരഞ്ഞെടുത്ത 22 പ്രവാസ കഥകളുടെ സമാഹാരം എന്ന്‍ പിന്‍പേജ്.   എഴുത്തുകാരിയുടെ സുന്ദരമായ, ചെറു പെണ്‍കിടാവിന്‍റെതുപോലുള്ള ഫോട്ടോയും കാണാം.  ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍ തൃശൂര്‍ കറന്റ് ബുക്സ് ആണ്.   അല്ല, ഇതൊരു പുസ്തക നിരൂപണമല്ല. 
സൂക്ഷ്മ രാഷ്ട്രീയബോധത്തിന്റെ കഥാരൂപങ്ങള്‍ ഇല്ലാതാവുകയും സ്ഥൂലരാഷ്ട്രീയ കഥകള്‍ സമൃദ്ധമാവുകയും ചെയ്യുന്ന ഇക്കാലത്ത് നിര്‍മ്മലയുടെ കഥകള്‍ കാനഡയിലെ മലയാളി ജീവിതത്തെ മാത്രമല്ല, ലോക രാഷ്ട്രീയത്തെ കൂടി വരച്ചു കാട്ടുന്നു. 

ജോണ്‍ എ. മക്ഡോണാള്‍ഡ്‌ എന്ന കഥ ഉദാഹരണം.  മിന്‍ചിങ്‌ എന്ന ചൈനക്കാരി പെണ്‍കുട്ടി. ചുഴറ്റി വീശുന്ന ധ്രുവക്കാറ്റ് നിലത്തു വീണു കിടക്കുന്ന മഞ്ഞിനെ കല്ലൈസ്‌ ആക്കി മാറ്റുന്ന ഒരുച്ചനേരം.  ഒരു സ്കൂള്‍ അദ്ധ്യാപിക, ആ സ്കൂളിലെ കലപില കൂട്ടുന്ന ആത്മവിശ്വാസക്കാരായ ഹൈസ്കൂള്‍ കുട്ടികള്‍. അവര്‍ക്കിടയില്‍ ആണ് ഈ ചൈനക്കാരികുട്ടി ഒരു ‘കൂലി’യുടെ കാഴ്ചപ്പാടില്‍ കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പി എന്ന്‍ കരുതപ്പെടുന്നവനുമായ ജോണ്‍ എ. മക്ഡോണാള്‍ഡ്‌ ഉന്നതനല്ല എന്ന് സ്വന്തം പ്രബന്ധത്തില്‍ എഴുതിയത്.  ഇന്ത്യയില്‍ നിന്നും പുറപ്പെട്ടുപോയ ‘കൂലി’ എന്നവാക്ക് ഇന്ത്യക്കാരി ടീച്ചറെ പൊള്ളിച്ചു. 
1880ല്‍ കനേഡിയന്‍ പസഫിക് എന്ന തീവണ്ടിപ്പാത പണിയാനായി പതിനായിരത്തിലേറെ ചൈനക്കാരെ ബ്രിട്ടീഷ് കൊളംബിയയില്‍ എത്തിച്ചു. തോരാമഴയില്‍ കുതിര്‍ന്നും മലയിടുക്കുകളിലൂടെയുള്ള അപകടം പിടിച്ച അഞ്ഞൂറു കിലോമീറ്റര്‍ പാളം പണിയുമ്പോള്‍ കൊടും തണുപ്പില്‍ മരവിച്ചു.  ഏറെപ്പേര്‍ മരിച്ചു.  മലതുരക്കാന്‍ വെടിമരുന്നു വെച്ചിട്ട ഓടിപ്പോവുമ്പോള്‍ ചിതറിപ്പോയവര്‍ ഏറെ.  ഒരു മൈലിനു നാലു ചൈനക്കാര്‍ വീതം മരിച്ചിട്ടുണ്ട്.  ചൈനക്കാര്‍ക്ക് ദിവസകൂലി ഒരു ഡോളര്‍ വീതമായിരുന്നപ്പോള്‍ മറ്റു രാജ്യക്കാര്‍ക്ക് 3 ഡോളറും ജീവിതച്ചിലവും കിട്ടിയിരുന്നു... ഇങ്ങനെ മിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രബന്ധം ഒരു ‘യഥാര്‍ത്ഥ’ പ്രബന്ധം ആയിരുന്നു.  മാര്‍ക്ക് കിട്ടാന്‍ വേണ്ടി കാനഡ രാഷ്ട്ര ശില്പിയെ പുകഴ്ത്തിയ തരികിട വിദ്യആയിരുന്നില്ല

തനിക്ക് മാര്‍ക്കൊന്നും കിട്ടില്ല എന്നാണു മിന്‍ വിചാരിച്ചതും.  പക്ഷേ, ഇന്ത്യക്കാരി ടീച്ചര്‍ എങ്ങനെ മാര്‍ക്ക് കുറക്കും? “സിസ്റ്റർ സാവ്ലയുടെ മലയാളം ക്ലാസിനെയോർത്തു ഞാൻ. എന്നും വായിക്കണ കെരന്തമോ നോമ്പിനു വായിക്കണതൊ എന്നു ചോദിക്കുന്ന ജോലിക്കാരിയോടു അനന്ത പത്മനാഭനെയോർത്തു വേവലാതിപ്പെട്ടിരിക്കുന്ന പാറുക്കുട്ടി ദേഷ്യപ്പെടുന്നത്‌ ക്രൂരയായ ഒരു ഫ്യൂഡലിസ്റ്റ ആയതുക്‌ഒണ്ടാണെന്ന്‌ എന്നെഴുതിയതിനു പൂജ്യം മാർക്കു കിട്ടിയ മലയാളം ക്ലാസ്‌ ഞാനെങ്ങനെ മറക്കും?
മിന്‍ സന്തോഷവതിയായിരുന്നു.  ടീച്ചര്‍ മിന്നിനെ പ്രോത്സാഹിപ്പിക്കുന്നു.  അവള്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് എങ്കിലും ഗര്‍ഭിണിയാണ്.  സെന്റ്‌. മേരിസ് സ്കൂളില്‍ നിന്ന്‍ പുറത്താക്കപ്പെട്ടു സര്‍ക്കാര്‍ സ്കൂളില്‍ അഭയം തേടിയവള്‍.സെന്റ്‌. മേരിസ് സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട കഥയെപ്പറ്റി മിന്‍ പറയുന്നു. “ഗർഭം ധരിച്ച കന്യകയുടെ പേരുള്ള സ്ക്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഗർഭിണിയാണു ഞാൻ.  ടീച്ചറും മിന്നും പരസപരം മനസ്സിലാക്കാന്‍ തുടങ്ങി.  പക്ഷേ മിന്‍ ടീച്ചറോട് ഒരു സഹായം ചോദിക്കുന്നു.  കുഞ്ഞു വരുന്നതിനു മുൻപ്‌ എനിക്കു കുറച്ചു പണം സ്വരൂപിക്കണം. ഞാൻ നിങ്ങളുടെ കുട്ടികളെ നോക്കാം. നിങ്ങൾക്കു പുറത്തുപോകേണ്ട ആവശ്യം വരുമ്പോൾ എന്നെ വിളിച്ചാൽ മതി.

ഇതാ, കഥ അവസാനിക്കുന്നത് ഇങ്ങനെ. നൂറു വിട്ടാവശ്യങ്ങൾക്കയി തണുപ്പിൽ രണ്ടു കുട്ടികളേയും കൊണ്ട്‌ ഓടുന്നയാൾക്ക്‌ അതൊരു വമ്പൻ ഓഫറാണ്‌. എന്നിട്ടും വീടിനു തൊട്ടടുത്തു തന്നെ എനിക്കൊരു ബേബിസിറ്ററുണ്ടല്ലൊ എന്ന കള്ളപ്പറച്ചിൽ എത്ര വേ?ത്തിലാണെന്നോ പുറത്തേക്കു വന്നത്‌.
ഗർഭിണിയായ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ എന്റെ പെണ്മക്കൾക്കു കൂട്ടിരുത്താനൊ, എന്നിലെ വീരനായിക ഉള്ളിൽ ചിരിച്ചു!!”
വൈലോപ്പള്ളി കവിതയിലേതു പോലെ നെഞ്ചു കീറി നേരിനെ കാട്ടിയതുകൊണ്ടു മാത്രമല്ല ഈ കഥ മികച്ചതാവുന്നത്.  ഇപ്പോള്‍ കൊച്ചിയില്‍ നാം കാണുന്ന മെട്രോ ജോലി, അന്യ സംസ്ഥാനതൊഴിലാളികളോട് നാം കാട്ടുന്ന വിവേചനം, ഇന്നത്തെ ‘സംസ്ക്കാര’ത്തിന് ഇന്നലത്തെ  മനുഷ്യരും പ്രകൃതിയും നല്‍കിയ വിലകള്‍, ഇന്ന് നടത്തുന്ന കുടിയൊഴിക്കലുകള്‍, ദേശീയപാത വീതികൂട്ടാന്‍ നാം ശഠിക്കുമ്പോള്‍ പുറത്താക്കപ്പെടുന്നവര്‍, ഭാഷയിലും സൗകര്യങ്ങളിലും എല്ലാം ഉള്ള വ്യത്യാസങ്ങള്‍, ഒരമ്പതുകൊല്ലം മുന്പ് മതവും ആചാരവും അനുവദിച്ചതുകൊണ്ട് ഗര്‍ഭിണികളായിരുന്ന ബാലികമാര്‍ (കൌമാരക്കാരികള്‍), അതേ, ഗര്‍ഭധാരണത്തിന്‍റെ സദാചാരപരവും അല്ലാത്തതുമായ രണ്ടു ലോകങ്ങള്‍... വാത്സല്യം ഒരു സാംസ്ക്കാരികോല്പന്നമാണ് എന്ന സത്യം...
ഇങ്ങനെ ചിന്തിക്കാന്‍ ഒരുപാടു പ്രേരിപ്പിക്കുന്ന കഥകളാണ് നിര്‍മ്മലയുടെ ‘മഞ്ഞമോരും ചുവന്ന മീനും’ നമുക്കു നല്‍കുന്നത്.  പ്രവാസികള്‍ എന്നാല്‍ ഗൃഹാതുരതയുടെ പ്രവാചകരും പ്രചാരകരും ആണ് എന്ന ധാരണ മാറ്റുന്ന സൂഷ്മമായ നിരീക്ഷണവും കുറിക്കു കൊള്ളുന്ന ഭാഷയും മലയാളിക്ക് പ്രതീക്ഷക്ക് വകനല്‍കുന്നു.   
 -വി.എം. ഗിരിജ
INDIAVISION LIVE BOOK by V.M. Girija

കഥ: ജോണ്‍ എ. മക്ഡോണാള്‍ഡ്‌