Wednesday, August 03, 2016

ചങ്കിലെ വാക്വം

 കുറെക്കാലമായി അറിയുന്ന സുഹൃത്താണ്. ഇന്നലെ വിളിച്ചപ്പോള്‍ പതിവുപോലെ വീട്ടുവിശേഷങ്ങള്‍, കുട്ടികളുടെ കാര്യങ്ങള്‍, കാലാവസ്ഥ, മാറുന്ന സമ്പദ്‌വ്യവസ്ഥ ഒക്കെ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖം വന്നിരുന്നു. ഇപ്പോള്‍ എല്ലാം ഭേദമായി.  രോഗത്തെപ്പറ്റി എല്ലാവരും മറന്നിരിക്കുന്നു. പലപ്പോഴും ചോദിക്കണമെന്ന് വിചാരിച്ചു മാറ്റിവെച്ച ചോദ്യം ഒടുക്കം ചോദിച്ചു, ആരോഗ്യത്തെപ്പറ്റി. അന്‍പത് മിനിറ്റില്‍ നരകം ചുറ്റി വന്നു. ആരറിയുന്നു, സുഖമെന്നും, ഭേദപ്പെട്ടുവെന്നും പറയുന്ന ചെറുവാക്യങ്ങള്‍ക്കിടയിലെ നരകക്കുഴികള്‍!
ഫോണ്‍ വെച്ചു കഴിഞ്ഞ് വല്ലാതെയങ്ങ് ശ്വാസം കിട്ടാതെ വന്നപ്പോഴാണറിഞ്ഞത്, കാളി വാളൂരി, നെഞ്ചു ചുഴന്ന്‍, ഹൃദയം അരിഞ്ഞെടുത്ത്, കഴുത്തിലിട്ടു പൊയ്ക്കളഞ്ഞിരിക്കുന്നു! നെഞ്ചിലെ വാക്വം പൊത്തിപ്പിടിച്ച് പുറത്തിറങ്ങി. ഒന്‍പതര മണിയുടെ ഇരുട്ടുണ്ട് പുറത്ത്. നിരത്തില്‍ വിളക്കു കാലുകളുടെ നീളന്‍ നിഴലില്‍ കാറുകള്‍.
ആ ബ്ലോക്ക് കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് വീണ്ടും നടന്നു. നടക്കാനിറങ്ങിയവരും അവരുടെ കൂട്ടുനായ്ക്കളും ഇടയ്ക്കിടെ കാണാം. ഒട്ടിച്ചേര്‍ന്നവീടുകളുടെ നിര കഴിഞ്ഞ് വീണ്ടും വലത്തേക്ക് തിരിയുമ്പോള്‍ നക്ഷത്രങ്ങളോടും ചോദിച്ചുനോക്കി ജീവിതത്തിന്റെയും സുഖദുഖങ്ങളുടെയും നന്മതിന്മകളുടെയും അര്‍ത്ഥവും അനര്‍ത്ഥങ്ങളും. വിളറിച്ചിരിച്ചതല്ലാതെ ആഗസ്റ്റ്‌ നക്ഷത്രങ്ങള്‍ക്ക് ഒന്നും പറഞ്ഞു തരാനുണ്ടായിരുന്നില്ല.
കുട്ടികളുടെ സ്കൂളിനു മുന്നിലെ മരക്കൂട്ടങ്ങള്‍ നിശ്ചലം നിന്നു. ഒരു ഹൃദയം വെച്ചുതുന്നിത്തരാന്‍ കാറ്റുപോലും കൂട്ടാക്കുന്നില്ല. അപ്പോഴാണ്‌ വാട്ട്സ്ആപ്പ് മെസേജ് ചിലച്ചത്. ദൈവരാജ്യത്തില്‍ നിന്നാണ് – ഒരാഴ്ചയായി വെള്ളമില്ല! വീട്ടിലേക്കുള്ള വഴിയെ മടങ്ങുമ്പോഴോര്‍ത്തു. എന്‍റെ ദൈവരാജ്യത്തില്‍ ആലോചിക്കാന്‍തന്നെ ഭയപ്പെടുന്ന കാര്യമാണ് ഒന്‍പതുമണിയുടെ ഇരുട്ടില്‍ ഒറ്റക്കൊരു ചുറ്റിക്കറങ്ങല്‍.
ചങ്കിലെ വാക്വം ഇപ്പോഴും ബാക്കി. ഒരു പ്ലാസ്റ്റിക് ഹൃദയം വെച്ചു പിടിപ്പിക്കണം – ജീവിക്കേണ്ടേ? വേണോ?