Monday, February 22, 2010

ജോൺ എ. മക്ഡോണൾഡ്‌


ഞ്ഞു കൂടിക്കിടന്ന ഒരു ജനുവരിയിലാണ്‌ മിൻചിങ്‌ എന്ന ചൈനക്കാരി പെൺകുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത്‌. ചുഴറ്റി വീശുന്ന ധ്രുവക്കാറ്റ്‌ നിലത്തു വീണു കിടന്ന മഞ്ഞിനെ കല്ലൈസ്‌ ആക്കി മാറ്റുന്ന ഒരുച്ചനേരം. ചരൽ മഴപോലെ മുഖത്തെയും ചെവിയേയും വേദനിപ്പിക്കുന്ന തണുപ്പിൽ സ്ക്കൂൾ കെട്ടിടം വിറങ്ങലിച്ചു നിന്നു.

ഇളം തണുപ്പാണെങ്കിൽ ഉച്ചയൊഴിവു കഴിഞ്ഞു വരുമ്പോൾ കുട്ടികൾക്ക്‌ ഉളുമ്പു മണമുണ്ടാവും. അന്ന്‌ തണുപ്പിന്റെ മൂർച്ചകൊണ്ട്‌ മണങ്ങളൊക്കെ മരവിച്ചിരുന്നു.

അതൊന്നും വകവെക്കാത്ത ഹൈസ്ക്കൂൾ കുട്ടികൾ. കൗമാര ഹോർമോണിന്റെ പ്രസരത്തിൽ ചിരിച്ചും തിമിർത്തും ഇടക്കൊക്കെ തെറിവിളിച്ചും സ്ക്കൂൾ വളപ്പിൽ സ്വന്തം ടെറിട്ടറികൾ സ്ഥാപിക്കും. ഈ കൗമാരക്കാരുടെ ആത്മവിശ്വാസം കാണുമ്പൊൾ ചിലപ്പൊൾ കൊതിയാവും. ചിലപ്പോൾ പേടിയും ഇവർക്കൊന്നും പേടിയില്ലല്ലൊ എന്നോർത്തുള്ള പേടി.

അവർക്കിടയിൽ പെടാതെ ആരുടേയും മുഖത്തു നോക്കാതെ നടക്കുന്ന പന്ത്രണ്ടാം ക്ലാസുകാരി മിൻ ചിങിന്റെ പ്രൊജക്ടിൽ ഞാനും മരവിച്ചു നിന്നു. കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രി ജോൺ എ. മക്ഡോണൾഡിനെക്കുറിച്ചുള്ള പ്രബന്ധത്തിന്റെ തുടക്കം ഒരു 'കൂലി'യുടെ ദൃഷ്ടിയിൽ മക്ഡൊണാൾഡ്‌ ഉന്നതനല്ല എന്നായിരുന്നു. ഇന്ത്യയിൽ നിന്നും പുറപ്പെട്ടു പോയ ആ വാക്ക്‌ എന്നെ പൊള്ളിച്ചു. ബ്രിട്ടിഷുകാർ അടിമപ്പണിക്കാരോടൊപ്പം കൊണ്ടുപോയ വാക്ക്‌ കാനഡയിൽ റെയിൽപാളം പണിയാനെത്തിയ ചൈനക്കാർക്കും ചാർത്തിക്കൊടുത്തിരുന്നു എന്നത്‌ എനിക്കു പുതിയ അറിവായിരുന്നു.

രാഷ്ട്രപിതാവെന്നു വിളിക്കാനുള്ള യോഗ്യതയുണ്ടെന്ന്‌ പലരും അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പേരാണു ഞങ്ങളുടെ സ്ക്കൂളിനും. പട്ടണത്തിന്റെ നടുവിൽ വരുമാനം കുറഞ്ഞവരും ഇംഗ്ലീഷറിയാത്ത കുടിയേറ്റക്കാരും നിറഞ്ഞയിടത്ത്‌. കേരളത്തിലെ ഗവണ്മെന്റ്‌ സ്ക്കൂളു പോലെ, പഠിപ്പ്‌ വേണമെങ്കിലെന്ന മട്ടിലൊരു ജോൺ എ. മക്ഡോണൾഡ്‌ സ്ക്കൂൾ. നിത്യവ്രത്തിക്കുള്ള പരക്കം പാച്ചിലിൽ പഠിത്തം പിന്നിലായിപ്പോകുന്നവരുടെ പാഠശാല.

ആയിരത്തി എണ്ണൂറുകളിൽ കാനഡയിലേക്കു കൊണ്ടുവരപ്പെട്ട ചൈനക്കാരിലാണു മിന്നിന്റെ ലേഖനം മുന്നോട്ടു പോകുന്നത്‌.
മലകൾക്കും സമുദ്രത്തിനും ഇടയിലായി ഒറ്റപ്പെട്ടു നിൽക്കുന്ന ബ്രിട്ടീഷ്‌ കൊളംബിയയെ മലകൾ തുരന്ന്‌ റെയിൽ പാളം കെട്ടി മറ്റു സംസ്ഥാനങ്ങളോടു യോജിപ്പിപ്പിക്കുന്നതിന്റെ ചുമതല ജോൺ മക്ഡോണൾഡീനായിരുന്നു. കോഴപ്പണം വാങ്ങി കോണ്ട്രാക്ടു കൊടുത്തിട്ട്‌ എങ്ങനേയും റെയിൽവേ പണി തീർക്കണം എന്ന്‌ ജോൺ ആവശ്യപ്പെട്ടു. അപകടം പിടിച്ച പണിക്ക്‌ ആളെ കിട്ടാനില്ലാത്തതുകൊണ്ട്‌ ചൈനക്കാരെ ഇറക്കുമതി ചെയ്യാൻ ഉത്തരവായി.

കഴിഞ്ഞ അവധിക്ക്‌ ഒന്റേറിയോയിൽ നിന്നും സന്തോഷിന്റെ ജോലിസ്ഥലമായ വാൻകൂവറിലേക്ക്‌ സസ്ക്കച്ചുവാനും മാനിറ്റോബയും കടന്നു പോയതു ഞാനോർത്തു. ഉടവുകളും കുന്നും താഴ്‌വരയുമുപേക്ഷിച്ചു പരന്നു കിടക്കുന്ന പ്രയറി. അറ്റം കാണാത്ത പുൽമേടുകൾ കാറ്റിനു വളഞ്ഞും പുളഞ്ഞും അഹംഭാവം വരക്കാനനുവദിച്ച്‌ വിധേയത്തത്തോടെ തലകുനിക്കുന്നു. പുൽമേടുകൾക്കതിർത്തി ആകാശം മാത്രം. തെളിഞ്ഞ്‌ രാസക്കൂട്ടുകൾ കൺകെട്ടാതെ മേഘങ്ങളുടെ ഫാഷൻ ഷോ എത്ര വേണമെങ്കിലും കണ്ടുകൊള്ളാൻ അനുവദിച്ചുകൊണ്ട്‌. അങ്ങിങ്ങ്‌ എണ്ണക്കിണറുകളിലേക്കു കുനിയുന്ന കപ്പിയുടേയും കയറിന്റേയും പ്രതിഷ്ഠകൾ കാണാം.

പ്രയറിയുടെ അറ്റത്ത്‌ മതിൽക്കെട്ടായി റോക്കിമല. മല മതിലിനു പിന്നിലൊളിച്ച്‌ ബ്രിട്ടീഷ്‌ കൊളംബിയ സംസ്ഥാനം. വീട്ടിലേക്കു വരാൻ മടിച്ച്‌ ശാന്തസമുദ്രത്തിൽ മണൽ വാരിക്കളിക്കുന്ന കുട്ടിയെപ്പോലെ. ഈ ശാഠ്യക്കാരിയെ മറ്റു സംസ്ഥാനങ്ങളോടു കൂട്ടിയോജിപ്പിച്ച്‌ കാനഡ എന്ന രാജ്യം പടുത്തത്‌ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജോൺ മക്ഡോണൾഡാണ്‌.

കനേഡിയൻ പസഫിക്ക്‌ എന്ന തീവണ്ടിപ്പാത പണിയാനായി പതിനായിരത്തിലേറെ ചൈനക്കാരെ 1880-ൽ ബ്രിട്ടീഷ്‌ കൊളമ്പിയയിലെത്തിച്ചു. പണി സഥലത്തിനടുത്തു കൂടാരം കെട്ടി അവർ താമസിച്ചു. കൊടും തണുപ്പിൽ മരവിച്ചും ബ്രിട്ടീഷ്‌ കൊളംബിയയുടെ തോരാമഴയിൽ കുതിർന്നും. മലയിടുക്കുകളിലൂടെയുള്ള അപകടം പിടിച്ച അഞ്ഞൂറു കിലോമീറ്റർ പാളം പണിയുമ്പോൾ ഏറെപ്പേർ മരിച്ചു. മലതുരക്കാൻ വെടിമരുന്നുവെച്ചിട്ടോടുമ്പോൾ ചിതറിപ്പോയവരുടെ ചോരയും പുരണ്ടിട്ടുണ്ട്‌ മിന്നിന്റെ ലേഖനത്തിൽ. ഒരു മൈലിനു നാലു ചൈനക്കാർവീതം മരിച്ചിട്ടുണ്ടെന്നാണു കണക്കെന്ന്‌ അവൾ വിസ്തരിച്ചിട്ടുണ്ട്‌.

ചൈനക്കാർക്ക്‌ ദിവസക്കൂലി ഒരു ഡോളറായിരുന്നപ്പോൾ മറ്റു രാജ്യക്കാർക്ക്‌ മൂന്നു ഡോളറും ജീവിതച്ചിലവും കിട്ടിയിരുന്നു. ടെന്റിനുള്ളിലെ ത്‌അണുപ്പിൽ താമസിക്കേണ്ടിവന്ന പൂർവ്വികരെയോർക്കുന്ന പക മിന്നിന്റെ ലേഖനത്തിലുണ്ട്‌. റെയിൽപണി കഴിഞ്ഞതോടെ രാജ്യത്ത്‌ ചൈനക്കാർ പെരുകാതിരിക്കുവാനായി ചൈനക്കാർക്കു മാത്രമായി തലക്കരം ഏർപ്പെടുത്തി. കുടുംബത്തെ കൊണ്ടു വരണമെങ്കിൽ ഒരു തലക്ക്‌ 500 ഡോളർ എന്ന കണക്കിൽ കൂലികളെ സർക്കാർ മുട്ടു കുത്തിച്ചു. ഇവിടെ ജനിച്ചു വളർന്ന ചൈനക്കാർക്കും വോട്ടവകാശം നൽകിയില്ല. ഇതിനൊക്കെ അടുത്തകാലത്ത്‌ കനേഡിയൻ ഗവണ്മെന്റ്‌ മാപ്പു പറഞ്ഞ കാര്യം വാർത്തകളിൽ ഞാനും കണ്ടിരുന്നു. പക്ഷെ മിൻ ചിങ്‌ ആർക്കും മാപ്പു കൊടുത്തിട്ടില്ല.


സന്തോഷിന്റെ ഇപ്പോഴത്തെ പ്രൊജക്ട്‌ വിന്റർ ഒളിപിംക്സിലാണ്‌. ബ്രിട്ടീഷ്‌ കൊളംബിയയിലെ വാൻ കൂവറിൽ. സന്തോഷിന്റെ ജോലി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കു മാറിക്കൊണ്ടിരിക്കും. മേലധികാരിയെ ഇഷ്ടപ്പെടാഞ്ഞ വാശിയിലാണു സന്തോഷ്‌ പ്രൊജക്ട്‌ മാനേജ്മെന്റ്‌ പ്രൊഫഷണൽ രജിസ്ട്രേഷൻ എടുത്തതും അയൽപക്കത്തെ ജോലി രാജിവെച്ചതും. ഇപ്പോൾ കമ്പനികളുടെ പ്രൊജക്ടുകൾ ഏറ്റെടുക്കും. ഒന്നു തീർന്നാൽ മറ്റൊരു കമ്പനി മറ്റൊരു പ്രൊജക്ട്‌, മറ്റൊരു ന?രം. ഒന്നിലും ഉറക്കാത്ത എ. ഡി. എച്ച്‌. ഡി. എന്ന ചുരുക്കപ്പേരുള്ള അറ്റെൻഷൻ ഡെഫിഷൻസി ഹൈപ്പർ ആക്ടീവ്‌ ഡിസോഡർ ഉള്ളതുകൊണ്ടാണു സന്തോഷിനിത്തരം ജോലി ഇഷ്ടപ്പെടുന്നതെന്നു ഞാൻ പരിഹസിക്കും. വീട്ടിലെ മുഷിപ്പൻ ഉത്തരവാദിത്തങ്ങളിൽ നിന്നു രക്ഷപെടാനുള്ള വഴിയാണെന്നു പറഞ്ഞു ചിലപ്പോഴൊക്കെ കുത്തി നോവിച്ചു രസിക്കും.

ടൊറന്റോയുടെ തിമിർപ്പും മാലിന്യങ്ങളുമില്ലാതെ ഇടക്കിടെ മഴപെയ്യുന്ന ബ്രിട്ടീഷ്‌ കൊളംബിയ സഹ്യനും അറബിക്കടലിനുമിടക്കുള്ള മഴനാടു പോലെയാണെന്ന്‌ ഞാൻ സങ്കൽപിക്കാറുണ്ട്‌. മലകൾക്കും പൂക്കൾക്കുമിടയിൽ പെയ്യുന്ന മഴയിൽ ചോര തെറിപ്പിച്ചു കളഞ്ഞല്ലൊ ഈ ഗർഭിണിക്കുട്ടി.

സെന്റ്‌.മേരിസിൽ നിന്നും ഞങ്ങളുടെ സ്ക്കൂളിലേക്ക്‌ മിൻ വന്നിട്ട്‌ രണ്ടു മാസമേ ആയിട്ടൂള്ളൂ. ഒരു സാധാരണ ഹൈസ്ക്കൂൾ ഗർഭം. പലതരം നിരോധന മാർഗ്ഗങ്ങൾ ഉണ്ടായിട്ടും എല്ലാവർഷവും രണ്ടോ മൂന്നോ ഗർഭിണികളായ കുട്ടികൾ സ്ക്കൂളിലുണ്ടാവാറുണ്ട്‌. സിഗരറ്റിനും മദ്യത്തിനും വിൽപനക്ക്‌ കടൂത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ഗർഭനിരോധന മാർഗ്ഗങ്ങൾക്ക്‌ അതില്ല. കുടുബ ഡോക്ടറും ചോദ്യങ്ങളും ഉപാധികളുമില്ലാതെ പെൺകുട്ടികൾക്ക്‌ നിരോധന മാർഗ്ഗങ്ങൾ അനുവദിക്കും. എന്നിട്ടും വിദ്യാർത്ഥിനികൾ അമ്മമാരാവുന്നു.

കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ക്കൂളിലെ ഗർഭിണി കുട്ടികളും സാധാരണ ഇവിടെയാണ്‌ എത്താറ്‌. ജോൺ എ. മക്ഡോണൾഡ്‌ സ്ക്കൂളിൽ ഇവർക്കു പ്രത്യേക സൗകര്യങ്ങളുണ്ട്‌. പതിവായി പബ്ലിക്‌ ഹെൽത്ത്‌ നേഴ്സു വന്നു പരിശോധിക്കും. വിറ്റാമിനും പാലും സംരക്ഷണവും ഉപദേശങ്ങളും നൽകും. പ്രസവത്തിനു മുൻപ്‌ ബേബി ഷവറും സമ്മാനങ്ങളും കിട്ടും. ഗർഭരക്ഷകളൊന്നും കിട്ടാതെ ഛർദ്ദിലും കൊതിയുമായി ഒറ്റപ്പെട്ടുപോയ കാലമോർക്കുമ്പോൾ ഈ കുട്ടികളോടെനിക്ക്‌ അസൂയയും തോന്നും.

ചിലർ അഭിമാനത്തോടെ പരിചയപ്പെടുത്താറുണ്ട്‌.

-ദേ ഇവനാണ്‌ എന്റെ കുട്ടിയുടെ അച്ഛൻ.

ചിരിക്കാത്ത മുഖവുമായി നടക്കുന്ന മിന്നിന്റെ കൂട്ടുകാരനെ ഞാനിന്നേവരെ പരിചയപ്പെട്ടിട്ടില്ല.

പ്രബന്ധത്തിന്റെ നിലവാരം അളക്കേണ്ടത്‌ കോളം തിരിച്ചു നൽകിയിട്ടുള്ള റുബറിക്ക്‌ അനുസരിച്ചാണ്‌. റുബറിക്കുനു നാലു വിഭാഗങ്ങളുണ്ട്‌: ഭാഷയുടെ മികവ്​‍്‌, ഗവേഷണത്തിന്റെ ആഴം, അവതരണരീതി, വിഷയത്തെക്കുറിച്ചുള്ള അറിവ്‌. മിന്നിന്റെ പേപ്പറിൽ ഇതെല്ലാമുണ്ട്‌. വ്യാകരണത്തെറ്റില്ല, പദവ്യാപ്തി വാചകങ്ങളുടെ സംയോജനം എല്ലാം ഒന്നാം നിരയിൽ തന്നെ. മറ്റെല്ലാ കുട്ടികളും പ്രധാനമന്ത്രിയെ പുകഴ്ത്തി എഴുതിയപ്പോൾ മിൻ അയാളുടെ കുറവുകൾ മാത്രമേ കാണുന്നുള്ളൂ എന്നൊരു പൊരുത്തക്കേട്‌.

റുബറിക്കിലെ നാലാം കോളം ആവശ്യപ്പെടുന്നത്‌ ജോൺ എ. മക്ഡോണ്ഡ്‌ കാനഡക്കു നൽകിയ സംഭാവനകളെപ്പറ്റി പ്രതിപാദിക്കാനാണ്‌. ചതിക്കപ്പെട്ട കുറെയേറെ ചൈനക്കാർ, ഈ മണ്ണിൽ വീണുറഞ്ഞ അവരുടെ ചോര, നെടുവീർപ്പ്‌, കണ്ണിര്‌, അപമാനഭാരം ഇതൊക്കെ പ്രധാനമന്ത്രിയുടെ സംഭാവനയാണെന്ന്‌ മിൻ സമർത്ഥിച്ചിട്ടുണ്ട്‌. എങ്ങനെയാണു ജോൺ ഓർക്കപ്പെടേണ്ടതെന്നതിനു വിശദീകരണമായി എഴുതിയിരിക്കുന്നത്‌ ഇപ്പോൾ പത്തുഡോളർ നോട്ടിന്റെ പുറത്തിരുന്ന്‌ ഇയാളെന്നെ നിരന്തരം അസ്വസ്തതപ്പെടുത്തുന്നു എന്നാണ്‌.

സിസ്റ്റർ സാവ്ലയുടെ മലയാളം ക്ലാസിനെയോർത്തു ഞാൻ. എന്നും വായിക്കണ കെരന്തമോ നോമ്പിനു വായിക്കണതൊ എന്നു ചോദിക്കുന്ന ജോലിക്കാരിയോടു അനന്ത പത്മനാഭനെയോർത്തു വേവലാതിപ്പെട്ടിരിക്കുന്ന പാറുക്കുട്ടി ദേഷ്യപ്പെടുന്നത്‌ ക്രൂരയായ ഒരു ഫ്യൂഡലിസ്റ്റ ആയതുക്‌ഒണ്ടാണെന്ന്‌ എന്നെഴുതിയതിനു പൂജ്യം മാർക്കു കിട്ടിയ മലയാളം ക്ലാസ്‌ ഞാനെങ്ങനെ മറക്കും?

എഴുതുന്നയാളിന്റെ ദൃഷ്ടിയിൽ വ്യക്തിയെ പഠിക്കാനാണു റുബറിക്ക്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പിന്നെ ചരിത്രത്തിലെ സത്യമെന്നു പറയുന്നത്‌ ചരിത്രകാരന്റെ മനസാക്ഷി പടർപ്പിൽ തടഞ്ഞതല്ലെ. അങ്ങനെ ചില സ്വയം തർക്കങ്ങൾ നടത്തിയിട്ട്‌ മിന്നിന്‌ റുബറിക്കിലെ ഏറ്റവും ഉയർന്ന നാലു തന്നെ ഞാൻ കൊടുത്തു.

പ്രൊജക്ടു മടക്കി കൊടുത്ത ദിവസം മിൻ എന്നെ കാണാൻ വന്നു. മുഖത്തു നോക്കാതെ എന്നാൽ തല ഉയർത്തിപ്പിടിച്ചു നടക്കുന്ന മിൻ എന്റെ മുഖത്തു നോക്കി പറഞ്ഞു.

-താങ്ക്യൂ മിസ്സിസ്സ്‌. ടി.

താഴത്തുവീട്ടിൽ എന്ന എടുത്താൽ പൊങ്ങാത്ത ലാസ്റ്റ്‌ നെയിം കുട്ടികൾ ടി. എന്നു ചുരുക്കിയിട്ടുണ്ട്‌. മക്ഡോണാൾഡിനെ പുകഴ്ത്തി എഴുതാതിരുന്നതുകൊണ്ട്‌ ഇത്രയും ഉയർന്ന മാർക്കു അവൾ പ്രതീക്ഷിച്ചില്ലത്രെ.

-റുബറിക്കിൽ ആവശ്യപ്പെട്ടതെല്ലാം നിന്റെ പേപ്പറിലുണ്ട്‌. പിന്നെ ഞാനെന്തിനു മാർക്കു കുറക്കണം? ഭാഷാദ്ധ്യാപിക അഭിപ്രായം സ്വാതന്ത്ര്യത്തെ മാനിക്കേണ്ടെ?.

ഞാൻ ചിരിച്ചു. തിരികെ ചിരിക്കാതെ മിൻ പറഞ്ഞു.

-എല്ലാവരും മിസ്സിസ്സ്‌ ടി.യെപ്പോലെയല്ല. സെന്റ്‌. മേരീസിലായിരുന്നെങ്കിൽ എനിക്കിതിനു നല്ല മാർക്കു കിട്ടുമായിരുന്നില്ല. പുകഴ്ത്തി എഴുതിയാലെ അവിടുത്തെ ടീച്ചർ മാർക്കു തരൂ. സത്യം പറയുന്നത്‌ അവർക്കിഷ്ടമല്ല.

-അതു നീ ഓർമ്മിക്കുന്നതു നല്ലതാണ്‌. നിന്റെ ആശയം ഒരാൾ മാത്രം അറിയുന്നതാണൊ നല്ല മാർക്കു വാങ്ങി ഇഷ്ടമുള്ള വഴിക്കു തിരിയാൻ കഴിയുന്നതാണൊ പ്രധാനമെന്നു നോക്കണം. കലഹത്തിൽ ജയിച്ചിട്ട്‌ യുദ്ധത്തിൽ തോൽക്കണൊ കുട്ടീ?
ഞാനൊരു അദ്ധ്യാപിക പ്രസംഗം അവൾക്കു നൽകി.

-അതെനിക്കറിയാം. പക്ഷെ അയാൾ ചൈനക്കാരെ അടിമകളായിട്ടല്ലെ കണ്ടത്‌! ഉപയോഗിച്ചിട്ടു വലിച്ചെറിയാനുള്ള വസ്തുക്കൾ പോലെ.

-നിന്റെ ആശയങ്ങൾ ശക്തമാണ്‌. അതു ലോകമറിയണം. ലൈബ്രറി നടത്തുന്ന മത്സരത്തിലേക്ക്‌ ഒരു ലേഖനമയക്കൂ. അദ്ധ്യാപകർക്കു കുത്തിവരക്കാനായി പാഴാക്കാതെ.

അവളെഴുതിയ കഥക്ക്‌ ലൈബ്രറിയുടെ പവർ ഓഫ്‌ പെൻ അവാർഡു കിട്ടിയതോടെ അവൾക്ക്‌ എന്റെ വാക്കുകളിൽ വിശ്വാസമായി. മിൻ കാരണങ്ങളില്ലാതെ തന്നെ എന്നെ വന്നു കണ്ടു സംസാരിക്കും. സെന്റ്‌ മേരിസിൽ നിന്നും പുറത്താക്കപ്പെട്ട കഥ ഒരിക്കൽ മുഖത്തു വികാരങ്ങൾ വരുത്താതെ അവൾ പറഞ്ഞു.

-ഗർഭം ധരിച്ച കന്യകയുടെ പേരുള്ള സ്ക്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഗർഭിണിയാണു ഞാൻ.

കണ്ടറിയാവുന്നതു പോലെ വയറു വളർന്നപ്പോൾ മറ്റു കുട്ടികൾക്ക്‌ ദുർമാതൃകയാണെന്ന കാരണത്താൽ സ്ക്കൂൾ മാറുവാൻ രഹസ്യമായി അവളോടാവശ്യപ്പെട്ടു.

-എന്താണതിലെ ക്രിസ്തീയത?

വളവുകളില്ലാത്ത കറുത്ത മുടി കൈകൊണ്ടു പിന്നിലേക്കിട്ട്‌ അവൾ എന്നോടു ചോദിച്ചു.

-വാക്കുകളാണു നിന്റെ ശക്തി.

പ്രതിക്ഷേധവും വേദനയും എഴുതി ലോകത്തെ അറിയിക്കുവാൻ ഞാനവളെ പ്രേരിപ്പിച്ചു. മിന്നിന്റെ കണ്ണിലെ നായികയും മാലാഖയുമൊക്കെയായി മാറുന്നതിൽ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത്‌. കൗമാരക്കാർക്ക്‌ പുച്ഛമേയുള്ളൂ. ലോകത്തോട്‌, പ്രത്യേകിച്ചും അദ്ധ്യാപകരോടും മാതാപിതാക്കളോടും. ധിക്കാരിയായ ഈ പെൺകുട്ടി ബഹുമാനിക്കണമെങ്കിൽ ഞാനൊരു സംഭവം തന്നെ എന്നഹങ്കാരത്തിൽ ഞാനുലഞ്ഞു.

വിയ റെയിൽ വേയുടെ പരസ്യത്തിൽ മനോഹരമായ മലയിടുക്കുകളിലൂടെ പോകുന്ന ട്രെയിനിന്റെ പരസ്യം ധാരാളം കാണാറുണ്ട്‌. വാൻ കൂവറിലേക്കുള്ള അടുത്തയാത്ര ട്രെയിനിലാവണമെന്ന്‌ ഞങ്ങൾ പറയാറുമുണ്ട്‌. പക്ഷെ ആ ചക്രങ്ങൾ ചൈനക്കാരുടെ ചോരക്കു മുകളിലൂടെയാണോടുന്നത്‌ എന്നു ഞാൻ സന്തോഷിനോടു പറഞ്ഞു.

-പട്ടിണി മാറാൻ വേണ്ടി അവർ സ്വമേധയാ വന്നതാണ്‌. അല്ലാതെ നീ​ഗ്രോകളെപ്പോലെ വേട്ടയാടിപ്പിടിച്ചു അടിമകളാക്കി കൊണ്ടു വന്നതല്ല.

സന്തോഷിനു എന്റെ പ്രായോഗീക ബുദ്ധിയില്ലാത്ത ന്യായങ്ങൾ പലപ്പോഴും ഇഷ്ടപ്പെടാറില്ല.

മിൻ ഇന്നലെയും എന്നെകാണാൻ വന്നു.

-മിസ്സിസ്സ്‌ ടി. എനിക്കൊരു ജോലി വേണം.

ഞാനെവിടെ നിന്നാണ്‌ ഈ കുട്ടിക്കൊരു ജോലി തരപ്പെടുത്തികൊടുക്കുക?

-കുഞ്ഞു വരുന്നതിനു മുൻപ്‌ എനിക്കു കുറച്ചു പണം സ്വരൂപിക്കണം. ഞാൻ നിങ്ങളുടെ കുട്ടികളെ നോക്കാം. നിങ്ങൾക്കു പുറത്തുപോകേണ്ട ആവശ്യം വരുമ്പോൾ എന്നെ വിളിച്ചാൽ മതി.

നൂറു വിട്ടാവശ്യങ്ങൾക്കയി തണുപ്പിൽ രണ്ടു കുട്ടികളേയും കൊണ്ട്‌ ഓടുന്നയാൾക്ക്‌ അതൊരു വമ്പൻ ഓഫറാണ്‌. എന്നിട്ടും വീടിനു തൊട്ടടുത്തു തന്നെ എനിക്കൊരു ബേബിസിറ്ററുണ്ടല്ലൊ എന്ന കള്ളപ്പറച്ചിൽ എത്ര വേ?ത്തിലാണെന്നോ പുറത്തേക്കു വന്നത്‌.

ഗർഭിണിയായ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ എന്റെ പെണ്മക്കൾക്കു കൂട്ടിരുത്താനൊ, എന്നിലെ വീരനായിക ഉള്ളിൽ ചിരിച്ചു!!


000000000