Thursday, May 31, 2007

ജൂണിന്റെ ആഹ്ലാദങ്ങള്‍

[ചിത്രം: അരുണ്‍ ശശി]
തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
ചങ്ങമ്പുഴക്കവിത ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ ജൂണിന്റെ വരവ്‌. അസ്ഥികൂടങ്ങളായി കാണപ്പെട്ടിരുന്ന മരങ്ങള്‍ ഇലക്കൊഴുപ്പോടെ മേപ്പിളും, ഓക്കും ബേര്‍ച്ചും മറ്റുമായി മുത്തശ്ശി ഭാവത്തില്‍ നില്‍ക്കുന്നു.

ആദ്യത്തെ വിളവെടുപ്പുകളിലൊന്നാണ്‌ സ്ട്രോബറിയുടേത്‌. ജൂണ്‍ മാസം പകുതി എത്തുമ്പോള്‍ മുതല്‍ സ്ട്രോബറി പാകമാവാന്‍ തുടങ്ങും. തിന്നു മതിയാവുമ്പോള്‍ ബാക്കിയുള്ളതുകൊണ്ട്‌ ജാമുണ്ടാക്കാം. കേക്കും, പൈയും, മഫിനും എന്നു വേണ്ട കാക്കതൊള്ളായിരം രുചി വിഭവങ്ങള്‍ക്ക്‌ ഈ പഴങ്ങള്‍ കൂട്ടു നില്‍ക്കും.

ഒരു മലയാളി വീട്ടമ്മ കാറോടിക്കുന്നത്‌ ഇഷ്ടമില്ലെന്നു പറഞ്ഞാല്‍ കുറ്റമില്ല. പക്ഷെ മലയാളിപ്പെണ്ണ്‌ പാചകം ഇഷ്ടമല്ലെന്നു പറയുന്നതിനെ മഹാപാപമായിട്ടാണ്‌ പലപ്പോഴും കരുതപ്പെടുന്നത്‌.


ഹവ്വയമ്മൂമ്മ ചെയ്ത വലിയ വിഡ്ഡിത്തം നമുക്കൊക്കെയറിയാം. ആപ്പിളൊന്നു കടിച്ചിട്ട്‌
-ഹൗ എന്താ സ്വാദ്‌ എന്നുപറഞ്ഞു പ്രിയനു നീട്ടി. അദ്ദേഹമാണെങ്കില്‍ അതങ്ങു കറുമുറാ കടിച്ചു തിന്നിട്ട്‌ എല്ലാം ഈ ഹവ്വാപ്പെണ്ണിന്റെ വേലത്തരമാണെന്നൊരു പഴി ചാരലും. അതുകൊണ്ട്‌ ഇന്നും കൂടെയുള്ള പെണ്ണ്‌ ഭക്ഷണമുണ്ടാക്കി തരുമെന്നും അതു കഴിച്ചിട്ട്‌ അവളെ കുറ്റപ്പെടുത്താം എന്നുമുള്ള പാരമ്പര്യം വിടാതെ പിടിച്ചിരിക്കുകയാണ്‌ ആദാമിന്റെ പിന്‍ഗാമികളില്‍ ചിലര്‍.

അടുക്കളയില്ലാത്ത വീടു സ്വപ്നം കാണുന്നു കെ. ആര്‍. മല്ലികയുടെ കഥാപാത്രം. നമ്മുടെയൊക്കെ അവസ്ഥകള്‍ എന്ന കഥയില്‍ പ്രിയ ഏ. എസ്സി.ന്റെ ഭാനുക്കഥാപാത്രം ചോദിക്കുന്നു.
-ആരാണ്‌ ഈ അടുക്കള കണ്ടുപിടിച്ചത്‌? ആ ആളെ തൂക്കി കൊല്ലണം.


ഇവിടെ ഇങ്ങനെയൊക്കെ
എന്ന പരമ്പരയിലെ ജൂണ്‍ വിശേഷങ്ങളിലെ ചില ഭാഗങ്ങളാണിത്. പുഴയില്‍ മുങ്ങി മുഴുവനും വായിച്ചിട്ട് അഭിപ്രായങ്ങളുമായി വരൂ. നമുക്ക് വള്ളിയിട്ട അടയുണ്ടാക്കാം (കട: മയൂര) , ജാമുണ്ടാക്കാം.

Sunday, May 06, 2007

പാചകത്തിലെ വിമര്‍ശന പാഠം!

കല്‍ത്തപ്പം
(ഡാലിയുടെ ഓര്‍ക്കൂട്ടു പേജില്‍ നിന്നും സ്നേഹത്തോടെ അടിച്ചുമാറ്റിയത്)

ഡാലിയെന്ന മിടുക്കത്തി ഇഞ്ചിയെന്ന ബൂലോക പാചകറാണിക്കു കൊടുത്ത കല്‍ത്തപ്പത്തിന്റെ പാചകക്കുറിപ്പു കണ്ടത് ഉച്ചതിരിഞ്ഞ് വിശന്നിരിക്കുന്ന സമയത്താണ്.

അരി, ഉഴുന്ന്, തേങ്ങ, ഉള്ളി, ജീരകം, മഞ്ഞള്‍, കറിവേപ്പില .... വായിച്ചപ്പോള്‍ തന്നെ കൊതിയായി. പോരെങ്കില്‍ എല്ലാം അടുപ്പിന്റെ അടുത്തു നിന്നാല്‍ കൈയെത്തുന്ന ദൂരത്തുള്ള സാധനങ്ങള്‍. അതുകൊണ്ട് ജോലികഴിഞ്ഞു വന്ന ഉടന്‍ തന്നെ കല്‍ത്തപ്പമെന്ന കണ്ടിട്ടും കഴിച്ചിട്ടുമില്ലാത്ത സാധനം തയ്യാറാക്കി.

"കൊള്ളാം, പക്ഷെ, ഇനി ഇതു വേണ്ടാട്ടോ"
എന്നൊരു പ്രോത്സാഹനം ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിച്ചിരുന്നപ്പോള്‍ കേട്ടത്
"ഇതെന്തു സാധനമാണ്, നല്ല രുചിയുണ്ട്." എന്നാണ്.
"ഒരു തൃശൂരുകാരിയുടെ റസിപ്പിയാണ്. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും!"
എന്നു പറഞ്ഞ് തൃശൂരുകാരനെ സന്തോഷിപ്പിച്ചു.

കഴിക്കാന്‍ വിളിക്കുമ്പോഴേ ഉണ്ണിക്കും കുഞ്ഞുണ്ണിക്കും അറിയണം എന്താണു സ്നാക്കെന്ന്. അപ്പം എന്ന് ഉറക്കെ പറഞ്ഞു പണി തീര്‍ത്തു. അപ്പമെന്ന പേരിലറിയപ്പെടുന്ന വെള്ളയപ്പം അല്ലെങ്കില്‍ ലേസു വെള്ളേപ്പം പ്രതീക്ഷിച്ചുവന്ന ഉണ്ണി മഞ്ഞ നിറമുള്ള ഈ അവതാരത്തെ നോക്കി ചോദിച്ചു:

"Did you put മോരു in the അപ്പം? "
ഉണ്ണിക്ക് ഇഷ്ടമില്ലാത്ത ഒഴിച്ചുകറിയാണ് yellow മോരു എന്നു വിളിക്കപ്പെടുന്ന മോരുകറി.
"മോരൊന്നും ഒഴിച്ചിട്ടില്ല. ഇതു സാധാരണ ഉണ്ടാക്കുന്ന അപ്പമല്ല, പുതിയ തരം അപ്പമാണ് - കല്ത്തപ്പം . കല്‍ - ത്തപ്പം."
കുഞ്ഞുണ്ണി നെടുവീര്‍പ്പോടെ പറഞ്ഞു.
"അമ്മ, your അപ്പം is bad enough, why add കല്ല് to it?"


പക്ഷെ തൃശൂരുകാരന്‍ അടുത്ത രണ്ടു ദിവസം ലഞ്ചു കഴിച്ചത് കല്‍ത്തപ്പമാണ്. അതു കൊണ്ട് അതിനടുത്ത ശനിയാഴ്ച വേള്‍ഡുകപ്പു കാണാന്‍ വന്ന കൂട്ടര്‍ക്ക് കല്‍ത്തപ്പത്തിന്റെ മാവ് പുഴുങ്ങിയുണ്ടാക്കുന്ന ഇണ്ഡ്രിയപ്പം കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

അതു കഴിച്ച കശ്മലന്മാരുടെ കമന്റ് കുഞ്ഞുണ്ണിയുടേതിനേക്കാള്‍ കഠിനമായിരുന്നു:

“അയ്യേ, ഇതു രണ്ടാഴ്ച മുന്‍പുണ്ടാക്കിയ പെസഹാ അപ്പം ഇരുന്നു മഞ്ഞച്ചു പോയതാണൊ?”
പെസഹ അപ്പത്തിനും ഇതേ രുചിയാണത്രേ. പക്ഷേ മഞ്ഞള്‍ ചേര്‍ക്കില്ല.
‘അല്ലല്ല, ഇതു പരിപ്പു കറി ബെയിക്കു ചെയ്തതാണ് . ദേ കറിവേപ്പില കടിക്കുന്നുണ്ട്’.”

ഒരു ദോശപ്പോസ്റ്റില്‍ 32 കമന്റുകള്‍ ഇട്ടതിന് ഇതിലും വലിയ ശിക്ഷ എന്തുകിട്ടാനാണ്!! അതോ ഓര്‍ക്കുട്ടു പേജില്‍ നിന്നും പകര്‍പ്പവകാശം ഇല്ലാതെ പാചക വിധി പകര്‍ത്തിയതിനൊ?


പുഴയില്‍ വന്ന രണ്ടു രചനകളിലേക്കുള്ള വഴികള്‍.
ഭൂമിയില്‍ മഴവില്ലു വിരിയുമ്പോള്‍ - ഇവിടെ ഇങ്ങനെയൊക്കെ
ഒരു പ്രതിയും കുറെ അന്യായക്കാരും - കഥ

Hypocrisy vs Action ക മ ല  ഹാരിസ്   പുതിയൊരു   കളത്തിൽ   കാലുകുത്തിയതിൽ   കലവറയില്ലാതെ   അഭിമാനം   കൊള്ളുന്നുണ്ട്   നമ്മൾ   ഇന്ത്യാക്കാരും ,...