ലത്തീന്‍ ഭാഷയില്‍ ‘നിഗര്‍’എന്നവാക്കിന് കറുപ്പ് എന്നാണര്‍ത്ഥം. ഇതില്‍ നിന്നും ഉത്ഭവിച്ച നീഗ്രോ എന്നവാക്കിനും സ്പാനിഷിലും, പോര്‍ച്ചുഗീസ് ഭാഷയിലും, പുരാതിന ഇറ്റാലിയന്‍ ഭാഷയിലും കറുപ്പ് എന്നു തന്നെയാണര്‍ത്ഥം. എന്നിട്ടും ലോകത്തിന്‍റെ പലഭാഗത്തും ഇതൊരു ഭര്‍ത്സന വാക്കാണ്. എന്തിന് നമ്മുടെ ശബ്ദതാരാവലിയിലും നിഘണ്ടുവിലും കാപ്പിരി എന്നവാക്കിന് അപരിഷ്കൃതന്‍ എന്ന അര്‍ത്ഥം കൊടുത്തിട്ടുണ്ട്.
അര്‍ത്ഥം എന്തായാലും അതിന്‍റെ പ്രയോഗത്തിലെ അധിക്ഷേപം ലോകം മുഴുവന്‍ തിരിച്ചറിയുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും വേട്ടയാടിപ്പിടിച്ചുകൊണ്ടുപോയി അടിമകളാക്കപ്പെട്ട കറുത്ത ജനതക്ക് അപമാനമുദ്രയായി വെള്ളക്കാരന്‍ കൊടുത്ത പേരായി നീഗ്രോ മാറി. രണ്ടായിരത്തി ഏഴിലെ കോമണ്‍ വെല്‍ത്ത് റൈറ്റേഴ്സ് സമ്മാനം നേടിയ കാപ്പിരികളുടെ പുസ്തകം (The Book of Negroes) എന്നപുസ്തകത്തിന്‍റെ വഴികള്‍ ഇതൊന്നുകൂടി ഉറപ്പാക്കുന്നു. അതുകൊണ്ടാണ് ദി ബുക്ക് ഓഫ് നീഗ്രോസ് എന്ന പേരുമാറ്റി 'സംവണ്‍ നോസ് മൈ നേം' (Someone Knows My Name) എന്നപേരില്‍ ഈ പുസ്തകം ഐക്യനാടുകളിലും, യൂറോപ്പിലും, ഓസ്ട്രേലിയയിലും പുറത്തു വന്നിരിക്കുന്നത്.
കാനഡയില്‍ ‘ദ ബുക്ക് ഓഫ് നീഗ്രോസ്‘ എന്ന പേരില്‍ 2007-ല്‍ ഇറങ്ങിയ പുസ്തകം അതേപേരില്‍ ഐക്യനാടുകളില്‍ ഇറക്കുവാന്‍ പ്രസാധകര്‍ മടി കാണിച്ചു. നീഗ്രോ എന്ന വാക്ക് വയനക്കാരെ പിന്തിരിപ്പിക്കുമെന്ന വാദം ആദ്യം ഗ്രന്ഥകര്‍ത്താവായ ലോറന്‍സ് ഹില്ലിനെ ചൊടിപ്പിച്ചുവെങ്കിലും പുസ്തക വ്യാപാരികളുടെ ബുദ്ധിയില്‍ അദ്ദേഹം വിശ്വസിച്ചു. അങ്ങനെ 'സംവണ്‍ നോസ് മൈ നേം' എന്ന പേരില്‍ ഇത് ഐക്യനാടുകളിലും, ന്യൂസിലന്‍ഡിലും, ദക്ഷിണാഫ്രിക്കയിലും പുറത്തു വന്നു. അതിനുശേഷം ഈ പുസ്തകം 'കാപ്പിരികളുടെ പുസ്തകം' എന്നപേരില്‍ പുറത്തു വന്നിരുന്നുവേങ്കില്‍ തങ്ങള്‍ വാങ്ങുമായിരുന്നില്ല എന്ന് ഐക്യനാടുകളിള്‍ നിന്നുമുള്ള അദ്ദേഹത്തിന്‍റെ ചില ബന്ധുക്കളുള്‍പ്പടെയുള്ള കറുത്തവര്‍ഗ്ഗക്കാര്‍ അദ്ദേഹത്തോടു നേരിട്ടു പറഞ്ഞു. നീഗ്രോ എന്നത് വേദനിപ്പിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്കായിരിക്കുന്നു.
നാറ്റൂറ്റി എഴുപതു പേജുകളുള്ള ഈ പുസ്തകം ഒരു ചരിത്രനോവലാണ്. കാപ്പിരികള്‍ കാനഡയിലെത്തിയ അധികം പറയപ്പെടാത്ത ചരിത്രം. ഐക്യനാടുകളില്‍ അടിമക്കച്ചവടവും അടിമകളോടുള്ള ക്രൂരതയും വളര്‍ന്നു നിന്നിരുന്ന കാലത്ത് ‘അണ്ടര്‍ ഗ്രൌണ്ട് റെയില്‍ റോഡ്‘ എന്ന പേരിലൊരു ശ്രംഖല അതീവ രഹസ്യമായി അടിമകളെ കാനഡയിലേക്കു വരുവാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും അവസരമുണ്ടാക്കികൊടുത്തു. അത് കാനഡ അഭിമാനത്തോടെ പറയുകയും പാഠപ്പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ചരിത്രം. എന്നാല്‍ സ്വാതന്ത്ര്യവും കൃഷിചെയ്തു ജീവിക്കുവാന്‍ സ്വന്തമായി സ്ഥലവും നല്‍കാമെന്ന വാഗ്ദാനത്തില്‍ തൂങ്ങി നോവസ്ക്കോഷ്യയിലെ ഫ്രീടൗണില്‍ 1783-ല്‍ കപ്പലിറങ്ങിയ മുവായിരത്തിലേറെ ആഫ്രിക്കന്‍ വംശജരുടെ ചരിത്രം കാനഡയില്‍ പലര്‍ക്കും അറിയില്ല. അതു ലോകത്തോടു പറയേണ്ടത് സ്വന്തം ചുമതലയായി ഏറ്റെടുത്തുകൊണ്ടാണ് ലോറന്‍സ് ഹില്‍ ഈ പുസ്തകം എഴുതിയത്.
കാനഡയിലെ ടൊറന്‍റോയില്‍ ജനിച്ചു വളര്‍ന്ന ലാറി എന്നുവിളിക്കപ്പെടുന്ന ലോറന്‍സിന്‍റെ രക്തത്തിലുമുണ്ട് കാപ്പിരി രക്തം. കറുപ്പും വെളുപ്പും കലര്‍ന്നതാണു ഈ എഴുത്തുകാരന്‍റെ പാരമ്പര്യം. ലാറിയുടെ അച്ഛന്‍ ആഫ്രിക്കന്‍ വംശജനായ ഡാനിയേല്‍ ഹില്ലും വെള്ളക്കാരിയായ അമ്മ ഡോണ ബെന്‍ഡറും വിവാഹപ്പിറ്റേന്ന് അമേരിക്കയില്‍ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ്. അമേരിക്കന്‍ ജനത അംഗീകരിച്ചിട്ടില്ലാത്ത മിശ്രവിവാഹ ജീവിതത്തില്‍ സമൂഹമേല്‍പ്പിക്കാവുന്ന മുള്ളുകള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ് അവര്‍ കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിച്ചതു. 1953 ലായിരുന്നു അവരുടെ വിവാഹം. അക്കാലത്ത് അമേരിക്കന്‍ ഐക്യനാടുകളിലെ വെര്‍ജീനിയപോലുള്ള സംസ്ഥാനങ്ങളില്‍ മിശ്രവിവാഹിതരെ കുറ്റവാളികളായി കരുതുകയും നിയമഭ്രഷ്ടരാക്കുകയും ചെയ്തിരുന്നു. ഉത്തരയമേരിക്കയിലെ കറുപ്പും വെളുപ്പുമല്ലാത്ത ജീവിതത്തിന്‍റെ ദുരിതത്തെപ്പറ്റി ലോറന്‍സ് ഹില്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ബ്ലാക്ക്ബെറി സ്വീറ്റ് ജൂസ് എന്നപേരിലുള്ള ഈ പുസ്തകമാണ് ലാറി ആദ്യമായി പുറത്തിറക്കിയത്.
കോമണ്‍ വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ് ഉള്‍പ്പെടെയുള്ള പല പുരസ്ക്കാരങ്ങളും നേടിക്കഴിഞ്ഞ കാപ്പിരികളുടെ പുസ്തകം എന്ന നോവല്‍ ലോറന്‍സ് ഹില്ലിനെ ആഗോള പ്രശസ്തനാക്കിയിരിക്കുന്നു. ഈ നോവലിലെ പലസംഭവങ്ങളും പോലെ കാപ്പിരികളുടെ പുസ്തകം എന്ന പേരും യഥാർത്ഥത്തിലുള്ളതാണ്. അമേരിക്കന്‍ റവലൂഷനറി യുദ്ധത്തില്‍ അംഗസംഖ്യ കുറവായിരുന്ന ബ്രിട്ടീഷുകാരോടൊപ്പം ചേരുവാന്‍ കറുത്തവര്‍ഗ്ഗക്കാരെ അവര്‍ പ്രേരിപ്പിച്ചു. യുദ്ധംകഴിയുമ്പോള്‍ സ്വാതന്ത്ര്യവും കൃഷിചെയ്യുവാന്‍ സ്വന്തമായ ഭൂമിയും നല്‍കാമെന്ന വാഗ്ദാനത്തില്‍ ധാരാളം അടിമകള്‍ ബ്രിട്ടീഷുകാരുടെ സൈന്യത്തില്‍ ചേർന്നു. പക്ഷെ യുദ്ധത്തില്‍ തോറ്റ ബ്രിട്ടീഷുകാര്‍ക്ക് അമേരിക്ക വിടേണ്ടി വന്നതോടെ ഇതൊരു പ്രാരാബ്ദ്ധമായി മാറി. കാനഡയിലെ ബ്രിട്ടിഷ് കോളനിയായിരുന്ന നോവസ്ക്കോഷ്യയിലേക്ക് അവരെ അയക്കാന്‍ ഉത്തരവായി. അങ്ങനെ മൂന്നു കപ്പലുകളിലായി അമേരിക്കയില്‍ നിന്നും കാനഡയിലേക്കും ഇംഗ്ലണ്ടിലേക്കും അയച്ച മൂവായിരം നീഗ്രോകളുടെ പേരുവിവരങ്ങള്‍ എഴുതിചേര്‍ത്ത പുസ്തകമാണു ബുക്ക് ഓഫ് നീഗ്രോസ്.
150 പേജുള്ള ഈ പുസ്തകത്തില്‍ സ്വാതന്ത്ര്യം തേടിപ്പോയ 3000 അടിമകളുടെ പേരും, വയസ്സും, ഉടമയുടെ പേരും, ജീവിത പശ്ചാത്തലവും മാത്രമല്ല, തടിച്ച പെണ്ണ്, കുറിയമനുഷ്യന്‍, കുരുടി, മുഖത്തു പാടുള്ളവന്‍, ഒറ്റക്കണ്ണി തുടങ്ങിയ അവഹേളനം നിറഞ്ഞ വ്യക്തി വിവരണങ്ങളുമുണ്ട്. കറുത്തവര്‍ഗ്ഗക്കാരുടെ അമേരിക്കയിലെ ആദ്യത്തെ ചരിത്ര പുസ്തകം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ആഫ്രിക്കന്‍ വംശജര്‍ക്ക് ഔദ്യോഗിക രേഖകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയില്ലാതിരുന്ന കാലത്ത് എഴുതപ്പെട്ടിട്ടുള്ള പുസ്തകം എന്നനിലയില്‍ ഈ പുസ്തകം അമൂല്യമാണെന്ന് ലാറി കരുതുന്നു. ഈ പുസ്തകത്തില്‍ പേരുവരിക എന്നത് നിസ്സാര കാര്യമായിരുന്നില്ല. ഇത് വാഗ്ദത്തഭൂമിയിലേക്കുള്ള വാതിലായിരുന്നു. ധാരാളമാളുകള്‍ ദിവസങ്ങളോളം തെളിവു സഹിതം വെള്ളക്കാരന്‍റെ കാര്‍ക്കശ്യത്തിനു മുന്നില്‍ കെട്ടികിടന്നിട്ടാണ് അവരുടെ പേര് ഇതില്‍ ചേർക്കപ്പെടുന്നത്.
കാപ്പിരികളുടെ പുസ്തകത്തിന്‍റെ മൂന്നു കൈയെഴുത്തു പ്രതികളാണുള്ളത്. ഒന്ന് ഇംഗ്ലണ്ടിലും, ഒന്നു അമേരിക്കയിലെ വാഷിംഗ്ടണിലും മറ്റൊന്ന് കാനഡയില്‍, ഹാലിഫാക്സിലെ മ്യൂസിയത്തിലുമാണ്. സംഭാഷണത്തിനിടയില്‍ ലാറി ഈ പുസ്തകത്തെ കൂട്ടപ്പലായനത്തിന്റെ പുസ്തകം എന്നുവിശേഷിപ്പിച്ചു. ഒന്‍റേറിയോയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ ചരിത്രാദ്ധ്യാപകനായ ജെയിംസ് വാക്കര്‍ 1977-ല്‍ രചിച്ച കറുത്തവരെപ്പറ്റിയുള്ള ഒരു പുസ്തകത്തില്‍ നിന്നുമാണ് ലാറി ആദ്യമായി നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി അറിയുന്നത്. ലാറിക്ക് ഇതൊരു അഭിനിവേശമായി മാറി. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തി ഇതിനെപ്പറ്റി എഴുതാതെ പറ്റില്ലെന്നൊരു അവസ്ഥയിലേക്കു വന്നു.
ഇതാരേയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച് സാധാരണക്കാരനും ഈ ചരിത്രം അറിയേണ്ടതാണെന്നാണ് അദ്ദേഹം പറയുന്നത്.ചാപ്പകുത്തിയ നെഞ്ചുമായി അതിനുള്ളിലെ ഒരിക്കലുംകെടാത്ത അഗ്നിയും വേവുമായി ജീവിതത്തെ വന്‍ കരകളില്‍നിന്നും വന്‍ കരകളിലേക്കു മാറ്റിപാര്‍പ്പിക്കുന്ന അമിനാറ്റയുടെ മനസ്സിലൂടെയാണു കഥ വിടരുന്നത്. അമിനാറ്റ ഡിയാലോ എന്നു പേരുള്ള നായികയെ പതിനൊന്നാം വയസ്സില്‍ ബായോ ഗ്രാമത്തില്‍ നിന്നും അടിമക്കച്ചവടക്കാര്‍ അപഹരിച്ചു കൊണ്ടു വന്നതാണ്. അമ്മയുടെ മടിയിലിരുന്ന് അച്ഛനുണ്ടാക്കിയ തേന്‍ ചേര്‍ത്ത ചായ കുടിക്കുന്ന ബാല്യത്തെ ഉള്ളില്‍ താലോലിച്ച് ഒരിക്കല്‍ അവിടെ മടങ്ങിച്ചെല്ലണമെന്നതാണു അമിനാറ്റയുടെ നിത്യ സ്വപ്നം. വിട്ടു പോന്ന വീടും ഗ്രാമവും അവളെ സദാ വിളിച്ചു കൊണ്ടിരുന്നു. ജന്മനാടിനെ ഒരു സ്വര്‍ഗ്ഗ ഭൂമിയായി ഉള്ളില്‍ കണ്ട അമിനാറ്റ ഒരിക്കലവിടെ മടങ്ങിച്ചെല്ലുക എന്ന സ്വപ്നത്തെ ഊതിക്കാച്ചാന്‍ പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. ബായോഗ്രാമത്തിലെ മുസ്ലീങ്ങളില്‍ അവളുടെ അച്ഛനു മാത്രമാണു സ്വന്തമായി ഖുറാനുള്ളതും വായന അറിയാവുന്നതും. അമിനാറ്റയുടെ കവിളെല്ലിനോടു ചേര്‍ന്ന് ചന്ദ്രക്കല അടയാളമുണ്ട്. അവള്‍ അഭിമാനത്തോടെ സൂക്ഷിക്കുന്ന കുലപാരമ്പര്യമാണതു വിളിച്ചു പറയുന്നത്. എന്നാല്‍ അവളുടെ മാറില്‍ വെള്ളക്കാരന്‍ ചാപ്പകുത്തി.
ബുദ്ധിമതിയായ അവള്‍ എഴുതാനും വായിക്കാനും പെട്ടെന്നു പഠിച്ചെടുക്കുന്നു. അടിമകളില്‍ ആര്‍ക്കും തന്നെ വശമില്ലാത്ത വിദ്യ. അമേരിക്കയിലെ നീലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന അമിനാറ്റ വെള്ളക്കാരന്‍റെ ചതി ക്ക് പലതവണ ഇരയാകുന്നുണ്ട്. അവളുടെ അഭിനിവേശമായ എഴുത്തും വായനയും തന്നെയാണ് അവളെ മുന്നൊട്ടു കൊണ്ടുപോകുന്നത്. അവളുടെ മനോഹരമായ കൈപ്പട കണ്ടിട്ടാണ് ബ്രിട്ടീഷ് അധികാരികള്‍ കാപ്പിരികളുടെ പുസ്തകത്തില്‍ പേരുവിവരങ്ങളെഴുതുന്ന ജോലി അവളെ ഏല്‍പ്പിക്കുന്നത്. കൃഷിയിടങ്ങളില്‍ അങ്ങേയറ്റം അദ്ധ്വാനിച്ചു ശീലിച്ച കാപ്പിരികള്‍ സ്വന്തമായി ഭൂമി കിട്ടുന്നതു സ്വപ്നം കണ്ടാണു കാനഡായിലേക്കു വന്നത്. പലര്‍ക്കും ഭൂമി കിട്ടിയില്ലെന്നു മാത്രമല്ല ഇവിടെ ജീവിതം ദുരിതം പിടിച്ചതുമായിരുന്നു. കാനഡയിലെ നീണ്ട ക്രൂരമായ ശൈത്യകാലം അവർക്കു പരിചിതമായിരുന്ന കൃഷി ചെയ്തു ജീവിക്കുവാനും അനുവദിച്ചില്ല. മറ്റു ജോലികളൊന്നും അവര്‍ക്കു ശീലവുമില്ലായിരുന്നു. തന്നെയല്ല, കാനഡയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സമയത്ത് ഇവരുടെ വരവ് കാനഡയിലുള്ളവരെ ചൊടിപ്പിക്കുകയും ചെയ്തു. ഫ്രീ ടൗണിലെത്തിയ കറുത്തവര്‍ അടിമകളായിരുന്നില്ലെങ്കിലും അവര്‍ക്കു കടുത്ത വിവേചനം നേരിടേണ്ടിവന്നു. നിന്ദ നിറഞ്ഞ പരിഹാസത്തിനു പുറമേ, ക്രൂരമായ ശാരീരിക പീഡനവും അവര്‍ക്കു നേരിടേണ്ടി വന്നു. ഇവിടേയും അമിനാറ്റയെ രക്ഷിച്ചതു എഴുതാനും വായിക്കാനുമുള്ള അവളുടെ കഴിവാണ്. ഒരു പ്രസില്‍ അവള്‍ക്കു ജോലികിട്ടുന്നു. തന്‍റെ എന്നത്തേയും സ്വപ്നമായിരുന്ന മടങ്ങിപ്പോക്കിനുള്ള സാദ്ധ്യത കണ്ടെത്തുന്നു.
ചരിത്രത്തോടും സത്യത്തോടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഈ കൃതി ലോറന്‍സ് ഹില്‍ എന്ന എഴുത്തുകാരന് വിശ്വസാഹിത്യലോകത്ത് ഒരു സ്ഥാനം നേടിക്കൊടുത്തതില്‍ അത്ഭുതപ്പെടാനില്ല. സിയേറലിയോണ എന്ന കപ്പലില്‍ ആഫ്രിക്കയിലേക്കു മടങ്ങിപ്പോകുവാന്‍ കറുത്തവർഗ്ഗക്കാര്‍ക്ക് അവസരം കിട്ടി. അങ്ങനെ കുറേപ്പേര്‍ മടങ്ങിപ്പോയതുവായിച്ച ലാറിയുടെ സങ്കല്‍പലോകത്തില്‍ ചെറിയ കുട്ടിയായി കപ്പലില്‍ വന്നിറങ്ങിയ ഒരു പെണ്‍കുട്ടി സ്ത്രീയായി മടങ്ങിപ്പോവുന്ന കഥ ഉരുത്തിരിഞ്ഞു. വെള്ളക്കാരില്‍ നിന്നും അടിമകള്‍ക്കു നേരിടേണ്ടി വന്ന ക്രൂരതകളുടെ ചിത്രം ഈ നോവല്‍ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. വായന കഴിഞ്ഞാലും പിന്തുടരുന്നത്ര ശക്തമായി. കോമണ്‍ വെല്‍ത്ത് റൈറ്റേഴ്സ് സമ്മാന ജേതാവിനു ബ്രിട്ടീഷ് രാജ്ഞി നല്‍കിയ സ്വീകരണത്തിനു ശേഷം ലാറി രാജ്ഞിയെ നേരില്‍ കണ്ടു. ബെക്കിംഗ് ഹാം കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ കൂടിക്കാഴ്ചയില്‍ വെച്ച് രാജ്ഞി ഇദ്ദേഹത്തോട് വളരെ ആകാംഷയോടെ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി ചോദിച്ചതു ലാറി അഭിമാനത്തോടെ ഓര്‍ക്കുന്നു. കൊട്ടാരത്തില്‍ നിന്നും ഏതാനും വാര അകലെയുള്ള മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമായ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി രാജ്ഞിയോടു വിവരിക്കാന്‍ കഴിഞ്ഞത് കുസൃതി കലര്‍ന്ന സന്തോഷമായി ലാറി പങ്കുവെച്ചു. കാനഡയിലെ ഗോത്രവര്‍ഗക്കാരെ വെള്ളക്കാരോടൊപ്പം ജീവിക്കുവാന്‍ തയ്യാറെടുപ്പിക്കുന്നതിനുവേണ്ടി 1928-ല്‍ ഗോത്രവര്‍ഗത്തിലെ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം റസിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ പാര്‍പ്പിച്ചു പഠിപ്പിച്ചു. ശാരീരികവും, മാനസീകവുമായ പീഡനങ്ങള്‍ക്കു പുറമെ പലപ്പോഴും ലൈംഗിക പീഡനത്തിലും ഇതെത്തി ചേര്‍ന്നു. ഈ അടുത്ത കാലത്താണു കാനഡ സര്‍ക്കാര്‍ അതിനു മാപ്പു പറഞ്ഞത്. ചൈനക്കാര്‍ കൂട്ടമായി കാനഡയിലേക്കു വരുന്നതു തടയുന്നതിനായി അവർക്കേര്‍പ്പെടുത്തിയിരുന്ന എടുത്താല്‍ പൊങ്ങാത്ത തലക്കരവും തെറ്റായിപ്പോയെന്നു സര്‍ക്കാര്‍ തുറന്നു സമ്മതിക്കുമ്പോഴും നീഗ്രോകളോടു കാണിച്ച ക്രൂരതയും വഞ്ചനയും ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.
കാനഡയെന്നല്ല ലോകം തന്നെ അറിയാത്ത ചരിത്രമാണത്. ഐക്യനാടുകളിലെ അടിമകള്‍ക്ക് കാനഡ സ്വര്‍ഗ്ഗമായിരുന്നതായിട്ടൂള്ള കഥയേ ചരിത്രം പറയുന്നുള്ളൂ. അതിര്‍ത്തി കടന്നെത്തിയവര്‍ക്ക് ഉടമകളെ ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാന്‍ സാധിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന മോഹത്തില്‍ ഇവിടെയെത്തി ഏറെ അപമാനവും ദുരിതവും അനുഭവിക്കേണ്ടിവന്ന വലിയൊരു പങ്കു കറുത്തവരെപ്പറ്റി കാനഡയുടെ ചരിത്രം പഠിപ്പിക്കുന്നില്ല. ഒരു പിടി ചരിത്രവിദ്യാർത്ഥികള്‍ക്കോ ഗവേഷകര്‍ക്കോ മാത്രമറിയാവുന്ന ചരിത്രമാണിത്. ഇത് ലോകം മുഴുവന്‍ അറിയേണ്ടതാണന്ന് തിരിച്ചറിഞ്ഞ് ആ ചുമതല ലാറി സ്വയമേറ്റെടുത്തു. ജെയിംസ് വാക്കര്‍ രചിച്ച പുസ്തകം ലാറി വീട്ടില്‍ നിന്നും 'കടത്താന്‍' ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഡാനിയേല്‍ ഹില്‍ അതിന്റെയുള്ളില്‍ തന്റെ പേരെഴുതിവെച്ചു. പക്ഷെ ഇന്നേവരെ താന്‍ ആ പുസ്തകം തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്ന് ലാറി ഒരു ചിരിയോടെ പറയുന്നു. ഫ്രെഞ്ചും സ്പാനിഷും സംസാരിക്കുന്ന ലാറി വര്‍ഷങ്ങളോളം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. ഗവേഷണവും എഴുത്തും, തിരുത്തെഴുത്തലുമായി 5 വർഷമെടുത്തു ഈ പുസ്തകം പുറത്തുവരുവാനായി. അമിനാറ്റയെപ്പോലുള്ള അടിമകളുടെ തുടക്കത്തില്‍ നിന്നും ഒബാമയുടെ വിജയത്തിലെത്തി നില്‍ക്കുന്ന അമേരിക്കയുടെ ഭാവിയെപ്പറ്റി ലാറിക്കു ശുഭപ്രതീക്ഷയുണ്ട്. അമേരിക്കയിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും ഒബാമക്കെന്നല്ല ആര്‍ക്കും തന്നെ ഒറ്റ രാത്രികൊണ്ടു തീര്‍ക്കാവുന്നവയല്ലെങ്കിലും ഒബാമയുടെ ഭരണം അന്താരാഷ്ട്രബന്ധങ്ങളില്‍ അമേരിക്കയെ തുണക്കുമെന്ന് ഈ എഴുത്തുകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.
Subscribe to:
Post Comments (Atom)
-
എഴുതിയതു തന്നെ എഴുതി വായിച്ചതു തന്നെ വായിച്ച് സാഹിത്യം മടുപ്പായിരിക്കുന്നു. എന്തിനും വ്യത്യസ്തത വേണം. അതുകൊണ്ടാണ് വളപ്പൊട്ടും, മഷിത്തണ്ടും...
-
ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാത്തവര്ക്ക...
-
സമയം തോല്‍പ്പിച്ചതുകൊണ്ട് ഈ വഴി വന്നിട്ട് കുറച്ചായി. എന്നാലും അയച്ചു കിട്ടിയ ലിങ്കുകള്‍ ഇടക്കു വായിക്കാറുണ്ടായിരുന്നു. എഴുത്ത് എന്നും ഒരു...
8 comments:
ദേ, കോമണ്‍വെല്‍ത്തു പ്രൈസുകാരന്‍ കാനഡാക്കാരന്‍. ഒരു ഇന്‍റര്‍വ്യൂ തരാന്‍ സന്മനസ്സു കാണിച്ചു കഴിഞ്ഞ വര്‍ഷം.
വായിച്ചിഷ്ടപ്പെട്ടുപോയ ഒരു കനേഡിയന്‍ പുസ്തകം.
http://www.lawrencehill.com/order_the_book_of_negroes.html
ishtappettu 'kooduthalonnum parayathe ,nanmakal kadhakalkkum ,pusthskangalkkum.
പരിചയപ്പെടുത്തല്‍ നന്നായി. കഥയുടെ/ജീവിതത്തിന്‍റെ തീവ്രത ശരിക്കും പകര്‍ന്നു തരുന്നുണ്ട്. ലൈബ്രറിയിലൊന്നു തപ്പട്ടെ.
Thanks to Nirmala for introducing the Book of Negroes and the writings of Larry.
A beautiful review,powerful one, as good as reading the original book.
My black salute to Larry, thousands of Aminatta Dialos and under-ground rail slaves of my host country , never known, who carried the pain and insult of being black.And my red salute to Nirmala, the writer and reviewer.
Azeez from Canada
ബ്ലോഗ് കാണാന്‍ താമസിച്ചുപോയി. പരിചയപ്പെടുത്തല്‍ ഇഷ്ടപ്പെട്ടു.
nirm.....oru vivaravulilla. njan chilathu ayachirunnallo....what happened? lov sarmila.
എം.സങ്, അസീസ്, പാമരന്‍, ശ്രീനു അഭിപ്രായങ്ങള്‍ എഴുതിയതിനു നന്ദി.
ശര്‍മിള, ഇപ്പോള്‍ വലയിലിരുപ്പു കുറവാണ്: ക്ഷമിക്കുമല്ലൊ.
നിർമ്മല,പരിചയപ്പെടുത്തലുകൾ നന്നായിട്ടുണ്ട്, ഇതിന്റെ കൂടെ ഒന്നറിയിച്ചോട്ടെ,എന്റെ കവിത അവസാനം ബുക്കായിത്തന്നെ പുറത്തിറങ്ങി കേട്ടോ.
Post a Comment