Tuesday, February 10, 2009

ബീഡി തുമ്പത്തെ ചാരം

ഇക്ബാലിനോട്‌ ബീഡി കൊണ്ടുവരാനാവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍റെ ചെവിക്കു മുകളില്‍ ചരിഞ്ഞിരിക്കാറുള്ള ബീഡിയെ അനഘ ഓര്‍ത്തില്ലെന്നതാണു സത്യം. ഇക്ബാല്‍ പാകിസ്ഥാനു പോകുമ്പോള്‍ അനഘയോടു കുശലം ചോദിച്ചു.
-ഡു യൂ വാണ്ട്‌ മീ റ്റു ബ്രിങ്‌ എനിത്തിംഗ്‌ ബാക്ക്‌ ഫോര്‍ യൂ?
ബീഡിക്കാര്യം കേട്ടതും അയാള്‍ അകമഴിഞ്ഞു ചിരിച്ചു.
-ഭര്‍ത്താവിനാണല്ലെ, തീര്‍ച്ചയായും കൊണ്ടുവരാമല്ലൊ!
ഇക്ബാലിപ്പോള്‍ ഒരു മൂന്നാംകിട രാജ്യത്തെ പൗരനല്ല. സമ്പത്സമൃദ്ധമായ കാനഡയുടെ പൗരനാണ്‌. അതുകൊണ്ട്‌ പോയി വന്നപ്പോള്‍ പത്തു കൂടു ബീഡിയുടെ ഒരു പൊതി അയാള്‍ അനഘക്കു കൊടുത്തു. പ്രശാന്തു ടെന്നിസു കളിക്കാന്‍ പോയ വെള്ളിയാഴ്ച വൈകുന്നേരമാണ്‌ അനഘ അയല്‍ക്കാരന്‍ കൊണ്ടുവന്ന ബീഡി ആദ്യമായി പരീക്ഷിച്ചത്‌.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ വീടു വൃത്തിയാക്കാന്‍ നെല്ല വന്നു കഴിഞ്ഞിട്ടായിരുന്നു അത്‌. നെല്ല വന്നു കഴിഞ്ഞാല്‍ വീടിനുള്ളില്‍ യന്ത്രങ്ങള്‍ ബഹളം കൂട്ടാന്‍ തുടങ്ങും. അടുക്കളയില്‍ ഡിഷ്‌വാഷര്‍ മുരളും. അലക്കു മുറിയില്‍ കഴുകലും ഉണക്കലും വേറേവേറെ ശബ്ദത്തില്‍ ഒരേസമയം ആര്‍പ്പു വിളിക്കും വാക്വം ക്ലീനര്‍ മുകളിലത്തെ നിലയിലും പിന്നെ കോണിയിറങ്ങി താഴേയും മൂളിപ്പറക്കും. ശബ്ദത്തില്‍ പൊറുതിമുട്ടി പ്രശാന്തു പുറത്തുപോകും. നെല്ലയുടെ ഏപ്രിനും, തടിച്ചു കുറുകിയ കാലുകളും, മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷും അവനിഷ്ടമല്ല.

അവര്‍ പണി തുടങ്ങിക്കഴിഞ്ഞാല്‍ വീടാകെ പൈന്‍സോളിന്റെ മണം പരക്കും. പൈന്മരത്തിന്റെ ഹൃദ്യമായ മണമുള്ള ദ്രവസോപ്പില്‍ കുളുമുറിയിലെ ചെളിയും അണുക്കളും അടിയറവു പറയും. അടുക്കളയുടെ തറ തുടച്ചു വൃത്തിയാക്കി പൊടി തുടക്കലും കഴിഞ്ഞ്‌ നെല്ല പോയിക്കഴിഞ്ഞാണ്‌ അനഘ കുളിമുറിയുടെ അരമതിലില്‍ കയറിയിരുന്ന്‌ ബീഡി വലിച്ചത്‌.

മുന്‍ വശത്തെ അരമതിലില്‍ കാല്‍ കയറ്റിവെച്ചിരുന്ന്‌ ബീഡി വലിക്കുന്ന അച്ഛനെ അവള്‍ ഓര്‍ക്കാപ്പുറത്ത്‌ കണ്ണാടിയില്‍ കണ്ടു. നീളം കുറച്ചു വെട്ടിയ മുടി. കണ്ണിനു താഴെ കറുപ്പ്‌. ഉയര്‍ന്ന കവിളെല്ല്‌, ചതുരത്താടി. അച്ഛന്‍റെ ഛാ‍യയാണു തനിക്കെന്ന്‌ അനഘക്കു പെട്ടെന്നു തോന്നി. സൗന്ദര്യം തീരെയില്ലാത്തൊരു മുഖമാണല്ലോന്ന്‌ സ്വയം പറഞ്ഞവള്‍ പുകയൂതി.

ബീഡിയുടെ മുന്നില്‍ പൊട്ടിവീഴാനാഞ്ഞു നില്‍ക്കുന്ന ചാരം കണ്ടപ്പോഴാണ്‌ അനഘ അമ്മയെ ഓര്‍ത്തത്‌. വെടിപ്പാക്കിയ സിങ്കിലേക്കു അവള്‍ ബീഡിയുടെ ചാരം കൊട്ടി.

അപ്പോഴേക്കും ഡിഷ്‌വാഷര്‍ നിന്നിരുന്നു. ഡ്രയറില്‍ തുണികള്‍ വട്ടം കറങ്ങുന്ന ശബ്ദം മാത്രമേ പൈന്‍ മണത്തിനു കൂട്ടുണ്ടായിരുന്നുള്ളൂ. ക്ലിം..ഡും..ഡക്ക്‌..ക്ലിം ക്ലിം..ഡും..ഡക്ക്‌..ക്ലിം ബട്ടന്‍സുകള്‍ ഡ്രയറില്‍ താളം കൊട്ടിക്കൊണ്ടിരുന്നു. മൂക്കു തുടച്ചപ്പോള്‍ കൈയ്ക്ക്‌ പരിചയമുള്ളൊരു മണം ഉള്ളതായി അനഘക്കു തോന്നി.. ലാവന്‍ഡറിന്റെ പടമുള്ള കുപ്പിയില്‍ നിന്നും ദ്രവസോപ്പെടുത്ത്‌ പുകയിലമണം കളയാനവള്‍ കൈ വിശദമായി കഴുകി. കുപ്പിയുടെ പുറത്തെ നാലിതളു മാത്രമുള്ള പൂവിന്‌ ചന്തമുണ്ടല്ലൊന്ന്‌ അഭിനന്ദിക്കുകയും ചെയ്തു. ലാവന്‍ഡറിന്റെ ഇളം നിറം പ്രശാന്തിനിഷ്ടപ്പെട്ടതാണ്‌. പ്രശാന്തിനിഷ്ടം ഇളം നിറങ്ങളാണ്‌. അതൊക്കെ മഹാ ബോറാണെന്ന്‌ അനഘക്കു തോന്നാറുണ്ട്‌.

-പ്രസരിപ്പില്ലാത്ത നിറങ്ങള്‍!

-Show me your colours show me a rainbow that's why I love you....

അവളുറക്കെ പാടി നോക്കി. കാലുയര്‍ത്തിവെച്ചിരുന്ന്‌ ആരേയും ഗൗനിക്കാതെ ബീഡി വലിച്ച്‌ ഉച്ചത്തിലൊന്നു പാടുന്നതിന്റെ തൃപ്തി അവളാസ്വദിച്ചു. മൂക്കിലൂടെ പുക വിട്ട്‌ അനഘ മന്ദഹസിച്ചു. ഭിത്തി നിറഞ്ഞു നില്‍ക്കുന്ന കുളിമുറിക്കണ്ണാടിയിലെ പെണ്ണ്‌ തിരികെ ചിരിച്ചു. കഴിഞ്ഞ ദിവസം അവര്‍ കണ്ട സിനിമയിലെ നായികയെപ്പോലെ അവള്‍ ചോദിച്ചു.
-Why are we here?

കുഞ്ഞമ്മമാര്‍ പണവും ആഡംബരങ്ങളൂം മാത്രമല്ല ഒരു ഭര്‍ത്താവിനേയും അനഘക്കായി ഭൂമിയുടെ മറുപുറത്തുനിന്നും കൊണ്ടുവന്നു. മലയാളം കഷ്ടി പറയാനറിയാവുന്ന കാനഡാക്കാരന്‍ ഡോക്ടര്‍. പ്രശാന്തിനെ കാണുന്നതിനു മുന്‍പേ അനഘ കല്യാണത്തിനു സമ്മതിച്ചു.

കാനഡക്കു പോയാല്‍ പിന്നെ കപ്ലങ്ങപ്പൂളു പോലെ വളഞ്ഞ അച്ഛനെ കാണേണ്ട. കവിതത്തുണ്ടുകള്‍ കേള്‍ക്കേണ്ട. ചാരം പോലെ അമ്മ മുന്നിലേക്ക്‌ അടര്‍ന്നു വീഴുമെന്നു ഭയപ്പെടേണ്ട. അനഘക്ക്‌ അതില്‍ കൂടുതലൊന്നും വേണ്ടിയിരുന്നില്ല. സൗന്ദര്യ മത്സരത്തിനെന്ന പോലൊരുങ്ങി ഇംഗ്ലീഷ്‌ അനായാസമായി പറഞ്ഞ്‌ പാര്‍ട്ടി മര്യാദകളൊക്കെ അറിയുന്ന അനഘ പ്രശാന്തിന്‌ അഭിമാനമായിരുന്നു.

അനഘയുടെ സ്ക്കൂളില്‍ നിന്നും വന്ന കുട്ടികളോട്‌ അച്ഛന്‍ നാടെവിടെ മക്കളേ എന്നു ചോദിച്ചു നാണം കെടുത്തി.
കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?
ഫാക്ടറിപ്പുകയുറഞ്ഞാസ്ത് മവലിക്കാത്തൊ-
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ? 1

കുട്ടികള്‍ കണ്ണില്‍കണ്ണില്‍ നോക്കി അടക്കിച്ചിരിച്ചു. ഒക്കെ ഓര്‍ത്തോര്‍ത്ത്‌ അവള്‍ ബീഡി രസത്തില്‍ വലിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ പൈന്മണവും ബീഡിപ്പുകയും നിറഞ്ഞ ശാന്തത അനഘക്കു പാട്ടു പാടാനുള്ളതായി. കൂട്ടിന്‌ കണ്ണാടിയിലൊരു പെണ്ണും. മുഖക്കുരുവിന്റെ പാടുകള്‍ തെളിഞ്ഞു കാണാവുന്ന മേക്കപ്പില്ലാത്ത മുഖമുള്ള പെണ്ണിനോടൊളിക്കാന്‍ ഒന്നുമില്ലായിരുന്നു.
-Why are we here?
ആ ചോദ്യം അവരെ ചുറ്റിച്ചു. പ്രശാന്തിനോടൊത്തുള്ള ജീവിതം വിനോദത്തിനായുള്ള സമുദ്ര പര്യടനം പോലെയാണെന്ന്‌ അനഘ കണ്ണാടിയിലെ പെണ്ണിനോടു പരാതി പറഞ്ഞു. പ്രാശന്ത്‌ അവളെ മധുവിധുവിനു കൊണ്ടുപോയത്‌ ക്രൂസിനാണ്‌. ഒരാഴ്ച വെള്ളത്തിലൊഴുകുന്നൊരു ചെറു നഗരത്തില്‍. അതില്‍ നീന്തല്‍ കുളമുണ്ട്‌, മേല്‍ത്തരം ഭക്ഷണം കണക്കു നോക്കാതെ കഴിക്കാം. ഉറങ്ങാം.
-എ വെരി പ്രഡിക്റ്റബിള്‍ പ്ലേസ്‌!
അവള്‍ക്ക്‌ സ്പീഡ്‌ ബോട്ടില്‍ പോകാനായിരുന്നു ഇഷ്ടം. സര്‍ഫിങ്‌? ആഞ്ഞടിക്കുന്ന തിരയില്‍ കരണം മറിഞ്ഞ്‌ ഇല്ലാതാവണം. അല്ലെങ്കില്‍ റോളര്‍കോസ്റ്ററില്‍. എന്നും കാണുന്ന വെള്ളം അതിന്റെ ശാന്തത. അനഘയെ വളരെ വല്ലാതെ മടുപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു അത്‌.

ഹിയര്‍ കംസ്‌ ദ റെയ്ന്‍ എഗേന്
‍ഫോളിംഗ്‌ ഓണ്‍ മൈ ഹെഡ്‌ ലൈക്ക്‌ എ മെമ്മറീ
ഫോളിംഗ്‌ ഓണ്‍ മൈ ഹെഡ്‌ ലൈക്ക്‌ എ ന്യൂ ഇമോഷന്
‍ഐ വാണ്‍ റ്റു വോക്ക്‌ ഇന്‍ ദ ഓപ്പണ്‍ വിന്‍ഡ്‌
ഐ വാണ്‍ റ്റു റ്റോക്ക്‌ ലൈക്ക്‌ ലവേഴ്സ്‌ ഡൂ
ഐ വാണ്‍ റ്റു ഡൈവ്‌ ഇന്‍ റ്റു യുവര്‍ ഓഷന്‍...

അവര്‍ പാടി തിമര്‍ത്തു. ഇതിനു മുന്‍പൊക്കെ സംഭവിച്ചതുപോലെ തന്നെ ഒരു ദിവസം അവളുടെ ബീഡി സ്വകാര്യത്തിലേക്കു പ്രശാന്ത്‌ കയറിവന്നു. ഭയന്നു പോയത്‌ പ്രശാന്താണ്‌.

ഭാര്യ ചെയ്യുന്നത്‌ അനുമതിയോടെ അല്ലെങ്കില്‍ ന്യായമായാലും അന്യായമായാലും കരണത്തടിക്കുക എന്നത്‌ കാനഡയുടെ പൗരനു ചേര്‍ന്നതല്ല. അത്തരം കാടത്തരം ടി.വി.യിലെ നിലയില്ലാത്ത നാടകക്കയങ്ങളില്‍ ഇടവിട്ടു പൊങ്ങാറുണ്ടെങ്കിലും അതിലേക്കു മുങ്ങിയില്ല പ്രശാന്തന്‍. പകരം അവന്‍ മമ്മിയെ വിളിച്ചു. അവള്‍ക്കു പ്രശാന്തിനോടു സഹതാപം തോന്നി. അമ്മായിഅമ്മയും അവളെ അടിച്ചു പുറത്താക്കിയില്ല.
സൈറ എന്ന സ്പാനിഷ്‌ പെണ്ണ്‌ പ്രശാന്തിന്റെ ഹൃദയത്തെ ഞക്കിപ്പൊരിച്ചതാണ്‌. മമ്മി കെട്ടിപ്പിടിച്ചു കരഞ്ഞു
-മലയാളി കുട്ടിയേ കല്യാണം കഴിക്കാവൂ!
മമ്മിക്കു വേണ്ടി, മമ്മിക്കു വേണ്ടി.... സൈറ സിഗററ്റു വലിക്കില്ല. നാടന്‍ ബീഡി രഹസ്യമായി വരുത്തി ആര്‍ത്തി പിടിക്കില്ല, തീര്‍ച്ച. പ്രശാന്തുള്ളില്‍ കരഞ്ഞു.

-നാട്ടിലു വളര്‍ന്ന നല്ല അടക്കോം ഒതുക്കോം ഒള്ള കുട്ടിയാണേയ്‌!
മമ്മിയുടെ മുത്തെ തൃപിതിയുടെ ചിരിയിലേക്കാണ്‌ പ്രശാന്തിന്റെ ഫോണ്‍ വിളി ചെന്നു തറച്ചത്‌. ജയ ആന്‍റിയും ലേഖാന്‍റിയും നടുങ്ങി.

ഇഞ്ചിനീയറിംഗിനു ചേര്‍ന്ന അനഘയുടെ അച്ഛനേയും അമ്മയേയും പറ്റി ജയാന്‍റിയും ലേഖാന്‍റിയും പറയാറുണ്ട്‌. അച്ഛന്‍ ക്ലാസില്‍ കയറിയില്ല. കവിയരങ്ങുകള്‍ക്കു പോയി. കവല നാടകം കളിച്ചു. തടവില്‍ കിടന്നു.

-ഇപ്പോഴത്തെ പോലൊന്നുമല്ല. അന്ന്‌ ഇഞ്ചിനീയറിംഗിനു അഡ്മിഷന്‍ കിട്ടാനുണ്ടല്ലൊ മിടുമിടുക്കരായിരിക്കണം.

-ബുദ്ധി കൂടിപ്പോയതല്ലെ കൊഴപ്പമായത്‌.

അനഘയുടെ കുഞ്ഞമ്മമാര്‍ ഊഴമെടുത്തു പറഞ്ഞു.സീനിയറായി പഠിച്ചിരുന്ന ചിത്രമെഴുത്തുകാരിയെ കല്യാണം കഴിച്ചു. ആ തീരുമാനം തെറ്റോ ശരിയോ എന്നമ്മയോടു ചോദിച്ചാല്‍ പറയുമോ എന്ന്‌ അനഘക്കറിയില്ല. അച്ഛന്‍റെ കവിതകള്‍ക്ക്‌ കടും നിറങ്ങളിലായിരുന്നു അമ്മ ചിത്രാവിഷ്ക്കരണം നടത്തിയിരുന്നതെന്നവള്‍ കേട്ടിട്ടുണ്ട്‌.

അമ്മ കടും നിറത്തില്‍ ചിത്രങ്ങള്‍ മെനയുന്നത്‌ അനഘ കണ്ടിട്ടില്ല. കെട്ടിടങ്ങള്‍ക്കു പ്ലാന്‍ വരച്ചുകൊടുക്കും. തിണ്ണയില്‍ വന്നാവശ്യപ്പെടുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കു വേണ്ടി. മുഷിഞ്ഞ വെളുപ്പില്‍ കരിനിറത്തിലുള്ള നേര്‍വരകളില്‍ അപരിചിതരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അമ്മ വരക്കുന്നതു മാത്രമേ അവള്‍ കണ്ടിട്ടുള്ളൂ. അവളുടെ അച്ഛന്‍ നിര്‍ത്താതെ ബീഡി വലിക്കും. കവിത ചൊല്ലും. ഇരുട്ടായാല്‍ കള്ളുകുടിക്കും. ഉടമ്പടിക്കാര്‍ വരുന്നതു കാണുമ്പോള്‍ കക്കൂസില്‍ പോവും. ചായ നീട്ടുന്ന അമ്മയോട്‌ അനഘയുടെ അച്‌'ന്‍ ചൊല്ലും.

പാലില്ല, പല്‍ക്കിനാവില്ല, പഴന്തുണി-
പോലെയിഴപിരിഞ്ഞുള്ളൊരെന്‍ ജീവനില്
‍പാല്‍ വള്ളിയില്ല പടരുവാന്‍, പാഴ്ക്കിനാ-
വുറിത്തറയില്‍ കറയായ്ക്കറുക്കുന്നു
. 2

ഇഞ്ചിനീയറിംഗു പഠിക്കാന്‍പോയ പെണ്ണു ഒരു ചെക്കന്റെ കൂടെ ഓടിപ്പോയതു പൊതിയാന്‍ മാത്രം സ്ത്രീധനം അനഘയുടെ മുത്തച്ഛനില്ലാതെ പോയി. അതുകൊണ്ട്‌ പെണ്ണിന്‍റെ അനിയത്തിമാര്‍ക്കു വന്ന കല്യാണാലോചകള്‍ ചിതറിപ്പോയി. അവര്‍ നാടുവിട്ടു കാനഡക്കും പോയി.


പത്രത്തിനു വിലകൂടി നിന്ന സമയത്ത്‌ അനഘ വീട്ടില്‍ നിന്നും പത്രം പുസ്തക സഞ്ചിയില്‍ ഒളിപ്പിച്ചു കൊണ്ടുപോയി സ്ക്കൂളിനടുത്തുള്ള വഴിയിലെ പത്രക്കടയില്‍ വിറ്റു. മീന ജോസഫ്‌ പറഞ്ഞു കൊടുത്ത തന്ത്രമായിരുന്നത്‌. മീനയുടെ വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല. എക്ലയേഴ്സ്‌, ബബിള്‍ ഗം, ഫൈവ്സ്റ്റാര്‍, അനഘയുടേയും മീനയുടേയും ആഗ്രഹങ്ങളെയൊക്കെ പത്രവില നികത്തി. എന്തു ചെയ്യാന്‍, പഠിത്തക്കാരികള്‍ ഹെഡ്മിസ്ട്രസിനോടു കുന്നായ്മ കൊളുത്തി.

അപ്പോഴാണ്‌ ആദ്യമായി അനഘയുടെ അമ്മ നാടുവിട്ടു പോയ അനുജത്തിമാര്‍ക്കു കത്തെഴുതിയത്‌.

-എന്റെ മോളെ രക്ഷിക്കണം. ദയ തോന്നണം.

അങ്ങനെയാണ്‌ അച്ഛനു പ്രത്യേകിച്ചൊരു ഉദ്യോഗമില്ലാതിരുന്നിട്ടും അനഘ പരിഷ്ക്കാരി കോളേജില്‍ വിദ്യാഭ്യാസം തുടങ്ങിയത്‌. കുഞ്ഞമ്മമാര്‍ കണക്കില്ലാതെ ചിലവു ചെയ്തു.

-മോള്‍ക്കൊരു കുറവുമുണ്ടാകരുത്‌.

പണക്കാരികളേക്കാള്‍ പണമുള്ളവളായി ഹോസ്റ്റലില്‍ അനഘ. പക്ഷെ അവധിക്ക്‌ അവളാരേയും വീട്ടിലേക്കു ക്ഷണിച്ചില്ല. അച്ഛന്‍ വിറക്കുന്ന കൈകൂപ്പി കവിത ചൊല്ലുമെന്നവള്‍ ഭയന്നു. അനഘക്കും കൂട്ടുകാര്‍ക്കും ഇഷ്ടം മഡോണയെ ആയിരുന്നു.

ട്രൂ ബ്ലൂ ബേബി ഐ ലവ്‌ യൂ!

അവരുച്ചത്തില്‍ പാടി രസിച്ചു. പാട്ടിനു കൂട്ടായി അന്ന്‌ കഞ്ചാവു ബീഡിയുണ്ടായിരുന്നു. പക്ഷെ രസച്ചരടു പൊട്ടിച്ചുകൊണ്ട്‌ സിസ്റ്റര്‍ തെഡോഷ്യ ടെറസ്സിനു മുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തു ചെയ്യും! അലറിച്ചീത്ത പറഞ്ഞപ്പൊ കന്യാസ്ത്രീക്കു കെട്ടാത്തേന്‍റെ സൂക്കേടാണെന്ന്‌ അനഘ പറഞ്ഞു. പാവം തെഡോഷ്യാമ്മ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഓടിപ്പോയി. പെണ്‍സംഘം ഉറക്കെ ചിരിച്ചു.

വീണ്ടും അമ്മ അനിയത്തിമാരെ വിളിച്ചു കരഞ്ഞു. പ്രശ്ന പരിഹാരമായിട്ടാണ്‌ അവര്‍ കാനഡയില്‍ നിന്നൊരു ഡോക്ടറെ കൊണ്ടു വന്നത്‌. അനഘയുടെ അമ്മയുടെ ക്ലാസില്‍ പഠിച്ചിരുന്ന ഇഞ്ചിനീയറാണ്‌ പ്രശാന്തിന്റെ അമ്മ. കുഞ്ഞമ്മമാര്‍ പ്രശാന്തിനു വേണ്ടി സാക്ഷ്യം പറഞ്ഞിരുന്നു.

-പൂവു പൊലുള്ള സൊഭാവമാ ആ കുട്ടിക്ക്‌. കാനഡേലു വളര്‍ന്നതിന്റെ ദുസ്വഭാവമൊന്നുമില്ല.

-ശരിക്കും പൂവു പോലൊരു കുട്ടി!

ലേഖാന്‍റി സിമന്‍റു ചേര്‍ത്തുറപ്പിച്ചു.

പൂക്കുട്ടി...! അവന്റെ ഭാര്യ പൂക്കുറ്റി...ഹി..ഹി.. അനഘക്കു ചിരിപൊട്ടി.

സംസാരിക്കാത്ത അമ്മയും കവിതകള്‍ മാത്രം ചൊല്ലുന്ന അച്ഛനും ഒരിക്കലും വഴക്കു കൂടുന്നത്‌ അവള്‍ കണ്ടിട്ടില്ല. മിണ്ടാട്ടമില്ലാതായ അമ്മ പിള്ളേരുടെ ഭാവികൂടി നശിപ്പിക്കരുതെന്നു വിലക്കിയ ദിവസം അച്ഛന്‍ കരയുന്നതു കണ്ടവള്‍ സത്യത്തില്‍ ഭയന്നു പോയിരുന്നു.

-അവരുടെ ഭാവീം കൂടി അല്ലെ!

അവള്‍ അന്നേ ആശിച്ചതാണ്‌ രാജ്യം വിട്ടു പോകണമെന്ന്‌. അനഘ അമേരിക്കക്കു പോകുമ്പോള്‍ അച്ഛന്‍റെ കൈകള്‍ വിറച്ചു ചുണ്ടുകള്‍ വിറച്ചു.

തരുവതെന്തു ഞാന്‍ നിനക്ക്‌?
ഉള്ളിലെപ്പുകക്കറവീണ കരച്ചിലോ?
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ?
ചിതലെടുത്തൊരി പ്രേതലിപികളോ
? 3

അച്ഛന്‍ അമ്മക്കു കൊടുത്ത സമ്മാനം, കവിതപ്പുസ്തകം ഏതായിരുന്നുവെന്ന്‌ ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു നോക്കി. അതൊന്നും അവള്‍ കൈകൊണ്ടു തൊട്ടിട്ടില്ല. അനുജ കോളേജില്‍ വച്ചേ സൈക്കോ അനാലിസിസ്‌ നടത്തിയതാണ്‌.

-നമ്മടെ മഡോണ എല്ലാ അലമ്പിനും കൂടും, പക്ഷെ ഇവളെന്താ ഒരുത്തനെ പ്രേമിച്ച്‌ നാശമാക്കാത്തത്‌?

-ദാറ്റ്‌ ഈസ്‌ ട്രൂ, ആ നവീന്‍ എന്തോരം വെയിലു കൊണ്ടു! പുവര്‍ ചാപ്‌
മെറ്റില്‍ഡ ശരിവെച്ചു.

-യൂ സില്ലി ഗേള്‍സ്‌, അലമ്പായാലും അനഘക്കൊരു വെലേണ്ട്‌. അതു വിട്ടുള്ള കളിയില്ലാട്ടാ.

അനുജ അപഗ്രഥനം തുടര്‍ന്നു.

-അതൊക്കെ ചുമ്മാ! നിന്റെ അച്ഛനും അമ്മേം കോളേജില്‍ പ്രേമിച്ചവരാണ്‌. അവരു നടന്ന വഴിയെ നടക്കില്ലാന്നുള്ള വാശി, അല്ലേ മോളെ!

-ഒരു ഫ്രോയിഡത്തി. പോടീ പോ!
ഒരു ആണിനെ അറിയാതെ പോയതില്‍ അനഘക്കിപ്പോള്‍ ഉറപ്പായും നഷ്ടബോധമുണ്ട്‌.

-ഞാന്‍ വെറുമൊരു പ്രശാന്താണല്ലൊ!
അവള്‍ സ്വയം പരിതപിക്കുന്നു.

കബോര്‍ഡുകള്‍ തിരഞ്ഞ്‌ സാനിട്ടറി നാപ്കിനുകള്‍ക്കു പിന്നിലായി ഒളിപ്പിച്ചിരുന്ന സ്മിര്‍നോഫിന്‍റെ കുപ്പി പുറത്തെടുത്തത്‌ പ്രശാന്തിന്‍റെ മമ്മിയാണ്‌. പൂക്കുല ചുഴറ്റി തുള്ളിയത്‌ അനഘയുടെ കുഞ്ഞമ്മമാരായിരുന്നു.

-നാശം! കുടുംബം മുടിക്കും.
-അവന്റെ സന്തതിയല്ലെ!

ആഹാ! ഉത്തരം കുളത്തിലമ്പിളി പോലെ തെളിഞ്ഞു. പ്രശാന്ത്‌ കരുണയോടെ മെഡിക്കല്‍ ജേര്‍ണലുകള്‍ തിരഞ്ഞു. ഇന്‍ഫാന്റ്‌ ആല്‍ക്കഹോളിക്‌ സിന്‍ഡ്രോം ആവാം എന്നൊരു പക്ഷം പറഞ്ഞു. അതിന്‌ എന്‍റമ്മ കുടിക്കാറില്ലല്ലൊ എന്നവള്‍ പിറുപിറുത്തു. ബീഡിപ്പുക ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനു വരുത്താവുന്ന തകരാറുകള്‍ നിക്കോട്ടിനോടുണ്ടാകാവുന്ന ആര്‍ത്തിയൊക്കെ തിരഞ്ഞ്‌ പ്രശാന്തു വിഷമിച്ചു. കാനഡയുടെ മുന്‍പ്രധാനമന്ത്രി ഷോണ്‍ ഗ്രെച്ചിയാന്റെ ദത്തു പുത്രനെ അവന്‍ ഉദാഹരണമായിട്ടെടുത്തു.

ഈ കോലാഹലം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോസ്മെറ്റിക്സ്‌ ഡോട്ട്‌ കോമില്‍ നിന്നുമുള്ള ബില്ലുകള്‍ മുതല്‍ വീട്ടുകാര്യം ശ്രദ്ധിക്കാത്തതു വരെയുള്ള കുറ്റങ്ങള്‍ പ്രശാന്ത്‌ ഒറ്റ ശ്വാസത്തില്‍ മമ്മിയോടു പറഞ്ഞു. ചോറും കറിയും വെക്കുന്നില്ല. ഫാസ്റ്റു ഫുഡു വാങ്ങുന്നു കാറോടിക്കുമ്പോള്‍ കിട്ടുന്ന സ്പീഡിംഗ്‌ ടിക്കറ്റുകള്‍. ഒരു ഗ്രാമീണ വധുവിന്‍റെ സങ്കടത്തിലാണു പ്രശാന്തു സംസാരിച്ചത്‌. പ്രശാന്തിന്‍റെ ഉഭയ ജീവിതം അവനു വരുത്തിവെക്കുന്ന വിനകളോര്‍ത്ത്‌ അനഘക്കു വിഷമം തോന്നി. പാവം ചെറുക്കന്‍!

പറയുമ്പോള്‍ എല്ലാം പറയണമല്ലൊ. പ്രശാന്തവളുടെ സ്വയംഭോഗത്തെപ്പറ്റിയും പരാതിപ്പെട്ടു. ഉറക്കത്തില്‍ ഭര്‍ത്താവടുത്തു കിടക്കുമ്പോള്‍, എന്തന്യായമാണത്‌!

-എന്‍റെ ഗുരുവായൂരപ്പാ!
പ്രശാന്തിന്റെ മമ്മി വിളിച്ചുപോയി.

-അരക്കെട്ടില്‍ പറുദീസയുടെ ഒരു തുണ്ടു സ്ഥാപിച്ചത്‌ ദൈവം തന്നെയല്ലെ? ജേര്‍ണലുകളും കോണ്‍ഫറന്‍സുകളും അതൊന്നും കവറു ചെയ്യാറില്ലെ?

സിസ്റ്റര്‍ തെഡോഷ്യയോടു പറഞ്ഞതുപോലിവരോടു പറയാന്‍ പറ്റില്ലല്ലോന്നോര്‍ത്ത്‌ കണ്ണുകള്‍ കോര്‍ക്കുന്നതൊഴിവാക്കാന്‍ അവള്‍ പ്രശാന്തിന്‍റെ മമ്മി കൊണ്ടുവന്ന മാസിക മറിച്ചു കൊണ്ടിരുന്നു.

എവിടെ വാക്കുകള്‍? എന്റെയുള്‍ക്കാട്ടിലെ
മുറിവു പൊള്ളിടും വ്യാഘൃതന്‍ ഗര്‍ജ്ജനം!

വരികളുടെ അര്‍ത്ഥമെന്തെന്നോര്‍ത്ത്‌ അവള്‍ വ്യാകുലപ്പെട്ടില്ല. കണ്ണൊന്നൊളിച്ചാല്‍ പോരെ?

എവിടെ വാക്കുകള്‍? ചങ്ങലക്കൈകളാ-
ലഴികുലുക്കിടും ഭ്രാന്തിന്‍ പൊറാച്ചിരി!
4

അന്നു തന്നെയാണ്‌ അനഘക്കു അച്ഛന്‍റെ ഫോണ്‍ വന്നത്‌. അമ്മ ആശുപത്രിയിലാണ്‌. വാര്‍ത്ത അവിടെ എത്തിയിട്ടുണ്ടാവുമൊ, ചാരം അടര്‍ന്നു വീണിരിക്കുമോ എന്നോര്‍ത്തവള്‍ പിടഞ്ഞു.

-കരേണ്ടാമ്മേ!

അനഘ ഉള്ളില്‍ പറയുമ്പോള്‍ അച്ഛന്‍ ചൊല്ലി.

മകളേ നീയനഘ! അഘമൊക്കെയും അച്ഛനായ്‌ വിളമ്പൂ.

അച്ഛന്‍റെ വരികള്‍ക്കു ചെവി പൊത്താതെ അവള്‍ പകരം മൂളി.

ഓള്‍വെയ്സ്‌ സംതിന്ദ്‌ ദേര്‍ റ്റു റിമൈന്‍ഡ്‌ മീ.

ഡേവിഡും ഹാലും പണ്ടെങ്ങോ എഴുതിയ വരികള്‍ അവള്‍ അച്ഛനു വേണ്ടി ഉറക്കെ പാടി.

ഐ വില്‍ നെവര്‍ ബി ഫ്രീ.
യൂ വില്‍ ഓള്‍വൈസ്‌ ബി എ പാര്‍ട്ട്‌ ഓഫ്‌ മീ.
ക്കോസ്‌ ദേര്‍ ഈസ്‌ ഓള്‍വെയ്സ്‌ സംതിന്ദ്‌ ദേര്‍ റ്റു റിമൈന്‍ഡ്‌ മീ...




കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചത് :
കവിതകള്‍: 1 അയ്യപ്പപണിക്കര്‍, 2 കടമ്മനിട്ട, 3 ബാലചന്ദ്ര ചുള്ളിക്കാട്, 4 സുഗതകുമാരി

24 comments:

നിര്‍മ്മല said...

കലാകൌമുദിയില്‍ വന്ന കഥ.
ബീഡി തുമ്പത്തെ ചാരം

തോന്ന്യാസി said...

നിര്‍മ്മലേച്ചീ..

കഥ ഇഷ്ടപ്പെട്ടു...
വായിയ്ക്കാന്‍ കഷ്ടപ്പെട്ടു....
ഫോണ്ടൊന്ന് വലുതാക്കൂ.....

ഉഗാണ്ട രണ്ടാമന്‍ said...

ഫോണ്ടൊന്ന് വലുതാക്കൂ.....വലുതാക്കൂ.....

മയൂര said...

:)
ഇവിടെയെത്തിയപ്പോ പേരുമാറിയാ.




ഓഫ്,
“കവിതകള്‍: 1 അയ്യപ്പപണിക്കര്‍, 2 കടമ്മനിട്ട, 3 ബാലചന്ദ്ര ചുള്ളിക്കാട്, 4 സുഗതകുമാരി“
ഇതെന്താ സംഭവം?

നിര്‍മ്മല said...

ഫോണ്ടുമാറ്റി ബോണ്ട പോലാക്കിയിട്ടുണ്ട് :)

‘ബീഡി തുമ്പത്തെ ചാരം‘ എന്നുതന്നെയായിരുന്നു പേര്. കലാകൌമുദിയുടെ കത്രിക അതു ‘ചാരം‘ ആക്കിയതാണു.
കവിതകള്‍ എവിടുന്ന് അടിച്ചു മാറ്റിയതാണെന്ന ചോദ്യം ചിലരില്‍ നിന്നും വന്നതുകൊണ്ടാണു റഫറന്‍സ് ചേര്‍ത്തത് :)

നെക്സ്റ്റു ക്വൊസ്റ്റ്യന്‍സ് :-)

ജെ പി വെട്ടിയാട്ടില്‍ said...

best compliments

വയനാടന്‍ said...

നിര്‍മല
മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ വളരെ ലളിതമായി പോകും ,
പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം അസ്വസ്ഥമായി മനസ്സ് ,പുരുഷമനസ്സ് ഈ കഥയെ ഇവ്വിധം വായിക്കുമ്പോള്‍ എത്രയാവും പെണ്മനസ്സില്‍ അതിന്റെ ഇമ്പാക്റ്റ് എന്നോത് തരിച്ചിരിക്കുന്നു ഞാന്‍ ...

"അവള്‍ക്ക്‌ സ്പീഡ്‌ ബോട്ടില്‍ പോകാനായിരുന്നു ഇഷ്ടം. സര്‍ഫിങ്‌? ആഞ്ഞടിക്കുന്ന തിരയില്‍ കരണം മറിഞ്ഞ്‌ ഇല്ലാതാവണം. അല്ലെങ്കില്‍ റോളര്‍കോസ്റ്ററില്‍. എന്നും കാണുന്ന വെള്ളം അതിന്റെ ശാന്തത. അനഘയെ വളരെ വല്ലാതെ മടുപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു അത്‌. "
കഥയുടെ മുഴുവന്‍ ആത്മാവും ഞാനിവിടെ വായിചെടുക്കുന്നു ......
പൂക്കുറ്റികളുടെ ജീവിതത്തെ വ്യാഖ്യാനിക്കാന്‍ കഴിയില്ലല്ലോ പൂക്കുട്ടികള്‍ക്ക് ...
എല്ലാവരും പാവങ്ങലാകുന്ന ഈ കഥയില്‍ ഒരു വില്ലനെ കാണാഞ്ഞ് എന്റെ സാമ്പ്രദായിക മനസ്സ് പരിബ്രമിക്കുന്നു ...
ശരിക്കുന്‍ ഇഷ്ടമായി എനിക്കീ കഥ ..പുതിയവ പിറക്കുമ്പോള്‍ ദയവായി അറിയിക്കണേ ..

നിര്‍മ്മല said...

നന്ദി ജെ.പി.
വയനാടന്‍, വിശദമായ അഭിപ്രായത്തിനു നന്ദി. പുതിയതൊന്നും ഉടനെ ഇല്ല.

മാണിക്യം said...

ബീഡി പുക പരത്തുന്ന വൃത്തങ്ങള്‍
രാവും പകലും തമ്മിലുള്ള അന്തരങ്ങള്‍
മനസ്സില്‍ കുഴിച്ചു മൂടുന്ന
എണ്ണമില്ലാത്ത ശവങ്ങള്‍
നാലുവരയിട്ട കടലാസ്സില്‍
വരക്കുള്ളില്‍ കൊള്ളിച്ച് ഉരുട്ടി എഴുതുന്ന അക്ഷരങ്ങളെ മറന്ന് തലങ്ങും വിലങ്ങും
തോന്നിയ പോലെ കുത്തികുറിക്കുമ്പോള്‍
മനസ്സിനു കിട്ടുന്ന തൃപ്തി
എന്റെ ശരി നിന്റെ തെറ്റാവുമ്പോള്‍
ഞാന്‍ അനുഭവിക്കുന്ന സംതൃപ്തി,
ഇതൊക്കെ അക്ഷരങ്ങളാവില്ലന്ന്
ഞാന്‍ കരുതിയത് തിരുത്തി കുറിച്ചു
"ബീഡി തുമ്പത്തെ ചാരം"
“ഒരിക്കല്‍ എങ്കിലും ആഞ്ഞടിക്കുന്ന
തിരയില്‍ കരണം മറിഞ്ഞ്‌ ഇല്ലാതാവണം...കൂട്ടായി അന്ന്‌ കഞ്ചാവു ബീഡിയുണ്ടായിരുന്നെങ്കില്‍......”

കുറുമാന്‍ said...

അങ്ങനെ ഒരു നീണ്ട ഇടവേളക്ക് ശേഷം നിര്‍മ്മലാജിയുടെ ഒരു കഥ വായിക്കാന്‍ പറ്റി.

കഥയെകുറിച്ച് അഭിപ്രായം പറയാനില്ല, കാരണം കഥ അത്രക്കും നന്നായിരിക്കുന്നു എങ്കിലും ഒന്നുകൂടെ ആറ്റിക്കുറുക്കാമായിരുന്നു എന്ന് ചുമ്മാ പറഞ്ഞാല്‍ എന്നെ കൊല്ലല്ലെ :)

നിര്‍മ്മല said...

മാണിക്യം നമുക്ക് “കൃഷി“ തുടങ്ങിയാലൊ ;)

കുറുമാന്‍, അടക്കവുമൊതുക്കു ഇല്ലാത്തതിന്റെ കഥയല്ലെ.... ഹി..ഹി...
സത്യസന്ധമായ അഭിപ്രായത്തിനു ഒരു മാര്‍ക്കു കൂടുതല്‍ :)

കുഞ്ഞന്‍ said...

നിര്‍മ്മലാജീ..

കഥ എനിക്കിഷ്ടപ്പെട്ടു, എന്തായിരിക്കും അനഘ ഇങ്ങനെയായിത്തീരാന്‍ കാരണം. മാതാപിതാക്കള്‍ തന്നെയാണൊ ഇതിനുത്തരവാദി..?

കഥയിലെ ഓരൊ ഫ്രെയിമും മനോഹരം, പടങ്ങള്‍ കഥയുടെ മനോഹരിതക്ക് മാറ്റ് കൂട്ടുന്നു. പടങ്ങള്‍ താങ്കളുടെ സൃഷ്ടിയാണൊ?

ഞാന്‍ ഇരിങ്ങല്‍ said...

നിര്‍മ്മലേച്ചീ..,

കഥ ഇഷ്ടെപ്പെട്ടു. ഏറെ നാളായി താങ്കളെ ഒന്ന് വായിച്ചിട്ട്.
എന്തായാലും കഥയിലെ വരികളില്‍ തെളിയുന്ന ഒരു സത്യമുണ്ട്. അത് ജീവിതത്തിലെ സത്യം തന്നെയാണ്.
സത്യസദ്ധമായ ജീവിതത്തെ വരച്ചു കാട്ടുന്ന ചാരം ‘തലക്കെട്ട്’ കൊണ്ട് ചെറുതായിപ്പോയോ എന്ന് സന്ദേഹിക്കുന്നു.

എന്‍റെ വീടിനടുത്ത് പുകവലിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അധികം പ്രായമൊന്നുമില്ലാത്ത ആ സ്ത്രീക്ക് എന്നെക്കാള്‍ ഒന്നൊ രണ്ടോ വയസ്സ് മാത്രം മൂപ്പ്. കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ ഭര്‍ത്താവിന്‍റെ പോക്കറ്റിലെ സിഗരറ്റിന്‍റെ എണ്ണം കുറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് ബാത്ത് റൂമിലിരുന്ന് ആസ്വദിച്ച് സിഗരറ്റ് വലിക്കുന്ന മരുമകളെ അമ്മ കാണുന്നത്. പിന്നെത്തെ പുകില്‍ പറയേണ്ടല്ലോ.

പുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്ന കഥാപാത്രളെ അവതരിപ്പിക്കുമ്പോള്‍ ‘പുരുഷന്‍ മാരുണ്ടാക്കിയ പൊതു നിയമങ്ങളെ കാറ്റില്‍ പറത്തുമ്പോള്‍ നഷ്ടമാകുന്നത് കുടുംബം, ബന്ധം സ്നേഹം തുടങ്ങി മനുഷ്യന് മാത്രം പ്രാപ്യമായ സംഗതികളാണെന്ന ബോധം നമ്മുടെ സ്ത്രീ പക്ഷക്കാര്‍ക്കും സ്ത്രീപക്ഷ എഴുത്തുകാര്‍ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു എന്ന് തന്നെ ഞാന്‍ കരുതുന്നു.

ഇഷ്ടങ്ങളെ ഭരിക്കുമ്പോള്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങളെ തകര്‍ക്കാനുള്ള ത്വര സ്വാഭാവികവും സ്വതസിദ്ധവുമാണ്. എന്നാല്‍ സ്ത്രീ പുരുഷനാവുകയാണ് അഭികാമ്യം എന്ന് നമ്മുടെ കഥാനായിക വിചാരിക്കുന്നതായി കഥയില്‍ വായിക്കപ്പെടുന്നു പലയിടങ്ങളിലും. ബീഡി കൊണ്ടു വരാന്‍ ആവശ്യപ്പെടുമ്പോള്‍ അച്ഛനെ ഓര്‍ത്തില്ല കാരണം താനൊരു പുരുഷനാണെന്ന് ബോധം മനസ്സില്‍ ഉറപ്പിക്കുന്നു.

“മുന്‍ വശത്തെ അരമതിലില്‍ കാല്‍ കയറ്റിവെച്ചിരുന്ന്‌ ബീഡി വലിക്കുന്ന അച്ഛനെ അവള്‍ ഓര്‍ക്കാപ്പുറത്ത്‌ കണ്ണാടിയില്‍ കണ്ടു“
ഇവിടെയും പുരുഷ പ്രകൃതം പ്രാപ്യമാകാന്‍ അദമ്യമായി ആഗ്രഹിക്കുകയും എന്നാല്‍ സ്ത്രീയുടെ സൌന്ദര്യ സത്ത വേണം എന്ന് കൊതിക്കുകയും ചെയ്യുന്ന ഒരവസ്ഥ പുരുഷ വീക്ഷണകോണില്‍ ‘സ്ത്രീ ചാപല്യം’ എന്നേ പറയൂ.

ബീഡി വലിക്കുക എന്നുള്ളത് ഒരു നിഷേധമാകുമ്പോള്‍ 90% പുരുഷന്‍ മാരും സ്വയംഭോഗം ചെയ്യുന്നു എന്ന് ശാസ്ത്രം പറയുമ്പോള്‍ അത് ചെയ്തു കൊണ്ട് താനും പുരുഷനാണെന്ന് തെളിയിക്കാന്‍ കഥാനായിക ഒരുമ്പെടുന്നു.

പ്രശാന്ത് ഇഷ്ടെപ്പെറ്റുന്നതെല്ലാം ‘ബോറാണ്’ എന്ന് ചിന്തിക്കുന്ന അനഘ താന്‍ ഇഷ്ടപ്പെടുന്നതൊക്കെ മറ്റുള്ളവര്‍ക്കും ബോറാണ് അങ്ങിനെയെങ്കില്‍ പിന്നെ എന്ത് ജീവിതം എന്ന് മറിച്ച് ചിന്തിക്കാന്‍ പ്രേരിതയാകുന്നില്ലെന്നതും ജീവിതത്തിന്‍ റെ നേര്‍ക്കാഴ്ചയാക്കുന്നു കഥയെ.

പുരുഷനാണെങ്കില്‍ ഒന്ന് കരണം പുകയ്ക്കണം എങ്കിലേ അവന്‍ പുരുഷനാകൂ എന്ന് കൊതിക്കുന്ന സ്ത്രീ ഒപ്പം ആഗ്രഹിക്കുന്നത് അവന്‍ തന്നെ ബലാത്സംഗം ചെയ്യുകയോ കീഴെപ്പെടുത്തുകയോ ചെയ്യുകയാണ് എന്ന് ഫ്രോയ്ഡ് പറഞ്ഞു വയ്ക്കുന്നതും ഇവിടെ ചിന്തനീയം തന്നെ.

“അരക്കെട്ടില്‍ പറുദീസയുടെ ഒരു തുണ്ടു സ്ഥാപിച്ചത്‌ ദൈവം തന്നെയല്ലെ?“ എന്ന് ഉറക്കെ പറയാന്‍ കഥാനായിക തയ്യാറാകുമ്പോള്‍ പുരുഷനോടുള്ള അവസാനത്തെ വെല്ലുവിളിയാവുകയും ചെയ്യുന്നു.
ജീവിതത്തിന്‍ റെ അസംതൃപ്തമായ എല്ലാ ഭാഗങ്ങളേയും എടുത്തുകാണിച്ച് അപകടകരമായ ജീവിതയാഥാര്‍ത്യങ്ങളിലേക്ക് ടോര്‍ച്ചടിച്ച് നോക്കുകയാണ് താങ്കള്‍ ചെയ്യുന്നത്.
അഭിനന്ദനീയം തന്നെ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sapna Anu B.George said...

എന്തു കഷ്ടമാ ഇതു എഴുതിയാലും പോര കൂടെ ബോണ്ടയും വേണം...
നല്ല കഥ നിര്‍മ്മല,കമന്റുകളിലെ നര്‍മ്മരസം ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.ഇന്ന് ഒന്നും പറയാന്‍ വയ്യ
ഇവിടെ ബ്ലൊഗുകളില്‍പ്പോലും അഭിപ്രായവ്യത്യാസത്തിന്റെയും,വഴക്കുംകളുടെയും കാലഘട്ടം.

ജെ പി വെട്ടിയാട്ടില്‍ said...

ആശംസകള്‍

greetings from trichur

pls visit
http://trichurblogclub.blogspot.com/

നിര്‍മ്മല said...

കുഞ്ഞന്‍, ഇരിങ്ങല്‍, സപ്ന, ജെ.പി. വൈകിപ്പോയെങ്കിലും വളരെ നന്ദി. വായിച്ചതിനും അഭിപ്രായം എഴുതിയതിനും.

Sureshkumar Punjhayil said...

ee charam iniyum vizathe, beedi valichu theerkkappedatte... Manoharam, Ashamsakal...!!!!

ബഷീർ said...

ബീഡിതുമ്പത്തെ ചാരം വായിച്ചു.
കവിതയും കഥയും ഓർമ്മകളും എല്ലാം കൂട്ടിയിണക്കിയ എഴൂത്ത് ഇഷ്ടമായി

Azeez . said...

ഈ ചാരം ഒന്ന് തട്ടിക്കളഞ്ഞു പുതിയതൊരെണ്ണം പിടിപ്പിക്കു ചേച്ചീ;കുറെ നാളായല്ലോ തുമ്പത്തങ്ങിനെയിരിക്കുന്നു
azeez from calgary

പാമരന്‍ said...

കഥകളോരോന്നായി വായിച്ചോണ്ടിരിക്കുന്നു. ഇത്രേം ഭീഗരിയാന്നറിഞ്ഞില്ല! :)

ആ രണ്ടു കഥാ പുസ്തകങ്ങളും കൂടി അയച്ചു തരുമോ?

മുരളി I Murali Mudra said...

വളരെ നല്ല കഥകള്‍ ...ഞാന്‍ ഇവിടെ എത്താന്‍ വൈകിപ്പോയെന്ന് തോന്നുന്നു....

Bijoy said...

Dear Blogge

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://nirmalat.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

റോസാപ്പൂക്കള്‍ said...

അഭിനന്ദനങ്ങള്‍...വളരെ നല്ല ക്ഥ..
ഞാന്‍ ഇത് വായിക്കാന്‍ വൈകിയല്ലോ

Rainbow said...

കഥ വായിച്ചു , വളരെ ഇഷ്ടപ്പെട്ടു .മറ്റു പോസ്റ്റുകളും കണ്ടു .അടുത്ത കഥക്കായി കാത്തിരിക്കുന്നു ..
belated happy new year!