Tuesday, February 26, 2008

ഒരു പുസ്തകപ്രകാശനം

എഴുതിയതു തന്നെ എഴുതി വായിച്ചതു തന്നെ വായിച്ച്‌ സാഹിത്യം മടുപ്പായിരിക്കുന്നു. എന്തിനും വ്യത്യസ്തത വേണം. അതുകൊണ്ടാണ്‌ വളപ്പൊട്ടും, മഷിത്തണ്ടും, മഞ്ചാടി-കുന്നി കുരുക്കളും, പുസ്തകത്തിലെ മയില്‍പ്പീലിയും, മഴയുടെ സൗന്ദര്യവും തന്റെ എഴുത്തില്‍ ചേര്‍ക്കുന്നില്ലെന്ന്‌ രാകേഷ്‌ വാശിപിടിച്ചത്‌. അയാള്‍ ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗക്കാരുടെ സംഗീതത്തിന്റെ താളത്തില്‍ കവിതയെഴുതി. അവരുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍ അടിക്കുറിപ്പോടെ കവിതയില്‍ ചേര്‍ത്തു. ഇന്റര്‍നെറ്റില്‍ നിന്നും പുതിയ സാങ്കേതിക പദങ്ങള്‍ കണ്ടെടുത്ത്‌ ബിംബങ്ങളും രൂപകാലാങ്കാരങ്ങളും ചമച്ചു. അങ്ങനെ ശിലായുഗം മുതല്‍ കലിയുഗംവരെ ഉള്‍ക്കൊള്ളുന്ന കവിതകള്‍ എന്നു വിശേഷിപ്പിച്ച്‌ പുസ്തകമാക്കിയപ്പോള്‍ അതു പ്രകാശിപ്പിക്കുന്ന വിധവും വ്യത്യസ്തമായിരിക്കണം എന്ന്‌ രാകേഷിനു നിര്‍ബന്ധമുണ്ടായിരുന്നു.

-പ്രസിദ്ധനായ ഒരാള്‍ മറ്റൊരാളുടെ കൈയില്‍ പുസ്തകം വെയ്ക്കുക എന്ന പഴയ ചടങ്ങ്‌ ഉടച്ചു വാര്‍ക്കേണ്ടിയിരിക്കുന്നു


രാകേഷ്‌ അങ്ങനെ പറഞ്ഞപ്പോള്‍ അത്‌ വളരെ പഴയ ഒരു പ്രയോഗമാണല്ലൊ എന്ന്‌ സുഹൃത്തായ അന്‍സാര്‍ ഓര്‍ത്തു. അങ്ങനെയാണ്‌ തന്റെ പുസ്തകം പശുവിനു കൊടുത്തു പ്രകാശിപ്പിക്കുവാന്‍ അയാള്‍ സര്‍ക്കാര്‍ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായ പ്രഭാകരന്‍ മാഷിനോടാവശ്യപ്പെട്ടത്‌. പ്രഭാകരന്‍ മാഷ്‌ സത്യത്തില്‍ പരിഭ്രമിച്ചുപോയി. രാകേഷിനെ അദ്ദേഹം പഠിപ്പിച്ചിട്ടില്ല. രാകേഷ്‌ പഠിച്ചത്‌ കുറച്ചകലെയുള്ള സ്വകാര്യസ്ക്കൂളിലായിരുന്നു. മാഷിനാണെങ്കില്‍ കവിതയും കഥയുമൊന്നും എഴുതുന്ന ശീലവുമില്ല. അതുകൊണ്ട്‌ അദ്ദേഹം ചോദിച്ചു,

-എന്താണ്‌ ഇങ്ങനെ വിചിത്രമായ ഒരു ആവശ്യം?

-പശുവിന്റെ പാലുകുടിച്ചാണു ഞാന്‍ വളര്‍ന്നത്‌. എന്റെ ചോരയും നീരും പശുവില്‍ നിന്നും വന്നതാണ്‌. നിങ്ങള്‍ക്കറിയുമോ, മറ്റൊരു ജന്തുവര്‍ഗത്തിന്റെ പാലു കുടിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്‌.



രാകേഷ്‌ നിര്‍ത്താല്‍ ഭാവിച്ചിട്ടില്ലെന്നുകണ്ട്‌ മാഷ്‌ ഇടയില്‍ കയറി ചോദിച്ചു.

-അല്ല ഇതെങ്ങനെ പശുവിനെക്കൊണ്ടു പിടിപ്പിക്കും. പശു ഇതെന്തു ചെയ്യുമെന്നു കരുതിയിട്ടാണ്‌?


സദസു കുറച്ചു സമയം നിശബ്ദമായി. പക്ഷേ രാകേഷ്‌ വേഗം അതിനു മറുപടി കണ്ടെത്തി.


-ബഷീറിന്റെ പാത്തുമ്മയുടെ ആടിനെപ്പോലെ ഒരു പശുവിനെ കിട്ടാനുണ്ടാവുമോ? പുസ്തകം തിന്നാനിഷ്ടമുള്ള ജന്തു? രണ്ടും മൂന്നും പേജുകളാക്കി നക്കി നക്കി വായിലാക്കി..


കണ്ണടച്ച്‌ രതി മൂര്‍ച്ചയിലേക്കെത്തുന്ന ഭാവത്തില്‍ അയാള്‍ പറഞ്ഞു. ചര്‍ച്ച എങ്ങുമെത്താതെ നിന്നപ്പോള്‍ അന്‍സാര്‍ ചോദിച്ചു.

-ആ ചന്തക്കാള മതിയോ? ചപ്പും ചവറും നോട്ടീസുമൊക്കെ അതു തിന്നുന്നതു കാണാറുണ്ടല്ലൊ?


ഉടമസ്ഥിനില്ലാത്തൊരു എല്ലിച്ച വയസന്‍ കാള കുറച്ചു നാളായി ചന്തയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്‌. ഇറച്ചിക്കടക്കാരന്‍ അന്തോണിച്ചേട്ടന്‍ കൊഴുക്കട്ടേന്നു കരുതി മേയാന്‍ വിട്ടിരിക്കുകയാണെന്നൊരു സംസാരവും അങ്ങാടിയിലുണ്ട്‌. എല്ലുന്തി, ശുഷ്കിച്ചവാലും, പുറത്തു ചില വ്രണങ്ങളുമൊക്കെയുള്ള ഐശ്വര്യംകെട്ട ആ മൃഗം കടലാസുകള്‍ തിന്നുന്നത്‌ എല്ലാവരും കാണാറുള്ളതാണ്‌. മതിലിലൊട്ടിച്ചിരിക്കുന്ന പരസ്യങ്ങള്‍ വരെ അതു കാര്‍ന്നു തിന്നും.

-രാകേഷ്‌ കാളപ്പാലു കുടിച്ചല്ലല്ലോ വളര്‍ന്നത്‌?

സുനീഷ്‌ പറഞ്ഞു.

-പ്രതീകാത്മകമായി പശുവിന്റെ കുഞ്ഞിനു സമ്മാനിക്കുക!


രാകേഷ്‌ വീണ്ടും ഉത്സാഹത്തിലായി.

-ഒരു പക്ഷേ ആ കാളക്കുട്ടിക്കു കിട്ടേണ്ടിയിരുന്ന പാലാവും എനിക്കു കിട്ടിയത്‌. ഒരു പക്ഷേ ഒരേ ബാല്യം പങ്കുവെച്ചവരാവും ഞങ്ങള്‍. അവന്റെ അമ്മ ചുരത്തിയ പാല്‍ കവര്‍ന്നെടുത്താണ്‌ ഞാന്‍ ഈ കവിതകളെഴുതാനുള്ള കരുത്തു നേടിയത്‌.

-ഒരു കാള പത്തിരുപത്തിയഞ്ചു വര്‍ഷം ജീവിക്ക്വോ?


സുനീഷിനു വീണ്ടും സംശയം.

-ഇതില്‍ ലോജിക്കല്ല നോക്കേണ്ടത്‌. നാം എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാണു പ്രാധാന്യം. അവന്‍ ദാനം നല്‍കിയ പാല്‍ കുടിച്ച ഞാനും ദാഹാര്‍ത്തനായി പുഴുവരിച്ച്‌ ഒടുക്കം എന്റെ മുന്നിലെത്തിയ അവനും. എന്റെ സ്രഷ്ടി അവനു ഭോജനമാവുക. എത്ര വിചിത്രവും മനോഹരവുമായ നിയോഗം!


രാകേഷിന്‌ ആവേശം കൂടിക്കൂടി വരികയായിരുന്നു. എങ്ങനെയെങ്കിലും ഇതിനൊരു നിവര്‍ത്തിയുണ്ടാക്കണമെന്ന്‌ മറ്റുള്ളവര്‍ ഉള്ളാലെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ പിന്നെയാരും തര്‍ക്കിച്ചില്ല. ശ്രദ്ധിക്കപ്പെടുക എന്നത്‌ രാകേഷിന്റെ ആവശ്യമാണ്‌ എന്നു മനസിലാക്കിയ പ്രഭാകരന്‍ മാഷ്‌ ഒടുക്കം സമ്മതിച്ചു.

ചന്തക്കാള എന്നു വിളിച്ചിരുന്ന അവന്‌ ചന്തുക്കാള എന്നു പേരുനല്‍കി. ചന്തുക്കാളയെ കഴുകി വ്രത്തിയാക്കിയെടുക്കുന്ന ജോലി രാകേഷുതന്നെ ഏറ്റെടുത്തു. മറ്റാരും അതിനു തടസ്സം നിന്നതുമില്ല.

മൈതാനത്ത്‌ പൊക്കം കുറഞ്ഞ ഒരു സ്റ്റേജുണ്ടാക്കി. ചന്തുവിനെ കയറ്റാന്‍ പാകത്തില്‍. ആനയെവരെ ലോറിയില്‍ കയറ്റുന്നുണ്ട്‌. എന്നാലും രാകേഷും കൂട്ടരും അത്രക്കു വളര്‍ന്നിട്ടില്ലല്ലൊ. സ്റ്റേജില്‍ രണ്ടു പഴക്കുലകള്‍ കെട്ടിതൂക്കി. പ്രകാശാനത്തിനു വരുന്നവര്‍ക്ക്‌ ഓരോ പഴം വീതം കൊടുക്കും. അതു തിന്നതിനു ശേഷം തൊലി ചന്തുവിനു കൊടുക്കണം.

കുറച്ചു ക്ലേശപ്പെട്ടാണ്‌ നനവുണങ്ങാത്ത ചന്തുവിനെ സ്റ്റേജില്‍ കയറ്റിയത്‌. രാകേഷിനെ പലരും ദീര്‍ഘമായി പ്രകീര്‍ത്തിച്ചശേഷം ചെറിയൊരു ഉള്‍ഭയത്തോടെ പ്രഭാകരന്‍ മാഷ്‌ പുസ്തകം കാളക്കു നേരെ നീട്ടി. ചന്തു ശാന്തനായി ബിംബങ്ങളും സാംസ്ക്കാരിക സംജ്ഞകളും ചവച്ചിറക്കുന്നതുകണ്ട്‌ രാകേഷ്‌ പുളകംകൊണ്ടു.

ചടങ്ങു തീര്‍ന്നതും ചന്തുവിനെ സാവധാനത്തില്‍ സ്റ്റേജില്‍ നിന്നും ഇറക്കി കൊണ്ടുപോകാന്‍ അന്‍സാര്‍ ശ്രമിച്ചു. അവനോടൊപ്പം നടക്കാന്‍ തുടങ്ങിയ ചന്തു ഒന്നു നിന്ന്‌ സദസിനെ തിരിഞ്ഞൊന്നു നോക്കി. ആ നിമഷം പാഴാക്കാതെ പത്രലേകന്‍ ക്യാമറയില്‍ വിരലമര്‍ത്തി. അപ്പോഴാണ്‌ ചന്തുക്കാള സ്റ്റേജില്‍ ചാണകമിട്ടത്‌ . തികച്ചും നൈസര്‍ഗികമായ ഒരു ചോദന.

-ബുള്‍ ഷിറ്റ്‌!!



ഫ്ലാഷിന്റെ വെളിച്ചത്തോടൊപ്പമാണ്‌ പത്രലേകന്റെ വാക്കുകള്‍ പുറത്തേക്കു വന്നത്‌.


00000000


ഒരു പുസ്തക പ്രകാശനം

Saturday, January 05, 2008

റാഷിദയുടെ കവിതകള്‍

ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാ‍ത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു.



രാത്രിയുടെ മനസ്സ്
രാത്രിയുടെ മനസ്സ് ഓര്‍മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളില്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മകളുടെ നിലാവ്.
രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്.
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചു വരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം.
രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്.
വാചാലമായ, അനിര്‍വചനീയമായ,
മധുരസംഗീതം.


കലണ്ടര്‍
പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍നിന്നു മാറ്റണം.
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍.
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം.
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍.


മരുഭൂമി
യൌവ്വനം വന്നെന്റെ പടിവാതില്‍ക്കല്‍
പൂച്ചയെപ്പോലെ തുറിച്ചു നോക്കുന്നു.
വേദനയാളുന്ന തീയായ്
കരളിന്റെ ഉള്ളറ നക്കുന്നു.
അടുക്കളയില്‍ തേച്ചുമിനുക്കാതെ
ഉറുമ്പരിച്ചു നാറ്റം വിതറുന്ന
ഒരു ചോറ്റുപാത്രമാണു ഞാനിന്ന്.
വട്ടത്തില്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയ
ഒരു ചുണ്ടെലിയുടെ ദൈന്യമുണ്ട് എന്റെയുള്ളില്‍.
മോഹം മനസ്സില്‍ ഹിമംപോലെ ഉരുകുന്നു.
സങ്കടമെല്ലാം ബാഷ്പീകരിച്ച് എന്റെ ഹൃദയവിഹായസ്സ്
എന്നെങ്കിലും ഈ മരുഭൂമിയില്‍
കുളിര്‍ മഴയായി പെയ്യുമോ?


കണക്കു പുസ്തകം
മികവാര്‍ന്ന പുറംചട്ടയ്ക്കുള്ളില്‍
ഒരു തടിച്ച പുസ്തകം
ഞാനെഴുതിപ്പഠിച്ച ഗണിതങ്ങളുടെ
ആകെത്തുകയും, വെട്ടിത്തിരുത്തി
നിരത്തിയെഴുതിയ അക്കങ്ങളും
ശിഷ്ടം വന്നു നിര്‍ത്തിവച്ച ഹരണവും.
പിന്നെ, ഉത്തരം കിട്ടാതെ
അവസാനിപ്പിച്ച ക്രിയകളും,
നിന്റെ നിഴലിന്റെ നീളം അളന്നെഴുതിയ
അക്കങ്ങളും,
ചേതം വന്നു നിര്‍ത്തിവച്ച
സ്നേഹബന്ധങ്ങളും,
തെറ്റിയ കണക്കുകളുടെ ആവര്‍ത്തനവും,
ചിട്ടയില്ലാതെ എഴുതിവച്ച
എന്റെ കണക്കു പുസ്തകം.
ഇതുപോലെയാണ്
ഞാന്‍ സ്നേഹിക്കുന്ന എന്റെ ജീവിതവും.

പരാതി
ഇപ്പോള്‍, പുഴകള്‍
തീരത്തോടു സല്ലപിക്കാറില്ലത്രേ.
വായനാറ്റം പോലെ
കര നാറുന്നെന്നു പുഴ,
ഓളങ്ങള്‍ക്കു സുഗന്ധമില്ലെന്നു കരയും.
കാറ്റുകള്‍ കിന്നാരം പറയുന്നില്ലെന്നു
പൂവുകള്‍,
പൂവുകളില്‍ വിഷം മണക്കുന്നുവെന്നു കാറ്റും.
തേന്‍ തേടി ശലഭങ്ങള്‍ വരാറില്ലെന്നു
മലരുകള്‍,
തേന്‍ ചവര്‍ക്കുന്നുവെന്നു ശലഭങ്ങള്‍.
തിരയില്‍ സംഗീതമില്ലെന്നു കടല്‍,
കടലില്‍ സാന്ത്വനസ്പര്‍ശമില്ലെന്നു തിരയും.
ആകാശാത്തിന്റെ കഥ കേള്‍‍ക്കാന്‍
മേഘത്തിനു വയ്യെന്ന്;
മേഘത്തിനൊ, പഴയപോലെ
ആര്‍ദ്രതയില്ലെന്നു മാനവും.
രാക്കുയില്‍പ്പാട്ടിനു രാഗമധുരിമയില്ലെന്ന് കാട്,
കാടിന്റെ വന്യചാരുത അന്യമാവുന്നുവെന്ന് രാക്കുയില്‍.
മണ്ണിനു പശിമ പോരെന്നു വേരുകള്‍,
വേരുകള്‍ ഹൃദ്യമായി പുണരുന്നില്ലെന്നു മണ്ണും.
തുഷാരകണങ്ങള്‍
തന്നില്‍ ലീനമാകുന്നില്ലെന്നു പുല്‍ക്കൊടി
രാസനാറ്റം അസഹ്യമെന്നു മറുമൊഴി.




എം. എന്‍. കാരശ്ശേരി: ഈയിടെ മലപ്പുറം ജില്ലയിലെ ചേറൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാര്‍ അവിടെ പഠിക്കുന്ന റാഷിദ എന്ന പെണ്‍കുട്ടി എഴുതിയ കുറെ കവിതകള്‍ എനിക്കയച്ചു തന്നു. അതു വായിച്ചു ഞാന്‍ അതിശയിച്ചു പോയി. ഒരു കൊച്ചു വിദ്യാര്‍ഥിനി എഴുതിയതാണൊ ഇതെല്ലാം? ഭൌതിക വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലമില്ലാത്ത കുടുംബമാണു റാഷിദയുടേത്. സംസ്കൃതത്തിന്റേയും മലയാള സാഹിത്യത്തിന്റേയും അന്തരീക്ഷം അവിടെയില്ല. കവിതാരചനക്കു പ്രോത്സാഹനം കിട്ടുക പ്രയാസം. റാഷിദയാണെങ്കില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയും. വളരെ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കവി റാഷിദയില്‍ മുളപൊട്ടുന്നുണ്ട് എന്നാണെന്റെ പ്രതീക്ഷ.

റാഷിദയുടെ എട്ടാം ക്ലാസ് അദ്ധ്യാപികയായിരുന്ന അരുണാദേവി ടീച്ചര്‍: ഇംഗ്ലീഷ് ക്രിയാപദങ്ങളുടെ ശേഖരണം മൂല്യനിര്‍ണയം ചെയ്തപ്പോള്‍ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ബുക്കു കണ്ടു. പിന്നെ കാല്‍ക്കൊല്ല പരീക്ഷയ്ക്കു മിക്ക വിഷയങ്ങള്‍ക്കും അവളായിരുന്നു ഫസ്റ്റ്. സെമിനാറൊ ഡിബേറ്റോ ഒക്കെ നടക്കുമ്പോള്‍ നല്ല നല്ല പോയന്റ്സ് കൊണ്ടുവന്നു മറ്റുള്ള കുട്ടികള്‍ക്കു കൊടുക്കും. അവളൊന്നും മുന്‍ കടന്നു ലീഡറായി അവതരിപ്പിക്കില്ല. എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും. കുട്ടികളോടു കവിതകളെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കവിത അവള്‍ കാട്ടിത്തന്നു. ഒരു കൊച്ചു കുട്ടിയുടെ ആശയങ്ങളല്ല ഞാനതില്‍ കണ്ടത്. വരികള്‍ക്കിടയിലെ വേദന കണ്ട് ഞാന്‍ കൂടുതല്‍ അന്വേഷിച്ചു. അപ്പോഴും അവള്‍ ഒന്നും വിട്ടു പറഞ്ഞില്ല. ഒന്‍പതിലെ ക്ലാസ് അദ്ധ്യാപിക അവളെ മലയാളമാണു പഠിപ്പിച്ചത്. ഒടുവില്‍ അവരാണു റാഷിദയുടെ മനസ്സു തുറക്കാനുള്ള താക്കോല്‍ കണ്ടെത്തിയത്. അങ്ങനെ സെലിന്‍ ടീച്ചര്‍ ശേഖരിച്ചുവച്ച കവിതകള്‍ എണ്ണത്തില്‍ പെരുകിയപ്പോള്‍ പുസ്തകമാക്കിക്കൂടേ എന്ന് അവളോടു ചോദിച്ചു. ‘അതൊന്നും വേണ്ട, ഞാന്‍ ഒരു പത്തിരിവട്ടത്തില്‍ ജീവിച്ചു മരിച്ചോളാം‘ എന്നായിരുന്നു മറുപടി.
പി. അരുണാദേവി, ടീച്ചര്‍, PPTMY HSS, ചേറൂര്‍ വേങ്ങര, മലപ്പുറം.

Thursday, December 13, 2007

അവസാനത്തെ ഇതള്‍

കാര്യമായിട്ട് ഒരു പോസ്റ്റിടണമെന്നു കരുതി മാസം പാതിയായി. അതുകൊണ്ട് ആ മോഹം ഉപേക്ഷിക്കുന്നു. തലയില്‍ വല്ലതുമൊക്കെ തിരിയുമ്പോള്‍ കൈകള്‍ തിരക്കിലായിരിക്കും. കൈകള്‍ക്കു അവസരം കിട്ടുമ്പോള്‍ തല ശൂന്യം, ഈ കളി തുടങ്ങിയിട്ടു കുറച്ചുനാളായി.



ഈ നാട്ടില്‍ ഡിസംബര്‍ എന്നാല്‍ ക്രിസ്തുമസ് എന്നാണര്‍ത്ഥം. ക്രിസ്തുമസ് എന്നു മാത്രമാണര്‍ത്ഥം. ഭൂഗണ്ഡമാകെ സ്പന്ദിക്കുന്നത് ഈയൊരു എന്ന താളത്തിലാണെന്നു തോന്നിപ്പോവും. ക്രിസ്തുവിനെയോ മറിയത്തെയോ ഓര്‍ത്താണീ പരവേശം എന്നു ധരിക്കരുത്. അതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കു സമയം, ക്രിസ്തുമസല്ലെ വരുന്നത് - എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു!!

പൊതുസംസാരം ക്രിസ്തുമസ് ഷോപ്പിംഗിനെപ്പറ്റി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇനി എത്ര ഷോപ്പിംഗ് മണിക്കൂറുകള്‍ അവശേഷിച്ചിട്ടുണ്ടെന്ന് റേഡിയോ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. കടകളില്‍ ഉത്സവത്തിരക്ക്. വ്യാപാരികളുടെ ലാഭക്കൊയ്ത്തിനും തൊഴിലാളികളുടെ അമിതാദ്ധ്വാനത്തിനും സാധാരണക്കാരന്റെ അന്തമില്ലാത്ത ചിലവുകള്‍ക്കും വ്രഥാവാകുന്ന ഒരുപാടു ഭക്ഷണത്തിനുമിടക്ക് ഇതിന്റെ മൂലകാരണമായ ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പാടേ വിസ്മരിക്കപ്പെടുന്നു.

ഇങ്ങനെയൊക്കെ പരാതിയുടെ കിഴിയുമായിട്ടാ‍ണ് ഈ മാസത്തെ പുഴയിലെ കോളം. ഇതോടെ ഇവിടെ ഇങ്ങനെയൊക്കെ എന്ന പരമ്പര അവസാനിക്കുകയാണ്. ഡിസംബര്‍ ലക്കം ഇവിടെ വായിക്കാം.

പ്രതീക്ഷിച്ചതിലേറെ പ്രതികരണങ്ങള്‍ കിട്ടിയതില്‍ ആഹ്ലാദവും അത്ഭുതവും നന്ദിയും ഉണ്ട്. ഇ-മെയില്‍ അയച്ചവര്‍ക്കെല്ലാം മറുപടി അയച്ചിട്ടുണ്ടെന്നുള്ള വിശ്വാസത്തിലാണ്. വളരെയേറെ ഉണ്ടായിരുന്നു. (പരാതിയല്ല, ആദരവോടെ) വിട്ടുപോയിട്ടുണ്ടെങ്കില്‍ മനപൂര്‍വ്വ‍മായിരുന്നില്ല, ക്ഷമിക്കുക.


ഈ വര്‍ഷത്തെ ഹാമില്‍ട്ടണ്‍ മലയാളികളുടെ ക്രിസ്തുമസ് ആഘോഷത്തില്‍, അപൂര്‍വ്വമായ മാര്‍ഗംകളിയും കാണാന്‍ ഭാഗ്യമുണ്ടായി.

എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസും ഐശ്വര്യവും മോഹസാക്ഷാത്ക്കാരവും നിറഞ്ഞ 2008-ഉം നേരുന്നു.


ഈ പോസ്റ്റ് സുല്ലിനു സമര്‍പ്പിക്കുന്നു. തണുപ്പില്ലാതെ ഭംഗിയുള്ള മഞ്ഞടരുകളെ വീഴ്ത്താനുള്ള വിദ്യ സൌജന്യമായി തന്നതിന്.

Wednesday, November 07, 2007

ഇടവേളക്കു ശേഷം


സമയം തോല്‍പ്പിച്ചതുകൊണ്ട്‌ ഈ വഴി വന്നിട്ട്‌ കുറച്ചായി. എന്നാലും അയച്ചു കിട്ടിയ ലിങ്കുകള്‍ ഇടക്കു വായിക്കാറുണ്ടായിരുന്നു. എഴുത്ത്‌ എന്നും ഒരു ഭാരമിറക്കലാണ്‌. അതൊരു ഭാരമായി മാറുന്നത്‌ ശരിയാവില്ലെന്ന അറിയാവുന്നതുകൊണ്ടാണ്‌ പ്രാരാബ്ധങ്ങള്‍ക്കു മുന്‍ തൂക്കം കൊടുത്തു മാറി നിന്നത്‌.


ഈയിടെ മാതൃഭൂമിയില്‍ ബൂലോകത്തെപ്പറ്റി വന്നിരുന്ന ലേഖനങ്ങളും അഭിമുഖവും അടുത്തലക്കത്തില്‍ വന്ന അതിലേറെ പ്രതികരണങ്ങളിലിമൊക്കെയായി പരിചയക്കാരെ പലരേയും കണ്ടപ്പോള്‍ സന്തോഷം തോന്നി. അപ്പോഴറിഞ്ഞു ഇത്‌ എഴുത്തിനേക്കാളേറെ സൗഹ്രദത്തിന്റെ ലോകമാണല്ലൊ എന്ന്‌. വസ്ത്രം മുഷിഞ്ഞതാണെന്നൊ സ്വീകരണമുറി അലങ്കോലപ്പെട്ടു കിടക്കുകയാണെന്നൊ ഉള്ള വ്യഥയില്ലാതെ സുഹൃത്തുക്കളെ സ്വീകരിക്കാം. കാപ്പിയും കടിയുമെന്ന ഔപചാരികത ചേര്‍ക്കാതെ കുശലം പറഞ്ഞു പോകാം. പ്രായവും സ്ഥാനമാനങ്ങളും ഗൗനിക്കാതെ കുസൃതി പറയാം, പരിഹസിക്കാം.


നേരില്‍ കാണാത്തവരുടെ സൗഹൃദവും പ്രതികരണങ്ങളും എത്തിച്ചു തരുന്ന ബൂലോകം ഭൂഗണ്ഡങ്ങളെത്തമ്മിലിണക്കുന്നൊരു പാലമാണ്‌. അവിടെ മഴയോ ചൂടോ തണുപ്പൊ തണലോ സൃഷ്ടിക്കാം. വനമോ പാര്‍ക്കോ തീര്‍ത്ത്‌ അലയാം. ഇവിടെയെത്തിയ കാലത്ത്‌ ഇതൊക്കെ സ്വപ്നം കാണാന്‍പോലും കഴിഞ്ഞിരുന്നില്ല.


അന്ന്‌ ചില കഥാമത്സരങ്ങളില്‍ സമ്മാനംകിട്ടുകയും ആനുകാലികങ്ങളില്‍ കഥകള്‍ അച്ചടിച്ചുവരികയും ചെയ്തപ്പോള്‍ അച്‌'നുമമ്മക്കും വേവലാതിയായി. മകളുടെ ഭാവി കുളിക്കുകയും മുടിച്ചീവുകയും ചെയ്യാതെ, മുഷിഞ്ഞു കീറിയ വസ്ര്തങ്ങളുമായി ഒരു സഞ്ചിയും തൂക്കി അവുടെ മുന്നിലൂടെ തേരാപ്പാരാ നടന്നു. ഒരു പ്രഭാതത്തില്‍ മഹാരാജാസില്‍ നിന്നും ഇംഗ്ലീഷിലും മലയാളത്തിലും ബിരുദമെടുക്കാനുള്ള ഇന്റര്‍വ്യൂകാര്‍ഡുകളൂം കൂടി വന്നതോടെ വീട്ടില്‍ ബോംബുപൊട്ടി. കുഴിഞ്ഞ കണ്ണുകളുമായി പിച്ചതെണ്ടുന്ന പേരക്കിടാങ്ങളായി അച്‌'്ന്റേയും അമ്മയുടേയും സ്വപനത്തില്‍ വരാന്‍ തുടങ്ങിയത്‌.


ചന്ദ്രന്‍ ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ആളെ അയക്കാന്‍ തുടങ്ങിയിട്ടില്ല. പിന്നെന്തു ചെയ്യും? അവര്‍ ഭൂപടം നേരെയും തലകുത്തനേയും പിടിച്ചാലോചിച്ചു. ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ഭൂഗണ്ഡങ്ങള്‍ കേരളത്തില്‍ നിന്നും എത്രദൂരമുണ്ടെന്ന്‌ അക്ഷാംശവും രേഖാംശവും അടയാളപ്പെടുത്തി പ്രൊട്രാക്ടറും സ്ക്കെയിലും വെച്ചളന്നു നോക്കി. അങ്ങനെയാണ്‌ വടക്കെ അമേരിക്കന്‍ ഭൂഗണ്ഡമാണ്‌ കേരളത്തില്‍ നിന്നും ഏറ്റവും അകലെ എന്നു കണ്ടുപിടിച്ചത്‌. പക്ഷെ യു.എസ്‌.എ.യില്‍ മലയാള പ്രസിദ്ധീകരണങ്ങളുണ്ട്‌. കേരളത്തില്‍ നിന്നും തപാല്‍ വേഗത്തിലെത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്‌. അതു ശരിയാവില്ല.


അപ്പോഴാണ്‌ അലാസ്ക്കയെപ്പറ്റിയും അതിനടുത്തുള്ള കാനഡയെന്ന ഐസുപെട്ടിയെപ്പറ്റിയും ചേട്ടനു ബോധോദയമുണ്ടായത്‌. അവിടെനിന്നും ഫോണ്‍ വിളിക്കണമെങ്കില്‍ ഓപ്പറേറ്ററുടെ അനുവാദം വേണം, അനുവദിച്ചാലും മിനിറ്റിന്‌ നൂറുരൂപയോളം കൊടുക്കണം. ഒരു കത്തോ വാരികയോ എത്തണമെങ്കില്‍ കുറഞ്ഞത്‌ മൂന്നാഴ്ച. നാടുകടത്താന്‍ ഇതിലേറെ യോജിച്ച സ്ഥലമേത്‌.

-ഇവള്‍ക്കാണെങ്കില്‍ വിദ്യാഭ്യാസമില്ല, കാനഡയില്‍ കടുത്ത ജോലിക്ഷാമവും.

-ഇവിളിനി മലയാളം വായിക്കില്ല, കേള്‍ക്കില്ല, പറയാനും സാദ്ധ്യത വളരെ കുറവ്‌!


പിന്നെ ഒട്ടും അമാന്തിച്ചില്ല. ആദ്യംകണ്ട പ്ലെയിന്‍ കൈകാണിച്ചു നിര്‍ത്തി അതില്‍ കയറ്റി മകളെ കാനഡക്കയച്ചിട്ട്‌ അവര്‍ സമാധാനത്തോടെ ഉറങ്ങി. ആ കാലമോര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ കുട്ടികളോട്‌ അല്‍പ്പം അസൂയയുമുണ്ട്‌ :)



ഇപ്പോഴിവിടെ ഇലകള്‍ക്കും നിറം പകരുകയും പക്ഷികള്‍ പറന്നകലുകയും ചെയ്തിരിക്കുന്നു. ടൊറന്റോയില്‍ നിന്നും ഏകദേശം 300 കിലോ മീറ്റര്‍ വടക്കോട്ടു മാറിയുള്ള അല്‍ഗ്വോക്കിന്‍ പാര്‍ക്കില്‍ നിന്നും ഒക്ടോബറിലെടുത്ത ചിത്രങ്ങളാണിത്‌.


ഈ വര്‍ണ്ണഭംഗിയൊക്കെ തല്ലിക്കൊഴിച്ചുകൊണ്ട്‌ വടക്കുനിന്നും ശീതക്കാറ്റു വീശുന്നുണ്ട്‌. രണ്ടു രാത്രി മുന്‍പ്‌ ഫ്രോസ്റ്റു വന്ന്‌ കുരുന്നിലകളെയൊക്കെ കൊന്നു. കൂടുതല്‍ വിശേഷങ്ങള്‍ പുഴയിലെ ഇവിടെ ഇങ്ങനെയൊക്കെയിലെ പുതിയ ലക്കത്തില്‍: കമണ്ഡലുക്കാലം

Wednesday, August 22, 2007

അത്തപ്പൂക്കളം


ഈ വര്‍ഷത്തെ പൂക്കളം. സമയത്തിനും പൂക്കള്‍ക്കും ക്ഷാമമായതുകൊണ്ട് വര്‍ഷത്തില്‍ ഒരിക്കലേ അത്തപ്പൂവിടാറുള്ളൂ.

ഇനി സദ്യയെപ്പറ്റി ആലോചിച്ചു തുടങ്ങട്ടെ :)

Tuesday, July 31, 2007

കാട്ടുപൂക്കള്‍ - നാട്ടിലെ പൂക്കള്‍ക്കു പകരം

റ്റവും കൂടുതല്‍ ആഘോഷിക്കുന്ന ഒന്നായിരുന്നു ഓണം, ദേ ഇതുപോലെ. വീടു മാറിയതോടെ പൂക്ഷാമം രൂക്ഷമായി. വീട്ടു മുറ്റത്ത് ഇപ്പോഴും പൂക്കൊളൊന്നുമായിട്ടില്ല.
കഴിഞ്ഞ പോസ്റ്റില്‍ പടം കുറ‍വായിപ്പോയെന്നു പറഞ്ഞവരോടുള്ള പ്രതികാരമായി കാട്ടുപൂക്കളുടെ പടങ്ങള്‍. ഈ വര്‍ഷവും അത്തപ്പൂക്കളത്തിന് ഇവരൊക്കെ സഹായിക്കണം.


വഴിയാത്രക്കാരോടു ചിരിക്കുന്ന പേരറിയാപ്പൂവ്

ഇത് മുക്കുറ്റിയുടെ ഡ്യൂപ്പ്

തുമ്പപ്പൂവല്ല എന്നാലും...

തൊട്ടാല്‍ വാടാത്തി

കരിങ്കണ്ണി ശോശ (ബ്ലാക്ക് ഐഡ് സൂസന്‍)

വീണ്ടും സുന്ദരിപ്പൂവുകള്‍


പൂവട്ടക തട്ടിച്ചിതറി...

ഓഗസ്റ്റിലെ വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ഈ പൂക്കള്‍ പറിക്കാന്‍ പോയകഥയും പുഴയിലെ പരമ്പരയില്‍, ദാരിദ്ര്യരേഖക്കു താഴെ ഒരു അത്തപ്പൂക്കളം എന്ന പുതിയ ലക്കത്തില്‍ വായിക്കാം. അവിടെ പരാമര്‍ശിച്ചിരിക്കുന്ന തടാകങ്ങള്‍.

റോസ് മേരി സരസ്സ്


മേഘത്തെ കാണാനെത്തി നോക്കിയ കുറച്ചുവീടുകളും വീണുപോയി ഈ തടാകത്തിലേക്ക്.

Monday, July 16, 2007

ചെറിമരങ്ങള്‍


ജൂലൈ ആദ്യത്തെ ആഴ്ചയാണ് ഒന്റോറിയോ സംസ്ഥാനത്ത് ചെറിപ്പഴം പാകമാകുന്നത്. അപ്പോള്‍ തിരക്കിലായിപ്പോയതുകൊണ്ട് അന്നെടുത്ത പടങ്ങള്‍ ഇപ്പോള്‍ ഇടുന്നു.



ചെറിപ്പടം കൊടുക്കാമെന്നാശിപ്പിച്ച ബഹുവ്രീഹിക്കായി ഒരു മരം.

മുന്നറിയിപ്പ്: സംശയം ചോദിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ സ്ട്രോബറിത്തൂണു പോലെ വിശദീകരിച്ചു ബോറാക്കികളയും!!


കൂടൂതല്‍ ജൂലൈ വിശേഷങ്ങള്‍ പുഴയില്‍ വായിക്കാം.




ജോലി സംബന്ധമായ തിരക്കുകാരണം (അതേ, ജോലിയെ സംബന്ധം ചെയ്യേണ്ട സ്ഥിതി വന്നുപോയി) ഈ വഴി മുടങ്ങാതെ വരാന്‍ സാധിക്കുന്നില്ല, ക്ഷമിക്കുമല്ലൊ.