Monday, July 01, 2019


രൂപി കൌര്‍ - നവമാധ്യമങ്ങളില്‍ നിന്നും അച്ചടിയിലേക്കുള്ള ദൂരം 
പുസ്തകങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും പുതുതലമുറ വായനയില്‍ നിന്നും അകന്നുപോവുകയും ചെയ്യുന്ന കാലത്ത്, കവിത  ജീര്‍ണ്ണിച്ച വിരസവൃത്തിയായും, ആക്ഷന്‍ ചിത്രങ്ങള്‍ ഹരമായും കാണുന്ന യുവത്വത്തിനിടയിലാണ് രൂപി കൌറിന്‍റെ പുസ്തകം ലക്ഷക്കണക്കിന്‌ കോപ്പികള്‍ വിറ്റുപോകുന്നത്. പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ ഒരുവള്‍, ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ പ്രസാധകലോകത്തെ പണ്ഡിതരുടെ കണക്കുകൂട്ടലുകളെ തകര്‍ത്തുകളഞ്ഞു.     
രൂപി കൌറിന്റെ പാലും തേനും (milk & honey) എന്ന ആദ്യത്തെ കൃതി ന്യൂയോക്ക് ടൈംസിന്‍റെ പേപ്പര്‍ബാക്ക് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ 100 ആഴ്ചകളും കടന്നിരിക്കുന്നു. ആദ്യം ആമസോണില്‍ സ്വന്തമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ ഇരുപത്തിയഞ്ചു ലക്ഷം കോപ്പികള്‍ ലോകത്തെമ്പാടുമായി വിറ്റുപോയി. ഇരുപത്തിയഞ്ചു ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നു.  
  കഴിഞ്ഞ ഒക്ടോബറിലാണ് വായനക്കാര്‍ ആകാംഷയോടെ കാത്തിരുന്ന രണ്ടാമത്തെ പുസ്തകം, സൂര്യനും അവളുടെ പൂവുകളും (sun and her flowers) പുറത്തു വന്നത്.  ഇതിനോടനുബന്ധിച്ച് ന്യൂ യോര്‍ക്ക് സിറ്റി തീയേറ്ററില്‍ നടന്ന കവിത വായനകേള്‍ക്കാന്‍  ആയിരത്തോളം യുവജനങ്ങള്‍ ക്യൂനിന്നു.  ഈ പുസ്തകവും ന്യൂയോര്‍ക്ക് പേപ്പര്‍ബാക്ക് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. കവിതക്ക് വിപണനമൂല്യം തീരെയും ഇല്ലാതായിരിക്കുന്ന കാലത്ത് പ്രസാധകരുടെ കണക്കുകൂട്ടലുകളെ പാടേ തെറ്റിക്കുന്ന അത്ഭുതം തന്നെയാണിത്‌.  
മൂവായിരത്തിലേറെ ട്വിറ്റുകളും മുന്നൂറോളം ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിട്ടുള്ള ഈ വിദ്യാര്‍ത്ഥിനിക്ക് എഴുപത്തിരണ്ടു രക്ഷം അനുയായികളുണ്ട്. രൂപിയുടെ ടൂറുകളില്‍ ആളുകള്‍ കാത്തു നില്‍ക്കുന്നു - ഒരു പോപ്‌ സ്റ്റാറിനെപ്പോലെ. പുതിയ തലമുറക്ക് രൂപിയോടുള്ള ആരാധനക്കും ആവേശത്തിനും എണ്പതുകളിലെ ചുള്ളിക്കാട് ഇഫക്റ്റ് തോന്നിപ്പിക്കുന്നുണ്ട്.     
 സ്‌ത്രീത്വവും, പ്രണയവും, രതിയും, വംശീയതയും, കുടിയേറ്റവും നിരൂപിക്കുന്ന കവിതയും ഗദ്യവും രൂപി തന്നെ വരച്ച രേഖാചിത്രങ്ങളോടെയാണ് ഈ പുസ്തകങ്ങളില്‍ ചേര്‍ത്തിരിക്കുന്നത്.   രാജ്യം വിട്ടുപോകുന്നവരുടെ, അതില്‍ത്തന്നെ കുട്ടികളുടെ വ്യഥയും നിസ്സഹായാതയും, അവര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ആവിഷ്‌ക്കരിക്കുന്ന പുതിയ കാലത്തിന്‍റെ എഴുത്താണ് രൂപിയുടേത്.       
 വികാരക്ഷോഭങ്ങളുടെ കാലമാണ് കൌമാരം.  ആ കാലത്ത് പുതിയൊരു സംസ്കാരത്തില്‍ മുതിര്‍ന്ന തലമുറയുടെ ലക്ഷമണരേഖ മൂഢവും യുക്തിരഹിതവും മാത്രമല്ല, കപടവുമെന്ന തിരിച്ചറിയലിന്റെയും തിരിച്ചു ചൊല്ലലിന്റെയും കൂടി കഥയാണ് ഈ പുസ്തകങ്ങള്‍ക്ക് പറയാനുള്ളത്.  ഇതൊക്കെയായിരിക്കും ഒരു പക്ഷേ, രൂപിയെ പുതുതലമുറക്ക് പ്രിയങ്കരിയാക്കുന്നത്.  വിശേഷിച്ചും ഉത്തരയമേരിക്കയിലെ കുടിയേറ്റക്കുട്ടികളുടെ കഴുത്തിലും കൈകാലുകളിലും ചുറ്റി വലിക്കുന്ന സംസ്കാരിക, പൈതൃക മൂല്യങ്ങളും അതിനിടയില്‍ നിര്‍വ്വചിക്കേണ്ടി വരുന്ന സ്‌ത്രീത്വവും നല്‍കുന്ന മാനസിക പിരിമുറുക്കം കുറച്ചൊന്നുമല്ല. രൂപി അവരുടെ ശബ്ദമാണ്, അവരുടെ  വെല്ലുവിളികള്‍ക്കു നേരെയുള്ള പ്രതിക്ഷേധവും, നിഷേധവും, പ്രതിവാദവും, രക്ഷാകവചവുമാണ് രൂപിയുടെ വരികള്‍.
ബലാല്‍സംഗവും, മാനസികാഘാതവും, (അതില്‍നിന്നുമുള്ള) ഉയര്‍ത്തെഴുന്നെല്‍പ്പും വിഷാദരോഗവും രൂപിക്കു വിഷയമാകുന്നുണ്ട്. 
ഇന്നലെ
ഞാനുണര്‍ന്നു നോക്കുമ്പോള്‍
സൂര്യന്‍ നിലത്തുവീണുരുണ്ടു പോയിരുന്നു
പൂവുകള്‍ സ്വയം തലയറുത്തു മരിച്ചിരുന്നു
ഇവിടെ ജീവനുള്ളത് ഞാന്‍മാത്രം
എനിക്കാണെങ്കില്‍ ജീവിക്കാനെ തോന്നുന്നില്ല.
    -വിഷാദരോഗം എന്‍റെയുള്ളിലെ നിഴലാണ്
രൂപിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഇന്ത്യയില്‍ നിന്നും കുടുബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറുന്നത്. ട്രക്കു ഡ്രൈവറായിരുന്ന സുചേത് സിംഗാണ് അച്ഛന്‍.   ചെറുപ്പത്തില്‍ ചിത്രകലയോടായിരുന്നു പ്രിയം. അമ്മ കമല്‍ജിത് കൌറാണ് രൂപിയെ  വരക്കാന്‍ പ്രേരിപ്പിച്ചത്.  കൂട്ടുകാര്‍ക്ക് പിറന്നാള്‍ സമ്മാനമായി കൊടുത്തിരുന്ന സ്വന്തമായി വരച്ച കാര്‍ഡും അതില്‍ കുത്തിക്കുറിച്ച കുറച്ചു വരികളുമായിരുന്നെന്നു പറയാം രൂപിയുടെ ആദ്യത്തെ കവിതകള്‍. കവിതയോടുള്ള ആവേശംതുടങ്ങിയത് ഇരുപതാമത്തെ വയസ്സിലാണെന്ന് രൂപി പറയുന്നു.  കൌമാര-യൌവ്വനത്തിന്‍റെ വ്യഥയും. വെറികളും, പിരിമുറുക്കങ്ങളും, ക്ലേശങ്ങളും രൂപി കവിതയായും ഗദ്യമായും ചിലപ്പോള്‍ ചിത്രങ്ങളോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.  എഴുത്തുകാരിയാവാന്‍ വേണ്ടിയായിരുന്നില്ല, നെഞ്ചില്‍ നിന്നും ഇതൊക്കെയൊന്നു പറിച്ചെറിഞ്ഞാല്‍ ശ്വാസംകഴിക്കാന്‍ എളുപ്പമാവുമേന്നോര്ത്താണ് അത് ചെയ്തത് എന്നാണു രൂപി പറയുന്നത്.  അതിനെ സ്വീകരിക്കാന്‍ അമേരിക്കയില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലും ആളുകളുണ്ടായി.  രൂപി കൌര്‍ യുവത്വത്തിന്‍റെ ആവേശമായി മാറിയത് പെട്ടെന്നായിരുന്നു.
  ഇംഗ്ലീഷ് കഷ്ടിച്ചുമാത്രം സംസാരിക്കാനറിയാവുന്ന അമ്മയെ ആദരവോടെയും അനുതാപത്തോടെയും കാണുന്നുണ്ട് പല കവിതകളിലും. Advise I would have given my mother on her wedding day യിലെ വരികള്‍:
you can’t speak  english fluently
or operate a computer or cell phone
we did that to you. it is not your fault.
you are not any less than the
other mothers with their
flashy phones and designer clothing
we confined you to the four walls of this home
and worked you to the bone
you have not been your own property for decades.

പാലും തേനും (milk and honey)
സോഷ്യല്‍ മീഡിയയില്‍ രൂപിയുടെ എഴുത്തും ചിത്രങ്ങളും പതിവായി പ്രസിദ്ധപ്പെടുത്തിയപ്പോള്‍, എവിടെ നിന്നും പുസ്തകം  വാങ്ങാന്‍ കിട്ടുമെന്നു ആരാധകര്‍ ചോദിക്കാന്‍ തുടങ്ങി.  പ്പോഴാണ് പുസ്തകമിറക്കുന്നതിനെപ്പറ്റി ആദ്യമായി ചിന്തിക്കുന്നത്. അങ്ങനെ 2014 നവംബറില്‍ ആദ്യത്തെ പുസ്തകം പാലും തേനും (മില്‍ക്ക് ആന്‍ഡ് ഹണി) ആമസോണിലൂടെ രൂപി സെല്‍ഫ്-പബ്ലീഷ് ചെയ്തു.  കഠിനാധ്വാനിയായ രൂപിക്ക് പുസ്തകത്തിന്റെ ഡിസൈനില്‍ നിഷ്കര്‍ഷതയുണ്ട്.   ആമസോണില്‍ സ്വന്തമായി പുസ്തകം ഇറക്കുമ്പോള്‍ പലഘടനകള്‍ ആവര്‍ത്തിച്ചു ശ്രമിച്ചുനോക്കിയിട്ടാണ് മാര്‍ക്കറ്റിലേക്ക് ഇറക്കിയത്.      
ഗദ്യവും പദ്യവും ചിത്രങ്ങളും ചേര്‍ന്ന ഈ പുസ്തകം the hurting, the loving, the breaking, the healing എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  ഈ പുസ്തകത്തിന്‍റെ ഇരുപതിനായിരം കോപ്പികള്‍ പെട്ടെന്നു വിറ്റുപോയി.  മില്‍ക്ക് ആന്‍ഡ് ഹണി ആമോസോണില്‍ വില്‍ക്കപ്പെടുന്ന കാനഡയില്‍ നിന്നുമുള്ള പ്രസിദ്ധീകരണങ്ങളില്‍ ഒന്നാമത്തേതായി. ആകെയുള്ള വിലപനയില്‍ കവിതകളില്‍ രണ്ടാം സ്ഥാനവും ഈ പുസ്തകത്തിനു തന്നെയായിരുന്നു. പുസ്തകത്തിന്‍റെ അഭൂതപൂര്‍വമായ വിലപ്നകണ്ട്‌ ആണ്ട്രൂസ് മക്‌നീല്‍ പ്രസാധകര്‍ 2015 ഒക്ടോബറില്‍ ഇതിന്‍റെ രണ്ടാം പ്രതിയിറക്കി.
പ്രശസ്തമായ ആ പീരീഡ്‌
 2015-ല്‍ പഠിത്തത്തിന്‍റെ ഭാഗമായ പ്രോജക്ടായിരുന്നു.  ഇന്സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്ത ആര്‍ത്തവ ചിത്രം.   യൂണിവേഴ്സിറ്റിയിലെ visual rhetoric കോഴ്സിന്‍റെ ഭാഗമായി, സമൂഹം ഒഴിവാക്കുന്ന അല്ലെങ്കില്‍ ഭ്രുഷ്ടു കല്പിച്ചിട്ടുള്ള ഒന്നിനെതിരെ വാക്കുകളില്ലാതെ പ്രതികരിക്കുക എന്നവിഷയത്തില്‍ രൂപി ആര്‍ത്തവത്തെ ആറു ഫോട്ടോകളിലൂടെ ചിത്രീകരിച്ചു.  അതിലൊന്നു കിടക്കയില്‍ ചരിഞ്ഞു കിടന്നുറങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ പൈജാമയിലും കിടക്കവിരിയിലും പടര്‍ന്ന രക്തമായിരുന്നു. ഈ ചിത്രം കമ്യൂണിറ്റി ഗൈഡ് ലൈനിനു ചേരുന്നതല്ല എന്നകാരണം പറഞ്ഞു ഇന്‍സ്റ്റാഗ്രാം ആ ശ്രേണിയിലെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്തു. രൂപി ഇതിനോട് ശക്തമായഭാഷയിലാണ് പ്രതികരിച്ചത്.  ...I will not apologize for not feeding the ego and pride of misogynist society that will have my body in an underwear but not be ok with a small leak when your pages are filled with countless photos/accounts where women (so many who are underage) are objectified, pornified, and treated less than human
...സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്‍റെ അഹങ്കാരത്തെയും ഗര്വ്വിനേയും ഊട്ടിപ്പോറ്റാത്തതിനു ഞാന്‍ മാപ്പു പറയില്ല. അടിവസ്ത്രം മാത്രമിട്ട എന്‍റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ മടിയില്ലാത്ത മാധ്യമത്തിനു പൂര്‍ണവസ്ത്രം ധരിച്ച  എന്‍റെ ചെറിയൊരു രക്തച്ചോര്ച്ച അംഗീകരിക്കാന്‍ വയ്യ! പ്രത്യേകിച്ചും സ്ത്രീകളെ (കുട്ടികളെയും) ആഭാസകരമായും, ലൈഗിംകച്ചുവയോടെയും, ഉപഭോഗവസ്തുവായും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍കൊണ്ടു നിങ്ങളുടെ പേജുകള്‍ നിറഞ്ഞിരിക്കുമ്പോള്‍! സമൂഹത്തിന്‍റെ ഇത്തരത്തിലുള്ള മനോഭാവത്തെ ചോദ്യം ചെയ്യുക തന്നെയായിരുന്നു ആ ചിത്രത്തിന്‍റെ ഉദ്ദേശം..
  ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ വന്ന രൂപിയുടെ പ്രതികരണം വൈറലായി, ആയിരക്കണക്കിനു ആളുകള്‍ അത് ഷെയര്‍ ചെയ്തു.  അതോടെ ഇന്‍സ്റ്റാഗ്രാം അബദ്ധത്തില്‍ മാറ്റിയതാണെന്നു  മാപ്പു പറഞ്ഞു ചിത്രങ്ങള്‍ പുനഃസ്ഥാപിച്ചു. മലയാളത്തിലെ മാധ്യമങ്ങളിലും  ഈ വാര്‍ത്തവന്നിരുന്നു.  ഇത് രൂപി കൌറിന്‍റെ പ്രശസ്തിക്കു കുറച്ചൊന്നുമല്ല സഹായിച്ചത്. 

സൂര്യനും അവളുടെ പൂവുകളും (sun and her flowers)
രണ്ടാമത്തെ പുസ്തകം, സൂര്യനും അവളുടെ പൂവുകളും (sun and her flowers) 2017 ഒക്ടോബറിലാണ് പുറത്തു വന്നത്.  ഇതിനു മുന്നോടിയായി രൂപിയുടെ പുറത്ത് വെളുത്ത പശ്ചാത്തലത്തില്‍ പുസ്തകത്തിന്‍റെ പുറംചട്ട പെയിന്റ് ചെയ്തത് പരസ്യപ്പെടുത്തിയിരുന്നു.  ഇതിനെ വിപണന തന്ത്രമായും ആത്മരതിയായും വിമര്‍ശിച്ചവരുണ്ട്‌.  എന്നില്‍ നിന്നും വന്നതാണ് ഈ പുസ്തകത്തിലുള്ളതെല്ലാം എന്ന്‍ തിരിച്ചടിച്ചു രൂപി! 
ഈ പുസ്തത്തെ wilting, falling, rooting, rising, blooming എന്ന്‍ അഞ്ചു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.  248 പേജുകളുള്ള ഈ പുസ്തകം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാമെങ്കിലും വായനക്കാര്‍ ഇതിലേക്ക് വീണ്ടും വീണ്ടും മടങ്ങും.  ഹാള്‍മാര്‍ക്ക് കാര്‍ഡുകളിലെ വാചകങ്ങളുടെ സുതാര്യതയും സുഖവുമുള്ള വരികള്‍ സൂക്തങ്ങളായി പുനരവതരിക്കുകയും വാട്ട്സ്ആപ്പ് മേസേജുകളിലൂടെ പടരുകയും ചെയ്യുന്നു.     

രൂപിസം
രൂപിക്ക് ഭംഗിയായി പഞ്ചാബി ഭാഷ സംസാരിക്കാനറിയാം.  പക്ഷെ പഞ്ചാബിയില്‍ രചന നടത്താനുള്ളത്ര അറിവില്ല എന്ന് അവര്‍ ഏറ്റു പറയുന്നു.  പഞ്ചാബി ഭാഷയുടെ ഗുരുലക്ഷ്മി ലിപിയെ മാനിച്ച് ഇംഗ്ലീഷില്‍ ക്യാപ്പിറ്റല്‍ ലെറ്റര്‍ ഉപയോഗിക്കാതെയാണ് രൂപി എഴുതുന്നത്.  വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ അക്ഷരങ്ങളും ഒരേപോലെ കരുതുന്ന ആ സംവിധാനം രൂപിയെ വല്ലാതെ ആകര്‍ഷിച്ചു. വരികളുടെ അംഗപ്പൊരുത്തവും നേര്‍ഘടനയും ഋജുവായ രൂപവും തന്‍റെ തത്വശാസ്ത്രത്തെ പിന്താങ്ങുന്നു. ഗുരുലക്ഷി ലിപിയെ അനുകരിച്ചു കുത്ത് (വിരാമചിഹ്നം) അല്ലാതെ മറ്റു ചിഹ്നങ്ങളൊന്നും രൂപി ഉപയോഗിക്കുന്നില്ല.  അവര്‍ അതിനെ വിശേഷിപ്പിക്കുന്നതിങ്ങനെ -  a world within a world. which is what i am as an immigrant.  നീണ്ട കവിതകള്‍ക്ക് മാത്രമേ ശീര്‍ഷകമുള്ളൂ. ചില പേജുകളിലെ വരികള്‍ക്കവസാനം തുടര്‍ച്ചക്കുറിക്കു ശേഷം വിഷയം എഴുതിയിട്ടുണ്ടാവും.      

വിമര്‍ശനം
ഈ നവമാധ്യമതാരം കാവ്യകലക്ക് ഒരു ദുര്‍ലക്ഷണമാണോ അതോ സാഹിത്യത്തിന്‍റെ നൂതന ശൈലിയോ എന്ന്‍ നെറ്റിചുളിക്കുന്ന വിമര്‍ശകരുമുണ്ട്.  രൂപിയുടെ വിജയത്തിന്‍റെ പൊരുളുകളില്‍ ഒന്ന്‍ ഭാഷയുടെ ലാളിത്യമാണ്. സാഹിത്യം പഠിച്ചെഴുത്തിന്‍റെ ദോഷങ്ങള്‍ ഇല്ലാത്തതുകൊണ്ടു ഈ വരികള്‍ ഉള്‍ക്കൊള്ളാന്‍ ഭാഷാജ്ഞാനം ഒരു തടസ്സമാവുന്നില്ല.  രൂപിയുടെ ആശയങ്ങളും അവതരണവും അതിലളിതവും ഉപരിപ്ലവുമാണെന്നതാണ് ഇവര്‍ക്കെതിരെയുള്ള പരാതികളില്‍ പ്രമുഖം.
i could be anything
in the world
but i want to be his
എന്നിങ്ങനെ പാഠപുസ്തത്താളുകളില്‍ കുത്തിക്കുറിക്കുന്ന കൌമാരത്തിന്‍റെ സ്വരമാണ് ചിലവരികള്‍ക്കെങ്കില്‍ വിവേചനത്തിനു നേരെയുള്ള പോര്‍വിളികളാണ് മറ്റു ചിലത്.  The art of growing upലെ ചില വരികള്‍
i will not subject myself to their ideology
cause slut shaming is rape culture
virgin praising is rape culture
i am not a mannequin in the window
of your favourite shop
you can’t dress me up or
throw me out when i am worn
you are not a cannibal
your actions are not my responsibility
you will control yourself

മറ്റൊരു ആക്ഷേപം, ആശയങ്ങള്‍ക്ക് പുതുമയില്ല, നിലവിലുള്ളവയെ ലളിതമായി പകര്‍ത്തുക മാത്രമേ രൂപിചെയ്യുന്നുള്ളൂ.   
you cannot
walk in and out of me
like a revolving door
i have too many miracles
happening inside me
to be your convenient option
    -not your hobby
ഈ വരികള്‍ മായ ആന്‍ജലൊയുടെ “Never make someone a priority when all you are to them is an option” എന്ന പ്രശസ്തമായ വരികളെ ഓര്‍മ്മിപ്പിക്കുന്നു.  പറഞ്ഞു പഴകിയ കാര്യങ്ങളില്‍ പരദേശീയതയും, പൗരസ്‌ത്യതയും കുത്തിവെച്ച് കവിതയെ/എഴുത്തിനെ കയറ്റുമതിച്ചരക്കാക്കുകയാണ് ചെയ്യുന്നത് ഈ ക്ഷണകവിയത്രി (instapoet) എന്നൊരു വിമര്‍ശനം.    
എങ്ങനെയൊക്കെ വിമര്‍ശിച്ചാലും കവിതക്ക് തീരെയും മാര്‍ക്കറ്റില്ലാത്ത കാലഘട്ടത്തില്‍, കവിതകൊണ്ട് മില്യെനെയറായ കുടിയേറ്റക്കാരിയാണ് ഈ ഇരുപത്തിയഞ്ചുകാരി! രൂപി കൌര്‍ വെറുമൊരു താരമല്ല, ഒരു പ്രതിഭാസമാണെന്നു പ്രഖ്യാപിക്കുന്നവരുമുണ്ട്. കാനഡയുടെ ടിവി (Canadian Broadcasting Corporation) poet superstar എന്നാണു രൂപിയെ വിശേഷിപ്പിച്ചത്‌.  കവിയായി അറിയപ്പെടാനോ കവിതാസമാഹാരം പ്രസിദ്ധീകരിക്കാനോ വേണ്ടി സോഷ്യല്‍മീഡിയയെ കൂട്ടുപിടിച്ചതല്ല രൂപി.  എന്നാല്‍ രൂപി കൌറിന്‍റെ വിജയസൂത്രവാക്യം പകര്‍ത്താന്‍ ശ്രമിക്കുന്നവരെ ഇന്ന് മറ്റു ഭാഷകളിലുംകാണാം.  രൂപി ഇപ്പോഴൊരു നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.  ആയിരക്കണക്കിനാളുകള്‍ അത് പുറത്തുവരാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു!     

  

3 comments:

© Mubi said...

ചില വരികളിൽ മനസ്സുടക്കി നിന്നിട്ടുണ്ട്... രൂപിയെ വിശദമായി പരിചയപ്പെടുത്തിയിരിക്കുന്നു ചേച്ചി. Waiting for Rupi Kaur's novel :)

Muralee Mukundan , ബിലാത്തിപട്ടണം said...

രൂപിയെ വളരെ വിശദമായി
പരിചയപ്പെടുത്തിയിരിക്കുന്നു ..

MatteBlk, Catalyst4Christ said...

Beautifull!!!
'Never make someone a priorty... '
Brilliant!!!
Jesus, why dijoo let all those
bright Indians be half-a-world
away ????????

Hypocrisy vs Action ക മ ല  ഹാരിസ്   പുതിയൊരു   കളത്തിൽ   കാലുകുത്തിയതിൽ   കലവറയില്ലാതെ   അഭിമാനം   കൊള്ളുന്നുണ്ട്   നമ്മൾ   ഇന്ത്യാക്കാരും ,...