Sunday, May 06, 2007

പാചകത്തിലെ വിമര്‍ശന പാഠം!

കല്‍ത്തപ്പം
(ഡാലിയുടെ ഓര്‍ക്കൂട്ടു പേജില്‍ നിന്നും സ്നേഹത്തോടെ അടിച്ചുമാറ്റിയത്)

ഡാലിയെന്ന മിടുക്കത്തി ഇഞ്ചിയെന്ന ബൂലോക പാചകറാണിക്കു കൊടുത്ത കല്‍ത്തപ്പത്തിന്റെ പാചകക്കുറിപ്പു കണ്ടത് ഉച്ചതിരിഞ്ഞ് വിശന്നിരിക്കുന്ന സമയത്താണ്.

അരി, ഉഴുന്ന്, തേങ്ങ, ഉള്ളി, ജീരകം, മഞ്ഞള്‍, കറിവേപ്പില .... വായിച്ചപ്പോള്‍ തന്നെ കൊതിയായി. പോരെങ്കില്‍ എല്ലാം അടുപ്പിന്റെ അടുത്തു നിന്നാല്‍ കൈയെത്തുന്ന ദൂരത്തുള്ള സാധനങ്ങള്‍. അതുകൊണ്ട് ജോലികഴിഞ്ഞു വന്ന ഉടന്‍ തന്നെ കല്‍ത്തപ്പമെന്ന കണ്ടിട്ടും കഴിച്ചിട്ടുമില്ലാത്ത സാധനം തയ്യാറാക്കി.

"കൊള്ളാം, പക്ഷെ, ഇനി ഇതു വേണ്ടാട്ടോ"
എന്നൊരു പ്രോത്സാഹനം ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിച്ചിരുന്നപ്പോള്‍ കേട്ടത്
"ഇതെന്തു സാധനമാണ്, നല്ല രുചിയുണ്ട്." എന്നാണ്.
"ഒരു തൃശൂരുകാരിയുടെ റസിപ്പിയാണ്. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും!"
എന്നു പറഞ്ഞ് തൃശൂരുകാരനെ സന്തോഷിപ്പിച്ചു.

കഴിക്കാന്‍ വിളിക്കുമ്പോഴേ ഉണ്ണിക്കും കുഞ്ഞുണ്ണിക്കും അറിയണം എന്താണു സ്നാക്കെന്ന്. അപ്പം എന്ന് ഉറക്കെ പറഞ്ഞു പണി തീര്‍ത്തു. അപ്പമെന്ന പേരിലറിയപ്പെടുന്ന വെള്ളയപ്പം അല്ലെങ്കില്‍ ലേസു വെള്ളേപ്പം പ്രതീക്ഷിച്ചുവന്ന ഉണ്ണി മഞ്ഞ നിറമുള്ള ഈ അവതാരത്തെ നോക്കി ചോദിച്ചു:

"Did you put മോരു in the അപ്പം? "
ഉണ്ണിക്ക് ഇഷ്ടമില്ലാത്ത ഒഴിച്ചുകറിയാണ് yellow മോരു എന്നു വിളിക്കപ്പെടുന്ന മോരുകറി.
"മോരൊന്നും ഒഴിച്ചിട്ടില്ല. ഇതു സാധാരണ ഉണ്ടാക്കുന്ന അപ്പമല്ല, പുതിയ തരം അപ്പമാണ് - കല്ത്തപ്പം . കല്‍ - ത്തപ്പം."
കുഞ്ഞുണ്ണി നെടുവീര്‍പ്പോടെ പറഞ്ഞു.
"അമ്മ, your അപ്പം is bad enough, why add കല്ല് to it?"


പക്ഷെ തൃശൂരുകാരന്‍ അടുത്ത രണ്ടു ദിവസം ലഞ്ചു കഴിച്ചത് കല്‍ത്തപ്പമാണ്. അതു കൊണ്ട് അതിനടുത്ത ശനിയാഴ്ച വേള്‍ഡുകപ്പു കാണാന്‍ വന്ന കൂട്ടര്‍ക്ക് കല്‍ത്തപ്പത്തിന്റെ മാവ് പുഴുങ്ങിയുണ്ടാക്കുന്ന ഇണ്ഡ്രിയപ്പം കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

അതു കഴിച്ച കശ്മലന്മാരുടെ കമന്റ് കുഞ്ഞുണ്ണിയുടേതിനേക്കാള്‍ കഠിനമായിരുന്നു:

“അയ്യേ, ഇതു രണ്ടാഴ്ച മുന്‍പുണ്ടാക്കിയ പെസഹാ അപ്പം ഇരുന്നു മഞ്ഞച്ചു പോയതാണൊ?”
പെസഹ അപ്പത്തിനും ഇതേ രുചിയാണത്രേ. പക്ഷേ മഞ്ഞള്‍ ചേര്‍ക്കില്ല.
‘അല്ലല്ല, ഇതു പരിപ്പു കറി ബെയിക്കു ചെയ്തതാണ് . ദേ കറിവേപ്പില കടിക്കുന്നുണ്ട്’.”

ഒരു ദോശപ്പോസ്റ്റില്‍ 32 കമന്റുകള്‍ ഇട്ടതിന് ഇതിലും വലിയ ശിക്ഷ എന്തുകിട്ടാനാണ്!! അതോ ഓര്‍ക്കുട്ടു പേജില്‍ നിന്നും പകര്‍പ്പവകാശം ഇല്ലാതെ പാചക വിധി പകര്‍ത്തിയതിനൊ?


പുഴയില്‍ വന്ന രണ്ടു രചനകളിലേക്കുള്ള വഴികള്‍.
ഭൂമിയില്‍ മഴവില്ലു വിരിയുമ്പോള്‍ - ഇവിടെ ഇങ്ങനെയൊക്കെ
ഒരു പ്രതിയും കുറെ അന്യായക്കാരും - കഥ

13 comments:

ഭദ്രൊലോക് said...

Hello,

Ormayundo ee mukham. I am waiting for your entry in the Boolokam when I read and created by blog.

Finally, you entered with a blast. Welcome.

Reading Puzha articles regularly. Sorry for not commenting.

Convey our regards to Achayan and Makkals.

Waiting more in Puzha and Blog.

Rgds,

Unknown said...

ഹെന്റെ നിര്‍മ്മലേടത്തേയ്, വല്ലവരുടേം സ്ക്രാപ്പില്‍ ഒളിഞ്ഞ് നോക്കിയതും പോരാ അടിച്ചും മാറ്റി. ( പിന്നെ സ്ക്രാപ്പ് എന്നതിനാടീ എന്ന് ചോദിക്കണത് ഞാന്‍ കേട്ടില്ല.::)) എന്നാലും ആ കല്‍ത്തപ്പ കുട്ടിയ്ക്ക് ബൂലോകം കാണാനും ഭാഗ്യം ഉണ്ടായലോ.
ദേ ലിങ്ക് ഒന്ന് നോക്കിക്കേ. അവിടെ ഇഞ്ചി ചോദിച്ചതോണ്ടാ ആ റെസിപ്പി ഓര്‍ക്കുട്ടിലിട്ടെ.(ബ്ലോഗിലിടാന്‍ മാത്രം ഗുമ്മുള്ളവനാന്ന് തോന്നിയില്ല) അവിടെ അപ്പോഴെ പറഞ്ഞതാ ഇത് മഞ്ഞള്‍ ഇടാതിരുന്നാല്‍ പെസഹാ അപ്പം ആവൂന്ന്. മുന്നും പിന്നും നോക്കതെ എടുത്ത് ചാടിയതുകൊണ്ടല്ലേ ഇത്തരം കമന്റ് കേള്‍‍ക്കേണ്ട് വന്നത്. അനുഭവി. ആ ഉണ്ണിടെ കമന്റ് എനിക്കങ്ങട് ഇഷ്ടപ്പെട്ടു. അവനൊരു ഉമ്മ.

എന്നാലും 2 ദിവസം ആ കല്‍ത്തപ്പം തിന്ന തൃശ്ശൂര്‍ക്കാരനെ തൊഴുതു. ഇവിടെ അത് തിന്ന കൊല്ലംകാരന്‍ മേലില്‍ ഇതിവിടെ ഉണ്ടാക്യാലുണ്ടല്ലോ എന്ന ഭീഷിണിയില്‍ വരെ എത്തി.

Pramod.KM said...

അക്ഷരം ഇത്തിരി വലിപ്പം കൂട്ടിയിരുനെങ്കില്‍ ഇത് മുഴുവന്‍ വായികാമായിരുന്നു ചേച്ചി.;)

ഉണ്ണിക്കുട്ടന്‍ said...

"അമ്മേ ഈ അപ്പത്തില്‍ മോരൊഴിച്ചോ.. ഈ അപ്പം കൊള്ളൂലാ അമ്മേ" എന്നൊക്കെ ഉണ്ണി പറഞ്ഞിരുന്നെങ്കില്‍ എന്നു കൊതിച്ചു പോയി. മക്കളെ മലയാളം പഠിപ്പിച്ചില്ലേ..

ഉണ്ണിക്കുട്ടന്‍ said...

ബ്രൌസറില്‍ ഫോണ്ട് സൈസ് കൂട്ടാനിതു വരെ പഠിച്ചില്ലേ പ്രമോദേ

ജിസോ ജോസ്‌ said...

വടക്കേ മലബാറില്‍ കലത്തപ്പം എന്നു പറയുന്ന ഒന്നുണ്ട്... മധുരമാണു..നല്ല രുചിയാണു തിന്നാന്‍..

ശാലിനി said...

പുഴയിലെ രചനകള്‍ വായിച്ചു, എന്നത്തേയും പൊലെ നന്നായി. മാസത്തിലൊരിക്കലേ എഴുതൂ എന്നറിയാമെങ്കിലും ഇടയ്ക്കിടയ്ക്ക് “ഇവിടെ ഇങ്ങനെയൊക്കെ“ പോയി നോക്കും. അത്രയ്ക്ക് ഇഷ്ടമാണേ അത്. കഥയും ഏറെ ഇഷ്ടമായി, ഐ ടി രംഗത്തല്ലെങ്കിലും ആ കഥയിലെവിടെയൊക്കെയോ എന്നേയും കണ്ടു.

പിന്നെ, കല്‍ത്തപ്പം മധുരമുള്ള അപ്പമല്ലേ? ഉണ്ണികളുടെ കമന്റുകള്‍ കൊള്ളാം

നിര്‍മ്മല said...

ആനന്ദഭൈരവി പാടി ഭദ്രോലോക് ഇവിടെ എത്ത്യോ? വന്നതിനു നന്ദി, ബ്ലോഗിലേക്കു സ്വാഗതം!

ശരിയാണു ഡാലീ, ബ്ലോഗുവായന മുറക്കു നടത്താറില്ല. ഹി..ഹി.. ഉണ്ണിക്കമന്റുകള്‍ തിന്നണേനു മുന്‍പു വന്നതാണ് കേട്ടോ.

പ്രമോദിനു വെള്ളെഴുത്തു തുടങ്ങിയോ ;)

ഉണ്ണിക്കുട്ടാ, പല യുദ്ധങ്ങള്‍ കഴിഞ്ഞ് ഇപ്പോ കീഴടങ്ങിയിരിക്കുകയാണ്. ഈ പ്രിയംവദ പോസ്റ്റുപോലെ. ഉണ്ണികളിപ്പോള്‍ തന്നിലേക്കൊതുങ്ങുന്ന കൌമാരത്തിലെത്തി നില്‍ക്കുന്നു. ഇംഗ്ലീഷല്ല ഫ്രഞ്ചായാലും വേണ്ടില്ല, ഉള്ളിലുള്ളത് തുറന്നു പറഞ്ഞോട്ടേ എന്നു കരുതി മലയാളം ഞെക്കി ചാടിക്കാറില്ല.

തക്കുടു, ഇവിടുത്തെ കണ്ണൂരുകാരി ദീപയും പറയുന്നത് കല്‍ത്തപ്പം മധുരമുള്ളതെന്നാണ്. എനിക്കു മധുരം വലിയ ഇഷ്ടമില്ല. ഉഴുന്ന്, തേങ്ങ, ഉള്ളി, ജീരകം കോമ്പിനേഷന്‍ കേട്ടാല്‍ തലയും കുത്തി വീഴും :)

ശാലിനി, ഇതൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടോന്ന് എഴുതുമ്പോള്‍ സംശയിക്കാറുണ്ട്. നന്ദി /\
ഏതു മേഖലയിലാണെങ്കിലും ജോലിയിലുള്ളവരെ വീട്ടിലേക്കും വീട്ടിലുള്ളവരെ ജോലിയിലേക്കും കൊണ്ടുപോകുന്നത് പെണ്ണുങ്ങള്‍ക്കുള്ള ദൌര്‍ബ്ബല്യമാണെന്നു തോന്നുന്നു. പുരുഷന്മാരക്ക് പൊതുവെ എല്ലാവരേയും ‘നിര്‍ത്തേണ്ടിടത്തു നിര്‍ത്താന്‍‘ അറിയാം :)

Sapna Anu B.George said...

നിര്‍മ്മലക്കുട്ടീ .... പെസഹാനാളില്‍ ഞാനീ കല്‍ത്തപ്പം പ്രയോഗിക്കും, തീര്‍ച്ച.

ഭദ്രൊലോക് said...

ചേച്ചീ, നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കിയിലെ ഒരു കഥ ശ്യാമപ്രസാദ്‌ ടെലി ഫിലിം ആക്കുന്നു എന്ന് പറഞ്ഞിരുന്നു. എന്തായി?

നമ്പീശന്‍ സാര്‍ കേരള സാഹിത്യ അക്കാദമിക്കു വേണ്ടി എഴുതിയ ഒരു ലേഖനം മെയില്‍ ആയി അയക്കുന്നു. വായിച്ചിട്ട്‌ അഭിപ്രായം കാച്ചുക. അതിന്റെ അവസാനം ഒരു കൊച്ച്‌ നന്ദിയില്‍ അടിയന്റെ നാമവും ഉണ്ട്‌.

ശരണ്യ said...

"കൊള്ളാം, പക്ഷെ, ഇനി ഇതു വേണ്ടാട്ടോ"

നിര്‍മ്മല said...

സപ്ന, 'at your own risk' എന്നേ എനിക്കു പറയാനുള്ളൂ :)
ഭദ്ര,അതെങ്ങുമെത്തിയിട്ടില്ല. മെയില്‍ കിട്ടി,മറുപടി അയക്കാം.
ശരണ്യക്കുട്ടീടെ സത്യസന്ധതക്കു മുന്നില്‍ നമിക്കുന്നു /\ :)

Able said...

കൊള്ളാം നന്നായിട്ടുണ്ട്‌ ഇതുപോലത്തെ നുറുങ്ങുകള്‍, ചായക്ക്‌ കൂടെ കഴിക്കുന്ന രുചികരമായ "കടി" പോലെ യാണ്‌
ആസ്വാദ്യത കൂടും, ഇനിയും പോരട്ടെ..പോരാട്ടങ്ങനെ പോരട്ടെ..