Monday, April 03, 2023

  മലയാളത്തിലെ ഇംഗ്ലീഷ്



ഈ ആഴ്‌ചത്തെ കെ.സി. നാരായണൻ സാറിൻറെ   അക്ഷരംപ്രതി   മലയാളത്തിൽ പെരുകുന്ന ഇംഗ്ലീഷ് പദപ്രയോഗങ്ങളെപ്പറ്റിയാണ്.   (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ഏപ്രിൽ  02-08)

കുറേക്കാലമായി എന്നെ ചൊറിയുന്നതാണ് മലയാള സാഹിത്യത്തിലെ  ഇംഗ്ലീഷിൻറെ അതിക്രമം.   പലപ്പോഴും സമാനാര്‍ത്ഥ പദങ്ങൾ ഉണ്ടായിട്ടും കഥകളിലും, കവിതയിലുംലേഖനങ്ങളിലും എന്നല്ല തലക്കെട്ടു തന്നെ ഇംഗ്ലീഷ് മലയാളത്തിൽ എഴുതുന്നത് സാധാരണമായിട്ടുണ്ട്.    ഇത് ഇംഗ്ലീഷിൻറെ കടന്നു കയറ്റത്തെ കാണിക്കാനോ പ്രത്യേകമായ ഒരു സന്ദേശം  കൊടുക്കാൻ വേണ്ടിയിട്ടുമല്ല.   മറിച്ചു  മലയാളത്തിലെ ഈ കാലത്തെ എഴുത്തിൻറെ  പുതിയരീതിയായി അത് സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  

ഏകദേശം പത്തു വര്ഷം മുമ്പ്‌ വരെ അമേരിക്കയിൽ നിന്നുമുള്ള സാഹിത്യത്തിൽ കടന്നു കൂടുന്ന ഇംഗ്ലീഷ് പദങ്ങളെപ്പറ്റിയുള്ള പരാതികൾ ധാരാളമായി കേട്ടിരുന്നു.    ഗാർബേജ്,  പാർക്കിങ് തുടങ്ങിയ ഞങ്ങളുടെ ജീവിതത്തിലെ നിരവധി സാധാരണ വാക്കുകൾക്ക് തത്തുല്യമായ മലയാളം വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.   അതുകൊണ്ടു തന്നെ 2017-ലെ കേരള ലിറ്റററി ഫെസ്റ്റിവെല്ലിൽ  കെ.സി. നാരായണൻ സാർ മലയാളത്തിൽ പുതിയ വാക്കുകൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചത് ആവേശത്തോടെയാണ് ഞാൻ കേട്ടിരുന്നത്.   അദ്ദേഹം തമിഴിൽ നിന്നുമുള്ള ഞെക്കി (സ്വിച്ച്), ഒലിപെരുക്കി (ലൗഡ് സ്പീക്കർ)  തുടങ്ങിയ ലളിതമായ പുതിയ  വാക്കുകളെ ഉദാഹരണമായി പറഞ്ഞു.    പുതിയ വാക്കുകൾ രൂപപ്പെടുത്തുമ്പോൾ അത്  സമ്പൂർണ്ണ  നിർവ്വചനമാകണമെന്നില്ല എന്ന കാര്യം മറന്നു പലരും പരിഹാസ്യമായ വിവരണങ്ങളുമായി വരാറുണ്ട്. 

മലയാളത്തിനും ഇംഗ്ലീഷിനും ഇടയിൽ കുടുങ്ങി രണ്ടിലും സ്ഥിരമായി തെറ്റുകൾ വരുത്തുന്ന എനിക്ക് അക്ഷരംപ്രതി ഇഷ്ടമുള്ള പംക്തിയാണ്.   ധാര്ഷ്ട്യം തീരെയുമില്ലാത്ത ഭാഷയാണ്   കെ.സി.എൻ.ൻ്റെത് ഒറ്റവായനയിൽ തന്നെ അടിമുടി മനസ്സിലാവും.    ഈ ആഴ്ച്ചത്തെ അക്ഷരംപ്രതി  പംക്തിയിൽ, കെ.  ജയകുമാർ സാർ മലയാളം സിനിമ ഇപ്പോൾ മുപ്പതു ശതമാനവും ഇംഗ്ലീഷിലാണ് വൈകാതെ അത് അമ്പതു ശതമാനമായി മാറാനാണ് സാധ്യത എന്നു പറഞ്ഞതും സക്കറിയ സാർ ചങ്ങാടം എന്ന വാക്കുപോയി പകരം വന്നിരിക്കുന്ന 'ജംഘാർ'   ഘോരം തന്നെ എന്ന് വിശേഷിപ്പിക്കുന്നതും പറയുന്നുണ്ട്.   

എല്ലായിപ്പോഴും എല്ലവാക്കുകളും മലയാളത്തിൽ എഴുതാൻ പറ്റിയില്ലെങ്കിൽ തന്നെ കഴിയുന്നത്ര വാക്കുകൾക്ക് മലയാളം ഉണ്ടാകുന്നത് (ഉണ്ടാക്കുന്നത്) ആവശ്യമാണ്.  എഴുത്തുകാരും ഭാഷാപണ്ഡിതരും  സര്‍വകലാശാലകളും കൂടിച്ചേർന്ന് പുതിയ ലളിത പദങ്ങൾ ഭാഷക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.    2019-ൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക 'ഭാഷക്കൊരു വാക്ക്'  എന്ന പേരിൽ മലയാളത്തിലേക്ക് പുതിയ വാക്കുകൾ  കണ്ടുപിടിക്കുന്നതിന് ഒരു ശ്രമം നടത്തിയിരുന്നു.  ഇംഗ്ലീഷിൽ എല്ലാവർഷവും പുതിയ വാക്കുകൾ രൂപപ്പെടുന്നുണ്ട്.  അവ ഡിക്ഷനറിയിൽ ചേർക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.   സാഹിത്യ അക്കാദമിക്ക് പുതിയ വാക്കുകളെ അംഗീകരിക്കുകയും  അവയെ നിഘണ്ടുവിൽ ചേർക്കുകയും ചെയ്യാം. നമ്മുടെ മാധ്യമങ്ങൾ പുതിയ വാക്കുകൾ ഉപയോഗിക്കുമ്പോൾ അവ  സാധാരണമാവുകയും ചെയ്യും.

ഈ വിഷയം മുന്നിലേക്ക് കൊണ്ടുവന്നതിനും, ഈ പംക്തിക്കും കെ.സി. നാരായണൻ സാറിനും മാതൃഭൂമിക്കും നന്ദി.  

 

പിന്‍കുറിപ്പ്

കാനഡ പശ്ചാത്തലമാക്കി എഴുതിയ മഞ്ഞിൽ ഒരുവൾ എന്ന നോവലിൽ, ഇംഗീഷ് തലക്കെട്ടിനുള്ളിലെ മലയാളി ജീവിതം എന്നമട്ടില്‍ അദ്ധ്യായങ്ങളുടെ തലക്കെട്ടുകള്‍ ഇംഗ്ലീഷിലാണ് കുറെയേറെ സംഭാഷണങ്ങളും ചില പ്രത്യേക വാചകങ്ങളും പൂർണമായും ഇംഗ്ലീഷിലാണ്ചിലതെല്ലാം മംഗ്ലീഷിലും - അതാണ് അമേരിക്കയിലെ മലയാളിയുടെ യഥാര്‍ത്ഥമായ ഭാഷ/സംസാര ശൈലി.    തൃശൂർ ഭാഷയോതിരുവനന്തപുരം ഭാഷയോ പോലെ.   ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും നിരന്തരം തത്സമയ തർജ്ജമ ചെയ്തുകൊണ്ടിരിക്കുന്ന തലച്ചോറിൻറെ വികൃതി  കാണിക്കാനായിട്ടു കൂടിയാണ് സംഭാഷണങ്ങൾ അല്ലാത്തിടത്ത് ഇംഗ്ലീഷ് വന്നത്.   എന്നാലും പുതിയ ചില മലയാളം വാക്കുകൾ  ഇതിൽ സൃഷ്ടിച്ചു ചേർത്തിട്ടുണ്ട്.   കാറിടം (parking lot),  നീണ്ടലമാര (chest of drawers), കൂട്ടയൂണ്‌ (dinner party),   ഊണുപെട്ടി (fridge), ഉടുപ്പലമാര (dresser),  ഭിത്തിയലമാര (closet), ചായമേശകുട്ടിമേശമൂലമേശ  

മലയാളത്തിനും ഇംഗ്ലീഷിനും ഇടയിൽ കുടുങ്ങി രണ്ടിലും സ്ഥിരമായി തെറ്റുകൾ വരുത്തുന്ന ഞാൻ, പതിവുപോലെ എന്തെഴുതിക്കഴിയുമ്പോഴും ഉള്ള ആ സന്ദേഹംഇതിൽ എത്ര തെറ്റുകൾ ഉണ്ടാവുംപേരച്ചം... വിനയച്ചം...? എന്ന  പേടിയോടെ തന്നെ ഇതിവിടെ  ഇടുന്നു.  

No comments: