Monday, April 03, 2023

  മലയാളത്തിലെ ഇംഗ്ലീഷ്ഈ ആഴ്‌ചത്തെ കെ.സി. നാരായണൻ സാറിൻറെ   അക്ഷരംപ്രതി   മലയാളത്തിൽ പെരുകുന്ന ഇംഗ്ലീഷ് പദപ്രയോഗങ്ങളെപ്പറ്റിയാണ്.   (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ഏപ്രിൽ  02-08)

കുറേക്കാലമായി എന്നെ ചൊറിയുന്നതാണ് മലയാള സാഹിത്യത്തിലെ  ഇംഗ്ലീഷിൻറെ അതിക്രമം.   പലപ്പോഴും സമാനാര്‍ത്ഥ പദങ്ങൾ ഉണ്ടായിട്ടും കഥകളിലും, കവിതയിലുംലേഖനങ്ങളിലും എന്നല്ല തലക്കെട്ടു തന്നെ ഇംഗ്ലീഷ് മലയാളത്തിൽ എഴുതുന്നത് സാധാരണമായിട്ടുണ്ട്.    ഇത് ഇംഗ്ലീഷിൻറെ കടന്നു കയറ്റത്തെ കാണിക്കാനോ പ്രത്യേകമായ ഒരു സന്ദേശം  കൊടുക്കാൻ വേണ്ടിയിട്ടുമല്ല.   മറിച്ചു  മലയാളത്തിലെ ഈ കാലത്തെ എഴുത്തിൻറെ  പുതിയരീതിയായി അത് സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  

ഏകദേശം പത്തു വര്ഷം മുമ്പ്‌ വരെ അമേരിക്കയിൽ നിന്നുമുള്ള സാഹിത്യത്തിൽ കടന്നു കൂടുന്ന ഇംഗ്ലീഷ് പദങ്ങളെപ്പറ്റിയുള്ള പരാതികൾ ധാരാളമായി കേട്ടിരുന്നു.    ഗാർബേജ്,  പാർക്കിങ് തുടങ്ങിയ ഞങ്ങളുടെ ജീവിതത്തിലെ നിരവധി സാധാരണ വാക്കുകൾക്ക് തത്തുല്യമായ മലയാളം വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.   അതുകൊണ്ടു തന്നെ 2017-ലെ കേരള ലിറ്റററി ഫെസ്റ്റിവെല്ലിൽ  കെ.സി. നാരായണൻ സാർ മലയാളത്തിൽ പുതിയ വാക്കുകൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചത് ആവേശത്തോടെയാണ് ഞാൻ കേട്ടിരുന്നത്.   അദ്ദേഹം തമിഴിൽ നിന്നുമുള്ള ഞെക്കി (സ്വിച്ച്), ഒലിപെരുക്കി (ലൗഡ് സ്പീക്കർ)  തുടങ്ങിയ ലളിതമായ പുതിയ  വാക്കുകളെ ഉദാഹരണമായി പറഞ്ഞു.    പുതിയ വാക്കുകൾ രൂപപ്പെടുത്തുമ്പോൾ അത്  സമ്പൂർണ്ണ  നിർവ്വചനമാകണമെന്നില്ല എന്ന കാര്യം മറന്നു പലരും പരിഹാസ്യമായ വിവരണങ്ങളുമായി വരാറുണ്ട്. 

മലയാളത്തിനും ഇംഗ്ലീഷിനും ഇടയിൽ കുടുങ്ങി രണ്ടിലും സ്ഥിരമായി തെറ്റുകൾ വരുത്തുന്ന എനിക്ക് അക്ഷരംപ്രതി ഇഷ്ടമുള്ള പംക്തിയാണ്.   ധാര്ഷ്ട്യം തീരെയുമില്ലാത്ത ഭാഷയാണ്   കെ.സി.എൻ.ൻ്റെത് ഒറ്റവായനയിൽ തന്നെ അടിമുടി മനസ്സിലാവും.    ഈ ആഴ്ച്ചത്തെ അക്ഷരംപ്രതി  പംക്തിയിൽ, കെ.  ജയകുമാർ സാർ മലയാളം സിനിമ ഇപ്പോൾ മുപ്പതു ശതമാനവും ഇംഗ്ലീഷിലാണ് വൈകാതെ അത് അമ്പതു ശതമാനമായി മാറാനാണ് സാധ്യത എന്നു പറഞ്ഞതും സക്കറിയ സാർ ചങ്ങാടം എന്ന വാക്കുപോയി പകരം വന്നിരിക്കുന്ന 'ജംഘാർ'   ഘോരം തന്നെ എന്ന് വിശേഷിപ്പിക്കുന്നതും പറയുന്നുണ്ട്.   

എല്ലായിപ്പോഴും എല്ലവാക്കുകളും മലയാളത്തിൽ എഴുതാൻ പറ്റിയില്ലെങ്കിൽ തന്നെ കഴിയുന്നത്ര വാക്കുകൾക്ക് മലയാളം ഉണ്ടാകുന്നത് (ഉണ്ടാക്കുന്നത്) ആവശ്യമാണ്.  എഴുത്തുകാരും ഭാഷാപണ്ഡിതരും  സര്‍വകലാശാലകളും കൂടിച്ചേർന്ന് പുതിയ ലളിത പദങ്ങൾ ഭാഷക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.    2019-ൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക 'ഭാഷക്കൊരു വാക്ക്'  എന്ന പേരിൽ മലയാളത്തിലേക്ക് പുതിയ വാക്കുകൾ  കണ്ടുപിടിക്കുന്നതിന് ഒരു ശ്രമം നടത്തിയിരുന്നു.  ഇംഗ്ലീഷിൽ എല്ലാവർഷവും പുതിയ വാക്കുകൾ രൂപപ്പെടുന്നുണ്ട്.  അവ ഡിക്ഷനറിയിൽ ചേർക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.   സാഹിത്യ അക്കാദമിക്ക് പുതിയ വാക്കുകളെ അംഗീകരിക്കുകയും  അവയെ നിഘണ്ടുവിൽ ചേർക്കുകയും ചെയ്യാം. നമ്മുടെ മാധ്യമങ്ങൾ പുതിയ വാക്കുകൾ ഉപയോഗിക്കുമ്പോൾ അവ  സാധാരണമാവുകയും ചെയ്യും.

ഈ വിഷയം മുന്നിലേക്ക് കൊണ്ടുവന്നതിനും, ഈ പംക്തിക്കും കെ.സി. നാരായണൻ സാറിനും മാതൃഭൂമിക്കും നന്ദി.  

 

പിന്‍കുറിപ്പ്

കാനഡ പശ്ചാത്തലമാക്കി എഴുതിയ മഞ്ഞിൽ ഒരുവൾ എന്ന നോവലിൽ, ഇംഗീഷ് തലക്കെട്ടിനുള്ളിലെ മലയാളി ജീവിതം എന്നമട്ടില്‍ അദ്ധ്യായങ്ങളുടെ തലക്കെട്ടുകള്‍ ഇംഗ്ലീഷിലാണ് കുറെയേറെ സംഭാഷണങ്ങളും ചില പ്രത്യേക വാചകങ്ങളും പൂർണമായും ഇംഗ്ലീഷിലാണ്ചിലതെല്ലാം മംഗ്ലീഷിലും - അതാണ് അമേരിക്കയിലെ മലയാളിയുടെ യഥാര്‍ത്ഥമായ ഭാഷ/സംസാര ശൈലി.    തൃശൂർ ഭാഷയോതിരുവനന്തപുരം ഭാഷയോ പോലെ.   ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും നിരന്തരം തത്സമയ തർജ്ജമ ചെയ്തുകൊണ്ടിരിക്കുന്ന തലച്ചോറിൻറെ വികൃതി  കാണിക്കാനായിട്ടു കൂടിയാണ് സംഭാഷണങ്ങൾ അല്ലാത്തിടത്ത് ഇംഗ്ലീഷ് വന്നത്.   എന്നാലും പുതിയ ചില മലയാളം വാക്കുകൾ  ഇതിൽ സൃഷ്ടിച്ചു ചേർത്തിട്ടുണ്ട്.   കാറിടം (parking lot),  നീണ്ടലമാര (chest of drawers), കൂട്ടയൂണ്‌ (dinner party),   ഊണുപെട്ടി (fridge), ഉടുപ്പലമാര (dresser),  ഭിത്തിയലമാര (closet), ചായമേശകുട്ടിമേശമൂലമേശ  

മലയാളത്തിനും ഇംഗ്ലീഷിനും ഇടയിൽ കുടുങ്ങി രണ്ടിലും സ്ഥിരമായി തെറ്റുകൾ വരുത്തുന്ന ഞാൻ, പതിവുപോലെ എന്തെഴുതിക്കഴിയുമ്പോഴും ഉള്ള ആ സന്ദേഹംഇതിൽ എത്ര തെറ്റുകൾ ഉണ്ടാവുംപേരച്ചം... വിനയച്ചം...? എന്ന  പേടിയോടെ തന്നെ ഇതിവിടെ  ഇടുന്നു.  

Sunday, January 22, 2023

അമേരിക്കാപ്പറമ്പ്

 

അതികാലത്തെ വീട്ടിൽ നിന്നു പുറപ്പെടാൻ ഒരുങ്ങുമ്പോൾ  സുധീഷിൻ്റെ ഭാര്യ അയാളെ  പിന്നെയും  ഓർമിപ്പിച്ചു. 

“യദുവിൻ്റെ കാര്യം അവരോടൊന്ന് പറയണം.”

“ങാ നോക്കട്ടെ.”

“നോക്കിയാൽ പോരാ. രണ്ടുമൂന്നാഴ്ചയായി അവർക്കു വേണ്ടി ഓടി നടക്കുന്നതല്ലേ.  നമ്മുടെ കുട്ടീടെ കാര്യം പറയുന്നതിൽ തെറ്റൊന്നും ഇല്ല. “

സുധീഷ് ഉത്തരം പറയാതിരുന്നപ്പോൾ അവർ പിന്നെയും പറഞ്ഞു.  

 “അവൻ്റെ കൂടെ പഠിച്ചോർക്ക് അവിടെച്ചെന്ന് ജോലി ആയി.”  

“ഓ... ചായ അടിക്കുന്ന ജോലിയല്ലേ!”

അയാൾ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു.

“ഇവിടുത്തെ ചായക്കടപോലെയൊന്നുമല്ല.   സുധിയേട്ടൻ കണ്ടതല്ലേ ആ കുട്ടികളുടെ  ഫോട്ടോകള്.  അവർക്ക് ഇത് നിസ്സാര കാര്യമാണ്. ” 

കൂടുതൽ തർക്കിക്കാൻ നിൽക്കാതെ സുധീഷ് സ്കൂട്ടറിൽ കയറിയിരുന്നുകൊണ്ടു ഫോൺ വിളിച്ചു.

“ദേ ഞാൻ എറങ്ങാണ്. വാനും നീയും റെഡിയല്ലേ?”

കിട്ടിയ മറുപടിയിൽ തൃപ്തനായി അയാൾ  റോഡിലേക്കിറങ്ങി.      

പട്ടണത്തിൽ വീടുകൾ ശ്വാസംമുട്ടി നിൽക്കുന്നയിടത്തേക്ക് പതിനാല് സീറ്റുള്ള വാൻ തിരിക്കുമ്പോൾ ഡ്രൈവർ ചോദിച്ചു.

“ഇവിടെ നിന്നും തിരിച്ചിറങ്ങുന്നത് പണിയാവോ സുധിയേട്ടാ?”  

“ഏയ് ഇവിടെ എപ്പഴും വലിയ വണ്ടികൾ വന്നു പോകുന്നതല്ലേ.” 

ഗേറ്റ് തുറന്ന് വണ്ടി വീടിൻ്റെ മുന്നിലേക്ക്  കയറ്റിയിട്ടതും കുട്ടികൾ രണ്ടുപേർ മുറ്റത്തേക്കിറങ്ങിവന്നു.   

“അയ്യോ, ഈ വാൻ ഞങ്ങളുടെ ഹോപ്പ്‌സ്‌കോച്ച് ലൈൻസ് എല്ലാം മാച്ചു കളയും!”  

സിമന്റു തറയിൽ കളർചോക്കുകൊണ്ടു വരച്ചിരുന്ന  കളങ്ങൾ  ചൂണ്ടി  മുടി അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടു കുറിഞ്ഞി സുധീഷിനോടു പരാതി പറഞ്ഞു.    

“ഇനീപ്പോ എന്തു ചെയ്യും കുറിഞ്ഞി മോളെ!! ചോക്ക് ഇനിയുമുണ്ടോ, പോയി  വന്നു കഴിയുമ്പോ  മാച്ചിട്ടു പുതിയത് വരച്ചാലോ?”    

രാജിയുടെ ഇളയ മകളാണ് കുറിഞ്ഞി.  മുടി കുതിരവാലുപോലെ ഉയർത്തിക്കെട്ടി വെച്ചിരിക്കുന്ന കുറിഞ്ഞിക്ക്  ഒരു പാവക്കുട്ടിയുടെ ശേലുണ്ടെന്ന് സുധിഷിനു തോന്നും.   ചെറിയ കുട്ടികളിൽ മറ്റാരുടെയും പേരുകൾ അയാൾക്ക് കൃത്യമായി അറിയില്ലായിരുന്നു.   

രണ്ടാഴ്‌ച മുൻപ് അമ്മയുടെ മരണമറിഞ്ഞു വന്ന മൂന്നു മക്കളായിരുന്നു  കുടുംബ സമേതം ആ വീട്ടിലുണ്ടായിരുന്നത്.     മൂത്തയാൾ രമേശൻ, പിന്നെ രവി,  ഏറ്റുവും ഇളയത് രാജി.   അമ്മക്ക് അസുഖം കൂടുതലായപ്പോൾ മക്കളെ വിവരം അറിയിച്ചതും മരണാനന്തര കാര്യങ്ങൾ ക്രമപ്പെടുത്തിയതും  സുധീഷായിരുന്നു.  അവർക്കുവേണ്ടി നാലു കിടപ്പുമുറികളും അതിലധികം കുളിമുറികളുമുള്ള വീട്  കണ്ടുപിടിച്ചതും വിലാസിനിയെ സഹായിക്കാൻ ഏർപ്പാടാക്കിയതും അയാൾ തന്നെയാണ്.  ആ പട്ടണത്തിൽ ഒരു മാസത്തേക്കു പെട്ടെന്ന് വീട് വാടകക്ക് കിട്ടാൻ എളുപ്പമായിരുന്നില്ല. 

എല്ലാവരും തയ്യാറായി വാനിൽ കയറാൻ കുറച്ചു സമയമെടുത്തു.   അയ്യോ വൈപ്പ്സ് മറന്നു എന്ന് പറഞ്ഞു വാനിൽ നിന്നുമിറങ്ങി രാജി പിന്നെയും വീടിനകത്തേക്ക് കയറിപ്പോയി കുറച്ചു കഴഞ്ഞാണ് വന്നത്. 

“ക്ളീനക്സ് എടുത്തോ”

ആരോ ചോദിച്ചു.

“അതാ ആ പച്ച ബാഗിലുണ്ട്.”    

അവരുടെ സംസാരം കേട്ടു സുധീഷ്‌ ക്ഷമയോടെ ഇരുന്നു.    കഴിഞ്ഞ ആറുവര്ഷമായി  അവരോരുത്തരും അവധിക്കു വരുമ്പോൾ പട്ടണത്തിൽ  വാടകവീട് കണ്ടുപിടിച്ചു വെക്കുന്നതും, എയർപ്പോർട്ടിൽ പോയി  വന്നവരെയും അവരുടെ  പെട്ടികളും  അവിടെ എത്തിക്കുന്നതും,   കാറും ഡ്രൈവറെയും ഏർപ്പാടാക്കി കൊടുക്കുയും ചെയ്തിരുന്ന സുധീഷിന് അതൊക്കെ പരിചിതമായിരുന്നു. 

ബന്ധു വീടുകളിൽ പോകാനും രവി സുധീഷിനെ കൂട്ട് വിളിക്കാറുണ്ട്. 

“പ്ലസ് ടൂ കഴിഞ്ഞു അവധിക്കു മാത്രമേ ഞാൻ കേരളത്തിലേക്ക് വന്നിട്ടുള്ളൂ.  ഓരോ വര്ഷം വരുമ്പഴും വഴിയും നാടും മാറിക്കൊണ്ടിരിക്കും.    എനിക്ക് വഴി തെറ്റും. സുധിയേട്ടൻ ഒന്ന് കൂടെ വരണേ”

“അതിനെന്താ മോനെ.  ഞാൻ വരാലോ”  

സുധീഷിൻ്റെ വീടിനടുത്താണ് അവർ വളർന്ന വീട്. അവരടുത്തില്ലാതിരുന്ന കാലത്ത്  അമ്മയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് സുധീഷാണ്.  വിഹാരത്തിലേക്ക് പോകുന്നതുവരെ  അവരുടെ   അമ്മക്ക് ബന്ധുക്കളുടെ വീട്ടിലേക്കു കൂട്ട് പോകാറുണ്ടായിരുന്നത്  സുധീഷായിരുന്നു.   അമ്മക്ക് വേണ്ടി വിഹാരം കണ്ടുപിടിക്കാൻ സഹായിച്ചതും ആറു വര്ഷം മുൻപ് അമ്മയെ അങ്ങോട്ടു മാറ്റാൻ സഹായിച്ചതും സുധീഷു തന്നെയാണ്.   അതിനു ശേഷം അയാൾ ആഴ്ചയിലൊരിക്കൽ വിഹാരത്തിൽ  പോയി അവരുടെ അമ്മയെ കാണാറുണ്ടായിരുന്നു. 

സുധീഷ് ഇടക്കിടെ ജോലിക്കാരിക്ക് വീട് തുറന്നു കൊടുക്കും ,   വീട്  പൊടിയും ചിതലും കയറി നശിച്ചു പോകാതെ  അവർ   തൂത്തു തുടച്ചിടും.    ആ നേരത്ത് അയാൾ വീടിനു ചുറ്റുമുള്ള  കാടുകൾ വെട്ടിത്തെളിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യും.    ആ വീട്ടിലേക്കാണ്  അവരെല്ലാവരും കൂടി ഇപ്പോൾ പോകുന്നത്.  

ഡ്രൈവർ ഭയപ്പെട്ടത് പോലെ തന്നെ ഞെരുങ്ങിയ വഴിയിൽക്കൂടി വാൻ പുറത്തിറക്കുന്നത്  എളുപ്പമായിരുന്നില്ല.  അയാൾ അത് പലവിധത്തിൽ മുന്നിലേക്കും പിന്നിലേക്കും തിരിച്ചു നോക്കി.  വണ്ടി എവിടെയെങ്കിലും ഉരയാതെ പുറത്തിറക്കാൻ പറ്റില്ലെന്നായപ്പോൾ  വിലാസിനി അടുക്കളയിൽ നിന്നും പുറത്തിറങ്ങി വന്ന്  അടുത്ത പറമ്പിൻ്റെ ഗേറ്റു തുറന്നു കൊടുത്തു.   വാൻ ആൾത്താമസമില്ലാത്ത ആ പറമ്പിലേക്ക് പിന്നോക്കം കയറ്റിയിട്ട് അനായാസമായി വഴിയിലേക്ക് തിരിച്ചപ്പോൾ കുറിഞ്ഞിയും കൂട്ടുകാരും  സന്തോഷത്തോടെ വാനിൻ്റെ പുറകിലിരുന്ന് ആർത്തു വിളിച്ചു

“അമേരിക്കാപ്പറമ്പ്  സേവ്ഡ് ദ ഡേ! ലോങ്ങ് ലിവ് അമേരിക്കാപ്പറമ്പ്!!” 

“എന്തു നോൺസെൻസാണ് നിങ്ങളീ പറയുന്നത്!  അമേരിക്കയുടെ  പറമ്പോ?”   

രമേശൻ ദേഷ്യത്തോടെ പിന്നിലേക്ക് തിരിഞ്ഞു കുട്ടികളോട് ചോദിച്ചു.  

“അമേരിക്കേടെ അല്ല, അമേരിക്കയിൽ പോയൊരടെ.  വിലാസിനി ചേച്ചി പറഞ്ഞു അതിൻ്റെ ഓണർ അമേരിക്കേലാണെന്ന്.   അവര് വരാറില്ല,  അതുകൊണ്ടാണ് കാടുപിടിച്ചങ്ങനെ കിടക്കുന്നത്.      അതിനെ കുറിഞ്ഞി അമേരിക്കാപ്പറമ്പെന്നാണ് വിളിക്കുന്നത്.”  

കുട്ടികളിൽ മൂത്തയാൾ വിശദീകരിച്ചു.   

“വിലാസിനി ചേച്ചി സകൂളിൽ പഠിക്കുമ്പോ ആ വീട്ടിലുള്ളോരു അമേരിക്കക്ക് പോയതാണ്.  കുറേനാള് കഴിഞ്ഞപ്പോ അവിടെയുണ്ടായിരുന്ന വീട്  ഇടിഞ്ഞു വീണു പോയി. “

വീടുകൾ തിങ്ങി  വളർന്നു നിന്ന  ആ സ്ഥലത്തു അത്തരത്തിലുള്ള വേറെ പറമ്പുകളൊന്നും ഉണ്ടായിരുന്നില്ല.   മതിൽക്കെട്ടിനകത്ത് കുറെ മരങ്ങളുണ്ടായിരുന്നു.   അതിനു ഇടയിലൂടെ മഴയിൽ ആർത്തു വളരുന്ന ചെടികളും.  കുട്ടികൾ വിലാസിനിയുമായി കൂട്ടു പിടിച്ചു ആ പറമ്പിൻ്റെ ചരിത്രം പിടിച്ചെടുത്തതിൽ സുധീഷിനു രസം തോന്നി.

    റോഡിലേക്കിറങ്ങി അരമണിക്കൂർ കഴിഞ്ഞതും വെള്ളം വാങ്ങാൻ പറ്റിയ കടയുടെ അടുത്ത് ഒന്നു നിർത്തണമെന്ന് രാജി സുധീഷിനോടു ആവശ്യപ്പെട്ടു.    ആദ്യം കണ്ട കടയുടെ അടുത്ത് തന്നെ ഡ്രൈവർ വാൻ ഒതുക്കി നിർത്തി.  

“ഒരു കുപ്പി മതിയോ മോളെ?”

സുധീഷ് ചോദിച്ചു.

“നാലെണ്ണം വാങ്ങിക്കോ സുധിയേട്ടാ.  ഓരോരുത്തരായി ചോദിക്കാൻ തുടങ്ങും”

“ഞാൻ വാങ്ങാം.” 

സുധീഷിനെ തടഞ്ഞു  രവി വെള്ളം വാങ്ങാൻ പോയി. 

രവി തിരിച്ചു വരുന്നതും കാത്തിരിക്കുമ്പോൾ  കുട്ടികളിലൊരാൾ ചൂണ്ടിക്കാട്ടി.

“ദേ ഒരു അമേരിക്കാപ്പറമ്പ്!”

വാൻ നിർത്തിയിട്ടതിനു  മുന്നിലായുള്ള  പായലു പിടിച്ച മതിൽ ചിലസ്ഥലത്ത് വിണ്ടും മറ്റുചിലയിടത്ത് പൊട്ടിയുമിരുന്നു.    അതിനുള്ളിൽ ഉയരത്തിൽ വളർന്ന മരങ്ങളും ആർത്തു വളരുന്ന പാഴ്‌ച്ചെടികളും നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.   കുറിഞ്ഞി ആഹ്‌ളാദത്തോടെ മുൻസീറ്റിൽ സുധീഷിൻ്റെ അടുത്തു ചെന്നിരുന്ന്   ആ പറമ്പിൻ്റെ ഉടമസ്ഥർ അമേരിക്കയിൽ ഇപ്പോൾ ഉറക്കത്തിലായിരിക്കും എന്നു പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ചു.  

സുധീഷിൻ്റെ നെറ്റിയിലെ കറുത്ത വലിയ മറുകിൽ തൊട്ട്  അവൾ ചോദിച്ചു

“ഇതെന്തുപറ്റി അങ്കിൾ? “

ആ കുഞ്ഞുവിരലുകൾ വെണ്ണകൊണ്ട് ഉണ്ടാക്കിയതാണെന്ന് സുധീഷിനു തോന്നി. 

“മറുകാണ്  മക്കളെ”

അയാൾ വാത്സല്യത്തോടെ പറഞ്ഞു.

“മറുകണ്ണ്?  അവിടെ ഒരു തേർഡ് ഐ ഉണ്ടായിരുന്നോ?” 

വെണ്ണവിരലുകൾ മുഖത്തോടിച്ചു അവൾ പിന്നെയും ചോദിച്ചു.  

“കണ്ണ് അല്ല കുറിഞ്ഞി!  മറുക്, ബെർത്ത് മാർക്ക്.   അങ്കിളിനെ ശല്യം ചെയ്യാതെ നീ ഇവിടെ വന്നിരിക്ക്.”

രാജി അവളെ ശാസിച്ചു.  പിന്നിലത്തെ സീറ്റിലിരുന്നാൽ ഒന്നും കാണാൻ സാധിക്കില്ല എന്നു പറഞ്ഞു കുറിഞ്ഞി മുൻ സീറ്റിൽ തന്നെയിരുന്നു.  എന്തിനാണ് പോകുന്നത്, എപ്പോ അവിടെ എത്തും, ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ ചോദിച്ചു ശല്യം ചെയ്യുന്ന കുട്ടികളെ രഘു വഴക്കു പറഞ്ഞപ്പോൾ രാജി എതിർത്തു.   

“കുട്ടികൾക്ക് എല്ലാം മനസ്സിലാവും.  അവർക്ക് സത്യങ്ങൾ പറഞ്ഞു കൊടുക്കണം. പഴയകാലം പോലെ ഇല്ലാത്തതു പറഞ്ഞു പറ്റിക്കരുത്”

രാജി ക്ഷമയോടെ  കുട്ടികളോട്  കാര്യങ്ങൾ പറഞ്ഞു.   അമ്മൂമ്മയുടെയും പേരിലായിരുന്ന വീടും ഭൂമിയും ഇനി മക്കൾ മൂന്നു പേർക്കായി പങ്കുവെക്കണം.   അവർ ചോദ്യങ്ങൾകൊണ്ട് രാജിയെ കുഴച്ചു മറിക്കാൻ ശ്രമിച്ചു നോക്കി.  രാജിക്ക് ഒരു ടീച്ചറുടെ ക്ഷമയുണ്ടായിരുന്നു.  

രവി വാങ്ങിക്കൊണ്ടുവന്ന കുപ്പികളുടെ ബാഗ് രാജിയുടെ കൈയിൽ കൊടുത്തു.  വെള്ളം കുടിച്ചു  വാൻ വിട്ട് പത്തു മിനിട്ടു കഴിഞ്ഞപ്പോൾ രവി പോക്കറ്റിൽ തടവിക്കൊണ്ടു പറഞ്ഞു.

“അയ്യോ ബാക്കി വാങ്ങാൻ മറന്നു പോയി. “

“തിരിച്ചു പോകാം സാറെ”

ഡ്രൈവർ ഇടതു വശത്തേക്ക് തിരിയാനുള്ള സ്ഥലം നോക്കിക്കൊണ്ടു പറഞ്ഞു.

“വേണ്ട.. വേണ്ട..    ഈ ട്രാഫിക്കിൽ കൂടി അവിടം വരെ പോയി വരാൻ അരമണിക്കൂറെടുക്കും.”

“ഇല്ല സാറെ നമ്മള് അധിക ദൂരം വന്നിട്ടില്ല.”  

“അത് മൊതലല്ല.  ഈ കുണ്ടും കുഴിയും താണ്ടി പോകാനുള്ളതല്ലേ?”

രവി പിന്നെയും അയാളെ തടഞ്ഞു.

“എത്രയാടാ ബാക്കി കിട്ടാനുള്ളത് ?”

രമേശൻ ചോദിച്ചു.

“ഞാൻ അഞ്ഞൂറ് കൊടുത്തു.  അയാള് വെള്ളം തന്നത് മേടിച്ചോണ്ടു പോന്നു ബാക്കി ചില്ലറ തരാൻ നിന്നില്ല.”

“അറിഞ്ഞോണ്ട് തരാഞ്ഞതാവും. നിന്നെ കണ്ടാൽ ഒരു പ്രവാസി അഹങ്കാരിടെ ലുക്ക് ഉണ്ട്.”

രാജി കുലുങ്ങി ചിരിച്ചു. 

“മോനെ ഒരു കുപ്പി വെള്ളത്തിന് ഇരുപതു രൂപയേ ഉള്ളൂ.   നമുക്ക് തിരിച്ചു പോകാം.” 

“എൻ്റെ സുധിയേട്ടാ കാറിൻ്റെ പെട്രോളും നമ്മടെ സമയോം കൂട്ടുമ്പോ അതിൽ കൂടുതലാവും. രാത്രിമുഴുവൻ ഞാനിരുന്നു ജോലി ചെയ്തതാണ്.  അരമണിക്കൂർ ഉറക്കത്തിനു നല്ല വിലയുണ്ട്. പോട്ടേന്നേ!”  

ഡ്രൈവർ എന്തോ പറയാൻ ആയുന്നതുകണ്ട്  സുധീഷ് അയാളുടെ തോളിൽ പതിയെ തട്ടി.  വാൻ വീണ്ടും റോഡിലെ തിരക്കിൽ കുണ്ടും കുഴികളും ഒഴിവാക്കി ഓടി.    കുട്ടികൾ റോഡിനു രണ്ടുവശത്തും  കാടുപിടിച്ചു കിടക്കുന്ന പറമ്പുകൾ എണ്ണിക്കൊണ്ടിരുന്നു.        

“ദേ ലെഫ്റ്റ് സൈഡില് നോക്കിയേ.”

വീടില്ലാത്തൊരു മതിൽക്കെട്ടായിരുന്നു അത്.   

“അപ്പൊ ട്വന്റി-ത്രീ!”

കുറിഞ്ഞി ഉച്ചത്തിൽ പറഞ്ഞു. 

അടുത്തു കണ്ട കാടുപിടിച്ചു കിടന്ന മതിൽക്കെട്ട്,  ഇലക്ട്രിസിറ്റി ബോർഡിൻ്റെതാണ്  എന്ന് അതിൽ നിൽക്കുന്ന ട്രാൻസ്‌ഫോർമർ ചൂണ്ടിക്കാണിച്ച് സുധീഷ്  കുട്ടികൾക്ക് തിരുത്തികൊടുത്തു.  അത് അമേരിക്കപ്പറമ്പായി കൂട്ടാൻ പറ്റില്ല എന്ന് അവർ  തർക്കിച്ചു സ്ഥാപിക്കുകയും ചെയ്തു. 

അവരുടെ പഴയ വീടിൻ്റെ മുറ്റത്ത് കാറു നിർത്തിയിറങ്ങിയപ്പോൾ രവി ഈർഷ്യയോടെ പറഞ്ഞു.

“അൻപത് കിലോമീറ്റർ എത്താൽ രണ്ടു മണിക്കൂറ്!  അര മണിക്കൂറു കൊണ്ട് എത്തേണ്ടതാണ്.  എങ്ങനെ ഇവിടെ സർവൈവ് ചെയ്യും?”

 “ഇത് കേരളമാണ്. നൂറ്റി ഇരുപത് കിലോമീറ്ററിൽ പോകാനൊന്നും പറ്റില്ല.”

രാജി തീരെ രസിക്കാത്ത മട്ടിലാണ് ഉത്തരം പറഞ്ഞത്. 

സുധീഷ്  വീടു തുറന്നു കൊടുത്തു .  ജോലിക്കാരി എവിടെ നിന്നോ കിതച്ചോടി  വന്നു.    കുട്ടികൾ വിശാലമായ പറമ്പിൽ ഓടിയും ചാടിയും  രസിച്ചു.  ആറുവർഷമായി വൃത്തിയാക്കപ്പെടാൻ വേണ്ടി മാത്രം തുറന്നിരുന്ന വീടിനകത്ത് ചുറ്റി നടന്നു പൊടിമൂടിയ ചില പുസ്തകങ്ങൾ എടുത്ത് രാജി ചോദിച്ചു.  

“രവീ.. നീയിങ്ങ് കയറി വരുന്നില്ലേ?  നിൻ്റെ പഴയ കോമിക്‌സു വേണോ?”

“വേണ്ട!”

വരാന്തയിൽ തന്നെ ഇരുന്ന രവി പെട്ടെന്ന്  ഉത്തരം പറഞ്ഞു.    

“എടാ പിശുക്കൻ അച്ഛൻ നിനക്ക് വേണ്ടി വാങ്ങിത്തന്നതല്ലേ?” 

രമേശൻ തമാശ പറയാൻ ശ്രമിച്ചു.   രമേശന് കിട്ടാതിരുന്ന ലാളനകൾ പലതും ഇളയവർക്ക് കിട്ടിയിട്ടുണ്ടെന്നൊരു മുറുമുറുപ്പ് അയാൾക്ക് എന്നുമുണ്ടായിരുന്നു.

“ഉവ്വ്, ഞാൻ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി.  എന്നിട്ട് ഇവിടെന്ന് വേഗം പുറത്തേക്ക് പോകാൻ.” 

  രവിയുടെ ഉത്തരം രാജിക്ക്  തീരെ രസിച്ചില്ല

“പോടാ കളി പറയാതെ.”

“അച്ഛൻറെ വിയർപ്പു തിന്നു ജീവിക്കാന്ന് മോഹിക്കണ്ടാന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു.   അതുകൊണ്ടാണ് ചെന്നെയിൽ നിന്ന് ഞാൻ നേരെ സൗദിക്ക് പോയത്.  ഇവിടുന്ന് ഒരു തുള്ളി വിയർപ്പു പോലും എനിക്ക് വേണ്ട.”    

രവിയുടെ ശബ്ദം ഉയർന്നപ്പോൾ സുധീഷ് കേൾക്കുന്നുണ്ടോ എന്ന പരിഭ്രമത്തോടെ രാജി  പുറത്തേക്ക് നോക്കി. സുധീഷ് കുട്ടികൾക്ക് എന്തൊക്കെയോ കാണിച്ചു കൊടുക്കുകയായിരുന്നു.    അവരുടെ കൈയിൽ പേരക്കയും  കോളാമ്പി പൂവുകളും ഉണ്ടായിരുന്നു.  

  സുധീഷ് ഓരോരുത്തർക്കും എഴുതിവെച്ചിരുന്ന സ്ഥലങ്ങൾ കാണിച്ചു കൊടുത്തു. 

“വീട് രവിക്കാണ്.”

“എനിക്ക് വേണ്ട, രാജിക്ക് വേണോടി?”

രവി രണ്ടാമതൊന്ന് ആലോചിക്കാതെ ചോദിച്ചു.   

“അതെന്താടാ?  നീ നാടും രാഷ്ട്രീയവും ഒക്കെ ഇഷ്ടമുള്ള നാടൻ ആളായതുകൊണ്ടാവും അമ്മ വീട് നിൻറെ പേരിലെഴുതിയത്.” 

രമേശൻ  രവിയോട് കുറച്ചൊരു ദേഷ്യത്തോടെ ചോദിച്ചു.     

“അച്ഛൻ എന്നെ ചെന്നൈക്ക് പഠിക്കാൻ വിട്ടത് വിസ കിട്ടാൻ എളുപ്പമുള്ള കോഴ്സ് എടുക്കാൻ വേണ്ടീട്ടായിരുന്നു. “

മൂർച്ച ഒട്ടും കുറക്കാതെയാണ്  രവി ഉത്തരം പറഞ്ഞത്.   

രവി ഒരു കോളേജു രാഷ്ട്രീയക്കാരനായിരുന്നു.  അവൻ പഠിത്തം ഉഴപ്പുമെന്ന് പേടിച്ചാണ് അവരുടെ അച്ഛൻ പണം കൊടുത്ത് കേരളത്തിനു പുറത്ത് അവന്‌ അഡ്മിഷൻ വാങ്ങിയത്.   സുധീഷിന് അതറിയാം. അയാൾ അവരുടെ അച്ഛൻ്റെ സഹായി ആയിരുന്നു.   അയാളുടെ കണ്മുന്നിലാണ് അവർ വളർന്നത്.  അന്നവർ സാധാണ കുട്ടികളായിരുന്നു.    സുധീഷിന്റേതിലും  പകിട്ടുള്ള ജീവിതമായിരുന്നെങ്കിലും അയാൾക്ക്  അത് അപരിചിതമായിരുന്നില്ല. 

 

തിരികെ പോകുന്ന വഴി രാജി അനുനയ സ്വരത്തിൽ ചോദിച്ചു. 

 “സൗദിയിൽ എന്നും താമസിക്കാൻ പറ്റില്ലല്ലോ.  എന്നെങ്കിലും  രവിക്ക് തിരിച്ചു വരണ്ടേ?” 

“ഞങ്ങൾ കാനഡക്കു പോകാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.  അത് ശരിയായാലുടനെ അങ്ങോട്ട് പോകും.”   

രവി പുറത്തുവിട്ട പുതിയ അറിവ് വാനിനകത്ത് നിശബ്ദത നിറച്ചു.    കുറച്ചൊന്നു കാത്തിട്ട്  മുൻസീറ്റിലിരുന്ന  സുധീഷ് പിന്നിലേക്ക് തിരിഞ്ഞു പറഞ്ഞു.    

“ഇവിടേം ഇപ്പോ എല്ലാരും കാനഡക്ക്‌ പോവ്വാണ്.   എൻ്റെ മോനും പോകാൻ ശ്രമിക്കുന്നുണ്ട്. ഇഞ്ചിനീയറിംഗ് കഴിഞ്ഞു.  എന്നാലും ഏജൻസിക്കാർക്ക് പൈസകൊടുക്കണം.“

മറ്റാരും ഒന്നും പറയാതിരുന്നിട്ടും അയാൾ ഉത്സാഹത്തോടെ തുടർന്നു.    

“അവൻ്റെ കൂടെ പഠിച്ച മൂന്നു പേര് അവിടെ എത്തിയിട്ടുണ്ട്.   അവരവിടെ ജോലി തുടങ്ങി.  ഇവിടെ നിന്നിട്ട് ഒരു കാര്യോമില്ലാന്നേ.  അവൻ്റെ ഭാവിക്ക് നല്ലത് പുറത്തേക്ക് എവിടെ എങ്കിലും പോകുന്നതാണ്.  നിങ്ങൾ കാനഡയിൽ ഉണ്ടായാൽ എനിക്ക് വലിയ ആശ്വാസം ഉണ്ട്.   ജോലീം തണുപ്പും കൊറച്ചു ബുദ്ധിമുട്ടാന്നെലെന്താ  രക്ഷപെട്ടു പോകുമല്ലോ.   കണ്ടില്ലേ ഇവിടുത്തെ റോഡും കാര്യങ്ങളും.”

  സുധിഷ് വിസ്തരിച്ചു കൊണ്ടിരുന്നു.   അതിനിടയിൽ വീടില്ലാത്ത ഒരു മതിൽക്കെട്ട് ചൂണ്ടിക്കാട്ടി കുറിഞ്ഞി അമേരിക്കാപ്പറമ്പ് എന്ന് പറഞ്ഞു മറ്റെല്ലാവരുടെയും ശ്രദ്ധ തിരിച്ചു.  

  “അല്ല മക്കളേ അത് അമേരിക്കേലും ലണ്ടനിലും പോയൊരുടെ വകയല്ല.  കണ്ടില്ലേ കാട്ടുചെടികൾക്ക് ഇടയിലൂടെ വഴി.  നോക്യേ എല്ലാ തെങ്ങിൻ്റെ ചോടും വൃത്തിയാക്കിയിട്ടുണ്ട്.  മഴയ്ക്ക് മുൻപ് വളമിട്ടതായിരിക്കും.”

   

സുധിയങ്കിൾ സ്മാർട്ടാണെന്നും അല്ല ഒബ്സർവേൻറ്  ആണെന്നും സമർത്ഥിക്കാൻ കുട്ടികൾ വാദിച്ചു കൊണ്ടിരുന്നപ്പോൾ വല്ലായ്മ തോന്നിയിട്ടായിരിക്കണം രാജി അവരോട് മിണ്ടാതിരിക്കാൻ പറഞ്ഞു.   കുറച്ചു കഴിഞ്ഞപ്പോൾ ഒരു മതിൽക്കെട്ടു ചൂണ്ടി സുധീഷ് പറഞ്ഞു.

“ദേ അതാരും നോക്കാനില്ലാത്ത പറമ്പാണ്.  ഓലയും തേങ്ങയുമൊക്കെ ഒണങ്ങി നിക്കണ കണ്ടോ?   തേങ്ങ എത്രയെണ്ണമാണ് നിലത്തു വീണു കിടക്കുന്നത്.”  

കുട്ടികൾ അവരുടെ എണ്ണത്തിൽ ഒന്നു കൂടി കൂട്ടി ആഹ്ളാദിച്ചു.  റോഡരികിലെ നീല നിറമുള്ള ടാർപോളിൻ  നിരകൾ  ചൂണ്ടി അവരിൽ  ഒരാൾ ചോദിച്ചു

“സിറ്റിക്ക് നടുക്ക് ക്യാമ്പിങ് ചെയ്യാണോ  ഇവര്?”  

“ക്യാമ്പിങ് ഒന്നുമല്ല.   അവരുടെ വീടാണത്. “  

രമേശൻ പറഞ്ഞു. 

അവരുടെ ബാത്ത്റൂം ഏതാണ്, കച്ചട എവിടെയാണ് ഇടുന്നത്, മഴ പെയ്യുമ്പോൾ  നീല ടെൻറിൽ വെള്ളം കയറുമോ  എന്നൊക്കെ  നിർത്താതെ ചോദിച്ചുതിനു ആരും ഉത്തരം പറഞ്ഞില്ല.   രാജിയും പതിവ് ക്ഷമയോടെ ഉത്തരം പറയാതെ ഇരുന്നപ്പോൾ കുട്ടികൾ അവരുടെ പഴയ എണ്ണത്തിലേക്ക് തിരിച്ചു പോയി.   വീടെത്തുന്നതിനു മുൻപ് നൂറു അമേരിക്കാപ്പറമ്പുകൾ കണ്ടുപിടിക്കാൻ പറ്റുമോ എന്നവർ  മത്സരിച്ചു  ശ്രമിച്ചുകൊണ്ടിരുന്നു.       

   കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികളിൽ ഒരാൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. 

“ഹേയ്, അമ്മൂമ്മേടെ പറമ്പും നമുക്ക് അമേരിക്കാപ്പറമ്പാക്കാം!”   

കുറിഞ്ഞി ആവേശത്തിൽ ചാടി എഴുന്നേറ്റപ്പോൾ സുധീഷിൻ്റെ കാലിൽ ചവുട്ടി.  അവൾ ഭയപ്പാടോടെ അയാളുടെ മുഖത്തു നോക്കി പറഞ്ഞു

“സോറി അങ്കിൾ...  അറിയാതെ.. റിയലി റിയലി സോറി.  ഹേർട്ട് ചെയ്തോ?”  

സുധിഷ്  പൊട്ടിച്ചിരിച്ചു പോയി.

“അതൊന്നും സാരമില്ല കുറിഞ്ഞി മോളെ.  വെണ്ണ വീണതു പോലെയെ ഉള്ളൂ.”  

അവൾ ആശ്വാസത്തോടെ പിന്നിലേക്കു തിരിഞ്ഞു നിന്നു പ്രഖ്യാപിച്ചു.   

 “മമ്മി കാണിച്ചു തന്നില്ലേ നമ്മുടെ പ്രോപ്പർട്ടിടെ ബോർഡർ.    അവിടെ മതിലുകെട്ടീട്ട്  നമുക്ക് മൂന്ന് അമേരിക്ക പറമ്പ് ഉണ്ടാക്കാം!”  

കുട്ടികൾ സന്തോഷത്തോടെ ആർത്തു വിളിച്ചു.  അപ്പോഴേക്കും വാൻ വാടകവീട്ടിൽ എത്തിയിരുന്നു.   

തിരികെ പോകുമ്പോൾ ഡ്രൈവർ രാവിലെ വെള്ളം വാങ്ങിയ കടയുടെ അരികിൽ നിർത്തി. 

“ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ.” 

സുധീഷിനെ കണ്ണിറുക്കി കാണിച്ചിട്ട് അയാൾ കടയിലേക്കു നടന്നു.   ഒഴിഞ്ഞ വാനിൽ  ഒറ്റക്കിരുന്ന് യദുവിന്റെ വിസയുടെ കാര്യത്തെപ്പറ്റി അവർ ഒന്നും ചോദിച്ചില്ലല്ലോ എന്ന് സുധീഷ് ആലോചിച്ചു.   അവധി കഴിഞ്ഞു പോകുമ്പോൾ  അറിഞ്ഞു തരുമായിരിക്കും എന്നയാൾ ആശ്വസിച്ചു.    അവരാരും സുധീഷിനോട്  പിശുക്കു കാണിക്കാറില്ല.   രമേശനാണെങ്കിൽ  കെട്ടിപ്പിടിച്ചാണ്  യാത്രപറയുന്നത്.

യദുവിന് പഠിപ്പുണ്ട്,  ചെറിയൊരു ജോലിയുണ്ട്.  പ്രാരാബ്ദമില്ലാതെ ജീവിക്കാനുള്ളതും സുധീഷ് ഉണ്ടാക്കിയിട്ടുണ്ട്.   

“പക്ഷെ ഇവിടെ ജീവിതം ഇല്ല അച്ഛ!”

  അതാണ് യദു പറഞ്ഞത്.  യദുവിനൊരു ജീവിതം വാങ്ങിക്കൊടുക്കാൻ അവരു തരുന്നത് മതിയായില്ലെങ്കിൽ  കടമായിട്ടു ചോദിക്കണം എന്നയാൾ തീരുമാനിച്ചു.  ആരോടും കടം ചോദിക്കാൻ ഇഷ്ടമില്ലാത്ത ആളാണ് സുധീഷ്.   മകൻ കാനഡക്കു പോയിക്കഴിഞ്ഞാൽ കടം വീട്ടാൻ പ്രയാസമുണ്ടാവില്ല എന്നയാൾ  സമാധാനിച്ചു.       

തിരികെ വന്ന് സീറ്റിലിരുന്നു ഡ്രൈവർ തിമിർപ്പോടെ നൂറിൻ്റെ നോട്ടുകൾ സുധീഷിനെ വിടർത്തിക്കാണിച്ചു.

“ദേ സുധിയേട്ടാ.  ഇതിലുപാതി സുധിയേട്ടൻ്റെണ്.”

തിമിർപ്പില്ലാത്ത ശബ്ദത്തിൽ സുധീഷ് പറഞ്ഞു.

“വേണ്ട, നീവെച്ചോളൂ. നിൻറെ  അദ്ധ്വാനമല്ലേ! “ 

“ഇവനൊക്കെ അവിടെ നോട്ടടി ആയിരിക്കോ ആവോ!   എന്തായാലും ഞാൻ വേണ്ടാന്ന് വെക്കില്ലപ്പാ.“  

"ആ കുട്ടി രാത്രിമുഴുവനിരുന്നു ജോലി ചെയ്തതാണ്.  നീ കേട്ടില്ലേ?  ഇക്കാലത്തു വീട്ടിലിരുന്നും ജോലി ചെയ്യാലോ.  അമ്മ മരിച്ചാലും അവധി ആയാലും വിശ്രമം ഇല്ലാത്ത ജീവിതമല്ലേ."

സുധീഷ് രവിയെ ന്യായീകരിക്കാൻ ശ്രമിച്ചു.   

ഡ്രൈവറുടെ വീട്ടിൽ നിന്നും സ്‌കൂട്ടറെടുത്ത്  സുധീഷ്  തിരിച്ചു പോകുമ്പോൾ ഇരുട്ടു പടർന്നിരുന്നു.  രവിയുടെ അടച്ചിട്ട  വീടു കടക്കുമ്പോൾ അവിടെ ഒരു തരി വെളിച്ചം പോലും ഇല്ലല്ലോ എന്ന് ആദ്യമായി അയാൾ തിരിച്ചറിഞ്ഞു.    

വീട്ടിലെത്തി കുളിയും ഊണും കഴിഞ്ഞു സുധീഷ് പുറത്തേക്കിറങ്ങി.   പറക്കുന്ന കാറിൽ കുപ്പിവെള്ളവുമായി യദു വരുന്നത് വരാന്തയിലിരുന്നു അയാൾ സ്വപ്നം കണ്ടു.  കാറിൽ ഭാരംകൂടിയ  വലിയ പെട്ടികളുണ്ടായിരുന്നു.  

അയാളുടെ തൊണ്ട വരണ്ടു.   കുപ്പിവെള്ളം വാങ്ങാൻ വെണ്ണവിരലുകൾക്കു നേരെ അയാളുടെ കൈ വലിഞ്ഞു നീണ്ടു.  വേലി പൊളിച്ചുമാറ്റിക്കെട്ടിയ ഭംഗിയുള്ള മതിലിനു ചുറ്റും നീല ഷെഡുകളിൽ വെള്ളം നിറയുന്നത് സുധീഷ് അറിഞ്ഞു.   അവിടെ നിന്നും ആരെങ്കിലും കുറച്ചു വെള്ളം നീട്ടി തരുമോ എന്ന് ശബ്ദമില്ലാതെ അയാളുടെ തൊണ്ട ചോദിച്ചു.  

കാടുമൂടിയ പറമ്പിൽ വീടും വരാന്തയും ഉണ്ടായിരുന്നില്ല.  മിന്നാമിനുങ്ങുകൾ പോലും ഇല്ലായിരുന്നു.  അടുത്ത പറമ്പും അതിനടുത്ത പറമ്പുകളുമെല്ലാം  അതേപോലെതന്നെ അതിർത്തി മതിലുകൾക്കകത്ത് ജിഗ്‌സോ പസിൽ പോലെ അമർന്നു ചേർന്നിരുന്നു.

0000000

എഴുത്ത്  മാസിക      ജനുവരി 2023

Sunday, January 01, 2023

 പാമ്പും കോണിയും  

എൻറെ  ആദ്യത്തെ നോവലാണ്  അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ  കഥ പറയുന്ന പാമ്പും കോണിയും.   ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിക്കളത്തില്‍ സ്വന്തം ജീവിതങ്ങള്‍ ഇറക്കിവെച്ച ഒരു കൂട്ടം മലയാളികളുടെ ഈ കഥ സ്ത്രീജീവിതത്തിന്റെ ആവിഷക്കാരം കൂടിയാണ്. 

അറുപതുകളിലും എഴുപതുകളിലും കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ഈ നോവൽ  സമർപ്പിച്ചിരിക്കുന്നത് അമേരിക്കന്‍ കുടിയേറ്റത്തിന്‍റെ ആണിക്കല്ലായ ആദിമനേഴ്സുമാര്‍ക്ക്.  

ആമസോണിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

ഇനി വായിക്കാൻ സമയമില്ലെങ്കിൽ  സ്റ്റോറി ടെല്ലിൽ ഇപ്പോൾ കേൾക്കാം.   

ഇ-മെയിൽ: nirmala.thomas@gmail.com  

Saturday, March 27, 2021

                     കാനഡയുടെ മരണസഹായി*

Sue Rodriguez
                                                                Sue Rodriguez PC: CBC)

ടി.വി സ്‌ക്രീനിൽ കാണുമ്പോൾ അപാകതകളൊന്നുമില്ലാത്ത  ഒരു സ്ത്രീ, തൊണ്ണൂറുകളിൽ കാനഡയുടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു -  സൂ റോഡ്രിഗസ്.   ആത്മഹത്യക്കു വൈദ്യസഹായം നിയമപരമാക്കണമെന്ന വാദവുമായി കോടതിയെ സമീപിച്ച ഇവരെ അത്ഭുതത്തോടും ആദരത്തോടും കുറച്ചൊരു സഹാനുഭൂതിയോടും അന്നു കണ്ടിരുന്നു.    അമ്പതുകാരിയായ സൂവിനു പരാലിസിസിലേക്ക് വേഗത്തിൽ പൊയ്‌ക്കൊണ്ടിരുന്ന ALS (amyotrophic lateral sclerosis) രോഗമായിരുന്നു.   ഒരു പേശിപോലും സ്വയം അനക്കാൻ വയ്യാത്ത അവസ്ഥക്കു മുൻപ് തൻ്റെ ജീവനെ  ശരീരത്തിൽ നിന്നും വിടുവിക്കണം എന്ന ആപേക്ഷയെ എങ്ങനെയാണ് നേരിടേണ്ടത്?    

         അതിനിടയിലേക്കാണ് മാനിട്ടോബയിൽ നിന്നും റോബർട്ട് ലാറ്റിമർ എന്നൊരു കൃഷിക്കാരൻ ബ്രേക്കിംഗ് ന്യൂസ് ആയി കടന്നു വന്നത്.   കൊലക്കുറ്റമായിരുന്നു വിഷയം.    സദാ വേദനയിൽ പിടയുന്ന മകൾ ട്രയ്‌സിയെ വേദനയിൽ നിന്നും അടർത്തി മാറ്റുകയാണ് താൻ ചെയ്തത് എന്നദ്ദേഹം അവകാശപ്പെട്ടു.   സെറിബ്രൽ പാൽസിയോടൊപ്പം പല സങ്കീര്‍ണ്ണ പ്രശ്നങ്ങളുമുണ്ടായിരുന്ന ട്രയ്‌സിയുടെ ശരീരത്തിന്   വേദനസംഹാരികൾ  താങ്ങാൻ പറ്റുമായിരുന്നില്ല.  നിരന്തരം വേദനയിലായിരുന്നു ആ പതിമൂന്നുകാരിയെന്നു അവളുടെ ഡോക്ടറും മൊഴി കൊടുത്തു.    ശാന്തനായ റോബർട്ട് ലാറ്റിമറിനെപ്പറ്റിയും പലരും നല്ല നടത്തക്കുള്ള മൊഴികൊടുത്തിരുന്നു എന്നിട്ടും പത്തു വര്ഷത്തോളം ആ അച്ഛനു  ജയിൽ ശിക്ഷ കിട്ടി. 

നിയമം സൂ റോഡ്രിഗസിനെ കേസിൽ തോൽപിച്ചെങ്കിലും  അജ്ഞാതയാ(നാ)യ ഒരു ഡോക്ടറുടെ സഹായത്തോടെ 1994-ൽ അവർ സ്വന്തഇഷ്ടപ്രകാരം ജീവൻ ഉപേക്ഷിച്ചു. മരണത്തിനു സഹായിക്കുന്ന ഡോക്ടർക്ക് പതിനാലു വര്ഷംവരെ ശിക്ഷകൊടുക്കാൻ വകുപ്പുണ്ടായിരുന്നു.   2007-ൽ 93-വയസുള്ള ഒരു രോഗിക്കു മരണത്തിനുതകുന്ന മരുന്നു കുറിച്ചു കൊടുത്തതിനു  വാന്കൂവറിലുള്ള രമേഷ് കുമാർ ശർമ്മ എന്ന ഡോക്ടറുടെ  ചികിത്സിക്കാനുള്ള ലൈസൻസ് റദ്ദാക്കുകയും   തടവു വിധിക്കുകയും ചെയ്തു ശിക്ഷിച്ചതാണ് കാനഡയുടെ നീതിപീഠം.

                                                    Poster by: Gayathri Ashokan

മകനു ചോറിൽ വിഷം കലർത്തിക്കൊടുത്തു അതിൻ്റെ ബാക്കി കഴിക്കുന്ന അമ്മയും  (തനിയാവർത്തനം- സിനിമ, സിബി മലയിൽ) സ്വയം വിചാരണ ചെയ്യുകയും വിധി പറയുകയും ചെയ്യുന്ന ജഡ്ജിയും (ഒറ്റയടിപ്പാതകൾ - നോവൽ, സി. രാധാകൃഷ്ണൻ)  മലയാളത്തിലെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങളാണ്.   പക്ഷെ ജീവിതം കഥയെ അനുകരിക്കുമ്പോൾ ഒരുതരം നിസ്സഹായതയാണ് തോന്നിയത്.  

 വാർത്തയിൽ കണ്ടും കേട്ടും  മനസ്സ് വീർത്തു പെരുത്ത  ആ കാലം മുതൽ മുതൽ വിഷയത്തെ പറ്റി ഒരുപാടു ചിന്തിച്ചിട്ടുണ്ട്.  കുറെ വാർത്തകളും റിസേർച്ച മെറ്റീരിയൽസും എടുത്തുവെച്ചിരുന്നു.    തുടങ്ങുമ്പോഴേ തളർത്തിക്കളയുന്ന ഒരു ന്യായാന്യായം ഈ വിഷയത്തിനുള്ളതുകൊണ്ടു എഴുത്തിലേക്കു കടന്നില്ല. 

      ഇപ്പോൾ ലീന കാപ്പൻ എഴുതിയ "മരണംകൊണ്ടു സുഖപ്പെടുന്നവർ" എന്ന ലേഖനം  ഒരു തരത്തിൽ ബോധപൂർവ്വം  മനസ്സിൽ നിന്നും മാറ്റിവെച്ചിരുന്ന ഈ വിഷയം തീവ്രതയോടെ തിരിച്ചു കൊണ്ടുവന്നു.    2015-ൽ വൈദ്യസഹായത്തോടെയുള്ള മരണത്തിനു   കാനഡയിൽ നിയമസാധുത കിട്ടി.   അതിനു പല ഉപാധികളും പരിമിതികളുമുണ്ട്.  ലീനയുടെ ലേഖനം ഇതിന്റെ ശാസ്ത്രവും, നിയമങ്ങളും, തൊഴില്‍പരമായ  ചുമതലകളും, തിരഞ്ഞെടുക്കാനുള്ള അവകാശങ്ങളും വിശദമാക്കുന്നു.  എൻ്റെ അറിവിനു പുറത്താണ് ഇതെല്ലം.  വാർത്തയും സിനിമയും നോവലുമായി അറിയുന്ന വൈകാരിക സംഘർഷത്തേക്കാൾ എത്രയോ സങ്കീർണമായ അനുഭവവും ചുമതലയുമാണ് ഒരാളെ ഇതിലൂടെ കൈപിടിച്ചു നടത്തുന്ന ചികിത്സാവിദഗ്ദ്ധർക്കുള്ളത്.

ലീനയുടെ ലേഖനത്തിലെ സുപ്രധാനമായ ഒരു വാചകം:  ഒരു മനുഷ്യജീവനെ അന്തസ്സായി ജീവിതം അവസാനിപ്പിക്കാൻ മെയ്ഡ് എത്രമാത്രമാണ് സഹായിക്കുന്നത്……  Medical assistance in dying (MAID


                                                    Blackbirds movie (PC: New Yorker)                                                   

            ഈ വിഷയത്തിന്റെ വൈകാരിക വശം കാണിക്കുന്ന സിനിമയാണ്   2020- ൽ ഇറങ്ങിയ ബ്ലാക്ക് ബേർഡ്.  അത്ര ഗംഭീര സിനിമയല്ലെങ്കിലും ഒരാൾ മരണത്തിലേക്കുള്ള വഴി ബോധപൂർവ്വം തിരഞ്ഞെടുക്കുമ്പോൾ അടുത്തു നിൽക്കുന്നവർ കടന്നുപോകുന്ന അവസ്ഥ ഇതിൽ നന്നായി അവതരിപ്പിക്കുന്നുണ്ട്.   അന്തസ്സോടെയുള്ള മരണം തീരുമാനിക്കുള്ള അവകാശത്തിൽ മനോരോഗികളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന വാദം ക്യുബെക് പ്രവിശ്യയിൽ നടന്നു കൊണ്ടിരിക്കുന്നതാണ് കാനഡയിലെ ഇപ്പോഴത്തെ വാർത്ത.  

ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നതിൽ നമ്മൾ മലയാളികൾ മുന്പന്തിയിലാണ്.   എന്നാലും അറിവോടെ ഒരാളെ വേണ്ടെന്നു വെക്കാൻ ആ ആളെ എത്രത്തോളം സ്നേഹിക്കണം!

 __________________________________________________________________________

* മരണസഹായി കടപ്പാട് വി.എം. ദേവദാസിന്റെ കഥ

ലീനയുടെ ലേഖനം :    മരണംകൊണ്ടു സുഖപ്പെടുന്നവർ

Tuesday, November 10, 2020

Hypocrisy vs Action


ല ഹാരിസ് പുതിയൊരു കളത്തിൽ കാലുകുത്തിയതിൽ കലവറയില്ലാതെ അഭിമാനം കൊള്ളുന്നുണ്ട് നമ്മൾ ഇന്ത്യാക്കാരുംമലയാളികളും-  പ്രത്യേകിച്ചും അമേരിക്കൻ മലയാളികൾ.  ഇഡലിയും മസാലദോശയും പൂജയും എന്നങ്ങനെ  ആഘോഷങ്ങളും തമാശകളും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റു ജനകീയമാധ്യമങ്ങളിലും പടർന്നു കയറുന്നതിനു ഒപ്പം നമുക്കും അല്ലെങ്കിൽ നമ്മുടെ അടുത്ത തലമുറക്കും ഇതൊക്കെ ആവാം എന്നൊരു പ്രതീക്ഷ  പലരും പ്രകടിപ്പിക്കുന്നുണ്ട്.     

എന്നാലും പറയാതെ വയ്യ!    

ഇന്നു കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയില്ലായിരുന്നെങ്കിൽ അവരെയും ശ്യാമള ഗോപാലനെയും അധിക്ഷേപിക്കാനും തരംതാഴ്ത്താനും ഇതിൽ എത്രപേരുണ്ടായേനെ?    

    പത്തൊന്പതു വയസ്സുള്ള ഒരു പെൺകുട്ടിയെ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് പഠിക്കാൻ അയക്കുക, അവൾ അമേരിക്കയിലെ ആഭ്യന്തരകലഹത്തിൽ ഇടപെടുക, അവിടെവെച്ചു ഒരു കറപ്പനെ കല്യാണം കഴിക്കുക, രണ്ടു പെൺകുട്ടികളായി കഴിഞ്ഞപ്പോൾ അയാൾ ഇട്ടിട്ടു പോവുകഅവർ കറപ്പന്റ് കുട്ടികളെയും കൊണ്ടു അവധിക്കാലത്തു ഇന്ത്യയിലെ ഗ്രാമത്തിലേക്കു വരാൻ അനുവദിക്കുക. അതിലൊരു മകൾ കല്യാണം കഴിച്ചത് വളരെ വൈകി രണ്ടു പിള്ളേരുള്ള ഒരു സായിപ്പിനെ!! ആർഷപാരമ്പര്യം ഓടയിലൊഴിച്ചു ജീവിതം നശിപ്പിച്ചതിനു ഉദാഹരണമായി വര്ണിക്കുമായിരുന്നില്ലേ ഇവരുടെ ജീവിതത്തെ

    ഒരു മലയാളി പെണ്ണ് മുന്നോട്ടുവെക്കുന്ന ഓരോ ചുവടിലും വീട്ടിലെ പണി തീർത്തോ, നീ എന്താണുടുത്തിരിക്കുന്നത്, ആരോടാണിടപഴകുന്നത് എന്ന ഭൂതക്കണ്ണാടി നോട്ടത്തിൽ പിന്നോട്ട് ആഞ്ഞു വലിക്കുന്നവരാണ് അമേരിക്കൻ ഭൂഖണ്ഡം ജീവിക്കാൻ തിരഞ്ഞെടുത്തവരിൽ ഏറിയ പങ്കും.   പാരമ്പര്യത്തിൽ ചുറ്റിത്തിരിഞ്ഞു ഒരു സ്ത്രീയുടെ "മൂല്യം" നിശ്‌ചയിക്കുന്ന മലയാളികൾ കമല ഹാരിസിൻറെ ചിയർലീഡിങ് ഗ്രൂപ്പിലുമുണ്ട്.  

     ഓരോ ചുവടും അവനവന്റേതാവാൻ സ്ത്രീകളെയും കുട്ടികളെയും നമുക്കു പിന്തുണക്കാം.   എല്ലാ ചുവടുകളും, എല്ലാ തീരുമാനങ്ങളും വിജയത്തിലേക്കുള്ളത്  ആയിക്കൊള്ളണമെന്നില്ലപരാജയങ്ങളെ സമചിത്തതയോടെ സ്വീകരിക്കാനും അതിനോട് പ്രതികരിക്കാനും നമ്മളിനിയും പഠിക്കാനുണ്ട്‌.  ഓരോ പരാജയത്തെയും ഊതിപ്പെരുപ്പിച്ചു പരിഹസിച്ചു ആത്മവിശ്വാസം ഇല്ലാതാക്കാൻ ജാഗരൂഗരായിരിക്കുന്നവരോട് അരുത്, അത് ശരിയല്ല എന്നു പറയാനുള്ള ധീരതയെങ്കിലും കാണിക്കാൻ ഈ വിജയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

2008-ൽ ഒബാമ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മലയാളികൾ കാണിച്ച ആവേശവും നമ്മുടെയുള്ളിലെ വര്ണവെറിയും ചേർത്തെഴുതിയ കഥ ഇന്നും പ്രസക്തമാണെന്നു തോന്നുന്നു. 

കൂവാതെ പായുന്ന തീവണ്ടി   

ദേശാഭിമാനി വാരിക, ഒക്ടോബർ 11, 2009      

To read the story click here:    കൂവാതെ പായുന്ന തീവണ്ടി

Photo courtesy: Huffington Post