Saturday, March 27, 2021

                     കാനഡയുടെ മരണസഹായി*

Sue Rodriguez
                                                                Sue Rodriguez PC: CBC)

ടി.വി സ്‌ക്രീനിൽ കാണുമ്പോൾ അപാകതകളൊന്നുമില്ലാത്ത  ഒരു സ്ത്രീ, തൊണ്ണൂറുകളിൽ കാനഡയുടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു -  സൂ റോഡ്രിഗസ്.   ആത്മഹത്യക്കു വൈദ്യസഹായം നിയമപരമാക്കണമെന്ന വാദവുമായി കോടതിയെ സമീപിച്ച ഇവരെ അത്ഭുതത്തോടും ആദരത്തോടും കുറച്ചൊരു സഹാനുഭൂതിയോടും അന്നു കണ്ടിരുന്നു.    അമ്പതുകാരിയായ സൂവിനു പരാലിസിസിലേക്ക് വേഗത്തിൽ പൊയ്‌ക്കൊണ്ടിരുന്ന ALS (amyotrophic lateral sclerosis) രോഗമായിരുന്നു.   ഒരു പേശിപോലും സ്വയം അനക്കാൻ വയ്യാത്ത അവസ്ഥക്കു മുൻപ് തൻ്റെ ജീവനെ  ശരീരത്തിൽ നിന്നും വിടുവിക്കണം എന്ന ആപേക്ഷയെ എങ്ങനെയാണ് നേരിടേണ്ടത്?    

         അതിനിടയിലേക്കാണ് മാനിട്ടോബയിൽ നിന്നും റോബർട്ട് ലാറ്റിമർ എന്നൊരു കൃഷിക്കാരൻ ബ്രേക്കിംഗ് ന്യൂസ് ആയി കടന്നു വന്നത്.   കൊലക്കുറ്റമായിരുന്നു വിഷയം.    സദാ വേദനയിൽ പിടയുന്ന മകൾ ട്രയ്‌സിയെ വേദനയിൽ നിന്നും അടർത്തി മാറ്റുകയാണ് താൻ ചെയ്തത് എന്നദ്ദേഹം അവകാശപ്പെട്ടു.   സെറിബ്രൽ പാൽസിയോടൊപ്പം പല സങ്കീര്‍ണ്ണ പ്രശ്നങ്ങളുമുണ്ടായിരുന്ന ട്രയ്‌സിയുടെ ശരീരത്തിന്   വേദനസംഹാരികൾ  താങ്ങാൻ പറ്റുമായിരുന്നില്ല.  നിരന്തരം വേദനയിലായിരുന്നു ആ പതിമൂന്നുകാരിയെന്നു അവളുടെ ഡോക്ടറും മൊഴി കൊടുത്തു.    ശാന്തനായ റോബർട്ട് ലാറ്റിമറിനെപ്പറ്റിയും പലരും നല്ല നടത്തക്കുള്ള മൊഴികൊടുത്തിരുന്നു എന്നിട്ടും പത്തു വര്ഷത്തോളം ആ അച്ഛനു  ജയിൽ ശിക്ഷ കിട്ടി. 

നിയമം സൂ റോഡ്രിഗസിനെ കേസിൽ തോൽപിച്ചെങ്കിലും  അജ്ഞാതയാ(നാ)യ ഒരു ഡോക്ടറുടെ സഹായത്തോടെ 1994-ൽ അവർ സ്വന്തഇഷ്ടപ്രകാരം ജീവൻ ഉപേക്ഷിച്ചു. മരണത്തിനു സഹായിക്കുന്ന ഡോക്ടർക്ക് പതിനാലു വര്ഷംവരെ ശിക്ഷകൊടുക്കാൻ വകുപ്പുണ്ടായിരുന്നു.   2007-ൽ 93-വയസുള്ള ഒരു രോഗിക്കു മരണത്തിനുതകുന്ന മരുന്നു കുറിച്ചു കൊടുത്തതിനു  വാന്കൂവറിലുള്ള രമേഷ് കുമാർ ശർമ്മ എന്ന ഡോക്ടറുടെ  ചികിത്സിക്കാനുള്ള ലൈസൻസ് റദ്ദാക്കുകയും   തടവു വിധിക്കുകയും ചെയ്തു ശിക്ഷിച്ചതാണ് കാനഡയുടെ നീതിപീഠം.

                                                    Poster by: Gayathri Ashokan

മകനു ചോറിൽ വിഷം കലർത്തിക്കൊടുത്തു അതിൻ്റെ ബാക്കി കഴിക്കുന്ന അമ്മയും  (തനിയാവർത്തനം- സിനിമ, സിബി മലയിൽ) സ്വയം വിചാരണ ചെയ്യുകയും വിധി പറയുകയും ചെയ്യുന്ന ജഡ്ജിയും (ഒറ്റയടിപ്പാതകൾ - നോവൽ, സി. രാധാകൃഷ്ണൻ)  മലയാളത്തിലെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങളാണ്.   പക്ഷെ ജീവിതം കഥയെ അനുകരിക്കുമ്പോൾ ഒരുതരം നിസ്സഹായതയാണ് തോന്നിയത്.  

 വാർത്തയിൽ കണ്ടും കേട്ടും  മനസ്സ് വീർത്തു പെരുത്ത  ആ കാലം മുതൽ മുതൽ വിഷയത്തെ പറ്റി ഒരുപാടു ചിന്തിച്ചിട്ടുണ്ട്.  കുറെ വാർത്തകളും റിസേർച്ച മെറ്റീരിയൽസും എടുത്തുവെച്ചിരുന്നു.    തുടങ്ങുമ്പോഴേ തളർത്തിക്കളയുന്ന ഒരു ന്യായാന്യായം ഈ വിഷയത്തിനുള്ളതുകൊണ്ടു എഴുത്തിലേക്കു കടന്നില്ല. 

      ഇപ്പോൾ ലീന കാപ്പൻ എഴുതിയ "മരണംകൊണ്ടു സുഖപ്പെടുന്നവർ" എന്ന ലേഖനം  ഒരു തരത്തിൽ ബോധപൂർവ്വം  മനസ്സിൽ നിന്നും മാറ്റിവെച്ചിരുന്ന ഈ വിഷയം തീവ്രതയോടെ തിരിച്ചു കൊണ്ടുവന്നു.    2015-ൽ വൈദ്യസഹായത്തോടെയുള്ള മരണത്തിനു   കാനഡയിൽ നിയമസാധുത കിട്ടി.   അതിനു പല ഉപാധികളും പരിമിതികളുമുണ്ട്.  ലീനയുടെ ലേഖനം ഇതിന്റെ ശാസ്ത്രവും, നിയമങ്ങളും, തൊഴില്‍പരമായ  ചുമതലകളും, തിരഞ്ഞെടുക്കാനുള്ള അവകാശങ്ങളും വിശദമാക്കുന്നു.  എൻ്റെ അറിവിനു പുറത്താണ് ഇതെല്ലം.  വാർത്തയും സിനിമയും നോവലുമായി അറിയുന്ന വൈകാരിക സംഘർഷത്തേക്കാൾ എത്രയോ സങ്കീർണമായ അനുഭവവും ചുമതലയുമാണ് ഒരാളെ ഇതിലൂടെ കൈപിടിച്ചു നടത്തുന്ന ചികിത്സാവിദഗ്ദ്ധർക്കുള്ളത്.

ലീനയുടെ ലേഖനത്തിലെ സുപ്രധാനമായ ഒരു വാചകം:  ഒരു മനുഷ്യജീവനെ അന്തസ്സായി ജീവിതം അവസാനിപ്പിക്കാൻ മെയ്ഡ് എത്രമാത്രമാണ് സഹായിക്കുന്നത്……  Medical assistance in dying (MAID


                                                    Blackbirds movie (PC: New Yorker)                                                   

            ഈ വിഷയത്തിന്റെ വൈകാരിക വശം കാണിക്കുന്ന സിനിമയാണ്   2020- ൽ ഇറങ്ങിയ ബ്ലാക്ക് ബേർഡ്.  അത്ര ഗംഭീര സിനിമയല്ലെങ്കിലും ഒരാൾ മരണത്തിലേക്കുള്ള വഴി ബോധപൂർവ്വം തിരഞ്ഞെടുക്കുമ്പോൾ അടുത്തു നിൽക്കുന്നവർ കടന്നുപോകുന്ന അവസ്ഥ ഇതിൽ നന്നായി അവതരിപ്പിക്കുന്നുണ്ട്.   അന്തസ്സോടെയുള്ള മരണം തീരുമാനിക്കുള്ള അവകാശത്തിൽ മനോരോഗികളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന വാദം ക്യുബെക് പ്രവിശ്യയിൽ നടന്നു കൊണ്ടിരിക്കുന്നതാണ് കാനഡയിലെ ഇപ്പോഴത്തെ വാർത്ത.  

ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നതിൽ നമ്മൾ മലയാളികൾ മുന്പന്തിയിലാണ്.   എന്നാലും അറിവോടെ ഒരാളെ വേണ്ടെന്നു വെക്കാൻ ആ ആളെ എത്രത്തോളം സ്നേഹിക്കണം!

 __________________________________________________________________________

* മരണസഹായി കടപ്പാട് വി.എം. ദേവദാസിന്റെ കഥ

ലീനയുടെ ലേഖനം :    മരണംകൊണ്ടു സുഖപ്പെടുന്നവർ