ഹാമില്‍ട്ടണില്‍ സ്ട്രോബറികള്‍ വിളഞ്ഞിരിക്കുന്നു. റോഡരികിലും പത്രത്തിലുമൊക്കെ "സ്ട്രോബറി പറിക്കാന്‍ വരൂ" എന്നുള്ള ക്ഷണം കാണാം. ഏക്കറുകള്‍ നീണ്ടു കിടക്കുന്ന സ്ട്രോബറിപ്പാടത്തില്‍ നിന്നും നമുക്കിഷ്ടമുള്ളത്രയും പറിച്ചെടുക്കാം. പറിച്ച പഴത്തിന്റെ അളവനുസരിച്ച് വില കൊടുത്താല്‍ മതി.

സ്ട്രോബറി ശേഖരിക്കുന്നവര്‍
റോസേസിയ (Rosaceae) കുടുംബത്തില്‍ പെട്ട സ്ട്രോബറിയുടെ ബൊട്ടാണിക്കല്‍ പേര് Frugaria എന്നാണ്. സുഗന്ധം എന്നാണ് ഈ ലാറ്റില്‍ പദത്തിന്റെ അര്‍ത്ഥം. ഇതില്‍ തന്നെ പലയിനം ചെടികളുണ്ട്. സ്ട്രോബറി എന്ന പേരിന്റെ ഉത്ഭവത്തിനു പല കാരണങ്ങള്‍ പറയുന്നുണ്ട്. പണ്ട് ലണ്ടനില്‍ കുട്ടികള്‍ ഈ പഴങ്ങള്‍ വൈക്കോലില്‍ മാല പോലെ കെട്ടി വില്‍ക്കാറുണ്ടായിരുന്നു. "straws of berries" എന്ന പേരിലാണ് ഇത് ചന്തകളില്‍ അറിയപ്പെട്ടിരുന്നത്. അതു പിന്നീട് സ്ട്രോബറി ആയി മാറിയതാണത്രെ. മറ്റൊരു കഥ പറയുന്നത് കച്ചവടസ്ഥലത്ത് കൃഷിക്കാരിതിനെ വൈക്കോലിനു പുറത്താണ് വില്ക്കാന് വെച്ചിരുന്നതെന്നും കാലക്രമേണ അത് സ്ട്രോബറി എന്നറിയപ്പെടാന്‍ തുടങ്ങിയെന്നുമാണ്.
ഫ്രെഞ്ചിലും സ്പാനിഷിലും ഇറ്റാലിയനിലും ഇതിന്റെ പേര് Fraise അഥവ സുഗന്ധമുള്ള പഴം എന്നാണ്. ഉത്തരയമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ സ്ട്രോബറിയെ heart berryഎന്നര്‍ത്ഥം വരുന്ന wuttahimneash എന്നാണു വിളിച്ചിരുന്നത്. മലയാളത്തിലും ഇതിനു സ്വന്തമായിട്ടൊരു പേരു വേണമെന്നാണെന്റ പക്ഷം. കഴിഞ്ഞ പോസ്റ്റില്‍ ദേവന് നിര്‍ദ്ദേശിച്ചതു പോലെ കച്ചിക്കായ എന്ന പേരു തന്നെയായിരിക്കും ഏറ്റവും യോജിച്ചത്.
പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇതിനെ ഔഷധച്ചെടിയായി കരുതിയിരുന്നതായി ചരിത്രം പറയുന്നു. പുരാതിന റോമിലും ഫ്രാന്‍സിലുമൊക്കെ ഈ ചെടിയെ അന്നേ നട്ടു വളര്‍ത്തിയിരുന്നു. സ്ട്രോബറിയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ബെല്‍ജിയത്തില്‍ സ്ട്രോബറിയുടെ പേരില്‍ ഒരു മ്യുസിയം തന്നെയുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും പരക്കെ കൃഷി ചെയ്യപ്പെടുന്ന ഈ ചെടികള്‍ യൂറോപ്പില്‍ നിന്നുമാണ് ഇവിടെ എത്തപ്പെട്ടത്. ഇവിടുത്തെ ഐറക്ക്വാ ഗോത്രവര്‍ഗത്തില്‍ പെട്ടവര്‍ സ്ട്രോബറിയെ മാംസം പാകംചെയ്യുമ്പോള്‍ മസാലക്കൂട്ടായും സൂപ്പുണ്ടാക്കുവാനും ഉപയോഗിച്ചിരുന്നതിനു പുറമെ ഇവയുടെ ഇലകൊണ്ട് സുഗന്ധമുള്ള ചായയും കൂട്ടിയിരുന്നു. അവരുടെ കൃഷികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ട്രോബറി. മറ്റു പല പഴങ്ങളേയും പോലെ സ്ട്രോബറിയിലും ധാരാളം വൈറ്റമിന്‍ സിയും പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ശാസ്ര്തീയമായി പറഞ്ഞാല്‍ ഇതൊരു പഴമല്ല. മറിച്ച് വികസിച്ച പുഷ്പാധാരമാണ് (receptacle). കശുമാങ്ങയുടേതു പോലെ പഴത്തിനു പുറത്തായിട്ടാണ് സ്ട്രോബറിയുടെ വിത്തും. തുടുത്ത ചുവപ്പിനു പുറമെ പൊട്ടുപോലെ കാണുന്നതാണ് സ്ട്രോബറിയുടെ വിത്തുകള്‍. ഒരു സ്ട്രോബറിയില്‍ ശരാശരി 200 അരികള്‍ ഉണ്ട്. പക്ഷെ വേരില്‍ നിന്നും പൊട്ടിമുളക്കുന്ന തൈകളാണ് നട്ടുപിടിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്. നിലത്തു നിന്നും അധികം ഉയരത്തില്‍ വളരാത്ത ഈ ചെടികള്‍ക്ക് ഇവിടെ രണ്ടോമൂന്നോ വര്‍ഷമേ ആയുസുള്ളു. വടക്കെ അമേരിക്കയില്‍ തന്നെ തണുപ്പു കുറവുള്ള സ്ഥലങ്ങളില്‍ ഇതിലേറെക്കാലം സ്ട്രോബറിച്ചെടികള്‍ ജീവിച്ചിരിക്കും.
മൂന്നോ നാലോ അടി അകലത്തിലുള്ള വാരങ്ങളില്‍ ഏകദേശം 15 ഇഞ്ച് അകലത്തില്‍ നിരനിരയായിട്ടാണ് പുതിയ ചെടികള്‍ നടുന്നത്. ആദ്യവര്‍ഷം ഈ ചെടികളില്‍ നിന്നും കായ്ഫലം കിട്ടുകയില്ല. ഇവ പൂത്താല്‍ തന്നെ ചെടി ആരോഗ്യത്തോടെ വളരാന്‍ വേണ്ടി ആ പൂവുകള്‍ നുള്ളിക്കളയും.
2 മാസം മുന്‍പു നട്ട സ്ട്രോബറി തൈകള്‍
ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ശീതകാല നിദ്രയിലേക്ക് (hibernation) പോകുന്ന ചെടികള്‍ക്കു കഠിന തണുപ്പിനെ ചെറുക്കുവാനായി മുറിച്ച വൈക്കോലും പുല്‍ക്കറ്റയും മുകളില്‍ വിതറും. ഇത് മണ്ണിന്റ
ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ വളരുന്നതു തടയാനും താപനിലയില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍ ചെടിയെ ബാധിക്കാതിരിക്കുവാനും സഹായിക്കും. അമ്ലതിയില്ലാത്തതും കളകള്‍ ചേരാത്തതുമായ വൈക്കോല്‍ പോലെയുള്ള വസ്തുക്കളാണ് ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്.
മഞ്ഞൊക്കെ മാറി അടുത്ത വസന്തം
എത്തുമ്പോള്‍ പുതു മുകുളങ്ങള്‍ സ്വതന്ത്രമായി വളരാന്‍ വേണ്ടി ഈ വൈക്കോല്‍ പുതപ്പിനെ ചെടികള്‍ക്കു മുകളില്‍ നിന്നും വശങ്ങളിലേക്കുമാറ്റും. തണ്ടിനടിയിലായി ഭാരംകൊണ്ട് ഭൂമിയോടു ചേര്‍ന്നു വിളയുന്ന പഴം മണ്ണില്‍ തട്ടാതെ സൂക്ഷിക്കാനും പിന്നീട് ജൈവവളമായും ഇത് ഉപയോഗപ്പെടും. ഇളം തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ഈ ചെടികളുടെ വളര്‍ച്ചക്കു യോജിച്ചത്. സ്ട്രോബറിപ്പഴങ്ങള്‍ തണ്ടിനടിയിലായി നിലത്തോടു ചേര്‍ന്നാണു കാണപ്പെടുന്നത്. വെളുപ്പും പച്ചയും കലര്‍ന്ന നിറത്തിലുള്ള ചെറു കായകള്‍ ക്രമേണ വലുതായി കൊതിപ്പിക്കുന്ന ചുവന്ന നിറമുള്ള മാംസളമായ പഴമായി മാറുന്നു.
രണ്ടാഴ്ചകൊണ്ട് വിളവെടുപ്പു പൂര്‍ത്തിയാവും. അതിനുശേഷം ഈ ചെടികളുടെ ഇലകളെല്ലാം മുറിച്ചുകളയും. ചുറ്റിലേക്കു പടരുന്ന തൈകളും ചിലപ്പോള്‍ പിഴുതു മാറ്റും. പിന്നീടു വളമിട്ടുകഴിഞ്ഞാല്‍ ധാരാളമായി വെള്ളമൊഴിക്കണം. അപ്പോള്‍ ചെടികള്‍ ശക്തിയോടെ വളരും. ഇങ്ങനെയൊക്കെയാണ് ഇവിടുത്തെ കര്‍ഷകര്‍ സ്ട്രോബറിപ്പാടങ്ങള്‍ സംരക്ഷിക്കുന്നത്.
ഹാമില്‍ട്ടണിലെ 10 ഏക്കര്‍ സ്ട്രോബറിപ്പാടങ്ങളുള്ള ലിന്‍ഡിലി ഫാമിന്റെ ഉടമകള്‍ രാസവസ്തുക്കള്‍ കീടനാശിനികളായി ഉപയോഗിക്കുന്നില്ലെന്നും കൂടാതെ ജൈവവളം മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അഭിമാനത്തോടെ പറഞ്ഞു.


ഇവിടെ സ്ട്രോബറിയെക്കൂടാതെ ബീറ്റുറൂട്ടും പട്ടാണിപ്പയറും വിളഞ്ഞിട്ടുണ്ട്. ഇവയും നമ്മുടെ ഇഷ്ടമനുസരിച്ചു പറിച്ചെടുക്കാം. റാസ്ബെറി, ബീന്‍സ് തുടങ്ങിയവ പാകമായി വരുന്നതേയുള്ളൂ.


(ചിത്രങ്ങള്‍:
ചെറിയാന് തോമസ്)